ഇരുകാലിമൃഗങ്ങൾ

അച്ഛൻ വന്നില്ലല്ലോ അമ്മേ…

അവന്റെ കുഞ്ഞുമനസ്സിൽ സങ്കടം നിറഞ്ഞു. അത് മനസ്സിലാക്കിയ 'അമ്മ പറഞ്ഞു..

അച്ഛൻ ഇപ്പൊ വരും കുട്ടാ….അച്ഛൻ വരുമ്പോൾ കുട്ടന് കളിപ്പാട്ടം കൊണ്ടുവരും…

അതുകേട്ടപ്പോൾ അവന്റെ മനസ്സിൽ സന്തോഷം നിറഞ്ഞു….അവന്റെ മനസ്സിൽ അപ്പോൾ പിറ്റേന്നത്തെ പുലരിയായിരുന്നു….

കൂട്ടുകാരെ കാണിക്കണം എനിക്ക് അച്ഛൻ വാങ്ങിത്തന്ന പുതിയ കളിപ്പാട്ടം…

ആ ചിന്തയിൽ എപ്പോഴോ അവനുറങ്ങി….അപ്പോഴും ആ അമ്മയുടെ മനസ്സിൽ തീയായിരുന്നു….അദ്ദേഹം എത്തേണ്ട നേരം കഴിഞ്ഞിരിക്കുന്നു….ഇനിയും എത്തിയിട്ടില്ല….

രാഘവൻ ഒരു നല്ല മനുഷ്യനായിരുന്നു….സ്വന്തം കുടുംബം നോക്കി സന്തോഷത്തോടെ ജീവിച്ചിരുന്നവൻ…അവനോടെന്തിനീ കൊടുംകൈ ചെയ്തു? ശരീരം നിറയെ വെട്ടുകളാണെന്നാണ് പറഞ്ഞു കേട്ടത്…

പുറത്തു ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം കേട്ടാണ് കുട്ടനുണർന്നത്….’അമ്മ അവിടെ തളർന്നിരിക്കുന്നത് കണ്ടു…നേരം ഇനിയും പുലർന്നിട്ടില്ല….അവൻ അടുത്തേക്ക് ചെന്നു….

അച്ഛൻ വന്നില്ലേ അമ്മേ? ഇവരൊക്കെ ആരാ? അച്ഛനെന്താ വരാത്തെ?

ആ 'അമ്മ തളർന്നുപോയി അവന്റെ ചോദ്യങ്ങൾക്ക് മുന്നിൽ….

ന്റെ മോനെ….

ആ 'അമ്മ അവനെ കെട്ടിപ്പിച്ചു കരഞ്ഞു…അത് കണ്ടപ്പോൾ അവനും വിഷമമായി….

'അമ്മ കരയേണ്ടട്ടോ…അച്ഛൻ വരും…

ആ വീട്ടിലേക്ക് ആളുകൾ വന്നുതുടങ്ങി….നേരം പുലർന്നിരിക്കുന്നു….അച്ഛനെ നോക്കിയിരുന്ന അവൻ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയ്….

പിന്നീടെപ്പോഴോ അവൻ ഉണർന്നു….അപ്പോൾ വീട് നിറയെ ആളുകൾ….കരഞ്ഞുകലങ്ങിയ കണ്ണുകളോടെ 'അമ്മ തളർന്നിരിക്കുന്നു….ആൾക്കൂട്ടത്തിൽ അവൻ പരതി….തന്റെ അച്ഛൻ അവിടെയെങ്ങാനും ഉണ്ടോ…..അവനെപ്പോലെ ആൾക്കൂട്ടവും അവന്റെ അച്ഛന്റെ വരവും കാത്തു നിൽക്കുകയായിരുന്നു!!!

അവന്റെ അച്ഛനാകട്ടെ പോസ്റ്റുമാർട്ടത്തിനായ് ഡോക്ടറുടെ വരവുംകത്ത് മോർച്ചറിയിലും….