നിങ്ങൾക്ക് ഇപ്പോൾ തോന്നേണ്ടത്:

Sojo; Varughese
Aug 25, 2017 · 1 min read

മഹാഭാരതം അവസാനിക്കുന്നത്
യുദ്ധം ഒന്നും അവശേഷിപ്പിക്കില്ല
എന്ന തിരിച്ചറിവിന്റെ മുനമ്പിൽ
ഞാനും നീയും
പരസ്പരം നോക്കി നിൽക്കുമ്പോൾ
ആവേണ്ടിയിരുന്നു.

തലമുറകളുടെ പിന്തുടർച്ച
ധർമ്മത്തിനുവേണ്ടി ആവണം
എന്ന് പറഞ്ഞു നിറുത്തി,
സ്വപ്നങ്ങളെ
കാണാനുള്ളവയായി തന്നെ
വെറുതെ വിട്ട്.

സ്വർഗാരോഹണ പർവം
വേണ്ടിയിരുന്നില്ല.

ചിരിച്ചും
കണ്ണീരൊഴുക്കിയും
ഉന്മാദം മഷിയിൽ ചാലിച്ച്
കറുപ്പിച്ചും വെളുപ്പിച്ചും
വരച്ചെടുത്ത
64
കണക്കു തിട്ടമില്ലാത്ത
കള്ളികളിൽ
ഓടിത്തളർന്ന്,
ഒത്തുകളികളിൽ മാനം വിറ്റ്‌
നാട്ടു സഭയിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട്
അഹന്തയുടെ മുനയൊടിഞ്ഞ
ഒരു റാണി.

കുടിലുകൾ മുതൽ
കൊട്ടാരങ്ങൾ വരെ
കട്ടുമുടിച്ച് തിന്നു തെഴുത്ത്
മേദസും അഹങ്കാരവും മുറ്റി
കൂത്താടി നടക്കുന്ന
അമ്മാവന്മാരോടും
അനന്തരവന്മാരോടും
ഒതുക്കിയും പരത്തിയും
ഒളിഞ്ഞും തെളിഞ്ഞും
പറയാൻ ഓർത്തത് എല്ലാം
ഒരു മൗനഭാണ്ഡത്തിൽ പൊതിഞ്ഞു കെട്ടി
ഉത്തരം മുട്ടിയ ഒരു കോമാളിയെപ്പോലെ
ചതുരംഗപ്പലകയുടെ വടക്കേക്കോണിൽ
ഒടിഞ്ഞു തൂങ്ങി
താടിക്ക് കയ്യും കൊടുത്ത്
കണ്ണടച്ചിരുട്ടാക്കി മടുത്തിരിക്കുന്ന
ഒരു രാജാവ്.

ദിഗ്വിജയത്തിന് പേരു കേട്ട
പതിനെട്ട് അക്ഷൗഹിണികൾ
ഒരു നിലവിളി തൊണ്ടയിൽ തടഞ്ഞതുപോലെ
ഒന്നിനുമാവാതെ
വിറങ്ങലിച്ചു നോക്കി നിൽക്കുമ്പോൾ
ചക്രവ്യൂഹത്തിൽ ഇടറിക്കുഴഞ്ഞ്
വില്ലു പതറി
ഉച്ചി നിലത്തു കുത്തിയ
ഒരു പോരാളി.

എടുത്താൽ പൊങ്ങാത്ത
ചുങ്കം ചുമത്തി
വഴിവാണിഭക്കാരുടെ അത്താഴം മുട്ടിക്കുന്ന
കങ്കാണികളുടെ കണക്കിൽ നിന്നും
രക്ഷപെടാൻ ഒരു പഴുതും ഇല്ല.

വിശപ്പ്
എന്ന ആ മഹാ തോൽവി
ഇങ്ങനെ പരസ്യമായി കിറി കോട്ടി,
തുപ്പൽ ഒലിപ്പിച്ച്,
തിന്നാൻ ഗതിയുള്ളവനെ നോക്കി
കൊതിച്ച് ഇളിച്ചു കാട്ടുന്നത്
നാണക്കേടാണെന്നു മനസിലാക്കാൻ വേണ്ട അത്യാവശ്യ വിവരം പോലും തലയിൽ ഇല്ലാത്ത
കുറേ മച്ചിപ്പശുക്കൾ തിങ്ങിപ്പാർക്കുന്ന
ഒരു ചന്ത.

പിടിച്ചെടുക്കാൻ ശ്രമിക്കുന്നവന്റെ
രാജ്യതന്ത്രത്തിൽ ഒടുങ്ങി പോകുന്നത്:
നിറങ്ങൾ,
സ്വാദുകൾ,
സ്വപ്നങ്ങൾ,
ചിന്ത.

ഏതോ ഒരു വിഢിക്കുരങ്ങൻ
പരപരാ സന്ധ്യക്ക്
വാലിൽ തീ പിടിപ്പിച്ച്‌
എരിചുകളഞ്ഞ
ഈ മഹാനഗരത്തിലെ
കെടുതികൾ -

ഉരുട്ടി ഉള്ളംകയ്യിൽ തിങ്ങിയ
ഒരു ഉരുള
ചുണ്ടിലെത്തിക്കും മുൻപേ
എന്റെ അച്ഛന്റെ തല വെട്ടിത്തള്ളിയ
അപരാധിമക്കൾ
ഉറഞ്ഞുതുള്ളി പുലമ്പുന്ന
കൊലവിളികൾ ഭയന്ന്
ഈ വറുതി -

ഇവയൊക്കെ
ഒരിക്കൽ ഒഴിഞ്ഞു പോകുമെന്നും
ഭൂമി തണുക്കുമ്പോൾ
ഒരു ഇളങ്കാറ്റ് വീശുമെന്നും
മേഘങ്ങൾ മുറുകുമ്പോൾ
ഒരു മഴ പെയ്യുമെന്നും
അന്നീ മണ്ണ് കുളിർത്ത്
പുതിയ പുൽനാമ്പുകൾ
ഈ പടുമലയിൽ തളിർക്കുമെന്നും
ഒരു പ്രതീക്ഷ.

)
Welcome to a place where words matter. On Medium, smart voices and original ideas take center stage - with no ads in sight. Watch
Follow all the topics you care about, and we’ll deliver the best stories for you to your homepage and inbox. Explore
Get unlimited access to the best stories on Medium — and support writers while you’re at it. Just $5/month. Upgrade