“നന്നാവ് മോനെ”: എ പീരിയോഡിക് അഡ്വൈസ് സ്റ്റോറി

“മോനെ നീ ഇങ്ങു വന്നേ, എന്ത് കോലമാ മോനെ,
നീ എന്താ വീട്ടിൽ ഒന്നും പോകാതെ ഇങ്ങനെ കറങ്ങി നടക്കുന്നെ”

“ഇടയ്ക്കു പോകുന്നുണ്ട്”

“അങ്ങനെ ഇടക്കൊക്കെ പോയാ മതിയോ, അമ്മേനെയും അച്ഛനെയും ജോലിയിൽ സഹായിച്ചു കൂടെ”

“ചെയ്യാറുണ്ടല്ലോ.”

“വല്ലപ്പോഴും അല്ലെ ഒള്ളു, സ്ഥിരമായിട്ട് വേണം, കുടുംബം നോക്കേണ്ട, നീ എന്തിനാ ഇങ്ങനെ വല്ല കൂട്ടത്തിൽ പെട്ട ആൾക്കാരുമായിട്ട് കൂട്ട് കൂടി നടക്കുന്നെ, നമ്മുടെ തരത്തിൽ പെട്ട ആൾക്കാരെ കണ്ടു പിടിച്ചുകൂടെ, കൂട്ട് കൂടാനും കാര്യം പറയാനും? നീ ഒരുത്തൻറെ വീട്ടിൽ പോയി ഭക്ഷണം കഴിച്ച കാര്യം ഒക്കെ ഞാൻ അറിഞ്ഞു”

“അവരൊക്കെ മനുഷ്യരല്ലേ!”

“മാമന് നിന്നോട് സ്നേഹം ഉള്ളത് കൊണ്ട് പറയുവാ, അതിലൊക്കെ ഒരുപാട് കാര്യമുണ്ട് മോനെ, നീ ചെറുപ്പമാ, നിനക്ക് ഒന്നും മനസിലാവത്തില്ല.
അതുമല്ല നീ കവലയിൽ വെച്ച് തർക്കിച്ച കാര്യമൊക്കെ ഞാൻ അറിഞ്ഞു, അവരൊക്കെ ഒരുപാട് അറിവുള്ളവരല്ലേ, അവരോടൊക്കെ തർക്കിക്കാൻ പാടുണ്ടോ, നിന്നെക്കാളും ഒരുപാട് ഓണം കൂടുതൽ ഉണ്ടതാ മോനെ ഞാൻ, അതിൻറെ ഒരിത് വെച്ച് ഞാൻ പറയുവാ, അറിവുള്ളവരോട് എതിർത്ത് പറയുന്നതൊന്നും നല്ലതിനല്ല.”

“തർക്കമൊന്നുമല്ല, ചെറിയ കുറച്ചു തെറ്റുകൾ ചൂണ്ടി കാണിച്ചെന്നെ ഒള്ളു, അവരൊക്കെ നിങ്ങളെ ചൂഷണം ചെയുവാ!”

“മോനെ ദോഷമാ, അങ്ങനെ ഒന്നും പറയല്ലേ… അവരൊക്കെ ദൈവത്തിൻറെ അടുത്ത ആൾകാരാ, അവരെപറ്റി അങ്ങനെ ഒന്നും പറഞ്ഞു കൂടാ. നിനക്കൊരു കൈതൊഴിൽ അറിയാവുന്നതല്ലേ, നിൻറെ അപ്പൻറെ കൂടെ കൂടി അതൊക്കെ ഒന്ന് ഉഷാറാക്ക്, പുള്ളിക്ക് നല്ല സങ്കടം ഉണ്ട്, പുള്ളി ഒന്നും പറയുന്നില്ല എന്നെയോള്ളു. നിന്റെ മാമിയാണെങ്കി നിനക്കു നല്ലബുദ്ധി കിട്ടാൻ വേണ്ടി എന്നും പ്രാർത്ഥിക്കാറുണ്ട്, നമ്മടെ കൂട്ടത്തിൽ നീ മാത്രമേ മോനെ ഇങ്ങനെയൊള്ളു.”

“ഞാൻ ഒരു കൂട്ടത്തിലും പെടാൻ വന്നവനല്ല.”

“എന്താ മോനെ ഇങ്ങനെയൊക്കെ പറയുന്നേ, കഴിഞ്ഞ ദിവസം നിന്റെ അമ്മ നിന്നോട് വീട്ടിലോട്ടു വരാൻ പറഞ്ഞപ്പോ നീ എന്താ പറഞ്ഞെ, എനിക്കും നിനക്കും തമ്മിൽ എന്ത് എന്ന്, അല്ലെ? എന്നിട്ടു അവടെ നിക്കുന്നവരെ ചൂണ്ടി കാണിച്ചിട്ട് ഇതാണ് എൻറെ അമ്മയും സഹോദരങ്ങളും എന്ന്, നിന്റെ മാമിയാണ് എന്നോട് ഇത് പറഞ്ഞത്, കേട്ടപ്പോ എനിക്ക് ദേഷ്യവും സങ്കടോം എല്ലാം കൂടെ വന്നു, അങ്ങനെയൊക്കെ പറഞ്ഞാ കൊള്ളാവോ?”

“മാമൻ, ഡോണ്ട് ടേക്ക് തിങ്ങ്സ് പേർസണലി, എനിക്ക് ഇവിടെ കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്, ഞാൻ അതിനെ പറ്റിയാണ് സംസാരിച്ചത്.”

“എന്ത് കാര്യങ്ങൾ, ആദ്യം ഒരു സ്ഥിര വരുമാനം, പിന്നെ ഒരു കല്യാണം, അപ്പൊ നിനക്ക് കാര്യങ്ങൾക്കു ഒരു സീരിയസ്നെസ്സ് വരും.. എടാ എനിക്ക് നിന്നോട് ചോദിക്കാൻ ബുദ്ധിമുട്ടുണ്ട്, എന്നാലും ചോദിക്കുവാ, നിനക്കാ മഗ്‌ദലനാകാരി മറിയവും ആയിട്ട് എന്താ, അവള്ക്കത്ര നല്ല പേരൊന്നുമല്ല നാട്ടിൽ ഉള്ളത്, ആള്ക്കാര് അതും ഇതുമൊക്കെ പറയുന്നുണ്ട്, നാളെ നിനക്കൊരു നല്ല കുടുബത്തിന്നു ബന്ധം കിട്ടുവോ.”

“എല്ലാവരും കൂടി അവളെ കല്ലെറിഞ്ഞപ്പോ ഞാൻ വേണ്ട എന്ന് പറഞ്ഞു, അത്രേ ഒള്ളു. പിന്നെ ആൾക്കാര് എന്ത് പറയും എന്നുള്ളത് ഞാൻ കാര്യമാക്കുന്നില്ല.”

“എടാ നിനക്ക് അറിയാൻ മേലാഞ്ഞിട്ടാ, അവളെത്ര നല്ലവളൊന്നും അല്ല, അവളെപോലെയുള്ളവരെ കല്ലെറിയുന്നതു നാട്ടുനടപ്പാ, അതിന്റെയൊക്കെ എതിർക്കുന്നത് ശെരിയായ രീതിയല്ല.”

“വിധിക്കാൻ നമ്മൾ ആരാണ്.”

“എടാ ചെക്കാ, നീ എന്തൊക്കെയാ പറയുന്നേ, നീ നാളെ എന്റെ വീട്ടിലോട്ടു വാ, എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്, നിന്നെ നന്നാക്കാൻ പറ്റുവോ എന്ന് ഞാൻ നോക്കട്ടെ”

“ഉം..”

“പ്രോമിസ് ചെയ്, വരൂന്ന് മാമന് പ്രോമിസ് ചെയ്”

“വരാം”