മൂക്കുത്തിപ്പെണ്ണ്
നാട്ടുപാതയിലോരോ കോണിലും പണിതുയർത്തിയ ടവറുകളിലൊന്നിൽ സിഗ്നൽ കിട്ടാതെ ഒരു മൂക്കുത്തിപ്പെണ്ണ് ഒളിച്ചിരിക്കുന്നുണ്ട്.
സിഗ്നലൊഴുകുന്ന തോട്ടിൻ വക്കത്ത തടിപ്പാലത്തിലിരുന്ന്
ഞാനാ പെണ്ണിനെ ഇടയ്ക്കിടയ്ക്ക് കൂയ് വിളിക്കും.
വാക്കുകൾ ചിതറിവീണ മഞ്ചാടിക്കാവിലെ
കടലാസ്സുതരികൾ പെറുക്കിയെടുത്തവൾ എൻറെ കൂയ് വിളിയെ എതിരേൽക്കും.
കാവിലെ തണുപ്പിൽ കവിതകൾ കത്തിച്ചു ചൂട് കായവെ
സിഗ്നലുകൾ വീണ്ടും പിടികിട്ടാപുള്ളിയെപ്പോലെ ഒളിക്കും.
സമയം മാനം നോക്കിയിരിക്കുമ്പോൾ സൈക്കിൾ ചക്രങ്ങൾ ഉരുണ്ടുരുണ്ടു വരും. അവളോട്
സൈക്കിൾ ചവിട്ടി ദൂരം താണ്ടുവാൻ പറയും. പതിയെ അവളുടെ മൂക്കുത്തിയുടെ തിളക്കം നോക്കി പൂവാലനെപ്പോലെ എൻറെ സൈക്കിളും പിറകെ പോകും.
ഇടയ്ക്കെപ്പോഴോ ചെയിൻ തെറ്റുമോ എന്ന് നോക്കും. ഓടിച്ചെന്ന് തെറ്റിയ കണ്ണികൾ നേരെയാക്കും. എന്നിട്ട് ഞങ്ങളൊരുമിച്ച് സൈക്കിളുന്തിതള്ളി നടക്കും.
പിന്നെന്താാ… പിന്നെ… ഞങ്ങള് കിസ പറയും. ഇരുന്നും, നടന്നും, കിടന്നും, ഉരുണ്ടും, ഓടിയും, ചാടിയും……
ഓള് കട്ടിലിൽ ചാഞ്ഞ് മൂക്കുത്തി കവിതകള് പറയുമ്പോ ഞാൻ ഒന്നും മനസ്സിലാകാതെ അലാദീൻ തൊട്ടുള്ള കാർട്ടൂൺ കഥാപാത്രങ്ങളെ
ഓർത്തെടുക്കും. കുഞ്ഞുണ്ണി മാഷിൻറ വല്യ കുട്ടിക്കവിതകള് തെരഞ്ഞെടുത്ത് കൊത്തംകല്ല് കളിക്കും.
പാതിരാനേരം വെളിച്ചം പരക്കണ നിഴൽ ശില്പങ്ങളുടെ ആത്മകഥ തേടും. മഴയും, പുഴയും, മണ്ണും, മഞ്ഞും, മരവും, വെയിലും , തണലും, നടപ്പാതകളും, പുൽപ്പാടങ്ങളും ഞങ്ങളുടെ കാൽപ്പാടുകളുടെ ചുംബനങ്ങളേറ്റ് പുളകം കൊള്ളും. സൂര്യോദയത്തിലെ
ഇളംകാറ്റിൻറെ തണുപ്പിനെ ഉമ്മവെച്ച് ചൂടാക്കുമ്പോൾ അപ്പൂപ്പൻ താടികളെപ്പോലെ വാക്കുകൾ അലസമാകും.
പനിക്കോളിൽ തുളസ്സിയിലയിട്ട് തിളപ്പിച്ച ആവികൾ പൊങ്ങുമ്പോൾ കരിക്കിൻ വെള്ളത്തിൽ കവിതകളിട്ട് കഷായമുണ്ടാക്കും.
പിണക്കങ്ങളും , പരിഭവങ്ങളും പുതിയ രൂചിക്കൂട്ടുകൾക്കുള്ളിൽ വച്ച് പലഹാരങ്ങളും, കറികളുമുണ്ടാക്കി കൂട്ടുകാർക്ക് കൊടുക്കും. ഞങ്ങളങ്ങിനെ ലോകാവസാനം വരെ ഇടയ്ക്കിടയ്ക്ക് കണ്ണിമാങ്ങകൾ കൊണ്ട് അച്ചാറുണ്ടാക്കും.
അവിടെ ആ കടൽത്തീരത്ത് ബാവൂൾ സംഗീതത്തിൻറ അലകൾ കേട്ട് മൌനം പൊതിഞ്ഞ് ഞങ്ങളിരിക്കുന്നുണ്ട്..

