ചെറുകഥ : ഒരു മഴത്തുള്ളിയുടെ പ്രയാണം
ഇതൊരു മഴത്തുള്ളിയുടെ കഥയാണ്. വെറുമൊരു തന്മാത്രയുടെ കഥ. തുടക്കം നിമ്നോന്നതങ്ങളിൽ ആയിരുന്നു. അതെപ്പോഴും ആഴങ്ങളെ പ്രണയിച്ചിരുന്നു. എന്നാൽ ആഴങ്ങൾ അതിനെ കയങ്ങളിൽ എത്തിച്ചു. ആഴങ്ങളിൽ കാപട്യം പതിയിരുന്നു. ചക്രവാളങ്ങളിൽ, ചുഴികളിൽ പെട്ട് ആ തുള്ളി ഗോളം ഒരു അരൂപിയായി മാറി. കാലാന്തരത്തിൽ വീണ്ടും അതൊരു പ്രളയത്തിൽ, പേമാരിയിൽ ഒരു മഴത്തുള്ളിയായി മാറി. ഇത്തവണ അത് ആഴങ്ങളിൽ പോയില്ല. വെറും വിസ്താരവും പരപ്പും പാരാവാരങ്ങളും തേടി അലഞ്ഞു. ഗോളങ്ങളെല്ലാം താളബോധമില്ലാത്ത ഇതളുകളായി മാറി. കണികകളായി മാറി. വീണ്ടും ആ തുള്ളി അരൂപിയായി മാറി. കാലാന്തരത്തിൽ വീണ്ടും അതൊരു പ്രളയത്തിൽ, പേമാരിയിൽ ഒരു മഴത്തുള്ളിയായി മാറി. ഇത്തവണ അത് ആഴങ്ങളും പരപ്പുകളും തേടിയില്ല. ചാലുകളും ചോലകളും തേടി പുതിയ ദിശകളിലൂടെ നീങ്ങി. ഗുഹകളിൽ പോയി. ഗേഹങ്ങളിൽ പോയി. ദേഹങ്ങളിൽ അലിഞ്ഞു. മുഖങ്ങളിൽ മുദ്രയായി. ഉപ്പിന്റെയും നീരിന്റെയും ഉറവകൾ തേടി. ഇത്തവണയും അത് ഒരു അരൂപിയായി മാറിയിരുന്നു. പക്ഷെ ഉള്ളിലെ കണ്ണുകൾ അപ്പോൾ പ്രകാശിക്കുണ്ടായിരുന്നു.