ആകസ്മികമായി കടന്നു വരുന്ന ചില വ്യക്തികൾ, ചില സംഭവങ്ങൾ, അവയിൽ പലതും നമ്മളിൽ ബാക്കിയാക്കുന്ന സുഖമുള്ള ഓർമകൾ, നീറുന്ന വേദനകൾ, ഒക്കെയും ഒരായുഷ്ക്കാലം നമുക്കൊപ്പമുണ്ടാവും. വ്യക്തിയോടുള്ള വൈകാരിക ബന്ധവും സംഭവത്തിൽ നമുക്കുള്ള പങ്കും തീരെ ചെറുതാണെങ്കിൽ കൂടി മാഞ്ഞുപോകാൻ മടിക്കുന്ന കറ പോലെ അതിങ്ങനെ ഓർമകളിൽ മുഴച്ചു നില്ക്കും.

ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന സമയം, എത്ര ആഞ്ഞു വലിച്ചാലും നീങ്ങാത്തത്ര ഭാരമായിരുന്നു ഓരോ ദിവസത്തിനും. ഓഫീസിൽ നിന്ന് വെറും പത്ത് കിലോമീറ്റർ മാത്രം അപ്പുറമുള്ള എന്റെ റൂമിലേക്ക് ഒന്നര മണിക്കൂറിലധികം വണ്ടി ഓടിച്ചു എത്തുമ്പോഴേക്കും ഞാൻ പലകുറി എന്നെ തന്നെ പഴിച്ചിട്ടുണ്ടാവും, ആരും നിർബന്ധിച്ചു പറഞ്ഞു വിട്ടതല്ല അതുകൊണ്ട് തന്നെ സ്വയം പഴിക്കുകയെ നിവർത്തിയുള്ളൂ. റൂമിൽ എത്തിയാലുടൻ ലാപ് തുറന്നു സിനിമ കാണുകയോ ഗെയിം കളിക്കുകയോ ചെയ്യും. ചെയ്യുന്ന ജോലി പോലെ തന്നെ ജീവിതവും ഒരിക്കൽ ആരോ ചെയ്ത് പൂർത്തിയാക്കിയ കമ്പ്യൂട്ടർ പ്രോഗ്രാം പോലെ നിർവികരമായി ആവർത്തിച്ചു കൊണ്ടിരുന്നു.

ടൈം ഷീറ്റിൽ ഫിൽ ചെയ്യാനായി മാത്രം കൃത്യം എട്ടു മണിക്കൂർ തികച്ചാണ് ഞാൻ അന്ന് ഓഫീസിൽ നിന്ന് ഇറങ്ങിയത്. റൂമിൽ എത്തി ലാപ്ടോപ് തുറന്ന് യൂട്യൂബ് പ്ലേലിസ്റ്റും ഓണ്‌ ചെയ്തു ബെഡ്‌ഡിലേക്ക് ചാഞ്ഞ എനിക്ക് പക്ഷെ മയങ്ങാനെ കഴിഞ്ഞില്ല. ചുറ്റുവട്ടത്ത് നിന്നും എന്തോ ശബ്ദം കേൾക്കുന്നു. പാട്ടിന്റെ ശബ്ദം കൂട്ടി വച്ചു വീണ്ടും കിടന്നെങ്കിലും അസ്വസ്ഥനായി ഞാൻ എണീറ്റു. പാട്ട് നിർത്തി ശബ്ദം വരുന്നിടത്തേക്ക് കാതോർത്തു, 
"എന്താണിതിപ്പോ ഇവിടെ ആവോ..?!" 
ശബ്ദത്തിന് കാഠിന്യം കൂടി വന്നു. ആരോ കരയുകയാണ് എന്ന് ഇപ്പോൾ വ്യക്തമാണ്. ചുറ്റിലും കന്നഡയിലോ തെലുങ്കിലോ ആളുകൾ സംസാരിക്കുന്നതും കേൾക്കാം. കരച്ചിലിന്റെ ഭാഷ എല്ലാ നാട്ടിലും ഒന്ന് മാത്രമാണല്ലോ. ബാംഗ്ലൂരേക്ക് എത്തിപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും ചുറ്റിലും താമസിക്കുന്നത് ആരെന്നോ എന്തെന്നോ എനിക്ക് അറിവില്ല. ആരും ആരെയും കുറിച്ചു ഉത്കണ്ഠാകുലരാകാത്ത നാഗരിക ജീവിതത്തിൽ ചുറ്റുമുള്ളത് ആരാണ് എന്ന ചിന്ത പോലും അനാവശ്യമാണ്. 
ഹെഡ്സെറ്റ് എടുത്തു വച്ച് ,അനാവശ്യ സ്വൈരക്കേടിലേക്ക് എന്നെ തന്നെ വലിച്ചിഴയ്ക്കേണ്ടന്ന് തീരുമാനിച്ചു കൊണ്ട്, ഞാൻ ഒരു സിനിമ കാണാൻ ശ്രമിച്ചെങ്കിലും എന്തിനാവും ഒരാൾ ഇങ്ങനെ നിർത്താതെ കരയുന്നത് എന്ന ചോദ്യം എന്നെ വിട്ടു പോയില്ല.
ഒന്ന് രണ്ടു മണിക്കൂറുകൾക്ക് ശേഷമാണ് സഹമുറിയൻ സുഹൃത്ത് ഓഫീസിൽ നിന്നെത്തിയത്, ഒരു വർഷത്തിന് മേലെയായി ഇവിടെ താമസിക്കുന്ന അവന് എന്നെക്കാൾ ആളുകളെ ഇവിടെ കണ്ട് പരിചയമുണ്ട്, എത്തിയ വഴി ഞാൻ അവനോട് കരച്ചിലിന്റെ കാര്യം തിരക്കി.. "കുറേ അധികം നേരമായി ഒരു സ്ത്രീ കരയുന്നുണ്ടല്ലോ എന്താണെന്ന് നീ ചോദിച്ചോ?"

"ആ..ചോദിച്ചു ഡാ"

"എന്നിട്ട്?"

അവന്റെ മറുപടി എന്നെ കൂടുതൽ അസ്വസ്ഥനാക്കുകയാണ് ചെയ്‌തത്‌

"താഴെ താമസിക്കുന്ന ചേച്ചിയുടെ കുട്ടികളിൽ ഒരാൾ ഇത് വരെ വീട്ടിൽ എത്തിയില്ല ന്ന്, രണ്ടു പിള്ളാരെ ഞാൻ അവിടെ കണ്ടിട്ടുണ്ട് പ്രൈമറി സ്കൂളിൽ പഠിക്കുന്ന കുട്ട്യോളാ.. ആരെയാ കാണാതായത് അറിഞ്ഞൂടാ, അവരും ഭർത്താവും കൂടി ഇവിടെ ഒരു ആന്ധ്രാ മെസ്സ് നടത്തുന്നവർ ആണ്. ആളുകൾ അന്വേഷിച്ചു പോയിട്ടുണ്ട്, പക്ഷേ കുട്ടി തനിച്ചു അങ്ങനെ പോവുന്ന പതിവില്ലന്നാ പുള്ളിക്കാരി പറയുന്നത്"

ബാംഗ്ലൂരിൽ ഞാൻ താമസിക്കുന്നിടത്തേയ്ക്ക് കൃത്യമായി എത്താനുള്ള വഴി പഠിക്കാൻ രണ്ടാഴ്ച്ചയോളം പിടിച്ചു. ആ കണക്കിന്, പയ്യൻ വഴി തെറ്റിയതാണെങ്കിൽ തിരികെയെത്താൻ നന്നായി ബുദ്ധിമുട്ടേണ്ടി വരുമെന്നുറപ്പാണ്. ആ അമ്മയുടെ നിർത്താതെയുള്ള കരച്ചിലിനു പിന്നിലെ ആകുലതകൾ എന്തൊക്കെ ആയിരിക്കുമെന്ന് എനിക്ക് ഊഹിക്കമായിരുന്നു.

ഞാൻ എന്റെ അമ്മയെ കുറിച്ച് ആലോചിച്ചു പോയി ആ നേരം, രണ്ടെണ്ണത്തിനെ വളർത്തിയെടുക്കാൻ അമ്മ അനുഭവിച്ച പെടാപ്പാട് ചില്ലറയൊന്നും അല്ല. വീട്ടിലേക്ക് വൈകിയെത്തുമ്പോഴുള്ള അമ്മയുടെ വെപ്രാളം പലകുറി കണ്ടിട്ടുണ്ട് ഞങ്ങൾ. എത്ര മുതിർന്നെന്നു പറഞ്ഞാലും എത്ര ലോകം കണ്ടെന്ന് വീമ്പടിച്ചാലും അമ്മമാരുടെ കരുതൽ അതുപോലെ തന്നെയുണ്ടാവും എക്കാലവും. അല്ലെങ്കിൽ തന്നെ അമ്മമാരുടെ കരുതലിനെ ആർക്കാണ് ചോദ്യം ചെയ്യാനാവുക!
എന്റെ ചിന്തകൾ പലവഴി അലഞ്ഞു. ഞാൻ ഇതുവരെ കണ്ടിട്ടില്ലെങ്കിലും, കാണാതെ പോയ ആ കുട്ടിയ്ക് ഇപ്പോൾ എന്റെ മുഖമാണ്. കരയുന്ന ആ അമ്മ എന്റെ അമ്മയാണ്.

പനിനീർചാമ്പ മരം തേടി ഏതെല്ലാമോ വഴിയൊക്കെ നടന്ന് ചാമ്പയ്ക്കാ പെറുക്കി നേരം പോയ നേരത്തു വീട്ടിലേക്ക് കയറി വരുന്ന രണ്ടു കുറുമ്പന്മാർ, വടിയും പിടിച്ചു വഴിയിൽ ഇറങ്ങി നിൽക്കുന്ന അമ്മ, സങ്കടവും ദേഷ്യവും ആശ്വാസവും ഒക്കെ ചേർന്നൊരു പൊട്ടിത്തെറി. പുളിവാറ് കൊണ്ട് പൊതിരെ തല്ലിയ ശേഷം കെട്ടിപ്പിടിച്ചു കരയുന്ന അമ്മ.

"ഡാ.. ഏണീറ്റെ.. പോയി കിടന്നേ.." കൂട്ടുകാരന്റെ ശബ്ദം.

ഇരുന്ന് മയങ്ങിയത് ഞാൻ അറിഞ്ഞില്ല.

"കരച്ചിൽ നിന്നെന്നു തോന്നുന്നെടാ.. ഞാൻ കിടക്കുന്നു, നീ നാളെ വൈകിട്ട് വീട്ടിൽ പോകുന്നില്ലേ.." അവൻ തുടർന്നു..

"ആ ചെക്കൻ വല്ല ചാമ്പയ്ക്കയും പെറുക്കാൻ പോയതാവും, തിരിച്ചെത്തിക്കാണും"

"ചാമ്പയ്ക്കയോ, ഈ ബാംഗ്ലൂര്, പിച്ച് പറയാതെ പോയി കിടക്കടോ, ഞാൻ ഉറങ്ങുന്നു" അവൻ ലൈറ്റണച്ച് കിടന്നു.

എന്റെ മനസ്സ് മുഴുവൻ അപ്പോഴും സങ്കടത്തിന്റെ അവസാനം കുഞ്ഞിനെ കെട്ടിപ്പിടിച്ചു കരയുന്ന ഒരു അമ്മയുടെ മുഖം മാത്രമായിരുന്നു. ആശ്വാസത്തോടെ ഞാനും പുതച്ചുറങ്ങി.

പിറ്റേന്ന് രാവിലെ കൂട്ടുകാരന്റെ ഫോൺ വിളിയാണ് ഉണർത്തിയത്, അലാം അടിച്ചത് അറിഞ്ഞില്ല. ഫോൺ വച്ച് സമയം നോക്കുമ്പോഴുണ്ട്, മണി എട്ട്. ഇനി ഒന്നിനും സമയമില്ല, രാവിലെ തന്നെ ഇറങ്ങണം എന്ന് വിചാരിച്ചതാ, ആറ് മണിക്കൂർ സമയം ഓഫീസിനുള്ളിൽ ചിലവഴിച്ചാലേ ഫുൾ ഡേ അറ്റന്റൻസ് കിട്ടൂ, രാവിലെ ചെന്നെങ്കിലേ അത് പൂർത്തിയാക്കി വൈകിട്ട് നാട്ടിലേക്കുള്ള ബസ് പിടിക്കാൻ സാധിക്കൂ. കിട്ടിയതെല്ലാം വാരിക്കെട്ടി ഒരു ബാഗിലിട്ട്, കുളിച്ചെന്ന് വരുത്തി, ഓഫീസിലേക്ക് ഇറങ്ങി. ലഞ്ച് കഴിക്കാൻ കഫ്റ്റീരിയയിൽ ഇരിക്കുമ്പോഴാണ്, ഇന്നലെ കാണാതായ കുഞ്ഞിനെ കുറിച്ച് വീണ്ടും ഓർക്കുന്നത്. തിരക്കിട്ടോടിയ രാവിലെ "അവൻ രാത്രി തിരികെ എത്തിയിരുന്നോ" എന്ന് തിരക്കാൻ പോലും മറന്നു. ഇന്നലത്തെ ചിന്തകൾക്ക് ഇന്നത്തെ തിരക്കിൽ അത്രയ്ക്കുണ്ട് വില.

പതിവു പോലെ തന്നെ അനങ്ങാൻ മടിക്കുന്ന ക്ലോക്കിന്റെ സൂചികൾ നോക്കിയിരുന്ന്, ആറു മണിക്കൂറുകൾ ഒരു വിധത്തിൽ തള്ളിവിട്ട്, ഞാൻ സാറ്റലൈറ്റ് സ്റ്റേഷനിലേക്കുള്ള വണ്ടി നോക്കി ഓഫീസിനു മുന്നിലെ ബസ് സ്റ്റോപ്പിലേക്ക് നടന്നു.

കെ എസ് ആർ ടി സി യിൽ ആണ് യാത്ര, കേരളത്തിന്റെ RTC തന്നെയാണ് കേട്ടോ, അതിലേക്ക് കയറി ഇരിക്കുമ്പോൾ തന്നെ നാട്ടിൽ ചെന്ന സുഖമാണ്. വല്ലാതെ ഹോംസിക്ക് ആയ എനിക്ക്, വീട്ടിലേക്ക് പോകുന്ന യാത്ര തന്നെ വല്ലാത്ത ആവേശമാണ്, അതുകൊണ്ട് തന്നെ യാത്ര തീരെ സുഖകരം അല്ലെങ്കിലും ഭക്ഷണം ശരിയായില്ലെങ്കിലും എല്ലാം ഞാൻ ഹാപ്പിയാണ്. ബസിന്റെ സൈഡ് സീറ്റിൽ പുറത്തേക്ക് നോക്കിയിരുന്ന്, ചിന്തകളുടെ ലോകത്തേക്ക് സൈൻ ഇൻ ചെയ്തു. സ്വതന്ത്രമായി ചിന്തിക്കാൻ ഇങ്ങനെയുള്ള തനിച്ചിരിപ്പുകൾ സഹായിക്കായ്കയില്ല. എങ്കിലും ആളുകൾക്കിടയിൽ തനിച്ചാവുന്ന മടുപ്പിക്കുന്ന ഓഫീസ് മുറികളിലും, നിർവികാരത തളംകെട്ടി കിടന്നിരുന്ന താമസിക്കുന്ന മുറിയിലും ഉത്സാഹജനകമായ ചിന്തകളിലേക്ക് എന്നെ വഴി തിരിച്ചു വിടാൻ എനിക്ക് സാധിക്കാറേയുണ്ടായിരുന്നില്ല. ചിന്തകൾക്ക് പോലും കടിഞ്ഞാണിട്ടാണ് ഒരു വലിയ വിഭാഗം ആളുകളും ഈ വ്യവസായത്തിന്റെ ഭാഗമായി തുടരുന്നത്. എന്നാലും എല്ലാം ആഗ്രഹിച്ചത് പോലെ നടക്കണമെന്ന് വാശി പാടില്ലല്ലോ, ചെയ്യുന്നത് ഇഷ്ടപ്പെടാൻ തുടങ്ങുക എന്നതാണ് ഒരു പോംവഴി, അതല്ല എങ്കിൽ സ്വന്തം വഴി തേടുക, സ്വന്തം വഴി തേടുന്നത് പക്ഷെ എല്ലാ കാലത്തും ദുർഘടം പിടിച്ച പണിയായി തുടരുന്നു.

എപ്പോഴാണ് ഉറങ്ങിപ്പോയത് എന്ന് അറിയില്ല, കണ്ണ് തുറന്നപ്പോൾ മൂവാറ്റുപുഴ കഴിഞ്ഞിരുന്നു. ഇനി കുറച്ചു വഴി കൂടിയേ ഉള്ളൂ, വയറു നിറയെ ആഹാരം കഴിച്ചുകൊണ്ട്, ഒരു മാസത്തെ വിശേഷങ്ങൾ, നിരാശയും സങ്കടവും സന്തോഷവും എല്ലാം അമ്മയ്ക്ക് മുന്നിൽ ഇറക്കി വയ്ക്കാൻ വെറും മിനുട്ടുകൾ മാത്രം ബാക്കി.
വീട്ടിലേക്ക് കയറുമ്പോഴേ പുത്തനുണർവ്വാണ്‌, വീട് നൽകുന്ന സുരക്ഷിതത്വം എത്രയെന്ന് അപ്പോഴാണ് മനസിലാകുന്നത്.
കഥകൾ ഓരോന്നായി ഞാൻ പറഞ്ഞു തുടങ്ങി, "ഇനി മതി ബാക്കി രാത്രി പറയാം, എനിക്ക് അടുക്കളയിൽ പണി ഉണ്ട്" അമ്മ ഞാൻ കഴിച്ച പാത്രവും എടുത്തു അടുക്കളയിലേക്ക് നടന്നു.

ബാംഗ്ലൂരിൽ ഇഴഞ്ഞു നീങ്ങുന്നുവെന്ന എന്റെ പരാതി പരിഹരിക്കാനെന്നവണ്ണം സൂചികൾ വല്ലാത്തൊരു മത്സര ബുദ്ധിയോടെയാണ് ഇവിടെ ഓടുന്നത് എന്ന് തോന്നിപ്പോയി. സമയം പോകുന്നതറിയുന്നില്ല.

വൈകിട്ട് KSEB സ്പോൺസർ ചെയ്യുന്ന അരമണിക്കൂർ ലോഡ് ഷെഡിങ്, വീണ്ടും എനിക്ക് കഥ പറയാൻ ഉള്ള നേരമാണ്. പല വീടുകളിലും ആളുകൾ ഒന്നിച്ചിരുന്നു സംസാരിക്കുന്നത് വെളിച്ചം ഇല്ലാത്ത ഈ നേരത്തായിരിക്കും, ഞങ്ങളും ആ നേരം ഇവിടെ ഒന്നിച്ചിരുന്നു വാചകമടിക്കാറുണ്ട്. അതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. ഇത്തവണ എന്റെ കഥ, കാണാതെ പോയ നമ്മുടെ ചെക്കനെക്കുറിച്ചും അവന്റെ അമ്മയെക്കുറിച്ചും ആയിരുന്നു. ഓരോ വാചകത്തിനിടയ്ക്കും 
"കൊച്ച് എന്നിട്ട് തിരിച്ചു വന്നില്ലേ ഡാ"
 എന്ന് അമ്മ ചോദിച്ചുകൊണ്ടേയിരുന്നു. അമ്മയുടെ മനസ്സിലെ അപ്പോഴത്തെ ചിന്തകൾ എന്തായിരിക്കുമെന്ന് ആർക്കും ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.
"പിന്നെ തിരിച്ചു വരാതെ, രാത്രി ആയപ്പോഴേക്ക് ചെക്കൻ വന്നു, എവിടെയോ കൂട്ടുകാരുടെ ഒപ്പം പോയതാരുന്നു", 
യാഥാർഥ്യം അറിവില്ലെങ്കിലും, ശുഭപര്യവസായി ആ കഥ ഞാൻ അവസാനിപ്പിച്ചു. 
"സമാധാനം, ഈ പിള്ളാര് ഒക്കെ ഇത് എന്ത് ഭാവിച്ചാണോ, ഇങ്ങനെ ഓരോ വഴിക്ക് പോകുന്നത്, ബാംഗ്ലൂരുന്നൊക്കെ ആരെങ്കിലും പിടിച്ചു കൊണ്ട് പോയാൽ എങ്ങനെ അറിയാനാ..", 
ഇതും പറഞ്ഞുകൊണ്ട് അമ്മ, ഭക്ഷണം എടുത്തു വയ്ക്കാൻ അവിടെ നിന്നും എഴുന്നേറ്റു, കഴിക്കുവാൻ ഞങ്ങളും.

മൂന്ന് നാല് ദിവസത്തെ സുഖവാസത്തിനു ശേഷം, വീട്ടിൽ നിന്നും ചടഞ്ഞ ആ ലോകത്തിലേക്ക് വീണ്ടും ചെന്ന് കയറിയപ്പോൾ "ടെക് ജീവിതം" കൂടുതൽ വിരസമായി അനുഭവപ്പെട്ടു. ചിന്തകൾ കൂടുതൽ മരവിച്ചു തുടങ്ങി, റോബോട്ട് ചലിക്കുന്ന പോലെ ദിവസങ്ങൾ മുന്നോട്ട് പോയി. അങ്ങനെ ഒരു ഞാറാഴ്ച ദിവസം, പുറത്തു പോയി ഭക്ഷണം കഴിച്ചു ഞാനും കൂട്ടുകാരനും മടങ്ങി വരുമ്പോൾ അതാ റോഡിൽ കുറച്ചു കൊച്ചു കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നു. പെട്ടെന്നാണ് കാണാതായവനെക്കുറിച്ച് എനിക്ക് ഓർമ്മ വന്നത് 
"ഇതിൽ ഏതവനാണെടാ അന്ന് വീട്ടിൽ പറയാതെ മുങ്ങിയത്?" ഞാൻ അവനോടു തിരക്കി

"അയ്യോ, ഞാൻ അത് നിന്നോട് പറയാൻ മറന്നു പോയി, എടാ അന്നത്തെ ആ കൊച്ചില്ലേ, അവനെ ഒരാള് തട്ടിക്കൊണ്ടു പോയതായിരുന്നു, കൊച്ചിന്റെ അച്ഛനും ആയിട്ടുള്ള എന്തോ പണം ഇടപാടിന്റെ പേരിൽ. ഭീഷണിപ്പെടുത്തി കാശു വാങ്ങൽ ആയിരുന്നു ഉദ്ദേശം. കൊച്ചു ബഹളം വച്ചപ്പോ പക്ഷേ അയാള് ആ കൊച്ചിനെ കൊന്നു കളഞ്ഞെടാ!"
"വെറും ഇരുപത്തായ്യിയിരം രൂപയോ മറ്റോ ആണ്, ഇവിടെ അത് വലിയ വാർത്ത ആയിരുന്നു, ഞാൻ ആ പേപ്പർ എടുത്തു വച്ചിരുന്നു നീ വരുമ്പോ കാണിക്കാൻ, വാ എടുത്തു തരാം"

തരിച്ചു നിന്നുപോയ എനിക്ക് മുന്നിൽ, അപ്പോഴും ചാമ്പയ്ക്കയും പെറുക്കി വീട്ടിലേക്ക് വരുന്ന കുട്ടിയും, കണക്കിന് തല്ലിയ ശേഷം അവനെ കെട്ടിപ്പിടിച്ച്, കണ്ണീരു തുടച്ചു കൊണ്ട് ചിരിക്കുന്ന ഒരു അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു.

ഞാൻ കണ്ടത് പോലെ, പ്രതീക്ഷിച്ചത് പോലെ, എല്ലാ ചിത്രങ്ങളും ശുഭം എന്ന് എഴുതി അവസാനിക്കുന്നില്ല. ഒരുനാളും എരിഞ്ഞു തീരാത്ത കനലായി പലതും അവശേഷിക്കും, എന്തുകൊണ്ട് ഇങ്ങനെ എന്ന് ഒരാൾക്കും വ്യാഖ്യാനിക്കാനാവാതെ.

One clap, two clap, three clap, forty?

By clapping more or less, you can signal to us which stories really stand out.