അമേരിക്കന്‍ ജീവിതം ഒരു ഇന്ത്യന്‍ യാത്രികന്റെ കാഴ്ചപ്പാടില്‍

Copyright © 2015 K P Mohandas

All rights reserved.

ISBN:

ISBN-13:

സമര്‍പ്പണം

എന്റെ യാത്രകളില്‍ എന്നും കൂടെയുള്ള എന്റെ പ്രിയ പത്നി മാലതിക്കും അമേരിക്കന്‍ യാത്രക്ക് കാരണക്കാരായ മക്കള്‍ മിനി മോഹനും സുദേഷിനും.

ഉള്ളടക്കം

1. കുടിയേറ്റം അമേരിക്കയിലേക്കു

2. അമേരിക്കന്‍ രീതികള്‍ — സൗഹൃദം വേറെ നിയമം വേറെ

3.ആനയെ വാങ്ങിയാല്‍ ചേന സൌജന്യം

4. ലഹരി മരുന്നും ശിക്ഷയും

5. അമേരിക്ക ഓണ്‍ ലയിന്‍ — സ്വകാര്യത മാനിക്കുക

6. വക്കീലന്മാരും കേസുകെട്ടുകളും

7. ഡോളര്‍ ട്രീയും പൌണ്ട് ലാന്റും

8. ഉപഭോക്തൃ സംരക്ഷണം അമേരിക്കയില്‍

9. ഊര്‍ജ ദുര്‍വ്യയവും ഹരിതവാതക നിര്‍ഗമനവും

10. ട്രാഫിക് നിയമവും മര്യാദയും.

11.പൊണ്ണത്തടിയനെ എന്തിനു കൊള്ളാം?

12. അമേരിക്കന്‍ ഭക്ഷണ രീതി — നമ്മുടെയും

13. ദാരിദ്ര്യം അമേരിക്കയില്‍ എ പി എല്ലും ബി പി എല്ലും

1.കുടിയേറ്റം അമേരിക്കയിലേക്ക്— ചില വസ്തുതകള്‍ .

അമേരിക്കന്‍ ഐക്യനാടുകള്‍ കുടിയേറി പാര്‍ത്ത വരുടെ ഒരു നാടായാണ് അറിയപ്പെടുന്നത്. എ ഡി 1800നു ശേഷം യുറോപ്പില്‍ നിന്നും കുടിയേറിയ വരാണ് ഇന്ന് അമേരിക്കയില്‍ കൂടുതലും ജീവിക്കുന്നത് എന്നാല്‍ ഇവിടേക്ക് സ്ഥിരതാമസമാക്കാന്‍ താല്‍പര്യ വുമായി കുടിയേറി പാര്‍ക്കാന്‍ ഒരു വര്ഷം വരുന്നവരില്‍ നിന്ന് പത്തു ലക്ഷത്തില്‍ അധികം വരുന്ന ആള്‍ക്കാര്‍ക്ക് തിരിച്ചു പോകേണ്ടി വരുന്നു. . ഇങ്ങനെ തിരിച്ചയക്കപ്പെടുന്നവരില്‍ ഒരു ഭാഗം അനുവാദം ഇല്ലാതെ കുടിയേറ്റത്തിനു ശ്രമിച്ചവരാവാം അല്ലെങ്കില്‍ തൃപ്തികരമായ രേഖകള്‍ ഇല്ലാതെ വന്നവരും ആവാം. ഒരു അമേരിക്കന്‍ പൌരനെഴുതിയ ഒരു പുസ്തകത്തില്‍ കണ്ടചില വിവരങ്ങള്‍ ശ്രദ്ധിക്കുക.

അമേരിക്കയില്‍ വെറും രണ്ടു ശതമാനം മാത്രമേ കുടിയേറ്റക്കാരുള്ളു. അതെ സമയം ബ്രിട്ടനില്‍ 8% വും ഫ്രാന്‍സില്‍ 6%വും ആണ് കുടിയേറിയവരുള്ളത്. അമേരിക്കന്‍ ഐക്യനാടുകളില്‍ പല സംസ്ഥാന ങ്ങളിലും 85% ഭൂമി ആള്‍ താമസമില്ലാത്ത കാടുകള്‍ ആണ് , പ്രത്യേകിച്ചും നാട്ടിന്‍ പുറങ്ങളില്‍. തിരിച്ചയ ക്കപ്പെടുന്ന കുടിയേറ്റക്കാര്‍ പലരും ചെയ്യുന്ന ജോലി നാട്ടുകാര്‍ ചെയ്യാത്ത താഴ്ന്ന തരം ജോലികളാണ്. ചപ്പു ചവറുകള്‍ നീക്കം ചെയ്യലും ചില സ്ഥലങ്ങളില്‍ കൃഷിപ്പണിയും മറ്റും. കൃഷിപ്പണി യന്ത്രം കൊണ്ടു ചെയ്യാമെങ്കിലും നമ്മുടെ നാട്ടില്‍ തേങ്ങായിടാന്‍ എന്നപോലെ മനുഷ്യസഹായ മില്ലാതെ ചെയ്യാന്‍ കഴിയാത്ത പല ജോലികളും ഉണ്ടല്ലോ. പഴങ്ങള്‍ പറിക്കുക, അവ തരംതിരിക്കുക പോലെയുള്ളവ. നിയമപരമായി ജോലി ചെയ്യുന്നവര്‍ക്ക് മണിക്കുറിനു 8ഡോളര്‍ (സുമാറ് 480 രൂപ) എങ്കിലും കൊടുത്തിരി ക്കണമെന്നു നിര്‍ബന്ധമുണ്ട്. ഇതിലും കുറഞ്ഞ ശമ്പളത്തില്‍ നിയമം ലംഘിച്ചു ജോലി ചെയ്യുന്നവരും ഉണ്ട്. കടകളില്‍ സാധനം എടുത്തു കൊടുക്കാനോ സഹായികള്‍ ആയിട്ടോ ചുമടെടുക്കാനൊ ഒക്കെ തുഛ ശമ്പളത്തിനു ജോലി ചെയ്യുന്നു ഇവര്‍ . ഇവരെ തിരിച്ചയ ച്ചതുകൊണ്ട് അമേരിക്കന്‍ പൌരന്മാരുടെ തൊഴില്‍ നഷ്ടമാകുന്നില്ല.

കുടിയേറ്റം നിയന്ത്രിക്കണമെന്ന് വാദിക്കുന്നവരുടെ ഒരു പ്രധാന വാദം റോഡുകളിലെയും പാര്‍കുകളിലെയും മറ്റും തിരക്കാണ്. ഇതിനു കാരണം മനുഷ്യരല്ല, അനിയന്ത്രിതമായി വര്‍ദ്ധിച്ച വരുന്ന വാഹനങ്ങളുടെ എണ്ണം ആണ്. നിസ്സാര പ്രതിഫലത്തിനു ജോലി ചെയ്യുന്ന ഇവരില്‍ ആര്‍ക്കും സ്വന്തമായി വാഹനം പോലും ഇല്ല. പാര്‍ക്കില്‍ ചെന്നാല്‍ വാഹനം ഇടാന്‍ സ്ഥലമില്ലാത്തതിനു കാരണം ഈ പാവങ്ങളല്ല, തീര്‍ച്ച നഗരങ്ങളില്‍ കാര്‍ പാര്ക്കുചെയ്യാന്‍ ഒരു മണിക്കുറിനു 35 ഡോളര്‍ വരെ പാര്‍ക്കിംഗ് ഫീ കൊടുക്കേണ്ടി വരുന്നു. മലകയറാന്‍ പോകുന്നവര്‍ക്ക് ഒരു മല തന്നെ സ്വന്തമായി കയറാന്‍ കിട്ടും. ആകെയുള്ള സ്ഥലത്തിന്റെ വെറും രണ്ടു ശതമാനം ഭാഗത്ത്‌ മാത്രമേ കെട്ടിടങ്ങള്‍ വെച്ചിട്ടുള്ളു താമസസൗകര്യം ഇവിടെയും ഒരു പ്രശ്നം തന്നെ എന്നാലും. ഇതില്‍ നിന്നൊക്കെ വ്യക്തമാവുന്നത് അമേരിക്കയെപ്പോലുള്ള ഒരു രാജ്യത്തില്‍ കുടിയേറ്റക്കാര്‍ ഒരാവശ്യമാണെന്നു തന്നെ. ആസ്ട്രേലിയ ന്യു‌സിലാണ്ട്, ക്യാനഡാ തുടങ്ങിയ രാജ്യങ്ങളില്‍ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നു എന്ന് കേള്‍ക്കുന്നു .

കുടിയേററക്കാരോടുള്ള മനോഭാവം

അടുത്ത് ആസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജരോട് പല അക്രമങ്ങളും നടക്കുന്നതായി പത്രങ്ങളില്‍ കണ്ടു. നമ്മുടെ പ്രധാന മന്ത്രി പോലും ഇതില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടു. ഇതില്‍ തീര്ച്ചയായും നാം ആശങ്കാകുലരാകുന്നത് സ്വാഭാവികം തന്നെ. എന്നാല്‍ ചില കാര്യങ്ങള്‍ കുടി ഓര്‍ക്കുന്നത് നന്നായിരിക്കും. ആസ്ട്രേലിയയില്‍ അടുത്ത കാലത്ത് വളരെയധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിയ്ക്കാന്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 161% വര്‍ദ്ധന ഉണ്ടായത്രേ. ഇവര്‍ പലരും പഠിക്കുന്നത് ഉയര്‍ന്ന സാങ്കേതിക വിഷയങ്ങളാണ്. ആസ്ട്രേലിയയില്‍ കുടിയേറി പാര്‍ക്കാന്‍ അനതിവിദൂരഭാവിയില്‍ സാധ്യത ഉള്ള വിഷയങ്ങള്‍. എന്നാല്‍ വര്‍ഷങ്ങളായി അവിടേക്ക് കുടിയേറി താമസിച്ചു പോന്ന മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ആള്‍ക്കാര്‍ പൊതുവേ ഇത്ര വിദ്യാഭ്യാസം സിദ്ധിച്ചവരല്ല. ഇക്കാരണത്താല്‍ തന്നെ മുന്‍‌കാല കുടിയേറ്റക്കാര്‍ക്ക് ഈ പുതിയവരോടു അസൂയയും സ്വാഭാവികം. ഇന്ത്യന്‍ വിദ്യാര്തഥി്കളോടു മോശമായി പെരുമാറിയവരായ ചിലര്‍ ലെബനില്‍ നിന്നും കുടിയേറിയവരാണത്രേ. ഏതായാലും ഇത്തരം വിവേചനവും ശാരീരിക മറ്ദനവും എത്രയും വേഗം നിര്ത്തെണ്ടതു തന്നെ. സംശയമില്ല.

പൊതുവേ ഏഷ്യയില്‍ നിന്നുള്ള ആള്കാരോടു വെള്ളക്കാര്‍ കൂടുതല് ഉള്ള രാജ്യങ്ങളിലെ പെരുമാറ്റം അത്ര സുഖകരമല്ല. ഇതിനു കാരണം കുറെയൊക്കെ നമ്മില്‍ ചിലരുടെ പ്രവര്‍ത്തിദോഷം തന്നെ ആവാം. നാട്ടുകാര്‍ പാലിക്കുന്ന പല സാമാന്യ മര്യാദകള്‍ പോലും നമ്മളില്‍ ചിലരു പാലിക്കാറില്ല. നാം ഒരു വിദേശരാജ്യത്താണ് എന്ന കാര്യം പലപ്പോഴും നാം മറന്നു പോകുന്നു. അങ്ങോട്ട്‌ മര്യാദ കാണിക്കാതെ വെള്ളക്കാര്‍ ആരും ഇങ്ങോട്ട് ഏഷ്യക്കാരെപ്പോലുള്ള ആള്കാരോടു മര്യാദ കാണിക്കുകയില്ല. മറ്റുള്ളവരെ ബഹുമാനിക്കാതെ സ്വയം ബഹുമാനിക്കപ്പെടാന്‍ കുറുക്കു വഴികള്‍ ഒന്നും ഇല്ലല്ലോ.

എന്റെ വ്യക്തിപരമായ അനുഭവത്തില്‍ പൊതുവേ അമേരിക്കയില്‍ ആണ് നമ്മോടു കൂടുതല്‍ തുല്യഭാവം കാണിക്കാറുള്ളതു, കുടിയേറ്റക്കാരുടെ രാജ്യം ആയതു കൊണ്ടാവാം. എന്നാല്‍ ബ്രിട്ടനില്‍ ഏഷ്യക്കാരോടു ഒരു തരം അവജ്ഞ കാണിക്കുന്നവര്‍ ധാരാളം ഉണ്ടു. പണ്ടു അവര്‍ നമ്മുടെ യജമാനന്മാര്‍ ആയിരുന്നു എന്നുള്ളത് കൊണ്ടാവാം. എന്റെ ഒരു സഹപ്രവര്‍ത്തകന്‍ പ്രൊഫസര്‍ (ഇങ്ഗ്ലിഷ് സായിപ്പു) തന്നെ പാകിസ്ഥാനികളെപ്പറ്റി വളരെ മോശമായി എന്നോടു പറയുമായിരുന്നു. ഒരു പക്ഷെ ഞാന്‍ പാകിസ്ഥാനി ആയിരുന്നു എങ്കില്‍ ഇന്ത്യക്കാരെപറ്റി അദ്ദേഹം ഈ അഭിപ്രായം പറയുമായിരിക്കും എന്ന് തീര്‍ച്ച സിംഗപ്പൂരിലും മറ്റും നമ്മുടെ നാട്ടുകാര്‍ അപഹാസ്യരാകുന്നത് കണ്ടിട്ടുണ്ട്. കുറെയൊക്കെ നമ്മുടെ സ്വഭാവരീതി കൊണ്ടുതന്നെ ആണ് എന്ന് തോന്നുന്നു. നമ്മുടെ അപകര്‍ഷതാബോധവും ഇതിനു ഒരു കാരണം ആയിരിക്കാം. കൂട്ടത്തില് ഉള്ളവര്‍ തന്നെ ചിലപ്പോള്‍ കാരണക്കാരും ആവാം എങ്ങിനെ യെങ്കിലും വിദേശത്തുവന്നു പെട്ടെന്ന് ധനികരാ കാനുള്ള അത്യാഗ്രഹം നമ്മെ പലതും ചെയ്യാന്‍ പ്രേരിപ്പിക്കുന്നില്ലേ എന്നും സംശയിക്കേണ്ടി ഇരിക്കുന്നു.

2.അമേരിക്കന്‍ രീതികള്‍ — സൗഹൃദം വേറെ നിയമം വേറെ

പല അവസരങ്ങളിലായി ഏതാനും മാസങ്ങളേ ഞാന്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ കഴിഞ്ഞിട്ടുള്ളൂ എങ്കിലും അവരുടെ ചില പെരുമാറ്റ രീതികള്‍ എന്നെ ആകര്‍ഷിച്ചു. ഒന്നാമതായി പല കാര്യങ്ങളിലും ഔപചാരികത തീരെ ഇല്ലാ എന്നത്. സ്വന്തം ബോസ്സ് ആണെങ്കിലും അയാളുടെ ആദ്യത്തെ (First Name) പേരില്‍ സംബോധന ചെയ്യാനുള്ള മനസ്സ്. മിസ്ടര്‍ എന്നോ മിസ്സിസ് എന്നോ ചേര്ക്കേണ്ട ആവശ്യം ഇല്ല. ഇന്ഗ്ലീഷ് സംസാരഭാഷ ആയി ഉപയോഗിക്കുന്നവര്‍ സാധാരണ മിസ്ടര്‍ , മിസ്സിസ്, സറ് എന്നിങ്ങനെയുള്ള വിശേഷണങ്ങളോടെ മാത്രമേ തന്റെ അടുത്ത സുഹൃത്തുക്കളല്ലാത്തവരൊഴിച്ചു മറ്റുള്ളവരെ സംബോധന ചെയ്യാറുള്ളൂ, ചില രാജ്യങ്ങളില്‍ .പേര് മാത്രം വിളിച്ചുള്ള സംബോധന തീരെ സ്വീകാര്യം അല്ല. ഉദാഹരണത്തിന് ഇന്ഗ്ലീഷ് മാതൃഭാഷ ആയ ബ്രിട്ടനില്‍ തന്നെ. ഔപചാരികതയ്ക് വളരെ പ്രാധാന്യം കല്പിക്കുന്നവരാണു ബ്രിട്ടിഷുകാര്‍. രണ്ടു പേര്‍ ഒരു പാര്ക്കിലോ മറ്റു സ്ഥലത്തോ തൊട്ടടുത്ത്‌ മണിക്കുറുകള്‍ ഇരുന്നാല്‍ പോലും മൂന്നാമതൊരാള്‍ അവരെ പരസ്പരം പരിചയപ്പെടുത്താന്‍ ഇല്ലെങ്കില്‍ അവര്‍ സംസാരിക്കുകയില്ലെന്നു പണ്ടു ആരോ എഴുതിക്കണ്ടു. അക്ഷരാര്ത്ഥത്തില്‍ ഇത് ശരി അല്ലെങ്കിലും ഇതില്‍ കുറച്ചു കാര്യം ഉണ്ട്. ജോലി ചെയ്യുമ്പോള്‍ പൂര്‍ണമായ ഗൌരവം പാലിക്കുക എന്നതും ഒരു ബ്രിട്ടിഷ്‌ സ്വഭാവം ആയി കണക്കാക്കാം. എന്നാല്‍ ഇവിടെ ഞാന്‍ കണ്ടത് വ്യത്യസ്തമാണ്. ജോലി ചെയ്യുന്നത് ശരിക്കും ആസ്വദിക്കുന്ന രീതിയില്‍ ആണെന്ന് കാണാം. ട്രെയിനില്‍ ടിക്കറ്റ് പരിശോധിക്കാന്‍ വരുന്ന ആള്‍ ചെറിയ ഒരു മൂ‌ളിപ്പാട്ടും ആയി മുന്നില്‍ എത്തുന്നു, നമുക്ക് തികച്ചും അസ്വാഭാവികമായി തോന്നാവുന്ന രീതി. അതുപോലെ പല സ്ഥലത്തും താന്‍ ചെയ്യുന്ന ജോലിയില്‍ ശ്രദ്ധ കുറയാതെ തന്നെ ലാഘവബുദ്ധിയോടെ ജോലി ചെയ്യുന്നു. നാം കാണാനെത്തിയ ആള്‍ തിരക്കിലാ ണെങ്കിലും മര്യാദ വിടാതെ ഒരു നിമിഷം കാത്തിരിക്കൂ എന്ന് അവനവന്റെ സ്ഥാനത്തിന്റെ വലുപ്പച്ചെറുപ്പം നോക്കാതെ അപേക്ഷിക്കുന്നു.

ഹോട്ടലില്‍ ഭക്ഷണം വിളമ്പുന്ന ആള്‍ സ്വയം പരിചയപ്പെടുന്നു . “ എന്റെ പേര് ബോബ് ഞാനാണ് നിങ്ങളുടെ വെയിറ്റര്‍ “. സാമാന്യ മര്യാദ അനുസരിച്ചു നിങ്ങള്‍ നിങ്ങളുടെ പേര്‍ പറഞ്ഞാല്‍ ഉടനെ അയാള്‍ ചോദിക്കും “ മോഹന്‍ നിങ്ങള്‍ക്ക് എന്തൊക്കെ ആണ് വേണ്ടത്?” എന്ന്. അവിടെ സാറ് വിളി ഇല്ല, മിസ്ടര്‍ ഇല്ല, ഒന്നും. സ്കൂളില് നമ്മള്‍ പഠിച്ച രീതിയില്‍ മിസ്ടര്‍ മിസ്സിസ് മിസ്സ്‌ എന്നെ സംബോധനകള്‍ ഇവിടെ തീരെ ഉപയോഗിക്കാറില്ല, വിദേശികളല്ലാതെ. മിസ്സിനെ മിസ്സിസ് ആക്കിയാലും മറ്റുമുള്ള തകരാറുകള്‍ വേറേ. ഇന്ഗ്ലീഷ് രീതി പരിചയപ്പെട്ട, അല്ലെങ്കില്‍ രാജ്ഞിയുടെ ( ഇങ്ളണ്ടില്‍ സംസാരിക്കുന്ന) ഭാഷ പഠിച്ച ആര്ക്കും ഇത് ആദ്യം അരോചകമായി തോന്നാം, അല്ലെ?

നമ്മുടെ നാട്ടിലെ രീതി ഒന്നോര്‍ത്ത് നോക്കുക. ഒരു താഴ്ന്ന ജോലിക്കാരന്‍ ഉയര്‍ന്ന നിലയില്‍ ഉള്ളയാളിനെ ഒരിക്കലും പേരില്‍ വിളിക്കാറില്ലല്ലോ സാറോ യജമാനനോ എന്നു കൂട്ടിച്ചേര്‍ക്കാതെ ഉയര്‍ന്ന ജോലിക്കാരന്‍ താഴ്ന്ന ജോലിക്കാരനോട് കു‌ടുതല്‍ സൗഹൃദം കാണിച്ചാലും ചിലപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാവാം. നമ്മുടെ നാട്ടില്‍ സ്വന്തം സഹപ്രവര്‍ത്തകരോട് എന്തെങ്കിലും സ്നേഹവാക്കുകള്‍ കൈമാറുന്ന എത്ര യജമാനന്മാര്‍ (Boss) ഉണ്ടാവും! അല്‍പ്പം സ്നേഹം കാണിച്ചാല്‍ എന്തെങ്കിലും കുശലം ചോദിച്ചാല്‍ തന്റെ അധികാരം കുറഞ്ഞുപോകുമോ എന്ന് വിശ്വസിക്കുന്ന എത്രയോ പേര്‍ നമ്മുടെ ഇടയില്‍ കാണാം.

അമേരിക്കയില്‍ ആള്‍ക്കാരുടെ സ്വഭാവ രീതിയില്‍ മറ്റൊരു വശം ഉണ്ട്. നിങ്ങള്‍ ഒരു ഔദ്യോഗിക കാര്യത്തിനു ഒരു ആപ്പീസില്‍ ഫോണ്‍ ചെയ്തു എന്ന് വിചാരിക്കുക. നിങ്ങളുടെ ആവശ്യത്തിനു വേണ്ടി. ഒരു പക്ഷെ അത്യാവശ്യമായി ഭാര്യയുടെ ഇന്ഷുറന്‍സ് നമ്പരോ മറ്റോ അറിയാന്‍ വേണ്ടി. ഇവിടെ രീതി ആകെ മാറിയതായി തോന്നും. സംബോധന “മോഹന്‍ എന്ന് തന്നെ, പക്ഷെ നിങ്ങള്‍ എത്രപറഞ്ഞാലും ആ നമ്പര്‍ അവര്‍ വെളിപ്പെടു ത്തുകയില്ല. നിയമം അനുസരിച്ചു ഒരു വ്യക്തി നേരിട്ട് വിളിച്ചാല്‍ മാത്രമേ ഇത്തരം ഔദ്യോഗിക വിവരങ്ങള്‍ കിട്ടുകയുള്ളൂ. എന്റെ സ്വന്തം അനുഭവം ഇതാ. എനിക്ക് ബോസ്ടനില്‍ നിന്ന് തിരികെ പോകാനുള്ള വിമാന ടിക്കറ്റ് ഉറപ്പാക്കാന് ചെയ്യാന്‍ വിര്‍ജിന്‍ അത്ലാന്റിക് വിമാന കമ്പനിയെ എന്റെ മകള്‍ വിളിച്ചു. എന്റെ മകള്‍ ആണ് സംസാരിക്കുന്നതെന്നും അച്ഛനെന്റെ തൊട്ടടുത്ത്‌ തന്നെ ഇരിക്കുന്നുണ്ടെന്നു പറഞ്ഞിട്ടുപോലും ‍ എന്റെ അനുവാദത്തോടെ ആണ് മകള്‍ വിവരം ചോദിക്കുന്നത് എന്ന് എന്നോടു ചോദിച്ചുറപ്പാക്കിയത്തിനു ശേഷമേ അവര്‍ ആവശ്യമായ മറുപടി തന്നുള്ളൂ. ഇതിനൊക്കെ ഇത്ര ഔപചാരികത എന്തിനാണെന്ന് നമുക്ക് തോന്നാം. സ്വന്തം ബാങ്ക് അക്കൌണ്ട് നമ്പര്‍ പോലും ഈ മെയില്‍ വഴി മറ്റുള്ളവര്‍ക്ക് ലാഘവബുദ്ധിയോടെ കൊടുത്തു അബദ്ധത്തില്‍ കുടുങ്ങിയവര്‍ നമ്മുടെ നാട്ടില്‍ എത്രയോ പേരുണ്ട്? ചുരുക്കത്തില്‍ ചെയ്യുന്ന കാര്യത്തിന്റെ അഥവാ ചോദിക്കുന്ന വിവരത്തിന്റെ പ്രാധാന്യം അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നമ്മള്‍ ഇനിയും പഠിക്കേണ്ടി ഇരിക്കുന്നു. “തെങ്ങിനും കമുകിനും ഒരു ത്ളാപ്പു” എന്നതാണല്ലോ നമ്മുടെ രീതി.

3. ആനയെ വാങ്ങിയാല്ചേന സൌജന്യം— ദേശീയ പതാക

“ആനയെ വാങ്ങിയാല്‍ ചേന സൌജന്യം” പഴയ ഒരു തമാശ. “ ഒന്ന് വച്ചാല്‍ രണ്ടു കിട്ടും വെയ് രാജ വെയ് “ മുച്ചീട്ട് കളിക്കാരന്റെ പരസ്യം . ഇതിന്റെയൊക്കെ ആധുനിക രൂപം “ Buy one get one free “ ( ഒന്ന് വാങ്ങിയാല്‍ മറ്റൊന്ന് സൌജന്യം ) എന്നാണു. നമ്മുടെ നാട്ടില്‍ ഈ പരസ്യം കൂടുതലും റെഡി മെയ്ഡ്‌ വസ്ത്രങ്ങള്‍ വില്കാനാണ് കണ്ടിട്ടുള്ളത്. പക്ഷെ ഇവിടെ അമേരിക്കയില്‍ ഒരു കടയില്‍ കണ്ടത് അമേരിക്കന്‍ ദേശീയ പതാക വില്കാനാണ് . നമ്മുടെ നാട്ടില്‍ ആണെങ്കില്‍ ദേശീയ പതാകയോടുള്ള അവഹേളനം നടത്തി എന്നാരോപിച്ച് പക്ഷെ കടക്കാരന്‍ അറസ്റ്റില്‍ ആയേനെ, ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി അതേറ്റു പിടിച്ചു ഒരു പ്രകടനവും നടത്തിയേനെ. അടുത്ത കാലത്ത് ഒരു സ്കുളില്‍ ദേശീയ പതാക തലതിരിച്ചു ഉയര്ത്തിയതിനു സ്കൂളിലെ പ്യൂണിനു( പതാക ഉയര്ത്തിയ ആളിനു അല്ല) ശിക്ഷ നല്കിയതായി പത്രത്തില്‍ വായിച്ചു.

നമ്മുടെ നാട്ടില്‍ ദേശീയ പതാക ഉപയോഗിക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ നിലവില്‍ ഉണ്ടല്ലോ. സാധാരണ ദിവസങ്ങളില്‍ സര്ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രമേ ദേശീയ പതാക ഉയര്ത്താന്‍ പാടുള്ളൂ. ദേശീയ അവധി ദിനങ്ങളില്‍, അതായത് ആഗസ്റ്റ്‌ പതിനഞ്ചിനും ജനുവരി ഇരുപത്താറിനും എല്ലാവര്‍ക്കും ഉപയോഗിക്കാം. പണ്ടു ഞങ്ങള്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ദേശീയ പതാകയും ഏന്തി അതിന്റെ ചെറിയ ഒരു മാതൃക കുപ്പായത്തില്‍ കുത്തി അഭിമാനപൂര്‍വ്വം “ഭാരതമാതാ കി ജയ് “ വിളിച്ചു ഗ്രാമത്തില്‍ പ്രകടനം നടത്തിയിരുന്നതോര്‍മ്മ വരുന്നു. ഇന്നാകട്ടെ ഈ രണ്ടു ദിവസം മാത്രം സ്കൂളില്‍ പതാക ഉയര്ത്തും തലേ ദിവസം പ്യൂണ് പതാക എവിടെ നിന്നെങ്കിലും പൊടിതട്ടി എടുത്തു വച്ചിട്ടുണ്ടാവും.). മിഠായി വിതരണം നടത്തും, അര്‍ദ്ധമനസ്സോടെ ദേശരക്ഷാപ്രതിജ്ഞ എടുക്കും, കഴിഞ്ഞു. സ്വന്തം നേതാവിനെ കോടതി കുറ്റവിമുക്തനാക്കിയപ്പോള് ആവേശം മൂ‌ത്ത് വിമാനത്താവളത്തിനു മുകളില്‍ സ്വന്തം പാര്‍ട്ടിയുടെ കൊടിവരെ ഉയര്ത്താം, പക്ഷെ ദേശീയ പതാക , പാവം വര്‍ഷത്തില്‍ രണ്ടു ദിവസം വെറും ഔപചാരികമായ ഒരു ചടങ്ങുമാത്രം.

എന്നാല്‍ അമേരിക്കയില്‍ എല്ലാ വീട്ടിലും ദേശീയ പതാക മുന്‍പില്‍ തന്നെ സ്ഥാപിച്ചിരിക്കുന്നു. യാതൊരു നിയന്ത്രണവും ഇല്ല. ആരും പതാക ചവുട്ടി പ്രതിഷേധം പ്രകടിപ്പിക്കാറില്ല. പതാകയുടെ ഉപയോഗം പ്രോത്സാ ഹിപ്പിക്കുന്നതിന്റെ ഭാഗമായി ആണ് ഇങ്ങനെ ‍ “ ഒന്ന് വാങ്ങിയാല്‍ മറ്റൊന്ന് സൌജന്യം “ നല്‍കുന്നത് . ചിലപ്പോള്‍ ചില ചെറുപ്പക്കാരുടെ ജീന്‍സില്‍ പോലും അമേരിക്കന്‍ ദേശീയ പതാക തുന്നി ചേര്‍ത്തതായി കാണാം. അതിലൊന്നും ആരും അപാകത കാണുന്നില്ല. പതാകയുടെ ഉപയോഗം നിയന്ത്രിച്ചാല്‍ ദേശസ്നേഹം കൂടുമെന്നു തോന്നാന്‍ എന്താണാവോ കാരണം. ഏതായാലും ചവറ്റു കുട്ടയിലും മറ്റും പതാക ഇവിടെ കാണാറില്ല. ആരും അറിഞ്ഞോ അറിയാതെയോ പതാകയെ നിന്ദിക്കാറും ഇല്ല. ചുരുക്കത്തില്‍ നിയന്ത്രണങ്ങള്‍ അല്ല കാര്യം, ദേശസ്നേഹം ഉണ്ടോ എന്നതാണ്, മറ്റൊന്നും അല്ല.

4.ലഹരി മരുന്നും ശിക്ഷയും അമേരിക്കയില്

അമേരിക്കയില്‍ ലഹരിമരുന്നുപയോഗിക്കുന്നതിനും കൈവശം വയ്കുന്നതിനും കടുത്ത ശിക്ഷയാണ് കൊടുക്കുന്നത്. ഒരാളിന്റെ കാറില്‍ നിന്നോ മറ്റോ ഒരൊറ്റ ഡോസ് എല്‍ എസ് ഡി യോ മരിജുവാനായൊ കണ്ടു പിടിച്ചാല്‍ അയാള്‍ക്ക് ആറ് വര്ഷം വരെ തടവുശിക്ഷ ലഭിക്കാം. ഉടമസ്ഥനറിയാതെ കാറില്‍ ആരെങ്കിലും വെച്ചതാണെങ്കില്‍ പോലും. കൊലപാതക കുറ്റത്തിനും ബലാല്‍ സംഗ കുറ്റത്തിനും പരമാവധി ആറ് വര്‍ഷമാണ്‌. ശിക്ഷ എന്നറിയുമ്പോള്‍ സര്‍ക്കാര്‍ ലഹരിമരുന്നിനെതിരെ എത്ര ശക്തമായി പ്രവര്ത്തിക്കുന്നു എന്ന് മനസിലാവുന്നത്. ഏറ്റവും അടുത്ത് കണ്ട കണക്കുകള്‍ അനുസരിച്ചു അമേരിക്കന്‍ ജയിലിലുള്ള 21,35,901 കുറ്റവാളികളില്‍ 60% ലഹരിമരുന്നു കൈവശം വച്ചതിനോ ഉപയോഗിച്ചതിനോ ശിക്ഷിക്കപ്പെട്ടവരാണ്. ഇവര്‍ ജയില്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു പുറത്ത് വന്നാല്‍ പോലും ഏതെങ്കിലും ജോലി കിട്ടുവാനുള്ള സാധ്യത കുറവാണ്. ലഹരി മരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാളിന്റെ വസ്തുവകകള്‍ കണ്ടു കെട്ടാന്‍ സര്കാരിനു കഴിയും. 80 വയസ്സുകഴിഞ്ഞ രണ്ടു വൃദ്ധ ദമ്പതികളുടെ വീട്ടില്‍ അവരുടെ കൊച്ചു മകന്‍ ലഹരി മരുന്നുപയോഗിച്ചതിനു അവരുടെ വീട് സര്‍ക്കാര്‍ ഏറ്റെടുത്തതായി എവിടെയോ വായിച്ചതായി ഓറ്ക്കുന്നു. പ്രധാനമായും മെക്സിക്കോ ക്യാനഡാ അതൃത്തികള്‍ വഴിയാണ് അമേരിക്കന്‍ ഐക്യനാടുകളിലേക്ക് ലഹരി കടത്തുന്നതത്രേ.

ചില സ്ഥിതി വിവര കണക്കുകള്‍ പരിശോധിച്ചു നോക്കാം ഒരു വര്‍ഷം 6,75,000 വിമാനങ്ങളില്‍ 600 ലക്ഷം ആള്‍ക്കാര്‍ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നു. മറ്റൊരു 60 ലക്ഷം കടല്‍ മാര്‍ഗവും 3700 ലക്ഷം കരമാര്‍ഗവും. 1160 ലക്ഷം വാഹനങ്ങള്‍ അമേരിക്കന്‍ മെക്സിക്കോ ക്യാനഡാ അതൃത്തികളില്‍ കൂടി കടന്നു പോകുന്നു. 9,000 യാത്രാചരക്കുകപ്പലുകള്‍ അമേരിക്കന്‍ തുറമുഖ ങ്ങളില്‍ വന്നു പോകുന്നു. ദക്ഷിണ അമേരിക്കയില്‍ നിന്ന്‌ പല വഴികളില്‍ ആയാണ് ലഹരി മരുന്ന് കടത്തുന്നത്. ഇതിനു വേണ്ടി മാഫിയാ സംഘങ്ങള്‍ അനവധി ആണ്. അവരുടെ കൃത്യം തടസ്സപ്പെടുത്തുന്ന ആരെയും വക വരുത്താനും മടി ഇല്ലാത്തവര്‍ ആണ്. ക്യാനഡാ വഴിയും ലഹരി മരുന്നുകള്‍ കടത്തുന്നു. ഇതിനെല്ലാം ഉപരി രഹസ്യമായി അമേരിക്കയില്‍ തന്നെ ലഹരി മരുന്നുകള്‍ കൃഷി ചെയ്യുന്നും ഉണ്ടത്രേ. ഇതൊക്കെ ആണെങ്കിലും ലഹരി മരുന്നിന്റെ ഉപയോഗം കൂടിക്കൊണ്ടിരിക്കുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ന്യുയോര്‍ക്ക്‌ നഗരമാണ്‌ ലഹരി കടത്തല്‍കാരുടെ കേന്ദ്രം ആയി പ്രവര്ത്തിക്കുന്നത്. മരിജുവാന, എല്‍ എസ് ഡി, കൊക്കെയിന്‍ , Ecstacy എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന എം ഡി എം ഏ, എന്നീ മരുന്നുകളാണ് കൂടുതലും കടത്തുന്നത്. ഉപയോഗിക്കുന്നവര്‍ക്കിടയില് Rock , ecstasy എന്നും മറ്റും പല പേരില്‍ അറിയപ്പെടുന്നു. വളരെ ലാഭകരമായ ഒരു വ്യവസായം ആയി ഇത് നടക്കുന്നു. ഇത്രയും വലിയ രാജ്യമായതുകൊണ്ടും അത്ലാന്റിക് ശാന്ത സമുദ്രങ്ങളുടെ നീണ്ട തീരം സംരക്ഷിക്കാനുള്ള ബുദ്ധിമുട്ട്‌ കൊണ്ടും ആവശ്യക്കാര്‍ ധാരാളം ഉള്ളതുകൊണ്ടും ആവാം ഇത്രയൊക്കെ നിയമങ്ങള്‍ ഉണ്ടായിട്ടും സര്കാര്‍ ഈ അനശാസ്യപ്രവറ്ത്തികള്‍ നിയന്ത്രിക്കാന്‍ വിഷമിക്കുന്നത്. ചെറുപ്പക്കാരുടെ ഇടയില്‍ ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമാണ് എന്നതു മറ്റൊരു വസ്തുത.

അമേരിക്കയിലെ ലഹരിമരുന്നിന്റെ വ്യാപാരം എത്രമാത്രം ഉണ്ടെന്നു ചില കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. 2001 ല്‍ പിടിച്ചെടുത്ത കൊക്കെയിന്‍ 111 മെട്രിക്‌ ടണ്‍, വില കിലോഗ്രാമിന് 12000–35000 ഡോളര്‍ വരെ, ചില്ലറ വില ഒരു ഡോസിന് 10–20 ഡോളര്‍. അതുപോലെ 2506 കിലോഗ്രാം ഹിരോയിന്‍ പിടിച്ചു. ഇതിന്റെ വില കിലോഗ്രാമിന് 50,00–200,000 ഡോളര്‍. എന്തിനു ecstacy എന്ന് ഓമനപ്പേരില്‍ അറിയപ്പെടുന്ന MDMA ഒരു ഗുളികക്ക് 20–30 ഡോളര്‍ വരെ വിലയുണ്ടു. ഒരു വര്ഷം 72 ലക്ഷം ഗുളിക വരെ ചിലവാകുന്നു. ഈ ഗുളിക ഉണ്ടാക്കുന്ന ലബോറട്ടറി വരെ ആയിരക്കണക്കിനു അമേരിക്കയില്‍ തന്നെ ഉണ്ടു . ധാരാളം കൃഷിസ്ഥലങ്ങള്‍ ഉള്ളതുകൊണ്ടും ജനവാസം കുറവായത് കൊണ്ടും കഞ്ചാവും മറ്റും കൃഷി ചെയ്യാനും കഴിയുന്നു. പെട്ടെന്ന് പണക്കാരാവാന്‍ താല്പര്യമുള്ളവര്‍ ഇവിടെയും ധാരാളം ഉണ്ട്.

‍Data Source : US Drug Enforcement Agency website : http://www.policyalmanac.org/crime/archive/drug_trafficking.shtml

5. അമേരിക്ക ഓണ്ലൈന് : സ്വകാര്യത മാനിക്കുക

പൊതുവേ മറ്റു രാജ്യങ്ങളില്‍ പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങളില്‍ മറ്റുള്ളവരുടെ സ്വകാര്യതയെ തികച്ചും മാനിക്കുന്നു എന്നതു നല്ലൊരു സ്വഭാവമായി എനിക്ക് തോന്നിയിട്ടുണ്ട്. “സ്വയം ജീവിക്കുക ‍ മറ്റുള്ളവരെ അവരുടെ പാട്ടിനു വിടുക “ എന്നത് നമ്മുടെ നാട്ടില്‍ തീരെ അംഗീകരിക്കാത്ത ഒരു കാര്യമാണല്ലോ. കേരളീയരില്‍ പലര്‍ക്കും ചിലപ്പോള്‍ അവരവരുടെ കാര്യത്തിലുള്ളതില്‍ കൂ‌ടുതല്‍ മറ്റുള്ളവരുടെ കാര്യത്തില് ശ്രദ്ധയുള്ളതായി തോന്നിയിട്ടുണ്ട്. നിവിദേശീയരാകട്ടെ അവരവരുടെ സ്വകാര്യതയെ മറ്റുള്ളവര്‍ മാനിക്കണമെന്നു നിര്‍ബന്ധമു ള്ളവരാണ് , അതുപോലെ തന്നെ അവര്‍ മറ്റുള്ളവരുടെ കാര്യത്തിലും ഇടപെടാറില്ല. അങ്ങോട്ട്‌ ക്ഷണിക്കാതെ ഒരാളും മറ്റുള്ളവരുടെ വീട്ടില്‍ പോകാറില്ല, അഥവാ പോകേണ്ടി വന്നാല്‍ തന്നെ ഫോണ്‍ ചെയ്തു അനുവാദം വാങ്ങി അവര്‍ക്ക് അസൌകര്യം ഒന്നുമില്ല എന്നുറപ്പ് വരുത്തിയതിനു ശേഷമേ പോകുകയും ഉള്ളു. ജീവിതം തിരക്കേറിയതാകുമ്പോള്‍ ഇത്തരം സാമാന്യ മര്യാദകള്‍ നമ്മുടെ നാട്ടിലും ആള്‍ക്കാര്‍ പാലിച്ചു തുടങ്ങിയിട്ടുണ്ട്. ഔപചാരികത എന്നു വിളിച്ചു പുച്ഛിക്കുന്നതില്‍ ഭേദം പരസ്പരം അസൌകര്യം ഒഴിവാക്കാന്‍ ഇത്തരം മര്യാദകള്‍ പാലിക്കുന്നതല്ലേ നല്ലത്?

എന്നാല്‍ അമേരിക്കയില്‍ ഇപ്പോള്‍ പൊതു സ്ഥലങ്ങളില്‍ സ്വകാര്യത ഇല്ലാത്തതിനെപ്പറ്റി മുറവിളി തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും മൊബയില്‍ ക്യാമെറായും ചാര ക്യാമെറായുടെയും കണ്ണില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ല. ഷോപ്പിങ് മാളുകളിലും റയില്‍വേ സ്ടേഷനിലും എല്ലാം ക്യാമറാകള് സ്ഥാപിച്ചിട്ടുണ്ടു. കടകളില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കപ്പെ ടാതിരിക്കാനും മറ്റും സ്ഥാപിച്ചിട്ടുള്ള ഈ ക്യാമറാകള്‍ ജനങ്ങളുടെ സ്വകാര്യതയെ മാനിക്കുന്നില്ല എന്നു പറഞ്ഞു പല കേസുകളും കോടതി തള്ളിക്കളഞ്ഞിട്ടും ഉണ്ട്. വസ്ത്രം വാങ്ങി ചേരുന്നുണ്ടോ എന്നു ഇട്ടു നോക്കുന്ന മുറിയില്‍ വരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നോക്കുന്നു എന്നു പരാതി ഉണ്ട്. പണ്ടു സിംഗപൂരില്‍ വച്ചു ടോയ്ലെറ്റില്‍ വച്ച് പുക വലിക്കുന്നതു കണ്ടുപിടിക്കാന്‍ അവിടെ ക്യാമെറാ വച്ചതിനു ഒച്ചപ്പാടുണ്ടായതു ഓര്മ വരുന്നു.

കടകളില്‍ നിന്ന് സാധനങ്ങള്‍ അടിച്ചു മാറ്റുന്നത്‌ ലഹരി പോലെ വ്യാപകമാണ്. Shop lifting എന്ന പേരില്‍ അറിയപ്പെടുന്ന ഈ കുറ്റകൃത്യം ഒരു രസത്തിന് ( thrill) വേണ്ടി മാത്രം ചെയ്യുന്നവരും ഉണ്ടത്രേ. പ്രസിദ്ധരും കോടീശ്വരരും ആയ പല നടന്മാരും നടിമാരും പോലും ഈ ദുശ്ശീലത്തിനു അടിമകളാകുന്നു. ക്ലിയോപാട്രാ ആയി അഭിനയിച്ച എലിസബെത് ടെയ്‌ലര്‍ ഈ അസുഖത്തി നടിമ ആയിരുന്നത്രെ. മറ്റൊരു പ്രശ്നം കമ്പ്യു‌ട്ടര്‍ വഴിയുള്ള ഡാറ്റാ മോഷണം ( Data Mining ) ആണ്. നാം അറിയാതെ തന്നെ നമ്മുടെ ഈമെയിലുകള്‍ വായിക്കാന്‍ കഴിയുന്നു. അതില്‍ നിന്നും നിര്ദോഷമെന്നു തോന്നുന്ന പല വിവരങ്ങളും ചോര്‍ത്തി എടുക്കുന്നു. ഡാറ്റാ കലവറകളില്‍ ഇത് ശേഖരിച്ചു വച്ചു പരസ്യങ്ങള്‍ക്കും മറ്റു വില്‍പ്പനാവശ്യങ്ങള്‍ക്കും ഈ ഡാറ്റാ വില്കുന്ന ഏജന്സികളും ഉണ്ട്. ഇന്റെര്നെറ്റില്‍ നിന്നും പണം കൊടുക്കാതെ കിട്ടുന്ന പല പ്രോഗ്രാമുകളിലും ഈ ചതി ഒളിഞ്ഞിരുപ്പുണ്ടു. അതുകൊണ്ടു അടുത്ത തവണ ഇത്തരം സോഫ്റ്റവെയര്‍ (freeware) നിങ്ങളുടെ കമ്പ്യു‌ട്ടരില്‍ സ്ഥാപിക്കുമ്പോള് ശ്രദ്ധിക്കുക.

അമേരിക്ക ശരിക്കും ഒരു ഓണ്‍ ലയിന്‍ ചന്തതന്നെ ആണ്. എല്ലാ സാധനങ്ങളും അവയുടെ വില വിവരങ്ങളും എന്തിനു സ്റ്റോക്കുണ്ടോ എന്നുള്ള വിവരം പോലും ഇന്റര്നെറ്റില്‍ ഇടുന്നു. ആള്‍ക്കാര്‍ ഇന്റര്‍നെറ്റില്‍ വില പോലും താരതമ്യപ്പെടുത്തി ആണ് സാധനം വാങ്ങുന്നത്. പല വ്യാപാരശൃംഖലകളും ഓണ്‍ ലയിന്‍ ആയി സാധനം ഓഡര് ചെയ്‌താല്‍ വീട്ടില്‍ എത്തിക്കുന്നു. സാധനം മോശമാണെങ്കില്‍ തിരിച്ചയക്കാനും പറ്റും, പണം മടക്കി തരും. കടയില്‍ പോയി വാങ്ങിച്ച സാധനം പോലും മൂന്നു മാസത്തിനകം ഉപയോഗിക്കാതെ തിരിച്ചേല്‍പ്പിക്കാം, മാറ്റി വാങ്ങുകയോ പണം മടക്കി വാങ്ങുകയോ ചെയ്യാം. നമ്മുടെ നാട്ടില്‍ ഒരു പക്ഷെ കുഞ്ഞിനു വാങ്ങിയ ഉടുപ്പ് ചേരുന്നില്ലെന്നു കണ്ടു തിരിച്ചേല്‍പ്പിക്കാന് ചെന്നാല്‍ കടക്കാരന്റെ മുഖം കാണേണ്ടത് തന്നെ. “ബില്ലില്‍ എഴുതിയിട്ടില്ലേ വിറ്റ സാധനം തിരിച്ചെടുക്കകയില്ലെന്ന് “ എന്നു ഒരു ഓര്‍മ്മപ്പെടുത്തലും. തിരിച്ചെടുത്താല്‍ തന്നെ പണം മടക്കി കിട്ടുകയില്ല, അതെ കടയില്‍ നിന്ന് തന്നെ വേറെ സാധനം എടുത്തുകൊള്ളാം എന്നു ചില കടക്കാര്‍ സമ്മതിച്ചേക്കും. പക്ഷെ ഇവിടെ ഇത്രയധികം വ്യാപാര ഉള്ളപ്പോള്‍ സാധനം വിലക്കാന്‍ ഏതു ന്യായമായ മാര്‍ഗവും വ്യാപാരികള്‍ ഉപയോഗിക്കുന്നു. ഒന്ന് വാങ്ങിയാല്‍ മറ്റൊന്ന് ഫ്രീ , ഇത്ര ശതമാനം റിബേറ്റ് ഇവയൊക്കെ ഇവിടെയും പ്രചാരത്തില്‍ ഉണ്ട്. നമുക്ക് പരിചയമുള്ള ഭാഷ തന്നെ. ‍ പച്ചക്കറികളും മത്സ്യ മാംസങ്ങളും പോലും ഓണ്‍ ലയിന്‍ ആയി വീട്ടില്‍ എത്തിക്കുന്നു. സാധനം ചീത്തയാണെങ്കില്‍ തിരിച്ചയക്കാം. പണം മടക്കി തരും. കബളിപ്പിക്കല്‍ തീരെ ഇല്ല എന്നു പറഞ്ഞുകൂട. എന്നാലും കുറവാണ് എന്നു അനുഭവസ്ഥര്‍ പറയുന്നു. അങ്ങനെ സ്വയം പരസ്യപ്പെടുത്തല്‍ വഴി ബോധപൂര്‍വ്വം മൂടുപടം വലിച്ചെറിയുന്നു. (അപ്പോള്‍ വേശ്യകളും സ്വയം പരസ്യപ്പെടുത്തുന്നുണ്ടോ ആവോ? എങ്ങിനെയാണ് അവരുടെ പരസ്യങ്ങള്‍ ? ഏതായാലും ഇതുവരെ നോക്കിയിട്ടില്ല. അശ്ലീല സാഹിത്യത്തില്‍ നമ്മുടെ നാട്ടില്‍ ഉള്ളത്ര താല്പര്യം ഉണ്ടാവാന്‍ സാധ്യത ഇല്ലാത്തതുകൊണ്ട് പരസ്യം ചെയ്താലും അതില്‍ നിന്ന് പ്രയോജനം ഉണ്ടാവാന്‍ സാദ്ധ്യതയും കുറവാണ്.). കംപ്യുട്ടര്‍ വഴിയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ ധാരാളം. അമേരിക്കന്‍ രാജ്യരക്ഷാകേന്ദ്രമായ പെന്റഗണിലെ കമ്പ്യൂട്ടറില്‍ പോലും സൈബര്‍ ആക്രമണം പതിവാണ്. ചുരുക്കത്തില്‍ അമേരിക്ക ശരിക്കും ഓണ്‍ ലൈന്‍ തന്നെ , സംശയം ഇല്ല.

6. വക്കീലന്മാരും കേസുകെട്ടുകളും അമേരിക്കയില്

പൊതുവെ അമേരിക്കയില്‍ ഏറ്റവും അധികം ശമ്പളം ലഭിക്കുന്ന രണ്ടു തൊഴിലുകള്‍ ആണു വക്കീലിന്റെയും ഡോക്ടറുടെയും. വക്കീലിന്റെ ഫീസ് അയാള്‍ നമ്മളോടു സംസാരിക്കുന്ന മിനുട്ടുകള്‍ക്കനുസരിച്ചാണു കൊടുക്കേ ണ്ടതു എന്നു ആരോ തമാശയായിട്ടു പറഞ്ഞതാണെങ്കിലും കുറെയൊക്കെ ശരിയാണു. പല വക്കീലന്മാരും മണിക്കൂറിനു നൂറ്റമ്പതു ഡോളര്‍ വരെ ഫീസ് ഈടാക്കു ന്നുണ്ടത്രേ. യു എസ് എ യില്‍ ഉള്ള വക്കീലന്മാരുടെ എണ്ണം മറ്റു രാജ്യങ്ങളില്‍ എല്ലാം കൂടി ഉള്ളതിലും അധികം ആണ്‍.എട്ടു ലക്ഷത്തിലധികം വക്കീലന്മാര്‍ 1960ല്‍ ഇതു വെറും 2,60,000 മാത്രമായിരുന്നു. ഇവര്ക്കെല്ലാം തൊഴില്‍ ആവശ്യമാണല്ലോ. റ്റി വി യിലും മറ്റും വക്കീലമാരുടെ പരസ്യം കൊടുക്കുന്നതു സര്‍വസാധാരണം ആണു. ഇതു കൊണ്ടുതന്നെ ആവാം അമേരിക്കയില്‍ ഒരാളിന്റെ തലയില്‍ നിന്നു തൊപ്പി താഴെ വീണുപോയതിനു പോലും നഷ്ടപരിഹാരത്തിനു കേസ് കൊടുക്കുന്നു തൊപ്പി വീണു പോയതില്‍ നിന്നുണ്ടായ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടിനു പത്തോ ഇരുപതോ ലക്ഷം നഷ്ടപരിഹാരം വാങ്ങുന്നതു.

കുറച്ചുനാള്‍ക്ക് മുമ്പ് കാലിഫോര്‍ണിയായ്ക്കു അടുത്തു റിച്മോണ്ടു എന്ന സ്ഥലത്തു ഒരു ഫാക്ടറിയില്‍ ഒരു പൊട്ടിത്തെറി ഉണ്ടായി. നഗരത്തില്‍ ആകെ ഒരു തരം പുക വ്യാപിച്ചു. മിനിട്ടുകള്‍ക്കകം ഇരുനൂറോളം വക്കീലന്മാര്‍ അവിടെ എത്തി, നഗരവാസികളില്‍ 70,000 ത്തോളം ആള്‍ക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേസ് ഫയല്‍ ചെയ്തു. ഇതില്‍ കഷ്ടിച്ചു 20 പേര്‍ക്ക് മാത്രമേ ആശുപത്രിയില്‍ ചികിത്സ ആവശ്യമായി വന്നുള്ളൂ. എന്നാല്‍ ഇത്തരം ഒരു കേസില്‍ പോലും 180 ലക്ഷം ഡോളര്‍ കമ്പനി നഷ്ടപരിഹാരമായി നല്‍കാന്‍ തയാറായി. അതില്‍ 40 ലക്ഷം വക്കീലന്മാരും പങ്കുവെച്ചു. നമ്മുടെ നാട്ടിലെ മോട്ടോര്‍ വാഹന അപകടത്തിനു നഷ്ടപരിഹാരം വാങ്ങി കൊടുക്കാന്‍ കേസിലോ വക്കീലന്മാര്‍ ഓടി എത്തുന്നതു പതിവാണല്ലോ .(‘അച്ചുവിന്റെ അമ്മ‘ എന്ന സിനിമയിലെ കഥാനാ യകനെപ്പോലെ ) .

ഓരോ വര്‍ഷവും സുമാര്‍ 9,00,000 കേസുകള്‍ ആണു ഫയല്‍ ചെയ്യപ്പെടുന്നതു. ജനസംഖ്യയില്‍ രണ്ടര ആളിനു ഒരു കേസ്, എന്താ പോരേ. ഇതില്‍ കൂടുതലും തികച്ചും അനാവശ്യമെന്നു തോന്നാവുന്ന് നഷ്ടപരിഹാര കേസുകള്‍ ആണു. ഭക്ഷണസാധനത്തില്‍ കൊളെസ്റ്റെറോള്‍ ഉണ്ടാക്കുന്ന ഘടകം എഴുതി പ്രദര്‍ശിപ്പിച്ചില്ല എന്നതിനു വരെ. മാക്ഡൊ ണാള്‍ഡിന്റെ കാപ്പി വീണു കാല്‍ പൊള്ളിയ അമ്മുമ്മയുടെ കേസിന്റെ വിവരം പ്രസിദ്ധമാണു. അടുത്തു നടന്ന മറ്റൊരു കേസില്‍ , ഒരു മദ്യക്കമ്പനിയില്‍ ഒരു സുഹ്രുത്തു തന്റെ സഹപ്രവര്‍ത്ത കയോടു അല്‍പ്പം ചൂടുള്ള ടെലിവിഷന്‍ കഥ വിശദീകരിച്ചു കൊടുത്തു. സഹപ്രവര്‍ത്തക അയാള്‍ക്കെതിരെ ലൈമ്ഗിക പീഡനത്തിനു കേസ് കൊടുത്തു. കമ്പനി അയാളെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. എന്നാല്‍ കമ്പനിക്കെതിരെ കേസു പറഞ്ഞു അയാള്‍ അയാളുടെ ശമ്പളത്തിന്റെ 400, 00 മടങ്ങു, ഏകദേശം 266 ലക്ഷം ഡോളറ് നഷ്ടപരിഹാരം അനുകമ്പയുള്ള ജൂറിയുടെ സഹായത്തോടെ വാങ്ങിയത്രേ.

കമ്പനികള്‍ ഇത്തരം നഷ്ടപരിഹാര കേസുകളെ ഇന്നു ശരിക്കും ഭയക്കുന്നു. ഒരു മഴക്കാലത്തു ഒരു ഡിപാറ്ട്മെന്റല്‍ സ്റ്റോറിന്റെ മുന്‍പില്‍ കാല്‍ വഴുതി വീണ സ്ത്രീയ്ക്കു അവര്‍ ചോദിക്കുന്നതിനു മുമ്പു തന്നെ കേസിനു പോകുകയില്ല എന്ന ഉറപ്പിലു 2500 ഡോളറ് കൊടുത്തു തടി രക്ഷപ്പെടുത്തിയതായി കേട്ടു. ചുരുക്കത്തില്‍ ഇതിന്റെയെല്ലാം ഫലം കോടികളുടെ കേസ് നടത്തിപ്പുകളാണു. ന്യൂയോറ്ക്കു പട്ടണത്തില്‍ മാത്രം ആള്‍ക്കാര്‍ വഴുതി വീണതിനു വേണ്ടി മാത്രം വ്യവഹാരത്തില്‍ 2000,000 ഡോളര്‍ കൈമാറ്റപ്പെടുന്നു. ഇത്തരം വ്യവഹാരങ്ങള്‍ കൊണ്ടുള്ള മറ്റൊരു ഫലം വളരെ കൂടിയ ഇന്‍ഷുറന്‍സ് തുക ആണു. ഒരാള്‍ ഒരു കാര്‍ വാങ്ങിയാല്‍ കുറഞ്ഞതു അഞ്ഞൂറു ഡോളറ് കൂടുതല്‍ നല്‍കേണ്ടി വരുന്നു. ഒരു ഹെല്‍മെറ്റിനാണെങ്കില്‍ പോലും നൂറൂ ഡോളറ് എങ്കിലും അധികം. ചുരുക്കത്തില്‍ എന്തെങ്കിലും കാരണം പറഞ്ഞു കേസു കൊടുക്കുന്നതു ചിലര്‍ക്കെങ്കിലും അമേരിക്കയില്‍ ഒരു വിനോദമാണു , ചുളുവില്‍ പണമുണ്ടാക്കാനുള്ള ഒരു മാര്‍ഗവും.

കൊലപാതകികള്‍ക്കും മറ്റും മരണ ശിക്ഷ കൊടുക്കുന്നതു ശരിയോ തെറ്റോ? പല രാജ്യങ്ങളും ഇതു ശരിയല്ല എന്നു തീരുമാനിച്ചു മരണശിക്ഷ ഒഴിവാക്കി വരുന്നു. എന്നാല്‍ അമേരിക്കയില്‍ ഇന്നും ഇതു പൂര്‍ണമായും നിറുത്തിയിട്ടില്ല. അത്യപൂര്‍വമായ (നിയമ ഭാഷയില്‍ അപൂര്‍വത്തില്‍ അപൂര്‍വമായ ) കൊലപാതക കേസിലും വാടകക്കൊലപാതകത്തിനും മാത്രമേ ഇന്നു വധശിക്ഷ വിധിക്കാറുള്ളൂ. യു എസ് എ യിലെത്തന്നെ വിവിധ സംസ്ഥാനങ്ങളില്‍ വധശിക്ഷയോടുള്ള കാഴ്ച്ചപ്പാടില്‍ തന്നെ വളരെ വ്യത്യാസം നിലവിലുണ്ട്. ഏതൊക്കെ കുറ്റങ്ങള്‍ക്ക് വധശിക്ഷ വിധിക്കാമെന്നതിലും ഏതു രീതിയില്‍ ആണു വധശിക്ഷ നടപ്പാക്കുന്നതെന്നതിലും വ്യത്യാസമുണ്ടു ചില ഇടങ്ങളില്‍ വധശിക്ഷ മിക്കവാറും ഒഴിവാക്കുന്നു. ചില ഇടങ്ങളില്‍ ഇതു തല്‍ക്കാലത്തേക്കു വേണ്ട എന്നു വച്ചിരിക്കുന്നു.മറ്റു ചില ഇടങ്ങളില്‍ ഇതു ഏതിനൊക്കെ ബാധ്യമാക്കാം എന്നതിനെപറ്റി ആലോചന നടക്കുന്നു. അമേരിക്കയില്‍ നടക്കുന്ന വധശിക്ഷകള്‍ വിധിക്കുന്ന രീതികളെപറ്റി രസകരമായ പലതും ഉണ്ടു. കാലിഫോറ്ണിയായില്‍ കാറോടിച്ചു കൊണ്ടിരുന്ന രണ്ടു പതിനേഴുവയസ്സുള്ള ചെക്കന്മാരെ പട്ടാപ്പകല്‍ മറ്റുള്ളവര്‍ നോക്കി നില്‍ക്കെ വെടിവെച്ചിട്ടു അവര്‍ കഴിച്ചു കൊണ്ടിരുന്ന ബറ്ഗറ് എടുത്തുഭക്ഷിച്ച ഒരാളെ, അയാള്‍ മിനുട്ടുകള്‍ക്കകം കുറ്റം സമ്മതിച്ചിട്ടും വധിക്കാന്‍ പതിമൂന്നു വറ്ഷം കഴിഞ്ഞു. ഒരാളിനു വധശിക്ഷ വിധിക്കാന്‍ രാഷ്ട്രം സുമാര്‍ 9,00,00 ഡോളറ് ചിലവാക്കേണ്ടി വരുന്നു. 1967നു ശേഷം കാലിഫോറ്ണിയാ സംസ്ഥാനം മാത്രം 60,00,000 ഡോളര്‍ ഇത്തരം കേസിനു ചിലവാക്കിയിട്ടുണ്ടു. ഇതിനിടയില്‍ വധശിക്ഷ നടപ്പാക്കിയതു വെറും രണ്ടു പേര്‍ക്ക് മാത്രം. എന്നാല്‍ ഇത്തരം പ്രഹസനം നിറുത്തിക്കൂടേ? എന്തിനാണു ഇത്ര ബുദ്ധിമുട്ടി ഇവരെ വധിക്കുന്നതു. കാരണം ഉണ്ടു. അമേരിക്കയില്‍ ഇപ്പോഴും ചിലര്‍ക്കെങ്കിലും വധ ശിക്ഷ വിധിക്കുന്നതു ഇഷ്ടമാണു. അതിനുവേണ്ടി എന്തും ചിലവാക്കാന്‍ രാഷ്ട്രം തയാറായാലേ മതിയാവൂ. കുറെയധികം വക്കീലന്മാര്‍ അങ്ങനെയുള്ള കേസിലും പണം ഉണ്ടാക്കുന്നു. കഷ്ടം .

7.ഡോളര്ട്രീയും പൌണ്ട് ലാണ്ടും

കുറഞ്ഞ കാലത്തേക്കുള്ള വിദേശയാത്രയ്ക്ക് പോകുന്ന നമ്മളെപ്പോലെയുള്ള ഇടത്തരക്കാര്‍ക്ക് പലപ്പോഴും ഉള്ള സ്വഭാവം ഇതാണ്. ഏതു സാധനം കണ്ടാലും ആദ്യം വില ചോദിക്കും. വില ഡോളറില്‍ ആണെങ്കില്‍ അതിനെ സുമാര്‍ അറുപതു കൊണ്ടു ( one US Dollar =60 Indian Rupee ) പെരുക്കി താരതമ്യം ചെയ്യും. അയ്യോ ഒരു കാപ്പിക്ക് നൂറ്റി നാല്പതു രൂപയോ, എനിക്ക് വേണ്ട. എന്നാല്‍ അല്പം വെള്ളം കുടിക്കാം, എന്ന് വച്ചാലോ, വെള്ളത്തിനും വലിയ വ്യത്യാസം ഇല്ല. ചെറിയ കുപ്പിക്ക്‌ പോലും ഒരു ഡോളറോ പൌണ്ടോ കൊടുക്കണം. പലയിടങ്ങളിലും ബിയറിനും കുപ്പിവെള്ളത്തിനും ഒരേ വില തന്നെ. അതുകൊണ്ടു നമ്മുടെ നാട്ടില്‍ ട്രെയിനിലെ യാത്രയില്‍ ചുക്കുവെള്ളം കൊണ്ടു പോകുന്നത് പോലെ വീട്ടില് നിന്ന് വെള്ളവും കരുതി ആയിരിക്കും പിക്നിക്കിനു പോലും നമ്മുടെ ആള്‍ക്കാര്‍ പോകുക. എന്നെ പോലെയുള്ള ഇന്ത്യന്‍ കറന്‍സിയില്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് ഇതൊക്കെ തന്നെയേ പറ്റൂ. നാട്ടിലെ പോലെ പൊതുടാപ്പിലെ വെള്ളം കുടിക്കാന്‍ പറ്റാത്തതാ ണെന്നു ഭയം ഉണ്ടെങ്കില്‍ പ്രത്യേകിച്ചും.

അതുപോലെ സാധനം വാങ്ങുമ്പോഴും ഇത് തന്നെ രീതി. അമേരിക്കയില്‍ ഒരു ഡോളറിനു നാല് തണ്ട് കറിവേപ്പില കിട്ടുന്നു . അതെ സാധനത്തിനു ഇന്ഗ്ലണ്ടില്‍ ഒരു പൌണ്ട് കൊടുക്കണം. എന്തിനു ഒരു പെപ്സിക്ക് അമേരിക്കയില്‍ ഒരു ഡോളര്‍ ആണെങ്കില്‍ ഇന്ഗ്ലണ്ടില്‍ ഒരു പൌണ്ട് ആയിരിക്കും. ഏറ്റവും ചെറിയ തുക ആയതുകൊണ്ടാണോ അറിയില്ല. എല്ലാ സാധനത്തിന്റെയും വില നമ്മുടെ രൂ‌പയില്‍ ആക്കി മാത്രമേ നമുക്ക് തീരുമാനിക്കാന്‍ കഴിയുകയുള്ളു‌ പലപ്പോഴും.

പക്ഷെ അവിടെയും ഉണ്ട് ഒരു മരുപ്പച്ച. വലിയ വിലയുള്ള സാധനം വാങ്ങാന്‍ ത്രാണി ഇല്ലാത്തവര്‍ക്ക് ചില്ലറ സാധനങ്ങള്‍ വില്കുന്ന കടയാണ് അമേരിക്കയില്‍ “ഡോളര്‍ ട്രീ” എന്നും ഇന്ഗ്ലണ്ടില്‍ “പൌണ്ട് ലാന്റ്” എന്നും വിളിക്കുന്നത്‌. ഏതെടുത്താലും രണ്ടു രൂപാ എന്ന് പറഞ്ഞു നമ്മുടെ നാട്ടില്‍ വില്‍ക്കുന്ന സാധനങ്ങള്‍ പോലെ ചീപും സോപ്പും മാത്രമല്ല മിക്കവാറും എല്ലാ സാധനങ്ങളും ഇവിടെ കിട്ടുന്നു. ഇത്തരം കടകളുടെ ഒരു ശൃംഖല തന്നെ ഇവിടങ്ങളില്‍ ഉണ്ട്. സാധനങ്ങളുടെ ഗുണ നിലവാരം ഊഹിക്കാവുന്നതേ ഉള്ളു. എന്നാല്‍ സമയവും ക്ഷമയും ഉണ്ടെങ്കില്‍ ഇവിടെ നിന്ന് പലതും വാങ്ങാന്‍ കഴിയും. അഞ്ചു പൌണ്ടിന് 500 രൂപാ എന്ന് കൂട്ടി നോക്കുന്ന നമ്മുടെ ആള്‍ക്കാര്‍ക്ക് ഇവിടെ എത്തുമ്പോള്‍ “ ഒരു പൌണ്ടല്ലേ ഉള്ളൂ.” എന്ന് തോന്നുന്നത് സ്വാഭാവികം തന്നെ. സാധാരണ ഉപയോഗത്തിനുള്ള സ്റ്റേഷണറി സാധനങ്ങള്‍ നാട്ടില്‍ കിട്ടാത്ത തരം സ്വിസ് പിച്ചാത്തി, എല്‍ ഇ ഡി ടോര്‍ച്ചുകള്‍ വിവിധ തരം മിഠായികള് ഇവ എല്ലാം ഇവിടെ ലഭ്യമാകുന്നു. ഇത്തരം സാദാ കടകളി ലേക്കു കയറാന്‍ ദുരഭിമാനം അനുവദിക്കാത്തതു നമുക്കൊക്കെ നാട്ടില്‍ മാത്രമേ ഉള്ളല്ലോ. കരോള്‍ ബാഗിലും മൂര്‍മാര്‍ക്കെറ്റിലും ദാദറിലും വില പേശി സാധനം വാങ്ങി ശീലിച്ച നമുക്ക് ഇത്തരം കടകള്‍ ഒരു ആശ്വാസം തന്നെ.

മറ്റൊരു മാര്‍ഗം വില കുറഞ്ഞു വില്കുന്ന “ഓണ്‍ ലൈന്‍” ഷോപ്പുകള്‍ ആണ്. ഒരു നിശ്ചിത സാധനം എന്ത് വിലയ്ക്ക് കിട്ടുമെന്ന് ഇന്റര്‍നെറ്റ് വഴി കണ്ടു പിടിക്കാം. ഇവയുടെ വില താരതമ്യപ്പെടുത്താനും കഴിയും. വിവിധ ബ്രാണ്ടുകളുടെ വില താരതമ്യപ്പെടുത്താനും വെബ്‌ സൈറ്റുകള്‍ ഉണ്ട്. ഇത്തരം താരതമ്യ വിശകലനത്ത്തിനുതകുന ചില സൈറ്റുകള്‍ ഇതാ:

http://www.comparestoreprices.co.uk/ http://www.compareprices.co.uk/ http://www.confused.com/ http://www.ipseos.com/ http://www.ebay.com/, http://www.ebay.co.uk http://www.ebay.inhttp://www.amazon.co.uk/, http://www.amazon.com

വലിയ കടകളില്‍ പോലും വില കുറച്ചു വില്‍ക്കെണ്ടി വരുന്ന കാലം ആണ് ഇത്. പൊതുവേ സാമ്പത്തിക മാന്ദ്യം കൊണ്ടു എല്ലാവരും വിഷമിക്കുന്നത് കൊണ്ടു ഏറ്റവും കു‌ടുതല്‍ മാന്ദ്യം അഥവാ മ്ലാനത കച്ചവടക്കാര്‍ക്ക് ആണ്. നമ്മുടെ നാട്ടിലെ മാളുകള്‍ വലിയ പട്ടണങ്ങളില്‍ മാത്രം അല്ലെ ഉള്ളു‌. ഇവിടെ ചെറിയ പട്ടണങ്ങളില്‍ പോലും വലിയ ഷോപ്പിംഗ്‌ ശൃംഖലയുടെ ശാഖകള്‍ ഒന്നും രണ്ടും പ്രവര്‍ത്തിക്കുന്നു. സാധനങ്ങള്‍ വിറ്റഴിക്കാന് ഏതു വ്യവസ്ഥാപിതമാര്‍ഗവും കച്ചവടക്കാര്‍ ഉപയോഗിക്കേണ്ടി വരുന്നു. നമ്മുടെ ഓണച്ചന്തയിലെ പോലെ 100% ശതമാനം വില കൂട്ടിയിട്ട് 50% കിഴിവ് കൊടുത്തു പഴയ സാധനം വില്കുന്ന പരിപാടി ഇത്തരം സാഹ ചര്യത്തില്‍ ഇവിടെ നടക്കുകയില്ല തീര്‍ച്ച. എവിടെയാണെങ്കിലും ബോധവാന്മാരായ ഉപഭോക്താ ക്കളെ അത്ര പെട്ടെന്ന് കളിപ്പിക്കാന്‍ പറ്റുകയില്ല. പാവങ്ങളെ മാത്രമേ പറ്റിക്കാന്‍ കഴിയുകയുള്ളല്ലോ

. 8.ഉപഭോക്ത്രു സംരക്ഷണം അമേരിക്കയില്‍

വ്യാപാരത്തില്‍ ഉപഭോക്താക്കളാണ് ഏറ്റവും പ്രധാനം എന്ന് വിശ്വസിക്കുന്ന ഒരു ജനതയാണ് അമേരിക്കയില്‍ ഉള്ളത്. കടയില്‍ കച്ചവടം നടത്തുന്ന വ്യാപാരി ആവട്ടെ , പരിശോധിച്ച് മരുന്ന് കുറിച്ച് കൊടുത്ത ഡോക്ടര്‍ ആവട്ടെ എല്ലാവരും ഉപഭോക്താവിനെ മാന്യമായി കരുതിയെ പറ്റു. അതില്‍ ചെറുകിട വ്യാപാരി എന്നോ വങ്കിടവ്യാപാരി എന്നോ വ്യത്യാസം ഇല്ല. വങ്കിട സൂപ്പര്മാര്ക്കെറ്റ് ശ്രുംഖല മുതല്‍ ചെറിയ കച്ചവടക്കാര്‍ കൂടി ശ്രദ്ധിച്ചേ മതിയാവു. ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ മിക്കവാറും വ്യാപാരി തന്നെ നഷ്ട പരിഹാരം കൊടുത്തു സലാം പറയേണ്ടി വരും, തീര്ച്ച. എന്നാല്‍ നമ്മുടെ നാട്ടിലെ പോലെ ദുരുപയോഗം ഉണ്ടോ എന്ന് ചോദിച്ചാല്, വളരെ കുറവാണ് എന്ന് പറയുന്നു, ഇവിടെ താമസിക്കുന്നവര്‍ വ്യാപാരിക്കെതിരെ കേസ് കൊടുത്തു കനത്ത നഷ്ടപരിഹാരം കിട്ടിയ അനേകം കേസുകള്‍ ഉണ്ട്. അതില് ഏറ്റവും പ്രസിദ്ധമായത് 79 വയസ്സ് പ്രായമായ ഒരു സ്ത്രീ മാക്ഡൊണാള്ഡിനെതിരെ ജയിച്ച കേസാണ്. .
സംഭവം ഇതാണ് ന്യൂമെക്സിക്കോ സംസ്ഥാനത്ത് താമസിക്കുന്ന. സ്ടെല്ലാ ലീബെച്ക് എന്ന 79 വയസ്സുകാരി 1992 ലെ ഫെബ്രുവരി മാസത്തില്‍ ഒരു ദിവസം രാവിലെ മാക് ഡൊണാള്ഡില്‍ നിന്നും ഒരു കപ്പു കാപ്പി വാങ്ങി. തന്റെ കൊച്ചുമകനോടോപ്പം കാറില്‍ മുന് സീറ്റില്‍ ഇരിക്കുക ആയിരുന്നു അവര്‍. ഡ്രൈവിംഗ് സീറ്റില്‍ കൊച്ചുമകനും. വാങ്ങിയ കാപ്പിയുമായി വണ്ടി അല്പം മുന്നോട്ടു നീങ്ങി പഞ്ചസാരയും പാലും എടുത്തു. മടിയില്‍ വച്ചു ഇത് കൂട്ടിക്കലര്ത്തുന്നതിനിടയില്‍ കാപ്പിക്കപ്പുമറിഞ്ഞു അവരുടെ തുടയും മറ്റു ഭാഗങ്ങളും പൊള്ളി. അവര്‍ ധരിച്ചിരുന്ന വിയര്പ്പു വലിച്ചെടുക്കുന്ന കുപ്പായം (sweat shirt) നല്ല ചൂടുള്ള കാപ്പി ആഗിരണം ചെയ്തു അവര്‍ക്ക് ശരീരത്തിന്റെ ആറിലധികം ശതമാനം ഭാഗത്ത് ശക്തമായ പൊള്ളലേറ്റു. ഏഴു ദിവസം ആശുപത്രിയില്‍ ആയിരുന്നു. പൂര്‍ണമായും പൊള്ളി പ്പോയ ചര്മ്മം മറ്റു ശരീരഭാഗങ്ങളില്‍ നിന്ന് എടുത്തു പൊള്ളിയ ഭാഗത്ത് ഗ്രാഫ്റ്റ് ചെയ്യേണ്ടി വന്നു. കാര്യമായ മാനസിക ശാരീരിക വേദനകളനുഭവിച്ചു. ആശുപത്രിയിലെ ബില്ല് പതിനായിരം ഡോളര് ആയിരുന്നു

രണ്ടാഴ്ചക്ക് ശേഷം അവര്‍ മാക് ഡൊണാള്ഡിനു ഈ അപകടത്തെ പറ്റി എഴുത്തയച്ചു.. കമ്പനിയുടെ മറുപടി തൃപ്തികരം അല്ലാതിരുന്നത് കൊണ്ടു ഒരു വര്‍ഷം കഴിഞ്ഞു അവര്‍ കോടതിയെ സമീപിച്ചു നഷ്ടപരിഹാരത്തിനു.

കാപ്പിക്ക് എത്രമാത്രം ചൂടാവാം?

മാക് ഡൊണാള്ഡിന്ടെ കടകളില്‍ കാപ്പി 195–205 ഡിഗ്രീ (F) യില്‍ ഉണ്ടാക്കി 180–190 ഡിഗ്രിയില്‍ ആണ് കൊടുക്കുക. 1978 മുതല്‍ അവര്‍ ഇങ്ങനെ ആണ് ചെയ്തു വരുന്നതെന്നും കാപ്പിയുടെ മണവും ഗുണവും നില നിര്‍ത്താന്‍ ഈ ചൂടു ആവശ്യമാണെന്നും മാക് ഡൊണാള്ഡു വാദിച്ചു ആയിരം മില്യന്‍ കാപ്പി അവര്‍ വിറ്റുകഴിഞ്ഞു എന്നും മാക്ഡൊണാള്‍ഡ ബോധിപ്പിച്ചു. എന്നാല്‍ 180–190 ഡിഗ്രീയിലുള്ള കാപ്പി കുടിച്ചാല്‍ വായയും ചുണ്ടും പൊള്ളും എന്നും, മാക് ഡൊണാള്ഡിന്റെ കാപ്പി കുടിച്ച 700 പേര്‍ കോടതിയില്‍ സാക്ഷി മൊഴി കൊടുത്തു. ഈ ചൂടിലുള്ള കാപ്പി തീവ്രമായ പൊള്ളല്‍ ഏല്പിക്കാന് കഴിവുള്ളതാണെന്നു വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ഈ കേസില്‍ ജുറി മാക് ഡൊണാള്ഡു 80% വും ലീബ് ചെക് 20% വും കുറ്റക്കാരായി കണ്ടു. അവര്‍ 1,60,000 ഡോളര്‍ ചികിത്സക്കും മാനസിക വൈഷമ്യം ഉണ്ടാക്കിയതിനും നാല് ലക്ഷത്തിഅന്പതിനായിരം നഷ്ടപരിഹാരം ആയും വിധിച്ചു. കോടതി ഇടപ്പെട്ട് ഇത് ആകെ നാല് ലക്ഷത്തില് അമ്പതിനായിരം ആയി കുറച്ചു. മാക് ഡൊണാള്ഡു അപ്പീലിന് പോയില്ല. കോടതിക്ക് പുറത്ത് വച്ചു കേസ് ഒത്തു തീര്പ്പായി. എത്ര തുകയാണ് കൈമാറിയതെന്ന് പരസ്യപ്പെടുത്തിയില്ല.

എന്താ, നമുക്കും ഒന്ന് നോക്കിയാലോ? നമ്മുടെ നാട്ടിലെ വാഹന അപകടത്തില് ജീവന് പോയാല് പോലും കുറ്റം ഏറ്റു പറഞ്ഞാല് 2000 രൂപാ ഫൈന്‍ കൊടുത്താല്‍ കാര്യം കഴിയും. ഇന്ഷുരന്സ് കാര്‍ കൊടുക്കുന്ന പൈസ പ്രതി ഭാഗം വാദിഭാഗം വക്കീലന്മാരുടെ പങ്കു കഴിഞ്ഞു അപകടം പറ്റിയ ആള്‍ക്ക് എന്ത് കിട്ടുമോ ആവോ?

9. ഊറ്ജ ദുറ്വ്യയവും ഹരിത വാതക ബഹിറ്ഗമനവും

ഇന്നത്തെ രീതിയില്‍ മനുഷ്യന്‍ ഊര്ജം ഉപയോഗിച്ചാല്‍ അടുത്ത തലമുറ കഷ്ടത്തിലാവും. എണ്ണ കൂടിയാല്‍ ഇരുപതുവര്ഷം കൂടി ഉപയോഗിക്കാനേ ഉണ്ടാവുക യുള്ളൂ. കല്‍ക്കരി മറ്റു ഇന്ധനങ്ങള്‍ എല്ലാം തീര്ന്നു വരുകയാണ്. സൌര ഊര്ജവും കാറ്റില്‍ നിന്നും മറ്റും ഉള്ള ഊര്‍ജവും കാര്യമായി ഉപയോഗിച്ചേ കഴിയു. ഭാവിയില്‍. അല്ലെങ്കില്‍ നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതം അസഹ്യമാവും. ഭൂമിയിലെ ഹരിതവാതക ഉല്പാദന ( Greengas emission) വും തല്‍ഫലമായി ഉണ്ടാവുന്ന ഭൌമ താപനവും (Global warming) ഭാവിതലമുറകളുടെ ജീവിതം വളരെ അധികം ബുദ്ധിമുട്ടിലാക്കും.

പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗത്തില്‍ ഏറ്റവും മുന്പില്‍ അമേരിക്ക തന്നെയാണ്. ലോകത്തില്‍ ഉപയോഗിക്കുന്ന ഇന്ധനത്തില്‍ ഇരുപതു ശതമാനം അമേരിക്കയില്‍ തന്നെ ഉപയോഗിക്കുന്നു. അമേരിക്ക യിലെ ജനസംഖ്യ ലോകജനസംഖ്യയുടെ വെറും അഞ്ചു ശതമാനം മാത്രമാണെന്നു ഓര്ക്കുക. . അമേരിക്കക്കാര്‍ക്ക് ഇന്ധന ഉപയോഗം കുറയ്കുന്നതില്‍ തീരെ ശ്രദ്ധയില്ല . ഒരു കടയില്‍ സാധനം വാങ്ങാന്‍ വേണ്ടി കയറുമ്പോള്‍ അഞ്ചും പത്തും മിനുട്ടുകള്‍ വണ്ടി ഓഫ് ചെയ്യാതെ ഇടുന്നത് സാധാരണ ആണ്. കഷ്ടിച്ചു ഇരുനൂറു മീറ്റര് ദൂരത്തില്‍ മാത്രം ഉള്ള അയല്‍വീട്ടിലേക്കു പോകാന്‍ പോലും സ്വന്തം വാഹനം ഉപയോഗിക്കുന്നവര്‍ ധാരാളം . രാത്രി കമ്പ്യുട്ടര്‍ ഓഫ് ചെയ്യാല്‍ പോലും ഇപ്പോള്‍ ഉപയോഗിക്കുന്ന ഊര്ജത്തില്‍ 5 % കുറയ്ക്കാന്‍ കഴിയും അവിടെ. കംപ്യുട്ടര്‍ ഓണ് ആയി ഉപയോഗക്ഷമം ആകാന്‍ വേണ്ടി വരുന്ന 20 സെക്കണ്ടു ക്ഷമിക്കാന് പോലും ആള്കാര്‍ തയാറല്ല. കോണി ഒന്നാം നിലയിലേക്ക് പോലും കയറാനും ഇറങ്ങാനും ഉപയോഗിക്കുന്നു. മിക്കവാറും എല്ലാ സ്ഥലത്തും സ്വയം പ്രവര്ത്തിക്കുന്ന (ആട്ടോമാടിക്) വാതലാണ് അപൂര്‍വം കറങ്ങുന്ന വാതില്‍ വച്ചിരിക്കുന്നിടത്തില് പ്രത്യേകം എഴുതുന്നു ഇത് ഊര്ജ ഉപയോഗം കുറയ്ക്കാനാണ്, സഹായിക്കുക എന്ന്. എന്നാല്‍ അവിടെയും വീല്‍ ചെയര് ഉപയോഗിക്കുന്നവരുടെ വാതില്‍ ഉപയോഗിക്കാനാണ് ആണ് ആള്കാര്ക്ക് താല്പര്യം. ഊര്ജം സംരക്ഷിക്കണം എന്നും മറ്റും ചില പരസ്യം കാണാം. പക്ഷെ വിരളമായ ആള്‍ക്കാരെ ഇത് ശ്രദ്ധിക്കാറുള്ളൂ ഒരു വീട്ടില് മൂന്നും നാലും കാറുകള്‍ സാധാരണം ആണ്. പൊതു വാഹനങ്ങള്‍ വളരെ കുറവ്. ആവശ്യമില്ലാത്തപ്പോള്‍ വീട് ചൂടാക്കാനുള്ള സംവിധാനം ഓഫ് ചെയ്യാന്‍ പോലും ആള്കാര്‍ മറക്കുന്നു. ഇന്ധനത്തിന്റെ വില വളരെ കുറവാണെന്നത് കൊണ്ടു ആരും ഇതൊന്നും ശ്രദ്ധിക്കുന്നില്ല.. വഴി അറിയാന്‍ ആരോടെങ്കിലും ചോദിക്കാന്‍ കാല്‍ നട യാത്രക്കാരെ കാണാന്‍ കിട്ടുകയില്ല. കഷ്ടിച്ചു അഞ്ഞൂറു മീറ്റര് അകലത്തില് ഉള്ള പാര്കില്‍ കാറില്‍ വന്നിറങ്ങി പാര്കിനു ചുറ്റും ഓടുന്ന ദമ്പതികളെ കാണാം.

ഇന്നത്തെ കാലാവസ്ഥാ വ്യതിയാനത്തിനും ഭൌമ താപനില വര്ദ്ധിക്കുന്നതിനും പ്രധാന കാരണം വാഹനങ്ങളില്‍ നിന്നും ഫാക്ടറികളില്‍ നിന്നും പുറന്തള്ളുന്ന വാതകങ്ങള്‍ ആണ്. നീരാവി, കാര്‍ബണ്‍ മോണോക്സൈടും കാര്‍ബണ്‍ ഡയോക്സൈഡും മീഥെയിന്, നയിട്രസ് ഓക്സൈഡ് എന്നീ വാതകങ്ങള് ആണ് ഭൌമ താപനത്തിന്നു കാരണം. 1992 ല്‍ റിയോഡി ജെനിറോയില്‍ കൂടിയ ഭൌമ സമ്മേളനത്തില്‍ അമേരിക്ക മറ്റുവികസിത രാജ്യങ്ങള്‍ക്കൊപ്പം ഹരിത വാതകത്തിന്റെ അളവ് 1990 ലേ നിലയിലേക്ക് 2000 ലെങ്കിലും എത്തിക്കാമെന്ന് ഏറ്റിരുന്നു. എന്നാല്‍ ഇത് തുടര്‍ച്ചയായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നെ ഉള്ളു.1996ല്‍ മാത്രം അത് 3.4% വര്ദ്ധിച്ചു. ഭൂമിയിലെ താപനില കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ ഉണ്ടായ വര്ധന കഴിഞ്ഞ പത്ത് വര്ഷം കൊണ്ടു ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നു. താപനില 3–4 C വര്ദ്ധിച്ചാല്‍ ധ്റുവങ്ങളിലെ മഞ്ഞുരുകി ഭൂമിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം മുങ്ങിപ്പോകും. കഴിഞ്ഞ നൂറ്റാണ്ടില്‍ ഭൂമിയിലെ താപനില 0.6C ഉയര്ന്നിട്ടുണ്ട്. എന്നാല്‍ യുഎന്നിലെ കണക്കുപ്രകാരം 2100ല്‍ ഭൂമിയിലെ ശരാശരിതാപനില 1.4–5.8 C വരെ 2100 ല്‍ വര്ദ്ധിക്കാന്‍ സാധ്യതയുണ്ട് എന്ന് കണക്കാക്കി യിരിക്കുന്നു. 2050ആകുമ്പോഴേക്ക് ഭുമിയിലെ പത്ത് ലക്ഷം ജീവജാലങ്ങള്‍ എങ്കിലും നാമാവശേഷമാവുമത്രേ. ക്യാനഡായ്ക്കടുത്തുള്ള ഗ്രീന് ലാന്ഡില്‍ താപനില മൂന്നു ഡിഗ്രി ഉയര്‍ന്നാല്‍ ഐസ് ഉരുകിത്തുടങ്ങും. ഏഴു ഡിഗ്രി ഉയര്ന്നാല്‍ ഗ്രീന്ലാണ്ടിലെ ഐസ് മുഴുവന് ഉരുകും. ഭാഗികമായി ഇവിടത്തെ ഐസുരുകിയാല്‍ പോലും കടലിലെ വെള്ളത്തിന്റെ നില ഒരു മീറ്റര് ഉയരും. ഇത് സംഭവിച്ചാല്‍ തന്നെ അമേരിക്കയുടെ തെക്കുള്ള ഫ്ലോരിഡാ മേഖല വെള്ളത്തിനടിയില്‍ ആകും. ഇന്ത്യന്‍ സമുദ്രത്തിലെ മാലദ്വീപും നൈല്‍നദിയുടെ തീരവും ബംഗ്ലാദേശും താമസിക്കാന്‍ പറ്റാത്തതാവും.ചുരുക്കത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യനും ഇന്ധന ഉപയോഗത്തിലും ഊര്ജസംരക്ഷണത്തിലും ശ്രദ്ധിച്ചില്ലെങ്കില്‍ ഏതാനും തലമുറകള്‍ കുടി മാത്രമേ മനുഷ്യരാശിക്ക് നില നില്പ്പുണ്ടാവുകയുള്ളൂ.എന്ന് കണക്കുകള് കാണിക്കുന്നു.

10.ട്രാഫ്ഫിക് നിയമവും പരിപാലനവും അമേരിക്കയില്

അമേരിക്കയില്‍ പൊതുവേ ഡ്രൈവര്‍മാര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നു. എന്നാല്‍ ഇത് സാധാരണ സമയങ്ങളിലും നഗരങ്ങളിലും ശരിയാണ്. എന്നാല്‍ നിയമം തെറ്റിക്കുന്നത് പ്രധാനമായും രണ്ടു രീതിയിലാണ് ആണ്. ഒന്ന് മദ്യപിച്ചതിനു ശേഷം ഉള്ള ഡ്രൈവിംഗ്. മറ്റൊന്ന് അമിത വേഗതയിലുള്ള ഡ്രൈവിംഗ്. ഇത് രണ്ടും പലപ്പോഴും വലിയ അപകടങ്ങളിലേക്ക് നയിക്കുന്നു എന്നതുകൊണ്ടു ഈ കുറ്റങ്ങള്‍ക്ക് ശിക്ഷ വളരെ കുടുതലാണ്‌. ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗമാണ് മറ്റൊരു സര്‍വ സാധാരണമായകുറ്റം.അമേരിക്കയിലും ബ്രിട്ടനിലും മറ്റും ഒരാള്‍ക്ക് ട്രാഫിക് നിയമം ലംഘിച്ചാല്‍ നിയമ ലംഘനം ഏതു തരത്തില്‍ ഉള്ളതാണെന്നനുസരിച്ചു നിശ്ചിത പെനാല്‍റ്റി പോയിന്റുകള്‍ ലഭിക്കുന്നു. ഒരു നിശ്ചിത പെനാല്‍റ്റി പൊയന്റുകളില്‍ അധികം ഒരു ഡ്രൈവര്ക്ക് കിട്ടിയാല്‍ അയാളുടെ ലൈസന്‍സ് ഒന്നുകില്‍ റദ്ദാക്കുന്നു, അല്ലെങ്കില്‍ കുറച്ചു കാലത്തേക്കെങ്കിലും താല്‍ക്കാലികമായി ക്യാന്സല്‍ ചെയ്യുന്നു. ഉദാഹരണ ത്തിന് ഇന്ഗ്ളണ്ടില്‍ മദ്യപിച്ചു വണ്ടി ഓടിച്ചു ആളപായം വരുത്തിയാല്‍ 14 വര്ഷം വരെ തടവും പരിധി ഇല്ലാത്ത പിഴയും കുറഞ്ഞത് രണ്ടു വര്ഷത്തേക്ക് ലൈസന്സ് റദ്ദാക്കുകയുമാണു ശിക്ഷ. അതുപോലെ അതിവേഗ ഡ്രൈവിങ്ങിനു മുന്നു പെനാല്‍റ്റി പൊയന്റും 2500 പവന് വരെ പിഴയും ഒടുക്കേണ്ടി വരുന്നു. പെനാല്‍റ്റി പോയിന്റ് ആറില്‍ കൂടുതല്‍ ആയാല്‍ ലൈസന്‍സ് റദ്ദാകുമെനു ഓര്ക്കുക. ഹൈവേകളിലും മറ്റുമാണ് വേഗം കുടുതല്‍ ആയി ഡ്രൈവ് ചെയ്യുന്നതിനുള്ള സാധ്യത. പരിധിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ വരെ കൂടിയാല്‍ കുഴപ്പമില്ല എന്നൊരു ധാരണ നിലവിലുണ്ട്. ഹൈവേകളില്‍ 100 കിലോമീറ്ററില് അധികം സാധാരണ ഡ്രൈവ് ചെയ്യുന്ന വേഗത ആണെന്നോര്‍ക്കുക അതിന്റെ മുകളിലാണ് പത്ത് കിലോമീറ്റര്. ഒളിക്യാമെരാകളും എല്ലാം ഉള്ളപ്പോള്‍ തന്നെ ആള്‍ക്കാര്‍ അമിത വേഗത്തില്‍ വണ്ടിഓടിക്കുന്നു.
മോബൈല്‍ ഫോണുപയോഗിക്കല്‍ സാധാരണമാണ്. ബ്ലുടൂത്തു പോലെയുള്ള കൈ ഉപയോഗിക്കാതെ ഫോണ് സന്ദേശം സ്വീകരിക്കാം, എന്നാലും. ഇപ്പോഴത്തെ പുതിയ പ്രശ്നം ടൈപ് ചെയ്തു (texting) സന്ദേശം അയക്കുകയാണ്. നമ്മുടെ SMS പോലെ. ഇത് ചെറുപ്പക്കാരുടെ ഇടയില്‍ വളരെ അധികം വര്ദ്ധിച്ചിട്ടുണ്ടു. ഇത്തരം നിയമ നിഷേധവും പിടിച്ചാല്‍ നല്ല പിഴ ശിക്ഷ വാങ്ങുന്നുണ്ട്. ഈ നിയമങ്ങളെല്ലാം സ്വന്തം രക്ഷക്കും മറ്റുള്ള യാത്രക്കാരുടെ രക്ഷക്കാണെന്നും ഉള്ള കാര്യം ആള്‍ക്കാര്‍ സൌകര്യ പൂര്‍വ്വം മറക്കുന്നു.

പ്രായമായവരുടെ ലൈസന്സാണ് മറ്റൊരു പ്രശ്നം. അമേരിക്കയില്‍ 80 വയസ്സ് കഴിഞ്ഞവര്‍ തന്നെ പരസഹായം കുടാതെ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു പോകുന്നുണ്ട്. ഞാന്‍ എന്റെ മകന്റെ കൂടെ ഒരു സര്‍വീസ് സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ ഒരു വൃദ്ധയായ സ്ത്രീ അവിടെ കൂനിക്കൂടി ഇരിക്കുന്നത് കണ്ടു. അതെന്താ അവര്‍ അവിടെ തനിച്ചിരിക്കുന്നത് എന്നന്വേഷിച്ചപോള്‍ ഞങ്ങളെപ്പോലെ അവരും വണ്ടി സര്‍വീസ് ചെയ്തു കിട്ടാന്‍ കാത്തിരിക്കുകയാണ് എന്നറിഞ്ഞു. ഇങ്ങനെ കാത്തിരിക്കുന്നവര്‍ക്ക് വേണ്ടി വച്ചിരിക്കുന്ന കാപ്പി എടുക്കുമ്പോള് പാവം അവരുടെ കൈ വിറക്കുന്നത് വ്യക്തമായി എനിക്ക് കാണാമായിരുന്നു. ഞങ്ങള്‍ ബോസ്ടനില് ഉണ്ടായിരുന്നപ്പോഴാണ് ഇത്പോലെ ഒരു സ്ത്രീ ഓടിച്ച വണ്ടി നിയന്ത്രണം വിട്ടു റോഡിന്റെ വശത്തുള്ള നടപ്പാതയില്‍ കയറി നടന്നു പോകുക ആയിരുന്ന എട്ടു വയസ്സുള്ള ഒരു ഇന്ത്യന്‍ സ്കൂള്‍ കുട്ടി മരിച്ചത്. പ്രായം ആയവര്ക്ക് ഡ്റൈവിംഗ് ലൈസന്സ് പുതുക്കാന്‍ കാഴ്ച ശക്തി ശരിയാണെന്ന് ഡോക്ടര്‍മാര് സാക്ഷ്യ പ്പെടുത്തിയാല്‍ മതി. ശാരീരികമായ അവശതകള്‍ നോക്കാറില്ല. ഇതിനെതിരെ കാര്യമായ പൊതുജനാഭിപ്രായം ഉയര്‍ കഴിഞ്ഞു. അടുത്ത് തന്നെ നിയമം വന്നേക്കാം ഈ നിയമം വ്യത്യാസ പ്പെടുത്തിക്കൊണ്ടു.
ചുരുക്കത്തില്‍ ട്രാഫിക് നിയമ ലംഘനം നമ്മുടെ നാടിലെ പോലെ ഇവിടെയും ഉണ്ട്, പക്ഷെ ശിക്ഷ ഇവിടെ വളരെ കുടുതല്‍ ആണ്. പോരാഞ്ഞു എന്റെ ഒരു വായനക്കാരന് എഴുതിയതുപോലെ “ നാട്ടിലെ പോലെ വല്ലതും ട്രാഫിക് പോലീസുകാരനു കൊടുത്തു രക്ഷപെടാമെന്നും നോക്കണ്ട.”. ടിക്കറ്റ് കിട്ടിയാല്‍ ശിക്ഷ അനുഭവിച്ചേ തീരു. എന്നാല്‍ ഡ്രൈവിംഗ് മര്യാദ എന്നത് എല്ലാവരും പാലിക്കുന്നു. കാല്‍ നടയാത്രക്കാരോടും വാഹനം ഓടിക്കുന്ന മറ്റുള്ളവരോടും. നമ്മുടെ നാട്ടില്‍ തീരെ ഇല്ലാത്തതും ഇതാണല്ലോ.

11. പൊണ്ണത്തടിയനെ എന്തിനു കൊള്ളാം?

ശരീരത്തിന് അമിതമായ ഭാരം ഉണ്ടാവുക എന്നത് ഇന്ന് എല്ലാ രാജ്യങ്ങളിലും ഒരു ആരോഗ്യ പ്രശ്നമായി ക്കൊണ്ടിരിക്കുന്നു. എന്താണീ പൊണ്ണത്തടി? ശരീരത്തില്‍ അമിതമായി ഉണ്ടാകുന്ന കൊഴുപ്പ് രോഗത്തിലേക്കും അല്പായുസ്സിലെക്കും നയിക്കുന്ന ഒരു അവസ്ഥയാണ് പൊണ്ണത്തടി. ഒരാളിന്റെ ഉയരത്തിനും പ്രായത്തിനും അനുസരിച്ചു അയാള്‍ക്ക് എത്ര ഭാരം ആകാം എന്ന് നിര്ണയിക്കാം. ഒരാളിന്റെ ബി എം ഐ ( Body Mass Index) കണക്കാക്കിയാല്‍ അയാള്‍ക്ക് പൊണ്ണത്തടി ഉണ്ടോ എന്നറിയാം. ഒരാളിന്റെ ഭാരത്തെ അയാളുടെ ഉയരത്തിന്റെ വര്ഗം (square) കൊണ്ടു ഹരിച്ചാല് കിട്ടുന്നതാണ് ബി എം ഐ. അതായത് 100 കിലോഗ്രാം ഭാരം ഉള്ള ആളിന് 1.80 മീടര് ഉയരം ഉണ്ടെങ്കില് അയാളുടെ ബി എം ഐ ( 100/(1.8 * 1.8)=30.86 ) ആയിരിക്കും. . ഈ സൂചിക അനുസരിച്ചു ആള്‍ക്കാരെ തരം തിരിക്കുന്നു.

ബി എം ഐ. തരം തിരിവ്

8.5 ഇല് താഴെ നിശ്ചിത ഭാരതത്തില് കുറവ്

18.5–24.9സാധാരണ ഭാരം

25–29.9അമിത ഭാരം

30.0–34.9പൊണ്ണത്തടി ക്ലാസ്സ് -1

35.0–39.9പൊണ്ണത്തട — ക്ലാസ്സ് 2

40.0 നു മുകളില്പൊണ്ണത്തടി — ക്ലാസ്സ് 3

അമിത രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം( type 2), ഉറങ്ങുമ്പോള്‍ ക്രമമായി ശ്വസിക്കാനുള്ള വൈഷമ്യം, ആര്ത്രൈറ്റിസ് എന്നിവ ആണ് അമിത ഭാരതത്തില്‍ നിന്ന് ഉണ്ടാവുന്നരോഗങ്ങള്‍. ശരീരം അനങ്ങാതെ അമിതമായി ഭക്ഷണം കഴിക്കുന്നതുകൊണ്ടു പൊണ്ണത്തടി പുരുഷന്മാ രുടെയും സ്ത്രീകളുടെയും എന്തിനു കുട്ടികളുടെ ഇടയിലും സാധാരണമായി ക്കൊണ്ടിരിക്കുന്നു.

അമേരിക്കയില്‍ 1980ല്‍ അമിതഭാരം ഉള്ളവര് വെറും 15% ആയിരുന്നപ്പോള്‍ 1994ല്‍ 23% ആയും 2000ല്‍ 31% ആയും വര്‍ദ്ധിച്ചു. 2004ല്‍ ഒരു കണക്കനുസരിച്ചു 4,00,000 അമേരിക്കക്കാര്‍ 400 പൌണ്ടിലധികം ( 180 കിലോ) ഭാരമുള്ളവരാണത്രേ. 3,80,000 പേര്‍ 300 പൌണ്ടിലധികവും ( 135 കിലോ) . ഒരു സ്ത്രീയുടെ ശരാശരി ഭാരം 163 പൌണ്ട (73.3 കിലോ) ആണെന്ന് കണക്കുകള്‍ പറയുന്നു. ചില വിമാനക്കമ്പനികള്‍ അമിത വണ്ണമുള്ളവര്‍ രണ്ടു സീറ്റ് ബുക്ക് ചെയ്യണമെന്നു വരെ നിര്ദ്ദേശിച്ചു തുടങ്ങി. ദൈവം തന്ന കയ്യും കാലും ഉപയോഗിക്കുന്നതിനുപകരം വാഹനങ്ങള്‍ക്ക് അടിമയാകുന്നത് ഇതിനു ഒരു പ്രധാന കാരണമാണ്. ഒന്നോ രണ്ടോ നിലയിലേക്ക് കയറാനും ഇറങ്ങാനും പോലും ലിഫ്റ്റ് ഉപയോഗിക്കുക, ഇവിടെ സാധാരണമാണ്.

നമ്മുടെ നാട്ടിലും കുട്ടികളുടെ ഇടയില്‍ പൊണ്ണത്തടി കൂടി വരുന്നുണ്ട്. ടി വി യുടെ മുന്നില്‍ എണ്ണപ്പലഹാരങ്ങളും തിന്നു കൊണ്ടു സമയം ചിലവാക്കുന്നതാണ് ഇതിനു ഒരു കാരണം. കേരളത്തില്‍ തന്നെ അമിതഭാരമുള്ളവര്‍ പുരുഷന്മാരില്‍ 24.3 % ഉം സ്ത്രീകളില്‍ 34% വും ആണ്. ഇത് ഇന്ത്യയില്‍ പഞ്ചാബിനുതൊട്ടു പുറകില്‍ രണ്ടാം സ്ഥാനം ആണ്. ഇന്ത്യയില്‍ 5% ആള്കാര്‍ മിതഭാരമുള്ളവ രാണ്. അനാരോഗ്യകരമായ ഭക്ഷണം ആണ് ഇതിനു കാരണം. ഇന്ത്യക്കാര്‍ പൊതുവേ അരക്കെട്ടിനു വണ്ണം കൂടാന്‍ സാധ്യത കൂടുതലുള്ളവരാണ്. നമ്മളും ഇക്കാര്യത്തില്‍ മറ്റു വികസിത രാജ്യങ്ങളോടടുത്തു കൊണ്ടിരിക്കുകയാണ്. മാക്ഡൊ ണാള്‍ഡും കെന്റക്കി ഫ്രൈഡ് ചിക്കനും പിറ്റ്സാഹട്ടും കോളയും പെപ്സിയും ഇതിനു വേണ്ട സംഭാവന നല്കുന്നുമുണ്ട്. മുക്കിനും മൂലയിലും പൊങ്ങിവരുന്ന ഫാസ്റ്റ് ഫുഡ് കടകളും ഇതില് കുറ്റവാളികളാണ്. സ്വാഭാവിക ഭക്ഷണ രീതികള് ഉപേക്ഷിച്ചു ഫാസ്റ്റ് ഫുഡ് അന്വേഷിച്ചു നടക്കുന്നവര്‍ സൂക്ഷിക്കുക.

12.അമേരിക്കന്‍ ഭക്ഷണ രീതികള്‍ നമ്മുടെയും

നമ്മുടെ നാട്ടിലെ ഭക്ഷണം ഇന്ത്യയില്‍ നിന്ന് പുറത്തുപോയാല്‍ ഇന്ത്യന്‍ റെസ്റ്റൊറെണ്ട് കണ്ടു പിടിച്ചാല്‍ മാത്രമേ കഴിക്കാനാവൂ. ചൈനീസ് കഴിക്കാന് തയാറുള്ളവര്ക്ക് ചൈനീസ് റെസ്റ്റോറണ്ടില്‍ പോകാം.. നൂഡില്സും ഫ്രൈഡ് റൈസും കഴിക്കാം. എന്നാല്‍ ചോറും മീന്‍കറിയും നോക്കി നടന്നാല്‍ പട്ടിണി കിടക്കേണ്ടി വരും തീര്‍ച്ച. പി ടി ഉഷയ്ക്ക് ചോറും മീന്‍ കറിയും നല്കാന് ലോസ് ഏഞ്ചലസില് ഏതോ കുടുംബം തയാറായി എന്ന് കേട്ടു അവര് ഒളിമ്പിക്സില്‍ പങ്കെടുക്കാന് എത്തിയപ്പോള്‍. ചില റെസ്റൊരണ്ടുകളില് മലബാറി ചിക്കന്‍ മെനുവില്‍ കാണാം.

.
അമേരിക്കയില്‍ വച്ചു സ്വന്തം ഭക്ഷണം കഴിക്കണ മെന്നുള്ളവര്‍ക്ക് സ്വയം പാകം ചെയ്യേണ്ടി വരും, പ്രത്യേകിച്ചും സസ്യഭക്ഷണം മാത്രം കഴിക്കുന്നവര്‍. ഭാഗ്യവശാല്‍ എല്ലാ സാധനങ്ങളും അമേരിക്കന്‍ പട്ടണങ്ങളില്‍ മിക്കതിലും ഉള്ള ഇന്ത്യന്‍ കടകളില്‍ ലഭ്യമാണ്. ഉണക്കിയ ചപ്പാത്തിയും പൊറാട്ടയും ചൂടു വെള്ളം ഒഴിച്ചാല്‍ ഉടന് തയ്യാറാവുന്ന കറികളും അരിമുറുക്കും ഉപ്പേരിയും മിക്സ്ച്ചറും എല്ലാം ഈ കടകളില്‍ കിട്ടും . നാണയം ഇട്ടു ഭക്ഷണം എടുക്കുന്ന സ്ഥലങ്ങളില്‍ വെജിറ്റബിള് ബിരിയാണിയും കിട്ടും. ചെറിയ പട്ടണങ്ങളില്‍ പോലും ഒരു ഇന്ത്യന്‍ റെസ്റ്റൊരണ്ട് എങ്കിലും കാണും. കൂടുതലും വടക്കെ ഇന്ത്യക്കാരോ ഗുജറാത്തികളോ നടത്തുന്ന കടകളായിരിക്കും . കറിവേപ്പിലയും കപ്പ( പൂള)യും വരെ ഇവിടെ കിട്ടും, നാല് തണ്ട് കറിവേപ്പിലയ്ക്ക് ഒരു ഡോളര് കൊടുക്കേണ്ടി വരും എന്ന് മാത്രം. മല്ലിയിലയും കിട്ടും സാമ്പാറിനും രസത്തിനും അത്യാവശ്യമെന്കില്‍.

ഇവിടെ എല്ലായിടത്തിലും പുറത്ത് കിട്ടുന്ന ഭക്ഷണങ്ങളാണ് സാന്‍ഡവിച് , ബര്ഗര് എന്നിവ. ഉരുള ക്കിഴങ്ങ് ഉപ്പില്ലാതെ വറുത്ത ഫ്രഞ്ച് ഫ്രൈയും കിട്ടും. മാക്ഡൊണാള്ഡിന്‍റെ വിഭവങ്ങളില് ചിക്കന്റെ വിവിധ രുപങ്ങള് കാണാം. ചിക്കന് പോപ് കോണ് , ചിക്കെന് നഗെട്ട്സ്, ഡ്റംസ്ടിക് എന്നിങ്ങനെ ചിക്കന്‍ കഷണത്തിന്റെ വലിപ്പമനുസരിച്ചു വിവിധ പേരില്‍ ഇവ അറിയപ്പെടുന്നു. മാക്ഡൊണാള്ഡിന്റെ ജന്മഭൂമി അമേരിക്ക ആണെങ്കിലും അവരുടെ വിഭവങ്ങളിപ്പോള്‍ കുടുതല് മറ്റു രാജ്യക്കാരാണ് കഴിക്കുന്നത്. ഏഷ്യയിലും മറ്റും അവര്ക്ക് നല്ല കച്ചവടം ആണ്. . അമേരിക്കയില്‍ തന്നെ താരതമ്യേന ചെലവ് കുറഞ്ഞ ഭക്ഷണം കഴിക്കാന് നോക്കുന്നവരാണ് മാക്ഡൊണാള്ഡില്‍ കയറുക. ഇതിനു പ്രധാന കാരണം അവിടത്തെ ഭക്ഷണം ശരീരത്തിന് നല്ലതല്ല എന്നത് തന്നെ. പറഞ്ഞു കേട്ട ഒരു കഥ. നല്ല ആരോഗ്യമുള്ള ഒരാള്‍ ഒരു മാസം മാക്ഡൊണാള്ഡിന്റെ ആഹാരം മാത്രം കഴിച്ചാല് അയാള്‍ക്ക് അഞ്ചു കിലോ എങ്കിലും ഭാരം കുടും. മാസാവസാനം അയാളുടെ രക്ത സമ്മര്ദം കൂടിയിട്ടുണ്ടാവും , കൊളസ്ടെറോളും അനിയന്ത്രിതമായി ഉയര്‍രിക്കുമത്രേ. ഇത് ഒരു പക്ഷെ ദോഷൈകദൃക്കുകള് പറഞ്ഞുണ്ടാക്കിയതാവാം, എന്നാലും അവരുടെ ആഹാരത്തില്‍ കൊഴുപ്പിന്റെ അംശം വളരെ കുടുതലാനണെന്നത് തീര്‍ച്ച.

എന്നാല്‍ മിക്ക ഹൈവേ സര്‍വീസ് സ്ടേഷനിലും മറ്റു തിരക്കുള്ള ഇടങ്ങളിലും ഒരു മാക്ഡോണാല്‍ഡിന്റെ കട ഉണ്ടാവും. സിംഗപൂരിലും മറ്റും കൊച്ചുകുഞ്ഞുങ്ങളും ചെറുപ്പക്കാരുമാണ് ഇവരുടെ പതിവുകാര്‍ . അതിനു വേണ്ടി അവിടെ ഭക്ഷണം കഴിച്ചാല്‍ ചെറിയ ചില കളിപ്പാട്ടങ്ങല്‍ കുട്ടികള്ക്ക് സമ്മാനമായി അല്ലെങ്കില്‍ നിസ്സാരവിലയ്ക്ക് കൊടുത്തിരുന്നു. കുട്ടികള് വഴക്കുണ്ടാക്കുമ്പോള്‍ മാതാപിതാക്കളും അവിടെ പോകാന്‍ നിര്ബന്ധിതരാകുന്നു. ചെറിയ മീനിനെ ഇട്ടു വലിയ മീനിനെ പിടിക്കുന്ന തന്ത്രം തന്നെ. കെ എഫ് സി എന്ന ഓമനപ്പേരില് അറിയപ്പെടുന്ന കെന്റക്കി ഫ്രൈഡ് ചിക്കനും ഇതില്‍ നിന്ന് വലിയ വ്യത്യസ്തമല്ല. മറ്റൊന്ന് പിറ്റ്സാ ആണ്. പല തരം പിറ്റ്സാ (pizza) ആണ് പിറ്റ്സാ ഹട്ടിന്റെ വിഭവങ്ങള്‍. കണ്ടാല്‍ വായില്‍ വെള്ളമൂറുന്ന പരസ്യം വഴി ഇവര്‍ ഈ ആഹാരസാധനങ്ങള്‍ വില്‍ക്കുന്നു.പിറ്റ്സായും മറ്റും വീട്ടില്‍ കൊണ്ടെത്തരുകയും ചെയ്യും ഫോണില്‍ വിളിച്ചു പറഞ്ഞാല്‍ മതി.. മാക്ഡോണാള്‍ഡിന്ടെ ഒരു ഡോളറില് താഴെയുള്ള ( 99 cent) പ്രാതല്‍ വരെ ഉണ്ട്. അഞ്ചോ ആറോ ഡോളര് കൊടുത്താല് ഒരു ബര്ഗര്‍ കുറച്ചു ഫ്രഞ്ച് ഫ്രൈ ഒരു പെപ്സി അഥവാ കൊക്കൊക്കൊലാ എന്നിവ കിട്ടും .പലപ്പോഴും ഇത് ലഞ്ചിന് മതിയാവും. വൈകുന്നേരം വീട്ടിലെത്തുന്നതു വരെ വിശക്കാതിരിക്കാന് ഇത് ധാരാളം മതി. നമ്മുടെ ആള്കാര് മൂക്കറ്റം ചോറുണ്ണുന്നതു പോലെ ആവുകയില്ലഎന്നാലും.

ആരോഗ്യത്തില്‍ ശ്രദ്ധാലുക്കളായവര്‍ സ്വയം ആഹാരം പാകം ചെയ്യുന്നു. എല്ലാത്തരം പച്ചക്കറികളും പഴങ്ങളും ലഭ്യമാകുന്ന എത്രയോ വങ്കിട കടകള് ഉണ്ട്. ഓര്ഗാനിക് എന്നും ഓര്ഗാനിക് അല്ലാത്തതെന്നും രണ്ടായി തിരിച്ചു വച്ചിരിക്കും. രാസവളവും കീടനാശിനിയും ഉപയോഗി ക്കാതെ വളര്ത്ത്തിയതാണ് ഓര്ഗാനിക് . ഇവ സാക്ഷ്യപ്പെടുത്താന്‍ ഏജെന്സികളുണ്ട്. വിലയും അല്പം കൂടും. എന്നാല്‍ തരികിട ഒന്നും പറ്റില്ല. നമ്മുടെ നാട്ടില്‍ നിന്നും ആരോ അയച്ച ഇളനീര് പാനീയത്തില് ഹോര്മോണിന്റെ അംശം കുടുതലായിക്കണ്ടു തിരിച്ചയച്ചു എന്നും പാവം കര്ഷകന് തെങ്ങിനിടാന്‍ നാമക്കല്‍ നിന്ന് വാങ്ങിയ കോഴി വളം ആയിരുന്നു കുറ്റവാളി എന്നും പണ്ടു പത്രത്തില്‍ വായിച്ചതോര്‍മ്മ വരൂന്നു. പാവം കോഴിക്ക് പെട്ടെന്ന് വലുതാകാന്‍ കുത്തിവച്ച ഹോര്‍മോണ്‍ ആയിരുന്നു ഇളനീരില്‍. മെര്കുറിയുടെ അംശം കുടുതലുള്ള മത്സ്യം പ്രത്യേകം എഴുതി വച്ചിരിക്കും. ഗര്ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇത്തരം മത്സ്യം കഴിക്കാന്‍ പാടില്ലത്രേ. പാല്‍ തയിര്‍ മത്സ്യം മുതലായ പെട്ടെന്നു കേടാവുന്ന ഭക്ഷണ സാധനങ്ങളില്‍ ഇന്ന തീയതിക്ക് മുമ്പ് ഉപയോഗിക്കണം എന്ന് എഴുതിയിട്ടുണ്ട്. നമുക്ക് അത് നോക്കി എടുക്കാം. തീയതി കഴിഞ്ഞ സാധനങ്ങല്‍ കടയില്‍ വെയ്ക്കുന്നത് തന്നെ കുറ്റകരമാണ്. നമ്മെക്കാള്‍ സാമ്പത്തികമായി പിന്നോക്കം ആയ തുര്ക്കിയില്‍ പോലും ആഹാര സാധനങ്ങളുടെ വ്യാപാരം കര്ശനമായി നിയന്ത്രിക്കുന്നു. നമ്മുടെ നാട്ടില്‍ മെഡിക്കല് കോളേജിലെ രോഗികള്‍ക്ക് പഴയ ഭക്ഷണം സൌജന്യമായി വിതരണം ചെയ്തതു ഈയിടെ കോഴിക്കോട്ടു പിടിച്ചെടുത്തു എന്ന് പത്രത്തില് വായിച്ചു. കവി ഭാവനയില്‍ “കണ്ടതെത്ര തുച്ഛം കാണാത്തത് അനന്തം.” “പിടിച്ചെടുത്തതെത്ര തുച്ഛം. പിടിക്കാത്തത് എത്ര ?” . ചെക്ക് ചെയ്യാനും പിഴ ഇടാനും ( കൈമടക്കു വാങ്ങാനും) ഹെല്ത്ത് ഇന്സ്പെക്ടര്മാര്‍ ഉള്ളതായി അറിവില്ല. ഉപഭോക്താക്കള് ആരെങ്കിലും പരാതി കൊടുത്താല് കടക്കാരന് കുടുങ്ങും. എല്ലാ ഭക്ഷണ സാധനങ്ങളിലും അതിലെന്തെല്ലാം ഉള്പെട്ടിരിക്കുന്നു എന്നു വ്യക്തമായി എഴുതിയിരിക്കും. വായിച്ചു നോക്കി സാധനം` വാങ്ങാം. അവനവന്റെ ആരോഗ്യത്തില്‍ ശ്രദ്ധയുള്ളവര്‍ ഇതെല്ലാം നോക്കിയെ സാധനം വാങ്ങുകയുള്ളൂ നമ്മുടെ നാട്ടില്‍ എന്തും എങ്ങിനെയും കഴിച്ചു ശീലിച്ചവര്‍ക്ക് ഇത്രയൊക്കെ വേണോ എന്നു സ്വാഭാവികമായി തോന്നാം.

ഇതൊക്കെ ആണെങ്കിലും നമ്മുടെ നാട്ടിലേക്കാള് പതിന്മടങ്ങ് പൊണ്ണത്തടിയന്മാരും തടിച്ചികളും അമേരിക്കയില്‍ തന്നെ ആണ് എന്നത് സത്യം.

13

ദാരിദ്ര്യം അമേരിക്കയില്‍ ബി പി എല്ലും ഏ പി എല്ലും

നമ്മുടെ നാട്ടില്‍ ജനങ്ങളെ ഏ പി എല്‍ , (ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ ) ഉള്ളവര്‍ ,ബി പി എല്‍ (ദാരിദ്ര്യ രേഖയ്ക്ക്താഴെയുള്ളവര്‍) എന്ന് തരം തിരിക്കുകയാണല്ലോ പതിവ്. നമ്മുടെ ചില നേതാക്കന്‍മാര്‍ “ദാരിദ്ര്യം ഒരു മനോഭാവം” ആണെന്ന് പറയുന്നുണ്ട് എങ്കിലും ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്. നമ്മുടെ നാട്ടില്‍ ഇങ്ങനെ തരം തിരിക്കുന്നത് കുടുംബത്തിന്റെ ആകെ വരുമാനം മാത്രം നോക്കിയാണെന്ന് നമുക്കെല്ലാം അറിയാം. ദാരിദ്ര്യം അമേരിക്കയിലും ഉണ്ട്. പക്ഷെ കണക്കാക്കുന്ന രീതിയില്‍ കാര്യമായ വ്യത്യാസമുണ്ട്.

ആദ്യമായി ഒരു കുടുംബത്തില്‍ ഉള്ള അംഗങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, മറ്റവശ്യ സാധനങ്ങള്‍ എന്നിവയ്ക്ക് ഒരു വര്ഷം എന്ത് ചിലവാകുന്നു എന്ന് കണക്കാക്കുന്നു. അതേപോലെ തന്നെ കുടുംബത്തിലെ അംഗങ്ങള്‍ക്കുള്ള ആകെ വരുമാനം എന്ത് എന്നും കണക്കാക്കുന്നു. വാര്‍ഷിക വരുമാനം മുമ്പ് കണക്കാക്കിയ ചിലവുകള്‍ക്ക് വേണ്ട തുകയില്‍ കൂടുതല്‍ ആണെങ്കില്‍ അവര്‍ ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ (ഏ പി എല്‍) ആവും, മറിച്ചാണെങ്കില്‍ ബി പി എല്ലിലും. തികച്ചും ന്യായമായ കണക്കാക്കല്‍. നമ്മുടെ ആദായനികുതി കണക്കാക്കുന്നത് പോലും വരുമാനം മാത്രം നോക്കി ആണെന്ന് കാണുമ്പോള്‍ അത് അന്യായം അല്ലേ എന്ന് തോന്നിപ്പോകും. ഒരാള്‍ക്ക്‌ മാത്രം വരുമാനമുള്ള വലിയ എത്രയോ കുടുംബങ്ങള്‍ നമ്മുടെ ഇടയില്‍ തന്നെ ഉണ്ട്? ഒരു കുടുംബത്തിന്റെ അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള ചിലവുകള്‍ കണക്കാതെ നികുതി കണക്കാക്കുന്ന സമ്പ്രദായം തികച്ചും ന്യായീകരിക്കാന്‍ വിഷമമാണ്.

ഇനി അമേരിക്കയിലെ ദാരിദ്ര്യരേഖ എത്രയെന്നറിയാമോ? 2013 ലെ കണക്കനുരിച്ചു നാല് പേരുള്ള ഒരു കുടുംബത്തിന്റെ വാര്‍ഷിക ചെലവ് 23,850 ഡോളര്‍ ആയി കണക്കാകിയിരിക്കുന്നു. ഇപ്പോഴത്തെ വിനിമയ നിരക്കനുസരിച്ചു ( ഒരു ഡോളര്‍ 61 രൂപാ) സുമാര്‍14ലക്ഷം രൂപാ. ഇത് അടിസ്ഥാനമാക്കി അമേരിക്കയിലെ15.4% ആള്‍ക്കാര് 2011 ല് ദാരിദ്ര്യ രേഖയ്ക്ക് താഴെ ആയിരുന്നു. അന്ന്460മില്യന്‍ (460,00,000)ആള്‍ക്കാര്‍ ഇതില്‍ ഉണ്ടായിരുന്നുവത്രേ. പൊതുവേ1967മുതല്‍ 2013വരെ ഈ നിലയില്‍ വലിയ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ കൊടുക്കുന്ന ധനസഹായവും മറ്റു സൌജന്യങ്ങളും കൂട്ടി കണക്കാ ക്കിയാല്‍ ഇത് നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട് എന്ന് കൊളംബിയാ യൂണിവേര്സിറ്റിയില് നടന്ന ഒരു പഠനത്തില്‍ അവകാശപ്പെടുന്നു,ആരൊക്കെയാണ് അമേരിക്കയിലെ ബി പി എല്‍ വിഭാഗത്തില്‍ പെടുന്നത് ? സര്‍ക്കാര്‍ ബ്യുറോ പറയുന്നത് ബി പി എല്ലില്‍20.5 മില്യന് (44.6%)വെള്ളക്കാരും 12.5 (27.17%)ഹിസ്പാനിക് ( സ്പാനിഷ് സംസാരിക്കുന്നവര്‍)10.2മില്യന്‍(22.17%) ആഫ്രിക്കന്‍ അമേരിക്കക്കാരും 1.9 മില്യന്‍ (4.13%) ഏഷ്യക്കാരും ആണത്രേ. ഇവരില്‍ പകുതിയിലധികം സ്ത്രീകളും, പതിനെട്ടു വയസില്‍ താഴെയുള്ളവരും ഹൈസ്കൂള്‍ വിദ്യാഭ്യാസം പോലും ലഭിക്കാത്തവരും ആകുന്നു.

പ്രസിഡണ്ട് ലിന്‍ഡന്‍ ജോണ്സന്‍ ആണ് “ദാരിദ്ര്യത്തി നെതിരെ യുദ്ധം” പ്രഖ്യാപിച്ചത്. കുട്ടികള്‍ക്ക് നിര്‍ബന്ധ മായ വിദ്യാഭ്യാസം, സാമ്പത്തിക സഹായങ്ങള്‍ എന്നിവ അദ്ദേഹം തുടങ്ങി വച്ചതാണ്. ആയിരക്കണക്കിനു ആള്‍ക്കാര്‍ക്ക് ഇതില്‍ ഇന്ന് പ്രയോജനം സിദ്ധിച്ചു, ഇപ്പോഴത്തെ പ്രസി. ഒബാമയുടെ കുടുംബവും ഈ ആനുകൂല്യങ്ങള്‍ അനുഭവിച്ചവരാണത്രേ. ഇവരുടെ നിലയില്‍ ഗണ്യമായ പുരോഗതി ഉണ്ടായി.

നിര്‍ഭാഗ്യകരമായ മറ്റൊരു വസ്തുത സര്‍ക്കാര്‍ വക സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളില്‍ പകുതിയി ലധികവും സൌജന്യമായ ഉച്ചഭക്ഷണത്തെ ആശ്രയിക്കുന്നവരാണ് എന്നതാണ് (നമ്മുടെ ഉച്ചക്കഞ്ഞി പോലെ). അമേരിക്കന്‍ കൊണ്ഗ്രെസ്സില്‍ ഭൂരിപക്ഷം ഉള്ള ഇന്നത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുകൂലികള്‍ നികുതി കുറച്ചു രാഷ്ട്രത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തി ദാരിദ്ര്യം കുറയ്ക്കാന്‍ ആവശ്യപ്പെടുമ്പോള് ഡെമോക്രാറ്റുകള്‍ ഉയര്‍ന്ന വരുമാനം ഉള്ളവര്‍ മാത്രം കൂടിയ നികുതി നല്‍ കിയാല്‍ മതി എന്നാവശ്യപ്പെടുന്നു, പ്രത്യേകിച്ചും ഇക്കഴിഞ്ഞ ആറുവര്ഷം ഗണ്യമായ സാമ്പത്തിക പുരോഗതി ഉണ്ടാക്കിയവര്‍.1960നു മുമ്പ് അമേരിക്കയില്‍ ദാരിദ്യം എന്നതിനെ പറ്റി ആരും പറഞ്ഞു പോലും കേട്ടിട്ടില്ല എന്ന് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഒരു ഭാരതീയന്‍ പറയുന്നു.

References:

1.M C Madhavan, Povery and Electoral Priorties, Hindu Daily, 29th Jan 2015

  1. http://www.povertyusa.org/
  2. http://en.wikipedia.org/wiki/Poverty_in_the_United_States

3. http://www.census.gov/library/publications/2014/demo/p60-249.html

  1. കെ പി മോഹന്‍ദാസ്‌: കുട്ടനാടു താലൂക്കില്‍ മങ്കൊമ്പ് എന്ന സ്ഥലത്ത് ജനിച്ചു. 1968ല്‍ കൊല്ലം തങ്ങള്‍ കുഞ്ഞു മുസലിയാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ഇക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം നേടി.ഒരു വര്ഷം ടി കെ എമ്മില്‍ തന്നെ അദ്ധ്യാപകനായിരുന്ന ശേഷം കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജില്‍ 1969ല്‍ അദ്ധ്യാപകനായി. അവിടെ നിന്നും 2011ല്‍ പിരിഞ്ഞു, ഇപ്പോള്‍ കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളേജില്‍ ജോലി ചെയ്യുന്നു. മദിരാശി ഐ ഐ ടി യില്‍ നിന്ന് എം ടെക്കും ഡല്‍ഹി ഐ ഐ ടി യില്‍ നിന്ന് പി എച് ഡി ബിരുദവും നേടി. സിംഗപൂര്‍ ഡാറ്റ സ്റ്റൊരെജ് ഇന്സ്ടിട്യൂട് , ടര്‍ക്കി ചുക്കുരോവ യുണിവേര്സിറ്റി(അദന) സൈപ്രസ്സിലെ യൂറോപ്യന്‍ യൂണിവേര്സിറ്റി ഓഫ് ലെഫ്കെ എന്നിവയില്‍ വിസിറ്റിംഗ് പ്രൊഫസറായി ജോലി ചെയ്തിട്ടുണ്ട്. ആര്‍ ഈ സി ( ഇപ്പോള്‍ എന്‍ ഐ ടി ) യില്‍ 1986 മുതല്‍ പ്രൊഫസറായിരുന്നു. വൈദ്യുത വിഭാഗം തലവന്‍, ഡീന്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊണ്ട്രോള്‍ സിസ്റ്റത്തിലും വൈദ്യുത എന്ചിനീയരിങ്ങിലും ഏതാനും ബുക്കുകളും അന്‍പതിലേറെ ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീമതിയോടൊപ്പം ധാരാളം യാത്ര ചെയ്തിട്ടുണ്ട്, യാത്രാക്കുറിപ്പുകള്‍ ബ്ലോഗ്‌ ആയി പ്രസിദ്ധീകരിക്കുന്നുണ്ട്, മലയാളത്തിലും ചിലത് ഇന്ഗ്ലീ ഷിലും. ഭാര്യ മാലതി. രണ്ടു കുട്ടികള്‍, മിനി. മനോജ്‌ . മിനി അമേരിക്കയില്‍ സോഫ്റ്റവെയര്‍ എഞ്ചിനീയര്‍, ഭര്‍ത്താവും സോഫ്റ്റവെയരില്‍ തന്നെ. ഇവര്‍ക്ക് ഒരു മകളും മകനും. മനോജ്‌ സ്കൊട്ലന്റില്‍ ഡോക്ടര്‍, റേഡിയോ ഡയഗ്നോസിസ് കണ്‍സല്‍ട്ടന്റ്റ്, ഭാര്യയും ഡോക്ടര്‍, ഇവര്‍ക്ക് രണ്ടു ആണ്‍കുട്ടികള്‍ .കോഴിക്കോട്ട് സ്ഥിരതാമസം. Email: kp.mohandas62@gmail.com Phone: 0495 2770302/ 9400470302 : ബ്ലോഗുകളില്‍ ചിലത് :http://profkuttanadan.blogspot.in/ , http://nirmalasseril.blogspot.in/ etc
Show your support

Clapping shows how much you appreciated കെ പി മോഹന്‍ ദാസ്’s story.