ആയിരം ആത്മാക്കൾക്കിടയിൽ…
Neeraj Padmakumar
ചേലൊത്തൊരു നാടൻ പെൺകൊടിയുടെ സീമന്ത രേഖയ്ക്ക് ഇരുവശങ്ങളിലേക്ക് ഒഴുകിയിറങ്ങുന്ന കേശഭാരം കണക്കെ , പട്ടുപോലെ മിനുത്ത റോഡിന്റെ ഇരുവശങ്ങളിലേക്കും അനുസരണയോടെ പരക്കുകയാണ് ആ വെണ്മണൽത്തരികൾ. ഏതാനും ഫർലൊങ്ങുകൾക്കപ്പുറം ഇരു കരകളെയും കടൽ തന്റെ നുരപൊന്തുന്ന തിരക്കരങ്ങളാൽ ആശ്ലേഷിക്കുന്നുണ്ട്. അമ്പരപ്പികുംവിധം വിജനമായ ആ റോഡിലൂടെ ഞാൻ കാർ പായിച്ചുകൊണ്ടിരുന്നു. മുന്നോട്ടു പോകുംതോറും ഇരുവശങ്ങളിലുമുള്ള കരകളുടെ വിസ്തൃതി കുറഞ്ഞുവന്നു. അവ അങ്ങനെ നേർത്ത് ഒരു ബിന്ദുവിൽ വന്നവസാനിക്കുന്നിടമാണ് ഈ യാത്രയുടെ ലക്ഷ്യം. അതു തന്നെയാണല്ലോ കാണാൻ ആഗ്രഹിച്ചതും, അതിനായാണല്ലോ ആലപ്പുഴ എന്ന ചെറു പട്ടണത്തിൽ നിന്നും കാതങ്ങൾ താണ്ടി ഇവിടെ വരെയെത്തിയതും. അതിശക്തമായി കാറ്റുവീശുന്നുണ്ട്. റോഡിന് ഒരു വശത്തെ മണൽത്തരികൾക്ക് മറുവശത്തേക്കു പറക്കുവാൻ അത് ചിറകുകൾ സമ്മാനിക്കുന്ന കാഴ്ച എന്നെ നന്നേ രസിപ്പിച്ചുകൊണ്ടിരുന്നു.

മുന്നോട്ടു പോകുംതോറും മനസ്സിന്റെ കോണിലെവിടെയോ എന്തെന്നറിയാത്ത ഒരു അസ്വസ്ഥത നുരഞ്ഞുപൊന്തുന്നതായി ഞാൻ അറിഞ്ഞു. കേൾക്കാനോ പറയാനോ അത്ര സുഖകരമല്ലാത്ത ഒരു ചരിത്രമുറങ്ങുന്ന മണ്ണിലേക്കാണീ യാത്ര, ദുർമ്മരണപ്പെട്ട അനേകരുടെ ആത്മാക്കൾ വിഹരിക്കുന്ന ഒരിടത്തേക്ക്. ഒരിക്കൽ പേതുള്ളിയെത്തിയ കാറ്റ് ഒരു നഗരത്തെ മുഴുവൻ സമൃദ്ധിയുടെ കൊടുമുടിയിൽ നിന്നും സർവ്വനാശത്തിന്റെ പടുകുഴിയിലേക്കു തള്ളിയിട്ട ഇടത്തേക്ക്- ധനുഷ്കോടിയിലേക്ക് !
കുഞ്ഞുന്നാളിലെന്നോ ആണ് ധനുഷ്കോടിയെപ്പറ്റി ആദ്യമായി കേൾക്കുന്നത്. ‘കടലിനു നടുവിലേക്കു നടപ്പാത ഉള്ള സ്ഥലം’ മാത്രമായിരുന്നു അന്നെനിക്ക് അത്. എന്നെങ്കിലും അവിടെ പോകാനായെങ്കിൽ എന്ന് അന്നേ ആഗ്രഹിച്ചിരുന്നു. പിന്നെയും കാലമേറെ കഴിഞ്ഞാണ് ആ സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ മഹത്വം ഞാൻ മനസിലാക്കുന്നത്. ധനുഷ്കോടിയെപ്പറ്റി ഓരോ നുറുങ്ങ് അറിയുമ്പോഴും അവിടം സന്ദർശിക്കാനുള്ള മോഹം ഏറി വന്നെങ്കിലും ആ സ്വപ്നം സഫലമാവുന്ന ഈ സുദിനം എത്തുന്നത് പിന്നെയും വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ്…
ചുറ്റുമുള്ള സൗന്ദര്യത്തിൽ മുഗ്ധനായി ഞാൻ കാറു പായിച്ചുകൊണ്ടിരുന്നു. കാറ്റിന്റെ ശക്തി അറിയണമെങ്കിൽ വാഹനത്തിന്റെ ചില്ലുകൾ താഴ്ത്തി നോക്കണം, അതുവരെയും കാഴ്ചയുടെ വസന്തം വിരിയിച്ചിരുന്ന മണൽത്തരികൾ അപ്പോൾ കൂരമ്പുകളായി നിങ്ങളുടെ മേൽ തുളഞ്ഞു കയറും. ഇടയ്ക്കെപ്പൊഴോ റോഡിനു കുറുകെ വീശുന്ന കാറ്റ് വാഹനത്തെ തന്നെ തലകീഴായി മറിയ്ക്കുമോ എന്നുപോലും ഞാൻ ഭയന്നു! (ഇത്ര ശക്തിയേറിയ കാറ്റ് ഇവിടെ സാധാരണമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഗുജറാത്ത് തീരത്ത് ആഞ്ഞടിച്ചുകൊണ്ടിരുന്ന ‘വായു’ ചുഴലിക്കാറ്റിന്റെ പ്രഭാവമാണ് ഇപ്പോഴത്തെ ഈ രൗദ്രഭാവത്തിനു പിന്നിലെന്നു പറഞ്ഞുതന്നത് മുനമ്പിൽ വച്ചു പരിചയപ്പെടാനിടയായ ഒരു തദ്ദേശീയനാണ്)
പളുങ്കു പോലെ മിനുത്ത റോഡിന് ഇപ്പോഴും പുതുമ വിട്ടിട്ടില്ല. 2016ലാണ് ഈ ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാവുന്നതും സഞ്ചാരത്തിനായി തുറന്നു കൊടുക്കുന്നതും. അതുവരെയും ധനുഷ്കോടിയിലേക്കുള്ള സഞ്ചാരികൾ കാൽനടയായോ ഓഫ്റോഡ് സവാരി വഴങ്ങുന്ന ഫോർ-വീൽ ഡ്രൈവ് വാഹനങ്ങളിലേറിയോ ആയിരുന്നു ഇന്ത്യയുടെ ഈ കോണിൽ എത്തിപ്പെട്ടിരുന്നത്. ഏതാണ്ട് 10 കിലോമീറ്ററോളം നീളമുണ്ട് ഈ പുത്തൻ റോഡിന്. മുകുന്ദയാർ ചത്തിരത്തിൽ നിന്നും ധനുഷ്കോടിയിലേക്ക് 5 കിലോമീറ്ററും അവിടെ നിന്ന് അരിചമുനൈയിലേക്ക് നാലര കിലോമീറ്ററോളവും ഇത് നീളുന്നു.

ഞങ്ങൾ ലക്ഷ്യത്തോടടുത്തിരുന്നു. ഇത്രനേരവും ഇരുവശങ്ങളില്ലായി കണ്ടിരുന്ന കാറ്റാടിമരങ്ങളും ചില്ലറ പച്ചപ്പുമൊക്കെ ശോഷിക്കുന്ന കരയോടൊപ്പം ചുരുങ്ങിക്കൊണ്ടിരുന്നു. ഏറെ വൈകാതെ അവ അപ്രത്യക്ഷമായി. ഒരു തരം മരുഭൂമിയെ ഓർമ്മിപ്പിക്കുന്ന വിജനത. നോക്കെത്താ ദൂരത്തോളം നീളുന്ന ടാറിട്ട റോഡ്, ഇരുവശങ്ങളിലും മണൽ, അവയിൽ അങ്ങിങ്ങായി പൊന്തിനില്ക്കുന്ന ഓലമേഞ്ഞ കുടിലുകൾ. ( മത്സ്യത്തൊഴിലാളികളുടെ കൂരകൾ ആവുമെന്നാണ് ആദ്യം കരുതിയത്, എന്നാൽ വിവിധയിനം കടൽവിഭവങ്ങൾ വില്ക്കുന്ന ചെറു പീടികകളാണ് ഇവയെന്ന് പിന്നീട് മനസിലായി. കടലിൽ പോയി വരുന്നവർ കൊണ്ടുവരുന്ന പിടയ്ക്കുന്ന മത്സ്യം മുതൽ ശംഖും പവിഴവും വരെ പലതും ഇവിടെ ലഭിക്കും.)
പിന്നെയും ഏറെദൂരം പോവേണ്ടി വന്നില്ല. കാതങ്ങൾ നീണ്ട ആ യാത്രയ്ക്ക് ഫുൾ സ്റ്റോപ്പിട്ടുകൊണ്ട് നാലു സിംഹങ്ങളെ കൊത്തിവച്ച ഒരു വലിയ സ്തൂപത്തിനു കീഴെ വണ്ടി നിന്നു. ഇന്ത്യാ മഹാരാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളിലൊന്നായ ആ സിംഹ സ്തൂപം മുന്നിൽ തലയുയർത്തി നില്ക്കുമ്പോഴും എന്റെ കണ്ണുകൾ അതിനു പിന്നിലായി വിദൂരതയിലേക്കു നീളുന്ന മണൽത്താരയിൽ ഉടക്കി നിന്നു. അതിനിരു വശങ്ങളിലും വന്നലച്ചുകൊണ്ടിരുന്ന തിരമാലകൾ നീലയും പച്ചയും കുപ്പായങ്ങളണിഞ്ഞ് യുദ്ധവെറി പൂണ്ട് നില്ക്കുന്ന പടയാളികളെ പോലെ തോന്നിച്ചു. തീരത്തു നിന്നും മാറി എവിടെയോ ഇരുസമുദ്രങ്ങളുടെയും ജലകണങ്ങൾ തങ്ങളുടെ നീലയും പച്ചയും കുപ്പായങ്ങൾ അഴിച്ചുവച്ച് നിർവ്വികാരതയുടേതെന്നു തോന്നിക്കുന്ന നിറങ്ങളില്ലാത്ത മേലങ്കി അണിഞ്ഞു ശാന്തമായി പരക്കുന്നതും അവ്യക്തമായി കാണാം.
കാറ്റിന്റെ ശൗര്യം തെല്ലും ശമിച്ചിട്ടില്ല. കാതുകൾക്കുള്ളിൽ മണൽകൊട്ടാരങ്ങൾ ഒരുങ്ങാതിരിക്കാൻ പണിപ്പെട്ടുകൊണ്ട് ഞാൻ മണൽപരപ്പ് ലക്ഷ്യമാക്കി നടന്നു.
മൂന്നു ചുറ്റും മനോഹരമായ സമുദ്രവും ഒരു ചെറു തിരയ്ക്കുപോലും പ്രാപ്യമെന്നവണ്ണം കരയൊടുങ്ങുന്നിടത്തു ഞാനും. അങ്ങനെ എത്ര നേരം നിന്നുവെന്നറിയില്ല. എന്നാൽ ആ നേരമത്രയും മുന്നിലെ കടൽ എന്തോ മന്ത്രിക്കുന്നതായി തോന്നി. ഒരു പക്ഷേ ധനുഷ്കോടിയുടെ പ്രതാപകാലത്തെ കഥകൾ എനിക്കു പറഞ്ഞുതരുവാൻ അത് പണിപ്പെടുന്നതാവാം. അല്ലെങ്കിൽ പതിറ്റാണ്ടുകൾക്കു മുൻപ്, നിനച്ചിരിക്കാതെ എത്തിയ കാറ്റ് ജീവനെടുത്ത ഒരായിരം ആത്മാക്കളുടെ മോക്ഷപ്രാപ്തിക്കായുള്ള കെഞ്ചലുകളാവാം. എന്തായാലും ഇവിടെ വന്ന് ഒരുനിമിഷം കണ്ണടച്ചു നിൽക്കുന്ന ഏതൊരുവനും നിർവാച്യമല്ലാത്ത ഈ ‘മനോദൂതുകൾ’ പ്രാപ്തമാവും.
സമയം കടന്നുപോയിക്കൊണ്ടിരുന്നു. കടലിരമ്പത്തിനടിയിൽ ഒളിഞ്ഞെത്തുന്ന ആ സന്ദേശങ്ങളിൽ അലിഞ്ഞു ഞാൻ ഇരിക്കവെ മനസ് ധനുഷ്കോടിയുടെ ഗതകാല ചിത്രങ്ങളിലൂടെ ഒരു സ്വപ്നസഞ്ചാരത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. കണ്ടും കേട്ടും വായിച്ചും അറിഞ്ഞ ഒരുപറ്റം വിവരങ്ങൾ തുഴയാക്കി ഭാവന തീർത്ത ആ മായാനദിയിലൂടെ ഞാൻ എന്റെ ചിന്തകളുടെ തോണി തുഴഞ്ഞുകൊണ്ടിരുന്നു .

പ്രൗഢിയുടെയും സമ്പൽസമൃദ്ധിയുടെയും ഗതകാലസ്മരണകൾ അനവധിയുണ്ട് ഇന്ത്യാമഹാരാജ്യത്തിന്റെ ഈ തെക്കു കിഴക്കേ കോണിനു പറയുവാൻ. ഒരുകാലത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നമായ മത്സ്യബന്ധന മേഖലകളിലൊന്നായിരുന്നു ഇത്. ശ്രീലങ്കയുമായി നേരിട്ട് അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ ഒരേയൊരു കരപ്രദേശമാണ് ഇവിടം. ധനുഷ്കോടിയിൽ നിന്നും ശ്രീലങ്കൻ തീരത്തെ മന്നാർ പട്ടണത്തിലേക്ക് ഏതാണ്ട് 30 കിലോമീറ്റർ ദൂരം മാത്രമാണുള്ളത്.(ഇന്നും കാലാവസ്ഥ അനുവദിച്ചാൽ ഇവിടെ നിന്നുകൊണ്ട് ശ്രീലങ്കൻ തീരം കാണുവാനാകും എന്നു പറയപ്പെടുന്നു!) അതുകൊണ്ടു തന്നെ ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരബന്ധം ശക്തമായിരുന്ന മുൻകാലങ്ങളിൽ ധനുഷ്കോടി തുറമുഖം വഴിയും ധാരാളം സമ്പത്ത് നമ്മുടെ രാജ്യത്തേക്ക് ഒഴുകി എത്തിയിരുന്നു. ഇന്ത്യ-ശ്രീലങ്ക ബന്ധം ഊഷ്മളമായിരുന്ന അന്നൊക്കെ ഇരുരാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഇവിടെ നിന്നും കപ്പൽ സർവീസും ഉണ്ടായിരുന്നുവത്രെ. പിന്നീട് എൽ.ടി.ടി.ഇയുടെ വിളയാട്ടകാലത്ത് ധനുഷ്കോടി-തലൈമന്നാർ കടല്പ്പാത തന്നെയായിരുന്നു പുലികളുടെ പ്രധാന സഞ്ചാര പഥം. അങ്ങനെ നിയമത്തിരുവശങ്ങളിലുമായി അനേകം കഥകളുണ്ട് ഈ സ്ഥലത്തിനു പറയുവാൻ.
പണത്തിന്റെയും പ്രതാപത്തിനെയും പകിട്ടൊക്കെയും അന്നത്തെ ധനുഷ്കോടി പട്ടണത്തിന്റെ രൂപകല്പനയിലും പ്രതിഫലിച്ചിരുന്നു. വ്യാപാര-സഞ്ചാര ആവശ്യങ്ങൾ കണക്കിലെടുത്ത് ഇവിടേക്ക് റെയിൽവേയും, മുനമ്പിൽ നീലക്കടൽ പശ്ചാത്തലമൊരുക്കുന്ന ഒരു ഒന്നാംതരം റെയിൽവേ സ്റ്റേഷനുമൊക്കെ അന്നുണ്ടായിരുന്നു. തുറമുഖത്തു നിന്നുമുള്ള സഞ്ചാരമാർഗങ്ങൾ വേറെയും.
വിഖ്യാതമായ പാക്ക് കടലിടുക്ക് ഇന്ത്യൻ വൻകരയിൽ നിന്നും വേർപെടുത്തിയ പാമ്പൻ എന്ന ചെറുദ്വീപിന്റെ തെക്കു കിഴക്കേ അറ്റമാണ് ധനുഷ്കോടി. തമിഴ്നാട്ടിലെ മണ്ഡപം എന്ന സ്ഥലത്തുനിന്നും രണ്ടര കിലോമീറ്ററോളം നീളം വരുന്ന കൂറ്റൻ പാലം കയറിവേണം പാമ്പനിൽ എത്തുവാൻ. (1914ൽ നിർമ്മാണം പൂർത്തിയാക്കിയ പാമ്പൻ റെയിൽ പാലം കടലിനു കുറുകെ പണികഴിക്കുന്ന ഇന്ത്യയിലെ ആദ്യ പാലമാണ്) മണ്ഡപത്തെ പാമ്പനുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള അന്നത്തെ മീറ്റർ ഗേജ് റെയിൽപാതയ്ക്ക് ഇന്ത്യയുടെ വ്യാപാരചരിത്രത്തിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണുള്ളത്.

ചെന്നൈയിൽ നിന്നും സിലോൺ അഥവാ ശ്രീലങ്കയിലെ കൊളമ്പോയിലേക്ക് അക്കാലത്ത് യാത്രാമാർഗങ്ങൾ ഉണ്ടായിരുന്നു. ബോട്ട്-മെയിൽ എക്സ്പ്രസ്സ് അഥവാ ഇൻഡോ-സിലോൺ എക്സ്പ്രസ് എന്ന റെയിൽ-സ്റ്റീമർ കോംബോ സർവീസ് ആയിരുന്നു ഇത്. 19ആം നൂറ്റാണ്ടിൽ ആരംഭിച്ച ഈ സർവ്വീസ് പ്രാരംഭഘട്ടത്തിൽ റെയിൽ-സ്റ്റീമർ മാതൃകയിലായിരുന്നു പ്രവൃത്തിച്ചുവന്നിരുന്നത്- അതായത് ചെന്നൈയിൽ നിന്നും ട്രെയിനിൽ യാത്രക്കാരെ തൂത്തുക്കുടിയിലേക്കും അവിടെനിന്നും കപ്പൽ മാർഗം കൊളമ്പോയിലേക്കും എത്തിക്കും .
എന്നാൽ 1914ൽ പാമ്പൻ പാലം വന്നതോടെ ഇത് റെയിൽ-സ്റ്റീമർ-റെയിൽ മാതൃകയിലേക്കു മാറി. മദ്രാസിനെ ധനുഷ്കോടിയുമായി ബന്ധിപ്പിക്കുന്നതായിരുന്നു പുതിയ സർവ്വീസ്. മദ്രാസ്-തൂത്തുക്കുടി യാത്രയ്ക്ക് ഏതാണ്ട് 22 മണിക്കൂറുകളോളം എടുത്തിരുന്നു എങ്കിൽ ധനുഷ്കോടിയിലേക്കുള്ള യാത്ര നന്നേ ചെറുതായിന്നു. ഇവിടെ നിന്നും യാത്രികരെ കപ്പൽ മാർഗം സിലോണിലെ തലൈമന്നാറിൽ എത്തിക്കുകയും അവിടെ നിന്നും വീണ്ടും റെയിൽ മാർഗം കൊളമ്പോയിൽ എത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. ഒരൊറ്റ ടിക്കറ്റിൽ അന്നത്തെ ഈ റെയിൽ-കപ്പൽ-റെയിൽ യാത്ര സാധ്യമാവുമായിരുന്നു.
വാണിജ്യകേന്ദ്രങ്ങളും സുന്ദരഭവനങ്ങളും മാത്രമല്ല, വിവിധ മതങ്ങൾക്കായുള്ള ആരാധനാലയങ്ങൾ കൂടിയുള്ള ‘പൂർണ്ണമായ’ ഒരു ആവാസവ്യവസ്ഥ ആയിരുന്നു ധനുഷ്കോടിയിലേത്. രാമേശ്വരത്തിനെന്ന പോലെ ധനുഷ്കോടിക്കും ഹിന്ദു പുരാണങ്ങളിൽ അതീവ മഹത്തരമായ സ്ഥാനമാണുള്ളത്. രാമായണത്തിൽ പറയുന്നതനുസരിച്ച് സീതയെ വീണ്ടെടുക്കുവാനായി ശ്രീരാമൻ ലങ്കയിലേക്കുള്ള ചിറ (രാമ സേതു) നിർമ്മിച്ചത് ധനുഷ്കോടിയിൽ നിന്നും ആയിരുന്നുവത്രെ! രാമസേതുവിന്റേതെന്നു തോന്നിക്കുന്ന ഒരു ഭാഗം ഇപ്പോഴും ഇവിടെയുണ്ട്. ആഴംകുറഞ്ഞ കടൽപരപ്പിലൂടെ അല്പം നടന്നാൽ ഇവിടെയെത്താം. ഈ പ്രദേശത്തെ ജനങ്ങളിൽ 85 ശതമാനത്തോളം ഹിന്ദുമത വിശ്വാസികളാണ്. അതിനാൽ ഏതാനും ചെറിയ ക്ഷേത്രങ്ങളും ഈ പട്ടണത്തിൽ ഉണ്ടായിരുന്നു. ക്രിസ്തു മത വിശ്വാസികൾക്കായി പണിതീർത്ത, ശില്പചാരുത നൃത്തം ചെയ്യുന്ന വലിയൊരു പള്ളിയും ധനുഷ്കോടിയിൽ ഉണ്ടായിരുന്നു. ഇതിന്റെ അവശിഷ്ടങ്ങൾ ഇന്നും ഗതകാലസ്മരണകലുണർത്തി ഇവിടെ നിലനില്ക്കുന്നുണ്ട് .
അങ്ങേയറ്റം ഊഷ്മളായിരുന്നു ആ ദൃശ്യങ്ങൾ. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഏഴുവർണ്ണങ്ങൾ എന്റെ സ്വപ്നധാരയെ നിറംപിടിപ്പിച്ചുകൊണ്ടിരുന്നു. നിറമുള്ള സ്വപ്നങ്ങൾ കാണുമ്പോൾ ഉള്ളിൽ അറിയാതെ ഉണ്ടാകുന്ന ഉന്മാദത്തിൽ അലിഞ്ഞ ഹൃദയവുമായി ഞാൻ ആ മണൽപരപ്പിൽ ഇരുന്നു. നീലവർണ്ണത്തിൽ മുന്നിൽ പരന്നിരുന്ന കടൽ തന്നെയാണ് എന്നെ ഞാൻ കണ്ടിരുന്ന, കണ്ട് ആനന്ദിച്ചിരുന്ന ആ മായക്കാഴ്ചയിൽ നിന്നും ഉണർത്തിയത്. രാക്ഷസരൂപിയായി എത്തിയ ഒരു തിര ഞാൻ ഇരുന്നിരുന്ന മണ്ണിനെ കാർന്നെടുത്തു കൊണ്ടുപോയി, ഒപ്പം എന്നെയും ! ഇഷ്ടമാവാഞ്ഞിട്ടോ ഒപ്പം കൂട്ടിയിട്ടു കാര്യമില്ലെന്നു തോന്നിയതുകൊണ്ടോ ആവാം, എന്നെ പാതിവഴിയിൽ ഉപേക്ഷിച്ചു!

ആകെ നനഞ്ഞ്, മേലാസകലം മണലുമായി ഞാൻ മെല്ലെ തീരത്തേക്കു നടന്നു. എവിടെ നിന്നോ ചിരികൾ മുഴങ്ങികേൾക്കുന്നു, അല്ല അട്ടഹാസങ്ങൾ ആണവ. ഞാൻ ചുറ്റും നോക്കി. തീരത്തുള്ള മറ്റുള്ളവർ അവരുടേതായ ലോകങ്ങളിൽ തന്നെയാണ്, എന്നെ കണ്ടിട്ടു പോലുമില്ല. പിന്നെയാര്? അധികനേരം ഉത്തരത്തിനായി കാത്തു നില്ക്കേണ്ടി വന്നില്ല. ചുറ്റുമുണ്ടെന്നു മുൻപു തോന്നിയവർ, അവർ തന്നെയാണത്. എന്നോട് സംവദിക്കുവാൻ ശ്രമിച്ചുകൊടിരുന്ന ആത്മാക്കൾ, വർഷങ്ങൾക്കു മുൻപൊരുനാൾ കടലിന്റെ സമാന വികൃതിയ്ക്കു ഇരകളാകേണ്ടി വന്നവർ, അവരുടെ അലൗകികമായ, അവർണ്ണനീയമായ ആ സന്ദേശങ്ങൾ അതാ എന്നെ തേടു വീണ്ടുമെത്തുന്നു. മുൻപ് അവർ സംവദിക്കുവാൻ ശ്രമിച്ചപ്പോൾ അത് ഉൾക്കൊള്ളുവാൻ, അല്ലെങ്കിൽ ഏറ്റവും ബാഹ്യവും ബാലിശവുമായെങ്കിലും ഗ്രഹിക്കുവാൻ പോലുമുള്ള പക്വത എന്റെ മനസ്സിന് ഉണ്ടായിരുന്നില്ല . ഈ തീരത്തിന്റെ വായിച്ചറിഞ്ഞ പൂർവ്വകാല പ്രതാപത്തിൽ ഭാവനയുടെ ചിറകിലേറി പറക്കുക മാത്രമായിരുന്നു അതപ്പോൾ. എന്നാൽ ചില അനുഭവങ്ങൾ അങ്ങനെയാണ്. ചെറുതെങ്കിലും, പൊതുബോധത്തിൽ നിസാരമെങ്കിലും നമ്മുടെ മനസ്സിന് മുൻപെങ്ങും ഇല്ലാത്ത പക്വത, ഒരുപക്ഷേ ‘വെളിപാട്’ ഒക്കെ തരാൻ അവ ധാരാളമാവും. അത്തരത്തിലൊന്നായിരുന്നിരിക്കണം എന്നെ അടിമുടി ‘മുക്കിയ’ ആ വമ്പൻ തിരമാലയും! അതുവരെ സൗന്ദര്യത്തിൽ ഭ്രമിച്ച്, ഭാവനാസൃഷ്ടമായ ഏതോ ലോകത്ത് അലഞ്ഞിരുന്ന എന്റെ മനസ്സിനെ അത് കയ്പൻ യാഥാർത്ഥ്യങ്ങളുടെ ലോകത്തേക്ക് വലിച്ചിട്ടിരിക്കണം. എന്തായാലും പലതും പറയാൻ വെമ്പുന്ന ആ അദൃശ്യ ദൂതുകൾക്കായി കാതോർത്തു ഞാൻ ഇരുന്നു.
കണ്ണുകൾ അടച്ച്, മനസ്സു ശാന്തമാക്കി ഇരുന്ന എന്റെ മുന്നിൽ ആ മായക്കാഴ്ച വീണ്ടും തെളിഞ്ഞു. പക്ഷേ, ഇക്കുറി അതിന്റെ ഭാവമാകെ മാറിയിരുന്നു. കണ്ണഞ്ചിക്കുന്ന, മനസ്സിനെ കുളിരണിയിക്കുന്ന നിറങ്ങൾ ഇപ്പോഴില്ല. എങ്ങും നന്നേ മങ്ങിയ നിറങ്ങൾ മാത്രം. മുൻപ് ഓരോ തുള്ളിയിലും അസീമമായ സൗന്ദര്യം ഒളിപ്പിച്ചതെന്നു തോന്നിച്ചിരുന കടലിന് ഇപ്പോൾ ഒരുതരം ഭയാനകമായ ഗൗരവഭാവം, ദംഷ്ട്രകൾ മറയ്ക്കാൻ പാടുപെട്ട് പുഞ്ചിരി വരുത്തുന്ന രക്തരക്ഷസ്സിനെ പോലെ. ആകെ ചിത്രത്തിന്റെ ഈ ഭാവമാറ്റത്തിൽ പരിഭ്രമിച്ചു നിന്ന എന്റെ മുന്നിൽ ധനുഷ്കോടിയുടെ ചരിത്രത്തിന്റെ റീലുകൾ വീണ്ടും ചലിച്ചു തുടങ്ങി.
1964ആം ആണ്ട് അതിന്റെ അവസാനത്തോടടുക്കുകയാണ്. ഡിസംബറിനൊപ്പം ആ വർഷം തന്നെ പടിയിറങ്ങാൻ ഇനി ഏതാനും നാളുകളേ ഉള്ളൂ. ഡിസംബർ 22ന് ശ്രീലങ്കൻ തീരത്ത് ആഞ്ഞടിച്ച ഒരു വമ്പൻ ചുഴലിക്കാറ്റ് അടുത്ത ദിവസം ധനുഷ്കോടിയിലുമെത്തി. എന്നാൽ അതിവിടുന്ന് മടങ്ങിയതു പക്ഷേ തീരത്തെ ആയിരങ്ങളുടെ ജീവനുമായായിരുന്നു! വിനോദസഞ്ചാരികളും തീർഥാടകരുമൊക്കെയായി മൂവായിരത്തോളം ആളുകളുണ്ടായിരുന്നു പാമ്പനിൽ അപ്പോൾ . പേതുള്ളി പായുന്ന കാറ്റിനെ കൂട്ടുപിടിച്ച് 25 അടിയോളം ഉയരത്തിൽ കുതിച്ചുപൊന്തിയ ഭീമൻ തിരകൾ ആ തീരത്തെ തച്ചുടച്ചു. ഏതാനും നിമിഷങ്ങളിൽ പ്രൗഢമായ ആ പട്ടണം നാമാവശേഷമായി. തീരത്തെ തുറമുഖവും റെയിൽവേ സ്റ്റേഷനും ആശുപത്രികളും സ്കൂളും ദേവാലയവുമൊക്കെ ചീട്ടുകൊട്ടാരങ്ങൾ പോലെ തകർന്നടിഞ്ഞു. തീരത്തെ മുക്കിയ കടൽ പിൻവാങ്ങാൻ തന്നെ ഏറെ സമയമെടുത്തു.
സംഹാരതാണ്ഡവം ആടുന്ന തിരകളെപ്പറ്റി അറിയാതെ ‘സിഗ്നൽ കിട്ടി’ എന്ന ഒറ്റക്കാരണത്താൽ ധനുഷ്കോടിയിലേക്കു നീങ്ങിയതായിരുന്നു ആ തീവണ്ടി. ഓരോ കോച്ചിലും നിറയെ യാത്രക്കാർ ഉണ്ട്. പാമ്പൻ പാലം കയറും മുൻപു തന്നെ കാലാവസ്ഥയുടെ കലുഷിത ഭാവത്തിൽ ലോക്കോ പൈലറ്റിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ റെയിൽവേയിൽ നിന്നും ലഭിച്ച ‘പച്ച സിഗ്നലിന്റെ’ ബലത്തിൽ അയാൾ മുന്നോട്ടു നീങ്ങി. പാലം കടക്കാനാകും മുൻപേ കലി തുള്ളി എത്തിയ കാറ്റ് തീവണ്ടിയെ കീഴ്മേൽ മറിച്ചു. അതിന്റെ ബോഗികൾക്കൊപ്പം അന്ന് മുങ്ങിത്താണത് ഏതാണ്ട് 200 ഓളം ജീവനുകൾ കൂടിയായിരുന്നു. സിഗ്നൽ സംവിധാനം തകരാറിലായത് ആയിരുന്നുവത്രെ ദുരന്തത്തിലേക്ക് നയിച്ചത്..

സർവ്വാനാശത്തിന്റെ കാഹളം ഓതിക്കൊണ്ട് പാഞ്ഞ കാറ്റ് ആ പട്ടണത്തെ തച്ചുടയ്ക്കുന്ന കാഴ്ച കണ്ടു ഞാൻ സ്തബ്ധനായി നിന്നു. ഒരു നിമിഷം മുഖമോ രൂപമോ വ്യക്തമല്ലാത്ത ആയിരം ആത്മാക്കളെ ഞാൻ കണ്ടു. മോക്ഷത്തിനായുള്ള അവരുടെ ആർത്തനാദങ്ങൾ കേട്ടു, അതോ പ്രിയപ്പെട്ടവരെ പിരിയേണ്ടി വന്നതിലുള്ള വിലാപങ്ങളായിരുന്നോ അവ? അറിയില്ല.
നിസ്സഹായതയുടെ ആ നിലവിളികൾക്ക് കാതോർക്കണമെന്നുണ്ട്, പക്ഷേ അതിലേറെ നിസ്സഹായനായനാണല്ലോ ഞാൻ ഇപ്പോൾ ! ഇനിയും ഇവിടെ നിന്നാൽ ചിലപ്പോൾ സമനില തന്നെ നഷ്ടമായേക്കാം. തിരികെ പോകും മുൻപ് രണ്ട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്:
ഒന്ന്, ആ പള്ളിയിൽ ഒന്നു കയറണം, കടൽ എടുക്കാതെ ബാക്കിവച്ച അവിടുത്തെ അൾത്താരയും നോക്കി ആ ചുവരിന്റെ അവശിഷ്ടങ്ങൾക്കുള്ളിൽ കുമിഞ്ഞു കൂടിയ മണൽകൂനയിൽ അല്പനേരം ഇരിക്കണം. മനുഷ്യവാസയോഗ്യമല്ലെന്നു മനുഷ്യൻ തന്നെ പ്രഖ്യാപിച്ച ഒരിടം ദൈവത്തിനും വാസയോഗ്യമല്ലെന്നുണ്ടോ? അതുകൊണ്ടാണോ ആ അൾത്താര ഇപ്പോൾ അനാഥമായി കിടക്കുന്നത്? ഉത്തരമില്ല…
രണ്ട്, ഈ കാഴ്ചകളുടെയൊക്കെ ഓരോ ചിത്രങ്ങൾ പകർത്തണം. പണവും പ്രതാപവും സമ്പൽസമൃദ്ധിയുമൊക്കെ എത്രത്തോളം നശ്വരങ്ങളാണ് എന്നത് എന്നും ഓർമ്മിക്കുവാൻ ഒരുപക്ഷേ അവ സഹായിച്ചേക്കും, ഒപ്പം ആരെങ്കിലും ഒന്ന് കാതോർക്കാനായി കേഴുന്ന ആ ആത്മാക്കളെയും അവ ഓർമ്മയിൽ നിർത്തും.
ഞാൻ പതിയെ മുന്നോട്ടു നടന്നു…