അസ്ഥിരത

“ഒരു സ്ഥിരതയില്ലാ, ല്ലേ?” 
ചുമച്ചു കുത്തിയൊടിഞ്ഞു 
വഴിവക്കിൽ 
വളഞ്ഞിരുന്ന കിളവൻ 
എന്നോട് ചോദിച്ചു.

ഞാൻ പറഞ്ഞത്, 
“സ്ഥിരതയില്ലായ്മ അല്ലേ 
മനുഷ്യനെ 
മനുഷ്യൻ ആക്കുന്നത്? 
സ്ഥിരത മൃഗങ്ങൾക്ക് അല്ലേ വേണ്ടത്? 
ഒരേ ചിട്ടകൾ പാലിച്ചും 
ഒരേ കണിശത്തിൽ ഒതുങ്ങിയും 
നിൽക്കുന്ന വളർത്തു മൃഗങ്ങൾ 
അല്ലല്ലോ മനുഷ്യർ! 
മനുഷ്യൻ ആയാൽ അല്പം 
അനുസരണക്കേട് 
ഇടയ്ക്കൊക്കെ കാട്ടേണ്ടേ? 
വഴി തെറ്റി 
കാട്ടിലൂടെ 
അല്പം ഒക്കെ ഒന്ന് അലഞ്ഞാലല്ലേ 
ജീവിക്കാൻ ഒരു ഉശിര് ഉണ്ടാവൂ?”

“പണി എടുക്കാതെ ഇരിക്കാൻ ഉള്ള 
അടവ് നയം അപ്പോൾ ഇതാണല്ലേ?” 
എന്നു കിളവൻ.

“പണിക്കു തന്നെ 
ഒരു സ്ഥിരത ഇല്ലാത്ത ഇക്കാലത്ത്,
പണിയെടുക്കാത്തവൻ വെറും പിണം 
എന്നു പുതുക്കി എഴുതപ്പെട്ടിരിക്കുന്നു. 
എന്റെ സ്ഥിരത 
അവിടെ 
അങ്ങനെ 
ഉടക്കി കിടക്കുന്നു. 
എല്ലാം കടിച്ചിറക്കി 
പുഞ്ചിരിക്കുവാൻ ഉള്ള കഴിവ് ആണ് 
ഇക്കാലത്ത് കൂടുതൽ സ്ഥിരമായി വേണ്ടത്. 
അതാണെങ്കിൽ എനിക്ക് 
വേണ്ടുവോളം ഉണ്ട് താനും.” 
എന്ന് ഞാനും വിട്ടു കൊടുത്തില്ല.

“നടത്തിപ്പുടയോന്മാരുടെ 
കൊടുപ്പുകേട് കൊണ്ടും 
പിടിപ്പുകേട് കൊണ്ടും 
കൊതിക്കെറുവ് കൊണ്ടും 
നടപ്പു ദോഷം വന്ന 
നാടിന് നന്നാവാൻ 
അടി തൊട്ടു മുടി വരെ 
ഒരേപോലെ പ്രവർത്തിക്കുന്ന 
സ്ഥിരതയാണവശ്യം. 
പതം പറഞ്ഞു കളയാൻ 
ഒരു നേരം പോലും ഇല്ല എന്നറിയുന്ന, 
പറഞ്ഞതിന് അപ്പുറം 
ഒരു അടി കൂടുതൽ വെക്കാത്ത, 
ചോദ്യങ്ങളിൽ കഴുത്തു കുടുക്കി 
വഴി നടക്കുന്നവരെ 
വേവലാതിപ്പെടുത്താത്ത 
ഒരു തലമുറയെ ആണ് 
നമുക്ക് ആവശ്യം.” 
കിളവൻ കിതച്ചു.

“സ്ഥിരത 
അടിച്ചു പഠിപ്പിച്ച് 
വളർത്തിയത് കൊണ്ടു മാത്രം 
മനസു നിറഞ്ഞ് ഒരു നല്ല സ്വപ്നം 
ക്ഷമയോടെ കാണാനോ, 
ഒരു ജീവിതം കൊണ്ട് 
സ്നേഹം ആവാനോ 
കഴിയാത്ത 
കുറേ മനുഷ്യമൃഗങ്ങളെ 
നമ്മൾ ഇപ്പോൾ തന്നെ 
വളർത്തി എടുത്തിട്ടില്ലേ? 
അവരങ്ങനെ 
കറുപ്പിലും വെളുപ്പിലും 
സ്വന്തം ജീവിതം ചുരുക്കിയും, 
ചുരുങ്ങാൻ അറിയാത്തവരെ 
ഇരുത്തിയും 
കിടത്തിയും 
നടത്തിയും 
ഓടിച്ചും
ഒതുക്കി ചുരുക്കിച്ചും, 
ഒരു മുരടിച്ച ജീവിതം തള്ളി നീക്കുന്നു. 
സ്പന്ദിക്കുന്ന മനസുകളുടെ 
കാവലിന്റെ അഭാവത്തിൽ, 
വിഷം വിതയ്ക്കുന്നവൻ 
അന്തപ്പുര മെത്തയിൽ 
നിന്റെ രാജ്ഞിയെയും പുണർന്നുറങ്ങുന്നു. 
എന്നിട്ടും മനസ് ഒന്ന് ഉലയാതെ 
പെറ്റ തള്ളയെ പോലും 
വിറ്റു തിന്നാൻ മടിക്കാത്ത 
നിന്റെയൊക്കെ സ്ഥിരത കൊണ്ട് 
എന്തു നേടാനാ?” 
എന്റെ മുഖം ചുളിഞ്ഞ് 
അങ്ങനെ ഓരോർമയിൽ കുടുങ്ങി നിന്നു.

One clap, two clap, three clap, forty?

By clapping more or less, you can signal to us which stories really stand out.