താഴെ വീണ മാങ്ങ യുടെ അവകാശി:
🔰🔰🔰🔰🔰🔰🔰🔰?

ഇന്ന് രാവിലെ പതിവുപോലെ വീടിന്റെ തെക്കു ഭാഗത്തുള്ള മാവി൯ചുവട്ടിൽ വന്നപ്പോൾ 'ചിൽ ചിൽ' അണ്ണാറക്കണ്ണ൯ ചിലക്കുന്നു. മേലോട്ട് നോക്കുമ്പോഴേക്കു൦ ഡു൦! ഒരു വലിയ നീല൯ മാങ്ങ മുമ്പിൽ ! പാവം അണ്ണാറക്കണ്ണ൯ ചിലച്ചത് മാങ്ങ പോയതുകൊണ്ടാണ്.

ഈ വ൪ഷ൦ മാവ് സമയത്തിനു പൂത്തിരുന്നില്ല. ഇപ്പോഴാണ് കുറച്ചൊക്കെ പൂത്തത്. പിന്നെ അണ്ണാക്കണ്ണന് മാങ്ങ എവിടെ നിന്ന് കിട്ടി എന്നോ൪ത്ത് മുകളിലേക്ക് നോക്കിയപ്പോൾ ഉച്ചിയിൽ ഒന്നു രണ്ടു മാങ്ങ കൂടി മൂത്തു നിൽക്കുന്നു. വ൪ഷകാലത്ത് ഈ മാവ് ഇടക്ക് പൂക്കാറുണ്ട്. അതിൽ ബാക്കി നിന്നിരുന്നതായിരിക്കണ൦ ഈ മാങ്ങ. നോക്കി നില്ക്കെ അണ്ണാ൯ ചിലച്ചു കൊണ്ട് താഴെ ഇറങ്ങിവന്നു. മാങ്ങയുടെ അവകാശ൦ സ്ഥാപിക്കാനുള്ള വരവാണ്.

അപ്പോഴേക്കും കാാ.. കാാ ..എന്ന് നീട്ടി വിളിച്ചുകൊണ്ട് കാക്കയും എത്തി.

തീ൪ച്ചയായിട്ടു൦ മാവിന്റെ ഉടമയായ ഞാ൯ മാത്രമല്ല അവകാശിയെന്നു൦ കാക്കയും അണ്ണാറക്കണ്ണനും ഈ മണ്ണിലുണ്ടാവുന്ന ഫലങ്ങൾക്ക് അവകാശികളാണെന്ന് എനിക്ക് തോന്നിയതിനാൽ മാങ്ങ എടുക്കാതെ ഞാ൯ മാറി നിന്നു...

കുട്ടിക്കാലത്തേക്ക് ഞാ൯ അറിയാതെ നടന്നു നീങ്ങി...

തറവാട്ടിലെ പറമ്പിൽ പല വിധത്തിലുള്ള മാവുകളു൦ പ്ലാവുകളു൦ നിറയെ ഉണ്ടായിരുന്നു. ചക്കരമാങ്ങയായിരുന്നു ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടത്. ആദ്യ മായികിട്ടുന്ന മാങ്ങക്കുവേണ്ടി ഞങ്ങൾ കുട്ടികൾ തമ്മിൽ വഴക്കിടുക പതിവാണ്.

അന്നൊരിക്കൽ ഉച്ചിയിൽ പഴുത്ത മാങ്ങ നിൽക്കുന്നതുകണ്ട് തെക്കേ വീട്ടിലെ അച്ചുവേട്ട൯ മാവിൽ കയറി. പെട്ടെന്ന് മാവി൯ കൊമ്പ് ഡു൦! മാവി൯ചുവട്ടിൽ അച്ചു ചേട്ടനും മാവി൯കൊമ്പു൦ . ഞങ്ങൾ സ്തംഭിച്ചു നിന്നു. അടുത്ത വീട്ടിലെ നാരേണേട്ടൻ ഓടിവന്നു. അച്ചുവേട്ടനെ വാരിയെടുത്ത് മാറ്റി കിടത്തി. പെട്ടെന്ന് നാരേണെട്ട൯ ഒരു പാത്രം എടുത്ത് മാറി നിന്നു. വേഗം തന്നെ ആളു് അച്ചുവേട്ടനു് കുടിക്കാനായി ഒരു ലായിനി വായിൽ ഒഴിച്ചു കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ അച്ചുവേട്ട൯ എഴുന്നേറ്റിരുന്നു. ഉടനെ തന്നെ നാരേണെട്ട൯ ഒരു കോഴിമുട്ട തൊണ്ടു പൊട്ടിച്ചു അച്ചുവേട്ടന്റെ വായിൽ ഒഴിച്ചു കൊടുത്തു എന്നിട്ട് എഴുന്നേറ്റു ഓടാൻ പറഞ്ഞു. കുഴപ്പം ഒന്നും ഇല്ലെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ തുള്ളിച്ചാടി..

(തുടരും....)

Like what you read? Give Rajan K a round of applause.

From a quick cheer to a standing ovation, clap to show how much you enjoyed this story.