വൈദ്യുതി മോഷണം — ഒരു തുടർകഥ.

ജോലിചെയ്ത സെക്ഷൻ ഓഫീസുകളിൽ എല്ലാം സെക്ഷൻ സ്‌ക്വാഡിന്‍റെ നേതൃനിരയില്‍ തന്നെ നിന്നുകൊണ്ട് മുഖം നോക്കാതെ നടപടികള്‍ സ്വീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്, മീറ്റർ റീഡർമാരുടെയും സ്‌ക്വാഡ് അംഗങ്ങളുടെയും സേവനം ഇതിൽ വളരെ വലുതാണ്. എന്നാല്‍ ഇത്തരത്തില്‍ മുന്നോട്ടുപോകാന്‍ മേലുദ്യോഗസ്ഥരുടെ പിന്തുണ അത്യന്താപേക്ഷിതമാണ്. ഇന്ന് അത് ലഭിക്കാറുണ്ട് എങ്കിലും മുന്‍കാലങ്ങളില്‍ ലഭ്യമാകാതിരുന്നിട്ടുണ്ട്. അതെന്തായാലും, എന്‍റെ മേലുദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് കൂടുതല്‍ ഇച്ചാശക്തിയോടെ മുന്നേറാന്‍ സഹായിക്കുന്നത്. ഏതു തലത്തിലും അത് അങ്ങനെ തന്നെയായാല്‍ മാത്രമേ എല്ലാം ശരിയാകൂ.

കഴിഞ്ഞ 2 ദിവസങ്ങളിലായി ഞങ്ങളുടെ സ്‌ക്വാഡിന്‍റെ അധികാരപരിധിയില്‍ 1% മാത്രം വരുന്ന സ്ഥലത്ത് തുടര്‍ച്ചയായി നടത്തിയ പരിശോധനയില്‍ മാത്രം കണ്ടെത്താനും നടപടി എടുക്കാനും ആയത് 7 ഓളം കേസുകളാണ്. ഇതുവഴി ചുമത്തിയ ആകെ പിഴ 2 ലക്ഷം രൂപയ്ക്ക് മുകളിലാണ്.

ഇന്നുവരെയുള്ള എന്‍റെ സര്‍വീസില്‍ എനിക്ക് മനസിലായിട്ടുള്ള പ്രധാനപെട്ട ചില കാര്യങ്ങള്‍ ഇവയാണ്;
 1. വൈദ്യുതി മോഷണം/ദുരുപയോഗം എന്നിവ കൂടുതലായും നടത്തുന്നത് വലിയ സാമ്പത്തിക ശേഷി ഉള്ളവരാണ്. (മീഡിയ ഭാഷയില്‍ വമ്പന്‍ സ്രാവുകള്‍)
 2. ഈ വമ്പന്‍ സ്രാവുകള്‍ പിടിക്കപെട്ടാല്‍ അവരെ പിന്‍താങ്ങികൊണ്ട് വരുന്ന ഫോണ്‍ കോളുകളില്‍ രാഷ്ട്രീയഭേദമന്യേ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയുടെയും നേതാക്കള്‍ ഉണ്ടാകാറുണ്ട്. (എന്താ ഒരു ജനാധിപത്യം)

ഒരു അന്വേഷണ ഉദ്യോഗസ്ഥന് പരിശോധനയില്‍ മനസിലാക്കാന്‍ കഴിയുന്ന കുറെ കാര്യങ്ങള്‍ ഉണ്ട്, സാഹചര്യതെളിവ്, കുറ്റം ചെയ്തവരുടെ പെരുമാറ്റം, തുടങ്ങിയ കാര്യങ്ങള്‍. ഇവയൊക്കെ സസൂഷ്മം നിരീക്ഷിച്ചതിനുശേഷം വ്യക്തതയോടെ ആണ് ഒരു മഹസ്സറും തയാറാകുന്നത്. (അല്ലെങ്കില്‍ അവസ്ഥ തിരിച്ചടിയാകും, ഒത്തിരി വലിയ ദ്വാരങ്ങളുള്ള നിയമമാണല്ലോ നമ്മുടേത്‌)

ഞങ്ങളുടെ സ്‌ക്വാഡിന്‍റെ അധികാരപരിധിയില്‍ ഇനിയും പരിശോധന തുടരാന്‍ തന്നെയാണ് തീരുമാനം, ഇതുപോലെ സംസ്ഥാനം മുഴുവനായി തുടര്‍ച്ചയായി ഇത്തരം പരിശോധനകള്‍ നടത്തിയാല്‍ കണ്ടെത്താന്‍ കഴിയുന്നത് വന്‍ ക്രമക്കേടുകള്‍ ആയിരിക്കും.

നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ലഭ്യമാകേണ്ട വൈദ്യുതി ആണ് ഇത്തരത്തിലുള്ള കുറ്റവാളികള്‍ ചേര്‍ന്ന് മോഷ്ടിക്കുന്നതും ദുരുപയോഗം ചെയ്ത് നശിപ്പിക്കുന്നതും. ഇത്തരത്തില്‍ ഉള്ള ക്രമക്കേടുകലെ കുറിച്ചു എന്തെങ്കിലും അറിവുലഭിച്ചാല്‍ ഉടനെ KSEB ഓഫീസിലോ, APTS & Vigilance ലോ അറിയിക്കണം.


Originally published at Amith Vijayan.

One clap, two clap, three clap, forty?

By clapping more or less, you can signal to us which stories really stand out.