മുന്തിരി വള്ളി തളിർത്തു തുടങ്ങുമ്പോൾ

ഈ മുന്തിരി വള്ളി തളിർത്തു തുടങ്ങുമ്പോൾ ലാലേട്ടൻ ബോറടിച്ച് ജീവിക്കുവാണ്..

വീട്, ബസ് യാത്ര, പഞ്ചായത്ത് ആപ്പീസ്, ആപ്പീസിലെ ആരാധികക്ക് മുഖം കൊടുക്കാതെ മസിൽ പിടിച്ച് നടക്കൽ, അനൂപ് മേനോന്റെ ലീലാവിലാസങ്ങൾക്ക് ചെവികൊടുക്കൽ, വീട്ടിൽ മുരടൻ ഷോ, ടെറസിൽ വെള്ളമടി…റിപ്പീറ്റ്…

അങ്ങനെ ഇരിക്കുമ്പോ കോളേജ് റീയൂണിയന് പഴയ കാമുകി വരുന്നത് അറിഞ്ഞ് അങ്ങോട്ട് വെച്ച് പിടിക്കുന്നു…കാമുകി പറയും ഒരു പുതിയ പ്രേമം ഉണ്ടായാൽ എല്ലാം ശരിയാകുമെഡയ്.. ഈ ക്രൈസിസ് ഒക്കെ അറേഞ്ചഡ് മാരിയേജിൽ പെട്ടവർക്ക് സർവസാധാരണം എന്ന്….(അതിന്റെ കൂടെ, “എടാ, നമ്മൾ എന്താടാ ഇങ്ങനെ” ട്ടയിപ്പ് ഡയലോഗുകളും)

പിറ്റേ ദിവസം തന്നെ ഓഫീസിൽ വന്ന സുന്ദരിയെ കേറി പ്രേമിച്ചു ചേട്ടൻ.. മൊബൈൽ നമ്പർ വാങ്ങുന്നു, പഞ്ചാര അടിക്കുന്നു, പാട്ടു പാടുന്നു, തുള്ളി ചാടുന്നു….അവസാനം പണി പാളും എന്ന് കണ്ടപ്പോ നിർത്തി, ഭാര്യയെ തന്നെ സ്‌നേഹിക്കാം എന്ന് കരുതുന്നു. അങ്ങനെ ഭാര്യ സീരിയലിൽ നിന്നും വിഷാദത്തിൽ നിന്നും മോചിത ആകുന്നു…അവർ പ്രേമ പരവശരാകുന്നു… ആനന്ദ നിർത്താമാടുന്നു

അയ്യോ കഥ തീർന്നുപോയല്ലോ…ഇനിയും ഒരുമണിക്കൂർ കൂടെ നീളം വേണം പടത്തിന്…

അപ്പൊ, ചേട്ടന്റെ മോൾക്ക് ഒരു പ്രേമം. മോൾക്ക് കിട്ടിയ ബെർത്ത് ഡേ ഗിഫ്റ്റ് കണ്ട് ചേട്ടന്റേം ഭാര്യെടേം ചങ്ക് പൊട്ടുകയാണ് സുഹൃത്തുക്കളെ! പഞ്ചായത്ത് ആപ്പീസിൽ പിറ്റേന്ന് ചേട്ടൻ അങ്ങനെ ഇരിക്കുമ്പോ വിവാഹം റെജിസ്റ്റർ ചെയ്യാനായി വരുന്നു ഏതോ രണ്ടു യുവ മിഥുനങ്ങൾ…അത് കണ്ട് സ്വന്തം മകളുടെ കാര്യമൊക്കെ ഓർത്ത് ആ പെൺകുട്ടിയെ വിളിച്ച് ഉപദേശിക്കുന്നു…അച്ഛനേം അമ്മേം ഇങ്ങനെ ചതിക്കാൻ പാടുണ്ടോ കുട്ടി…തിരിച്ച് പോകൂ, ഒന്ന് പോകൂ, ഓമലാളെ….കോൺസ്റ്റിട്യൂഷൻ പലതും പറയും, പക്ഷെ നമ്മുടെ പാരമ്പര്യം, മഹിമ, വാഴക്കൊല ഒക്കെ മറക്കാമോ…
ഇരുന്ന് തള്ളാതെ പണി തീർക്ക് (കംപ്ലീറ്) കിളവാ എന്ന് പെണ്ണും.

ചേട്ടൻ പിന്നേം ഡെസ്പ്…എന്നാ പിന്നെ മകളുടെ ക്ലാസ് വരെ ഒന്ന് പോയി നോക്കാം..മകൾ നോക്കുമ്പോ ക്ലാസ്സൊക്കെ കട്ട് ചെയ്തത് ഒരു സ്റ്റാർ ഹോട്ടലിലേക്ക് പോകുന്നു…കാരണം, പ്രേമം എന്നാൽ ഒരേ ഒരു തരം..അതെന്തെന്നാൽ ന്യൂ ജെൻ പയ്യൻസ് പെൺകുട്ടികളെ കെണിയിൽ പെടുത്താൻ ഉപയോഗിക്കുന്ന ഒരു ഉപായം..വേറെ ഒരു പ്രേമവും ഇല്ല…പിന്നെ ഉള്ളത് ലാലേട്ടന്റെ കോളേജിലെ ശുദ്ധ പ്രേമം മാത്രം…

പക്ഷെ മകൾ ലാലേട്ടന്റെ അല്ലെ. ദേ അവൾ ഗിഫ്റ്റോക്കെ തിരിച്ച് കൊടുത്തിട്ട് പറയുന്നു…പ്രേമം ദുഃഖമാണുണ്ണി .അറേഞ്ചഡ് മാരിയേജ് കഴിഞ്ഞുള്ള വേറെ വഴിയില്ലാത്ത ഫോഴ്‌സ്ഡ് സ്നേഹമല്ലോ സുഖപ്രദം…കാരണം എന്റെ അച്ഛനും അമ്മേം അങ്ങനെ ആണല്ലോ!!

9th standard മോറൽ സയൻസ് ക്ലാസ്സ് തോറ്റ് പോയി!

ഓടിയൻസ് — കൈയ്യടി, കണ്ണുനീർ, wooow, pwolich

മാധ്യമങ്ങൾ — 10 മുതൽ 50 വയസ്സ് വരെ എല്ലാവരും കണ്ടിരിക്കേണ്ട ചിത്രം! (ഇതെന്തോന്ന്, ശബരിമലയുടെ നെഗറ്റീവ് പ്രിന്റാ?)