​​​കഴ്സസ് പബ്ലിക്കസ് ​

​“കഴ്സസ് പബ്ലിക്കസ്” എന്ന വെബ്സൈറ്റ് ഓൺലൈൻ രംഗത്ത് അതിവേഗമാണ് തരംഗമായി മാറിയത്. കൊടുങ്ങല്ലൂർ പോസ്റ്റ് എന്ന തൂലികാനാമത്തിൽ ആഴ്ചപ്പതിപ്പിൽ ലേഖനപരമ്പര എഴുതിയിരുന്ന അജ്ഞാതനായ എഴുത്തുകാരനാണ് തന്റെ അവസാനലേഖനത്തിൽ അയാൾ തുടങ്ങുന്ന വെബ്സൈറ്റിനെ പറ്റി പറഞ്ഞത്. കൊടുങ്ങല്ലൂർ പോസ്റ്റ് എന്ന പേരിനുള്ളിൽ ഒരു വ്യക്തിയേക്കാൾ ഒരു സ്ഥാപനം ഉൾച്ചേർന്നിരിക്കുന്നതിനാൽ, കൂടുതൽ വ്യക്തതക്കായി നമുക്കദ്ദേഹത്തെ KP എന്ന് വിളിക്കാം. ഇക്കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങളായി ആഴ്ചപ്പതിപ്പിന്റെ സർക്കുലേഷനിൽ വൻ തോതിലുള്ള വർദ്ധനവുണ്ടാക്കിയത് ഇന്റർനാഷണൽ പോസ്റ്റൽ സർവ്വീസസിനെ പറ്റിയും ഇന്ത്യൻ തപാൽ ചരിത്രത്തെപ്പറ്റിയും KP എഴുതാറുള്ള ആകർഷകങ്ങളായ ലേഖനങ്ങളാണെന്നു ആഴ്ചപ്പതിപ്പിന്റെ സർക്കുലേഷൻ മാനേജരായ ജോയി സൂചിപ്പിച്ചിരുന്നു. അത് തുടർച്ചയായി വരാറുള്ള വായനക്കാരുടെ പ്രതികരണങ്ങളിൽ നിന്നും വ്യക്തമായിരുന്നു. KP യുടെ ലേഖനങ്ങളുടെയെല്ലാം തലക്കെട്ട് ലാറ്റിൻ വാക്കുകളായിരുന്നു എന്നതായിരുന്നു രസകരമായ മറ്റൊരു സംഗതി.

കാത്തിരിപ്പ് എന്നർത്ഥം വരുന്ന എക്സ്പിതാസ് എന്ന ലേഖനത്തിൽ KP ഇങ്ങനെ എഴുതിയിരുന്നു. "ഇവിടെ ഒരുകൂട്ടം ആളുകൾ പറയുന്നുണ്ട്, ഇ-മെയിലിന്റെ വരവോടെ ലോകമെമ്പാടുമുള്ള തപാൽ സംവിധാനങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടു എന്നൊക്കെ. "അതിവേഗമുള്ള വിവരവിനിമയമാണ് പുതുലോകത്തിന് ആവശ്യം. അവിടെ തപാൽ ഒരു മുടന്തൻ സംവിധാനമാണ്" എന്നതാണ് അവരുടെ പ്രധാനവാദങ്ങൾ. പക്ഷേ, മനുഷ്യമനസ്സിനെ അപഗ്രഥിക്കുന്നതിൽ അതിദയനീയമായി പരാജയപ്പെട്ടവരാണ് ഈ ടെക് സാവികളെന്ന് പറയാതെ വയ്യ. കൊൽക്കത്തയിൽ നിന്നും മോന്റെ കത്തുണ്ടായിരുന്നു എന്ന് പറയുന്ന അമ്മയുടെ ആശ്ചര്യകരമായ ആനന്ദവും , സിദ്ധൂന്റെ മെയിലുണ്ടായിരുന്നു എന്ന് പറയുന്ന അമ്മയുടെ നിസ്സംഗമായ അനായാസതയും തമ്മിലുള്ള അന്തരമാണ് ഇതിനുള്ള നിശബ്ദമായ മറുപടി. കത്തുകൾക്ക് മാത്രമുണ്ടായിരുന്ന ഇടങ്ങളുടെ പ്രസക്തി ഇ-മെയിലുകളിൽ പാടേ നഷ്ടപ്പെട്ടിരിക്കുന്നു. എവിടെയിരുന്നും എപ്പോഴുമെഴുതുന്ന മെയിലുകൾ, തദ്ക്ഷണം മറ്റൊരാളുടെ ഇൻബോക്സിലെത്തുന്നു. വിവരങ്ങൾക്ക് മാത്രമാണവിടെ മൂല്യമുള്ളത്. അത് പരുവപ്പെടുത്തുന്ന ധ്യാനാത്മകത പാടേ വിസ്മരിക്കപ്പെട്ടിരിക്കുന്നു. ഒരാളോട് മുഖം കുനിച്ച് സംസാരിച്ചിരിക്കവേ മറ്റൊരാൾക്ക് മൊബൈലിൽ ഇന്നും ഇ-മെയിലോ മെസേജോ ടൈപ്പ് ചെയ്യുന്ന സുഹൃത്ത് നിങ്ങൾക്കുമുണ്ടായിരിക്കും. അയാൾ നിങ്ങളോടോ, മെയിലിന്റെ മറുതലക്കലോ ഉള്ള വ്യക്തിയോടോ നീതി പുലർത്തുന്നില്ല എന്നതല്ലേ‌ വാസ്തവം. ഒരാൾ മരിച്ചതിനുശേഷം തുറക്കാൻ വഴിയില്ലാത്ത, ശവഗന്ധം പേറുന്ന ഇൻബോക്സുകളിൽ ശ്വാസം മുട്ടുന്ന എത്രയോ അനാഥമായ ഇ-മെയിലുകൾ ഉണ്ടായിരിക്കും? കത്തുകൾ മനുഷ്യന്റെ ആയുസ്സിനെപ്പോലും അതിജീവിക്കും ചിലപ്പോൾ. ഞാൻ മരിച്ചതിനുശേഷം എനിക്കുവരുന്ന കത്തുകൾ ഒരുപക്ഷേ‌ വായിക്കപ്പെട്ടേക്കാം. അല്ലെങ്കിൽ 2005ൽ മരണപ്പെട്ട ഒ.വി.വിജയന് മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്നും അരുൺകുമാർ 2009ൽ അയച്ച കത്ത് ആർക്കുമെത്താതെ പോകുമായിരുന്നു. വിലാസങ്ങൾ ഒരിക്കലും മരിക്കുന്നില്ല, കത്തുകളും."

വെബ്സൈറ്റിലെ ഫീച്ചറുകളെപ്പറ്റി ഓൺലൈൻ പത്രത്തിനെഴുതിയ ലേഖനത്തിലെ അവസാനത്തെ വരി ടൈപ്പ് ചെയ്ത് KP ലാപ്ടോപ് മടക്കി വച്ചു. ജിയോ വന്നതുകൊണ്ട് ഇവിടെപ്പോലും ഇന്റർനെറ്റിനു ക്ഷാമമില്ല. തടസ്സമില്ലാതെ ബ്ലോഗ് എഴുതാൻ സാധിക്കുന്നുണ്ട്. അയാളിരിക്കുന്നത് പുതുതായി പോസ്റ്റിംഗ് ലഭിച്ച, ഇടിഞ്ഞുവീഴാറായ ഓടുകെട്ടിടത്തിൽ സ്ഥിതിചെയ്യുന്ന പോസ്റ്റോഫീസിലാണ്. അതിന്റെ മുന്വശത്തായി ഓലകൊണ്ടുനിർമ്മിച്ച ഒരു വെയ്റ്റിംഗ് ഷെഡും, ചായപ്പീടികയും ഉണ്ട്. ചായപ്പീടിക തുറക്കുന്നത് വൈകീട്ട് നാലുമണിക്ക് ശേഷമാണ്. അപ്പോഴേക്കും, നഗരത്തിലേക്കുള്ള അവസാനത്തെ ബസ്സ് പോയിട്ടുണ്ടാകും. ടൗണിലെ ബാങ്കുകളിൽ നിന്നും പണയമിടപാട് സ്ഥാപനങ്ങളിൽ നിന്നും പ്രദേശത്തെ കർഷകർക്ക് വായ്പ്പാതിരിച്ചടവ് തീയ്യ ഓർമ്മപ്പെടുത്തൽ നോട്ടീസുകൾ മാത്രം വിതരണം ചെയ്യുന്ന ഒരിടമായി ഈ പോസ്റ്റോഫീസ് മാറിയിരിക്കുന്നു എന്ന് ഒരാഴ്ചക്കുള്ളിൽ പിടികിട്ടി. ആളുകൾക്ക് തന്നെ കാണുന്നതേ‌ വെറുപ്പാകുന്നുവെന്ന മുഖവുരയോടെയാണ് പോസ്റ്റ് മാനായ ഹനീഫ്ക പരിചയപ്പെട്ടതുതന്നെ. "എന്റെ സാറേ, രണ്ട് കൊച്ചുങ്ങള് സ്കൂളി പോവുന്നോണ്ടാ... അല്ലെങ്കി ഈ മാനം കെട്ട പണിക്ക് ഞാൻ നിക്കത്തില്ലാരുന്ന്. ഇതിപ്പൊ കത്തുകൊടുക്കാൻ പോകുമ്പൊ ആൾക്കാര് കല്ലെറിഞ്ഞോടിക്കുന്ന അവസ്ഥ ആയിട്ടുണ്ട്. ജപ്തി നോട്ടീസ് ഞാനായിട്ട് തരുന്നതല്ലെന്ന് പറഞ്ഞാ ഇവറ്റകൾക്കുണ്ടോ മനസ്സിലാകുന്നു. എല്ലാവന്മാരുടേം പ്രാക്ക് കേട്ടാന്ന് തോന്നണു, ഈ നശിച്ച നടുവേദനയും മാറുന്നില്ല," ഹനീഫ്ക്ക ആവലാതി പറയും. ഹനീഫ്ക 3 മണിയുടെ കളക്ഷനും കഴിഞ്ഞ് ടൗണിലേക്കുള്ള ബസ്സിൽ പോയാൽ പിന്നെ തനിച്ചാണ്. ഇന്നെന്തായാലും പണികളൊക്കെ തീർന്നിരിക്കുന്നു.

ജോയിനിംഗ് ഓഡർ കിട്ടിയ ഉടനേ ഹഫീസ് അയച്ചുതന്ന ലിസ്റ്റ് ഒന്നുകൂടി തുറന്ന് നോക്കി. മൂന്ന് പേരുകളാണാതിൽ ഉണ്ടായിരുന്നത്. ഒന്ന്, എസ്തപ്പാൻ വെള്ളൂക്കാരൻ. രണ്ട് ജിനി സുധൻ പറപറമ്പിൽ, മൂന്ന് അരവിന്ദൻ ശുഭോദയ. വാട്ട്സാപ്പിൽ ഹഫീസിന്റെ ഓഡിയോ സന്ദേശങ്ങൾ കിടക്കുന്നുണ്ടായിരുന്നു. അത് തുറന്നു കേട്ടു."എസ്തപ്പാൻ ഇവിടെ തനിച്ചാണ് താമസിക്കുന്നത്. കുരുമുളക് കർഷകനായിരുന്നു. 2013ലാണ് അയാളുടെ മകളായ റോസാ എസ്പിഹാവ് ഗ്രാമം വിട്ടുപോകുന്നത്. റോസ നാടുവിട്ടത് എന്തിനാണെന്ന് ഇന്നും ആർക്കും മനസ്സിലായിട്ടില്ല. പോലീസ് ആവുന്നത്ര ശ്രമിച്ചിട്ടും അവളെ കണ്ടുപിടിക്കാനും കഴിഞ്ഞിട്ടില്ല. ജിനി സുധൻ ഒരു വീട്ടമ്മയാണ്. രണ്ട് വൃക്കകളും തകരാറിലായ ഭാര്യയുടെ ചികിത്സചിലവുകൾ വഹിക്കാൻ പാങ്ങില്ലാതായപ്പോഴാണ് ജിനിയുടെ ഭർത്താവായ സുധൻ 8 വർഷം മുൻപ് നാടുവിട്ടുപോകുന്നത്. അയാൾ നാടുവിട്ടുപോയതല്ല എന്നാണ് നമ്മുടെ അന്വേഷണത്തിൽ മനസ്സിലായത്. ഒരു അവയവ മാഫിയയുടെ പിടിയിൽ അകപ്പെട്ട സുധൻ,അവരാൽ കൊല്ലപ്പെടുകയായിരുന്നു. പക്ഷേ‌ ഈ വിവരം വളരെ കുറച്ചുപേർക്കുമാത്രമേ‌ഇപ്പോൾ അറിയുകയുള്ളൂ. അതിലൊന്ന്, നമ്മുടെ മീഡിയാ സ്റ്റഡീസിലെ ശരത് ആണ്. അവന്റെ അച്ഛൻ ഇപ്പറഞ്ഞ ഗ്യാങ്ങിന്റെ ഒരു ഏജന്റായി കുറച്ച് നാൾ പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ട് ഇൻഫമേഷൻ എന്തായാലും റിലയബ്ൾ ആണ്. പിന്നെ അരവിന്ദൻ ശുഭോദയ. അയാളൊരു കവിയാണ്. രണ്ടു മാസം മുൻപ്, കത്തെഴുതാൻ താത്പര്യമുള്ള ചങ്ങാതിമാർ വിലാസം പങ്കുവക്കുമല്ലോ എന്നൊരു പോസ്റ്റ് കക്ഷി ഇട്ടിരുന്നു. ശരതിന്റെ തന്നെ മ്യൂച്വൽ ഫ്രണ്ട് ലിസ്റ്റിൽ നിന്നാണ് മൂപ്പരുടെ ഡീറ്റെയിൽസ് കിട്ടിയത്." മനസ്സിരുത്തി ഓഡിയോ നോട്ട് ഒന്നുകൂടി കേട്ടു. ഇപ്പറഞ്ഞ മൂന്ന് പേരെപ്പറ്റിയും ഒരു ചിത്രം വരയാൻ തുടങ്ങി മനസ്സിൽ. ഒപ്പം ഹഫീസിന് "Ok. noted." എന്നൊരു മെസേജ് അയച്ചു.

ഹഫീസ്, ട്രാൻസ്പോർട്ടേഷൻ കമ്പനിയുടെ പ്രൊജക്ടിൽ തനിക്ക് അസൈൻ ചെയ്ത മൊഡ്യൂളിന് കുറച്ച് അഴിച്ചുപണികൾ നടത്തി ഒന്നുകൂടി മോടിപിടിപ്പിക്കുകയായിരുന്നു. അപ്പോഴാണ് വാട്ട്സാപ്പിൽ KP യുടെ മെസേജ്. "Im on the way. Lets meet in the club at 7." ഹഫീസ് ലാപ്പിന്റെ മുകളിലെ മൂലയിലേയ്ക്ക് കണ്ണോടിച്ചു. സമയം 5.30 മണി ആയിരിക്കുന്നു. ഇനി റൂമിൽ പോയി ബൈക്ക് എടുത്ത് വേണം ക്ലബ്ബിലെത്താൻ. ഇവിടെ നിന്നും ബസ്സ് പിടിച്ച് റൂമിലെത്തുമ്പൊഴേക്കും അര മണിക്കൂർ ആകും. അയാൾ ലാപ് ഷട് ഡൗൺ ചെയ്ത് ഉടനെ ബാഗ് പാക്ക് ചെയ്തു. ഓഫീസിന്റെ മുൻ വാതിലിനരികെ പിടിപ്പിച്ചിരിക്കുന്ന ഫേസ് ഡിറ്റക്ടറിൽ മുഖം കാണിച്ചപ്പോൾ വാതിൽ തുറന്നു. തിടുക്കത്തിൽ പടികളിറങ്ങി നഗരത്തിന്റെ തിരക്കിലേക്കയാളിറങ്ങി.

ഹഫീസെത്തുമ്പോൾ KP, ക്ലബ്ബിലെ എക്സോടിക് കോണർ എന്ന് തങ്ങൾ വിളിക്കാറുള്ള മൂലയിൽ ലാപ്ടോപ് തുറന്ന് വച്ച് ഇരിക്കുന്നുണ്ടായിരുന്നു. ഇരുവരും പരസ്പരം കണ്ടുമുട്ടിയപ്പോൾ ഔപചാരികമായ അഭിസംബോധനകളൊന്നും ഉണ്ടായില്ല. മിന്റ് ലൈം മൊത്തിക്കൊണ്ട് KP ആരംഭിച്ചു. "നമ്മുടെ എക്സ്പെരിമെന്റ് തീർന്നിരിക്കുന്നു. 9 വർഷം, 17 ട്രാൻസ്ഫറുകൾ, 78 മനുഷ്യർ, എഴുതിക്കൂട്ടിയ രണ്ടായിരത്തഞ്ഞൂറോളം കത്തുകൾ. ആൻഡ് ഹിയർ ഈസ് ദ് കൺക്ലൂഷൻ. വീ ഷുഡ് ഗോ ഫോ ഇറ്റ്. ദ് കഴ്സസ് പബ്ലിക്കസ്. ഇറ്റ് വുഡ് ബീ അ മൈൽസ്റ്റോൺ ഇൻ ദി ഹിസ്റ്ററി ഓഫ് കമ്മ്യൂണിക്കേഷൻ മാൻ.. ലെറ്റ്സ് ഡൂ ഇറ്റ്. ഓകെ... നൗ യൂ എക്സ്പ്ലെയ്ൻ മീ ദി സ്ട്രക്ചർ ഓഫ് ഔർ വെബ്സൈറ്റ്." ഹാഫിസ് പുഞ്ചിരിച്ച് കൊണ്ട് KP യെ ആലിംഗനം ചെയ്തു. "ഡാ നീ ചില്ലറക്കാരനല്ലടാ... ഒമ്പത് വർഷം ഇത്ര ഡെഡിക്കേറ്റഡ് ആയി പണിയെടുക്കാൻ ഒരുത്തനും പറ്റത്തില്ല. അതും ജോലി കഴിഞ്ഞുള്ള നേരങ്ങളിൽ 78 മനുഷ്യരായി ജീവിച്ച് അവരുടെ കഥകൾ പഠിച്ച് അവരുടെ ബന്ധുക്കളുമായി കത്തുകളിലൂടെ ബന്ധപ്പെടുക. അതിന്റെ സൈക്കോളജിക്കൽ അനാലിസിസ് വച്ച് ഇമ്മാതിരിയൊരു സ്റ്റാർട്ടപ്പിന് ഐഡിയ തരുക. അതിനൊരു കിടിലൻ താങ്ക്സ്. പിന്നെ, വെബ്സൈറ്റിൽ നമ്മൾ എല്ലാവർക്കും ഓരോ പ്രൊഫൈൽ ഉണ്ടാക്കാനുള്ള സ്പേസ് കൊടുക്കുന്നു. അവിടെ മെമ്പേഴ്സിന് അവരുടെ വിലാസം സേവ് ചെയ്തിടാം. പിന്നെ യുണീക് ആയുള്ള ഒരു മെയിൽബോക്സ് നമ്പർ നമ്മൾ അവർക്ക് അലോട് ചെയ്യുന്നു. അതാകും ആളുകളെ ഐഡന്റിഫൈ ചെയ്യുന്നതിനുള്ള കീ. അപ്പോൾ കത്ത് സ്കാൻ ചെയ്തോ റ്റൈപ്പ് ചെയ്തോ അയക്കുന്ന ആൾ, റിസീവറുടെ മെയിൽ ബോക്സ് നമ്പറിലേക്കായിരിക്കും കത്തയക്കുക. അഡ്രസ് എന്നത്, ഈ പഴയ കത്തയക്കലിന്റെ നൊസ്റ്റാൾജിക് ഫീൽ കൊണ്ടുവരാനുള്ള ടൂൾ മാത്രമാണ്. കത്ത് അയച്ചതിനു ശേഷം അത് നമ്മുടെ വിർച്വൽ പോസ്റ്റ് ഓഫീസിലേക്ക് പോകുന്നു. വിർച്വൽ പോസ്റ്റ് ഓഫീസിൽ നിന്നും വിർച്വൽ ഹെഡ് പോസ്റ്റോഫിസിലേക്കും അവിടെ നിന്ന് വിർച്വൽ ഹബ്ബിലേയ്ക്കും പോകുന്നു. പിന്നെ അത് റിസീവറുടെ ഹബ്ബിലേക്കും, തുടർന്ന് അയാളുടെ പോസ്റ്റ് ഓഫീസിലേക്കും അവസാനം അയാളുടെ മെയിൽ ബോക്സിലേക്കും എത്തുന്നു. ഇതെല്ലാം ഒറ്റ ക്ലിക്കിൽ ഫ്രാക്ഷൻ ഓഫ് അ സെക്കൻഡ് കൊണ്ട് ചെയ്യാൻ സാധിക്കുന്ന കാര്യം ആണെങ്കിലും, നമ്മൾ കൃത്യമായ ഡിലേ ഇതിൽ കൊണ്ടുവരുന്നുണ്ട്. ഉദാഹരണത്തിന് ആരെങ്കിലും ഒരു ലെറ്റർ നമ്മുടെ സൈറ്റ് അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്താൽ അത് അപ്പോൾ തന്നെ സെൻഡ് ആകില്ല. രാവിലെ 9.30 യും വൈകിട്ട് 3 ഉം ആണ് നമ്മുടെ പിക്കപ് റ്റൈം. അത്രയും നേരം കത്ത് നമ്മുടെ വിർച്വൽ തപാൽ പെട്ടിയിൽ തന്നെ കിടക്കും." KP സശ്രദ്ധം കേട്ടുകൊണ്ടിരുന്നു.

ഹഫീസ് തുടർന്നു. "3 മണിക്കെടുത്താൽ അന്ന് തന്നെ ഹെഡ് പോസ്റ്റോഫീസിൽ കത്തെത്തുന്നു. പക്ഷേ അടുത്ത ദിവസമേ അവിടെ നിന്നും പ്രൊസസ് ചെയ്യുകയുള്ളൂ. ഇങ്ങനെ പ്രാക്ടിക്കലി വരുന്ന എല്ലാ ഡിലേയും നമ്മുടെ സിസ്റ്റത്തിലൂടെ പോകുന്ന മെയിലുകൾക്കുണ്ടാകും. മാത്രമല്ല പബ്ലിക് ഹോളിഡേസിൽ ഒരു മെസേജും ഡെലിവേഡ് ആകില്ല. ചുരുക്കിപ്പറഞ്ഞാൽ ഇപ്പൊ നിലനിൽക്കുന്ന തപാലിന്റെ എക്സാക്റ്റ് ഓൺലൈൻ റെപ്ലിക്ക ആവും നമ്മുടെ കഴ്സസ് പബ്ലിക്കസ്."

KP കയ്യടിച്ചുകൊണ്ട് പറഞ്ഞു. " വണ്ടർഫുൾ! ബട് യൂ നോ വൺ തിങ്... ഒരു ദീപക് ഉണ്ട്. വൺ മിസ്റ്റർ ദീപക് ജെയ്ക്. അയാൾ നമ്മുടെ പ്രൊജക്ടിനെപ്പറ്റി മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ട്. ഹീ വോസ് ഒൺ അമങ് ഔർ ഒബ്സെർവീസ് റൈറ്റ്." ഹാഫിസ് അൽപം സംശയത്തോടെ KP യെ നോക്കി. "അതെ.. സീ.. നിന്നെ കാണിക്കാൻ അയാൾ എനിക്കെഴുതിയ ലെറ്റേഴ്സ് കൊണ്ടുവന്നിട്ടുണ്ട്. എസ്തപ്പാനെയും അരവിന്ദനെയും ജിനിയെയും രാഹുലിനെയും വിശാലത്തിനെയും അങ്ങനെന്തിന് ഞാൻ എഴുത്തുകളെഴുതിയ എല്ലാവരെപ്പറ്റിയും അയാൾക്കറിയാം. ഞാൻ കയ്യക്ഷരങ്ങൾ മാറ്റിയെഴുതുന്നതു വരെ!" KP ബാഗ് തുറന്ന് ദീപക്കെഴുതിയ കത്തുകളെടുക്കുന്നതിനിടയിൽ തുടർന്നു. "അതു മനസ്സിലായതുകൊണ്ടാണ് ഞാൻ ഒട്ടും അമാന്തിക്കാതെ നമ്മുടെ വെബ്സൈറ്റിനെ പറ്റി അനൗൺസ് ചെയ്തത്. ആം റിയലി സോറി ദാറ്റ് ഐ കുഡ്ന്റ്റ് ഈവൺ ടെൽ യൂ. ഐ ഹോപ് യൂ അണ്ടർസ്റ്റാൻഡ്. ആൻഡ് ഇറ്റ് വോസ് ദി റൈറ്റ് ടൈം യൂ നോ... എന്റെ ആർട്ടിക്കിളിലൂടെ തന്നെ ഇത് പബ്ലിസൈസ് ചെയ്താൽ ആഴ്ചപ്പതിപ്പിന്റെ ഒരു വലിയ റീഡർ ബേസാണ് നമുക്ക് ഒറ്റയടിക്ക് കിട്ടുക. ആൻഡ്‌യൂ നോ റൈറ്റ്... ഈ വായനക്കാരൊക്കെ ഒരുമാതിരി കട്ട നൊസ്റ്റി ടീംസാണ്. കത്തെഴുത്തും കാര്യങ്ങളുമൊക്കെ അവരുടെയൊക്കെ ഒരു പ്രെസ്റ്റീജിയസ് റെട്രോ സിംബൽ എന്ന പോലെയാണ്. സോ ആ ദീപകിന് ഇത്തരത്തിലൊരു പണിയേ കൊടുക്കാൻ കഴിയുമായിരുന്നുള്ളൂ." ഹഫീസിന്റെ മുഖത്തിപ്പോൾ ഒരുതരം വിഷാദം നിഴലിച്ചു തുടങ്ങിയിരുന്നു. KP ഒരു കൂട്ടം കത്തുകളെടുത്ത് മേശപ്പുറത്ത് വച്ചു. ഹഫീസ് ഒന്നൊന്നായി എടുത്ത് ഇരുപുറവും നോക്കാൻ തുടങ്ങി. എല്ലാത്തിനും ഫ്രം അഡ്രസ് ഒന്നു തന്നെ. "ദീപക് ജെയ്ക്, ഹൗസ് നമ്പർ 37/15, സൺ ഹെറിറ്റേജ് , തൃശൂർ -1" ടു അഡ്രസ്സ് എല്ലാത്തിലും മാറിയിരുന്നു, "പോസ്റ്റ് മാസ്റ്റർ, കൊടുവള്ളീ പ്പോസ്റ്റ് ഓഫീസ്", "പോസ്റ്റ് മാസ്റ്റർ, തിരുവില്വാമല പോസ്റ്റ് ഓഫീസ്" എന്നിങ്ങനെ 17 അഡ്രസ്സുകൾ. ഹഫീസിന്റെ മുഖത്തെ ആശ്ചര്യം കലർന്ന വിഷാദത്തെ ശ്രദ്ധിച്ചെന്നോണം KP തുടർന്നു " എന്റെ ട്രാൻസ്ഫറുകൾ വരെ ട്രാക്ക് ചെയ്ത് പിന്തുടരുകയായിരുന്നു അവൻ. പക്ഷേ‌ ഡോണ്ട് വറി. നമ്മുടെ വെബ്സൈറ്റിന്റെ പ്രവർത്തനം എങ്ങിനെയായിരിക്കും എന്നവന് പിടി കിട്ടിയിട്ടില്ല. അതിനു മുൻപേ നമ്മൾ ലോഞ്ച് ചെയ്യുന്നു. ചിയർ അപ്." ചിരിച്ചുകൊണ്ട് KP പറഞ്ഞു. ഹഫീസ് അപ്പോൾ KP യുടെ കഴുത്തിൽ ഞാന്നുകിടന്നിരുന്ന ഇന്ത്യൻ പോസ്റ്റൽ ഡിപാട്മെന്റിന്റെ ഐ ഡി കാഡിൽ ഇമയണക്കാതെ നോക്കിയിരിക്കുകയായിരുന്നു. അതിൽ ഇങ്ങനെ കുറിച്ചിരുന്നു, " ദീപക് ജെയ്ക്, ഹൗസ് നമ്പർ 37/15, സൺ ഹെറിറ്റേജ് , തൃശൂർ -1"