കോട്ടക്കൽ നിന്നൊരു ദീന രോദനം …ബ്ലോഗ് രോദനം

മലയാളം സിനിമയിലെ സ്ത്രീ — ദളിത് വിരുദ്ധത ചർച്ചകളും പൃത്വിരാജിന്റെ ഏറ്റുപറച്ചിലും ഒക്കെ കേട്ട് ചിലർ സഹിക്കാൻ വയ്യാതെ മിണ്ടാതെ ഇരിക്കുകയായിരുന്നു. സഹികെട്ട് അവരിൽ ചിലർ പുറത്ത് വന്നു തുടങ്ങിയിട്ടുണ്ട് . ഇന്നലത്തെ മാതൃഭൂമിയുടെ സിനിമ സപ്ലിമെന്റിൽ “ശ്രീകാന്ത് കോട്ടക്കൽ” ഒരു അരപ്പേജ് വരുന്ന രോദനം എഴുതിയിട്ടുണ്ട്, സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയും ഒക്കെ പറയാൻ ഉള്ള അവകാശത്തിനു വേണ്ടി. അദ്ദേഹത്തിന്റെ വാക്കുകളിൽ, “മതേതര, മാർക്സിസ്റ്, സ്ത്രീപക്ഷ, ആർഷഭാരത, സംവരണ, ദേശീയ കൂട്ടുകൾ സമം ചേർത്ത് പാകം ചെയ്യുന്ന കറി അല്ല കല”. കൊല ! (എസ്പെഷ്യലി നോട്ട് — “സംവരണ” )

ഈ കോട്ടക്കൽ ചേട്ടൻ ഇടക്കിടക്ക് മാതൃഭൂമിയിൽ എഴുതാറുണ്ട്. കൂടുതലും ബ്ലോഗൻലാലുമായിട്ടുള്ള “എക്‌സ്‌ക്ലൂസിവ് “ ഇന്റർവ്യൂസ്. അദ്ദേഹത്തിന്റെ ബ്ലോഗ് എഴുതികൊടുക്കുന്നത് ഇദ്ദേഹം ആണെന്ന് പണ്ട് ആരോ പറഞ്ഞതോർക്കുന്നു. എന്റെ കയ്യിൽ തെളിവൊന്നുമില്ല, ഇന്നലത്തെ എഴുത്ത് വായിച്ചപ്പോ പെട്ടെന്ന് ഓർമ്മ വന്നതാണ് …ഇന്ത മാതിരി അലമ്പ് എഴുത്ത് (വിത്ത് പശ്ചാത്തല സംഗീതം) എങ്കയോ പാത്ത മാതിരി ….

സ്വന്തം വാദത്തിനു വേണ്ടി അയാൾ തിരഞ്ഞെടുക്കുന്നത് പ്രധാനമായും രണ്ട് കഥാപാത്രങ്ങളെയാണ് — ഷോലയിലെ ഗബ്ബർ സിങ്ങും വിധേയനിലെ ഭാസ്കരപട്ടേലരും. ഇവരുടെയൊക്കെ സ്ത്രീ വിരുദ്ധത നിങ്ങളൊക്കെ സെൻസർ ചെയ്യുമോ എന്നതാണ് കോട്ടക്കൽ ചേട്ടന്റെ ചോദ്യം. ഇവര് രണ്ടും ക്രൂരന്മാരായ വഷളന്മാരായ കഥാപാത്രങ്ങളായാണ് സിനിമ കാണിക്കുന്നത് എന്ന സത്യം അറിയാമായിരുന്നിട്ടും ലേഖകൻ അത് പറയുന്നില്ല, സൗകര്യപൂർവം…എന്നാൽ മംഗലശ്ശേരി നീലകണ്ഠനും ജോസഫ് അലെക്‌സാണ്ടറും ദിലീപിന്റെ പേരറിയാ കഥാപാത്രങ്ങളും ഇത്തരം ഡയലോഗ് അടിക്കുമ്പോൾ ഹീറോയിസം ആയിട്ടാണ് കാണിക്കുന്നതെന്നും അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല….ഇനിയും ബ്ലോഗൊക്കെ എഴുതാൻ ഉള്ളതല്ലേ, വയറ്റി പിഴപ്പല്ലേ …

ലേഖനത്തിലെ ചില ചില സാമ്പിൾ രോദനങ്ങൾ ചുവടെ -

“വീടായ വീട്ടിലെല്ലാം കയറി പോലീസ് റെയ്ഡ് ചെയ്യുന്നതുപോലെ ഇവര്‍ എല്ലാ കലാസൃഷ്ടികളുടെയുമകത്ത് കയറി സവര്‍ണപാത്രങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടോ എന്ന് തിരഞ്ഞുനോക്കും.വരിക്കാശ്ശേരി മന വഴി പോകുന്നവരെ ആളെ വിട്ടടിപ്പിക്കാന്‍വരെ ശക്തിയുള്ളവരായിരുന്നു ഈ അന്വേഷണസംഘം.”

“ഫേസ്ബുക്കിന്റെയും വാട്സ് ആപ്പിന്റെയും ഈ കാലത്ത് സജീവമായത് കലയിലെ സ്ത്രീവിരുദ്ധത കണക്കെടുപ്പാണ്. തൂണിലും തുരുമ്പിലും സ്ത്രീവിരുദ്ധത കണ്ടെത്താം എന്നാണ്ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. വളരെ സൂക്ഷ്മതയോടെ കണ്ണില്‍ നല്ല എണ്ണതന്നെ ഒഴിച്ച് കാത്തിരുന്നാലേ ഒളിച്ചുകടത്തുന്ന സ്ത്രീവിരുദ്ധത കണ്ടെത്താന്‍ സാധിക്കൂ.”

“ഇത്തരം ഒരു അന്തരീക്ഷത്തില്‍ സ്വതന്ത്രമായ ഒരു കലാസൃഷ്ടി എങ്ങനെയാണ് സംഭവിക്കുക? ഒരു കലാസൃഷ്ടിയെ അതിന്റെ ആകെത്തുകയില്‍ കാണാതെ അവിടവിടെനിന്ന് വലിച്ചൂരിയ കഷണങ്ങളെവെച്ചാണ് എല്ലാ പ്രത്യയശാസ്ത്രക്കാരും വിലയിരുത്തുന്നത്. ഇതിലും വലിയ മണ്ടത്തരമില്ല. മാത്രമല്ല ഇത് ഏറെ കഷ്ടവുമാണ്. ……..അവരെ പ്രത്യേക സ്വഭാവങ്ങളില്‍ പിടിച്ചുകെട്ടുമ്പോള്‍, ഇസ്തിരിയിട്ട വാക്കുകള്‍ മാത്രം അവരുടെ വായില്‍ കൊളുത്തിക്കൊടുക്കണം എന്ന് വാശിപിടിക്കുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക് പകരം കുറേ റോബോട്ടുകള്‍ മാത്രമേ ശേഷിക്കൂ…….”

***
അതായതുത്തമാ … നായകന് “നീ വെറും പെണ്ണ്”, “ഒരു റേപ്പ് വെച്ച് തന്നാലുണ്ടല്ലോ” തുടങ്ങിയ കലാപരമായ ഡയലോഗുകളും കുറച്ച് അവർണ്ണവെറുപ്പും പ്രകടിപ്പിക്കാൻ നീയൊന്നും സമ്മതിക്കൂല അല്ലേ എന്നുള്ള ദീനരോദനം! അശ്ലീലം എന്നൊന്നും പറഞ്ഞാ പോരാ. ഇയാളെ അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞേക്കണേ…ഫേസ്ബുക്കിൽ റ്റാഗ് ചെയ്യാൻ തപ്പിയപ്പോ കാണുന്നില്ല..

എനിക്ക് തോന്നുന്നതാണോ എന്നറിയില്ല….ഈ കോട്ടക്കൽ ലേഖനം ഉച്ചത്തിൽ വായിച്ചാൽ, അത് മോഹൻലാലിന്റേയും, മമ്മൂട്ടിയുടേയും ശബ്ദത്തിലൂടെയേ പുറത്ത് വരൂ….അവർക്ക് വേണ്ടി എഴുതിയത് കൊണ്ടാണോ എന്തോ

( ബ്ലോഗേട്ടനെ കുറിച്ച് മാത്രമല്ല, സിനിമയിൽ ഇനിയും സജീവമായിട്ടില്ലാത്ത ബ്ലോഗേട്ടന്റെ മകനെ കുറിച്ച് ഇമ്മാതിരി കഥ എഴുതിയ മഹാൻ ആണ്…. പ്രണവ് മോഹൻലാലിനെ കുറിച്ച് ലോകത്ത് എഴുതിയിട്ടുള്ള എണ്ണപ്പെട്ട പ്രബന്ധങ്ങളിൽ ഒന്നാണ് ഇത്

“ <OSHO Alert> കൈയിലൊരു പുസ്തകവുമായിട്ടേ പ്രണവിനെ കണ്ടിട്ടുള്ളൂ. അത് ഒരിക്കലും ഏതെങ്കിലും നേരംകൊല്ലി രചനയാവില്ല. കൂടുതലും യാത്രാവിവരണങ്ങളോ തത്ത്വചിന്തയോ ആവും. ഒരിക്കല്‍ ഒരു ആയുര്‍വേദ ചികിത്സാലയത്തില്‍വെച്ച് കണ്ടപ്പോള്‍ ലോകപ്രശസ്ത ദാര്‍ശനികനായ ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ പുസ്തകങ്ങളുമായി മല്ലിടുകയായിരുന്നു അയാള്‍. കൃഷ്ണമൂര്‍ത്തിയുടെ പ്രധാനപ്പെട്ട രചനകളെല്ലാം ഇതിനിടെ പ്രണവ് വായിച്ചുതീര്‍ത്തിരിക്കുന്നു. മറ്റൊരിക്കല്‍ കണ്ടപ്പോള്‍ പോള്‍ ബ്രണ്ടന്റെ ഇന്ത്യന്‍ യാത്രാവിവരണം, വേറൊരിക്കല്‍ ശ്മശാന താപസരായ അഘോരി സന്ന്യാസിമാരെക്കുറിച്ചുള്ള രചന, ഏറ്റവുമവസാനം കണ്ടപ്പോള്‍ കൈലാസത്തിലേക്കുള്ള യാത്രയുടെ പുസ്തകം. എപ്പോഴും പുസ്തകങ്ങള്‍ പ്രണവിന് കൂട്ടാവുന്നു.അതയാളെ തനിച്ചിരിക്കാന്‍ മടിയില്ലാത്തവനാക്കുന്നു…….” )