വ്യത്യസ്തവും മനോഹരവുമായ പ്രെസന്റേഷൻ തയ്യാറാക്കുവാൻ "പ്രെസി"

സാജൻ പി ഫിലിപ്പ്

പ്രസന്റേഷനുകൾ സർവകലാശാലകളും കോർപ്പറേറ്റ് കൂടിക്കാഴ്ച്ചകളും കടന്ന് സാധാരണക്കാരന്റെ ഇടയിലേക്ക് ചേക്കേറിയിരിക്കുന്ന കാലത്തിലാണ് നാം. എന്തിനും ഏതിനും പ്രസന്റേഷനുകൾ എന്ന സ്ഥിതിയാണ് ഇപ്പോൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്യോഗസ്ഥരോട് പ്രസന്റേഷൻ അവതരിപ്പിക്കാൻ പറഞ്ഞത് വാർത്തയായിരുന്നു. മനോഹരമായ പ്രസന്റേഷനുകൾ ഒരു വ്യക്തിയുടെ അവതരണത്തെ വളരെയേറെ സഹായിക്കുന്നതോടൊപ്പം വസ്തുതകളെ സ്രോതാക്കളുടെ മനസ്സിലേക്ക് ആഴത്തിൽ പതിപ്പിക്കുകയും ചെയ്യും.

പ്രസന്റേഷനുകൾ തയ്യാരാക്കുന്നവർക്ക് ഒരുപക്ഷെ ഏറ്റവും പരിചിതമായ സോഫ്റ്റ് വെയർ മൈക്രോസോഫ്റ്റിന്റെ "പവർ പോയിന്റ്" ആയിരിക്കും. മൈക്രോസോഫ്റ്റ് ഒ എസിന്റെ കൂടെയോ അല്ലാതെയോ ലഭിക്കാറുള്ള പവർപോയിന്റ് വളരെ ലളിതവും അവശ്യം ടൂളുകൾ ഉള്ളതുമാണ്. ഒരുപക്ഷെ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്രസന്റേഷൻ സോഫ്റ്റ് വെയറും ഇത് തന്നെ ആയിരിക്കണം. ഓപ്പണ്‍ സോഫ്റ്റ്‌ വെയർ ആയി ലഭിക്കുന്ന ഏതാനും എതിരാളികൾ പവർ പോയിന്റിനു ഉണ്ടെങ്കിലും അവയൊക്കെ പവർ പോയിന്റിന്റെ അനുകരണങ്ങളാണ്.

ചടുലവും വ്യത്യസ്തവുമായ നിങ്ങളുടെ അവതരണ ശൈലിക്ക് മാറ്റ് കൂട്ടാൻ സഹായിക്കുന്ന പ്രസന്റേഷനുകൾ ഒരുക്കുവാൻ സഹായിക്കുന്ന ഒരു പുതിയ സോഫ്റ്റ് വെയർ ആയ "പ്രെസി" ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ സോഫ്റ്റ് വെയർ കോണ്ട് രൂപപ്പെടുത്തുന്ന പ്രസന്റേഷനുകൾ കാഴ്ച്ചയിലും നിർമ്മിതിയിലും തികച്ചും വ്യത്യസ്തമായിരിക്കുന്നതോടൊപ്പം നിങ്ങളുടെ സ്രോതാക്കളോട് വളരെ എളുപ്പത്തിൽ സംവദിക്കുന്നതും ആയിരിക്കും എന്നതിൽ തർക്കമില്ല. വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർ, കോർപ്പറേറ്റ് മീറ്റിംഗുകളിൽ പ്രസന്റേഷനുകൾ അവതരിപ്പിക്കുന്നവർ, മാർഗ്ഗ നിർദ്ദേശ ക്ലാസ്സുകൾ എടുക്കുന്നവർ തുടങ്ങിയവർക്ക് വ്യത്യസ്തതയുള്ളതും പുതുമയുള്ളതുമായ പ്രസന്റേഷനുകൾ തയ്യാറാക്കാൻ ഈ സോഫ്റ്റ് വെയർ വളരെ അധികം ഉപകരിക്കും.

പ്രെസി സോഫ്റ്റ് വെയറിന്റെ എടുത്തു പറയത്തക്ക ചില സവിശേഷതകൾ ഇവയാണ്.

1. ഒരു വിർച്വൽ ക്യാൻവാസിൽ ലഭ്യമാക്കിയിരിക്കുന്ന സൂമിംഗ് യൂസർ ഇന്റർഫേസ്.

സാധാരണയായി ദ്വിമാന തലത്തിൽ ആണ് നാം പ്രസന്റേഷനുകൾ കാണുക. എന്നാൽ പ്രെസിയിൽ അത് ഒരു വിർച്വൽ ത്രിമാനതയിൽ ആയിരിക്കും. ചിത്രങ്ങളും വസ്തുതകളും അകത്തേക്കും പുറത്തേക്കും സൂം ചെയ്യാൻ സാധിക്കുന്നത് ഒരു പുതിയ കാഴ്ച്ചാ അനുഭവം പകർന്നു നല്കും. നിങ്ങൾ പറയാൻ ആഗ്രഹിക്കുന്ന കാര്യത്തിലൂടെ നിങ്ങളുടെ സ്രോതാക്കളേയും കൂട്ടി ഉള്ള ഒരു സഞ്ചാരം ആണ് പ്രെസി നമുക്ക് പ്രദാനം ചെയ്യുന്നത്.

2. നമ്മൾ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വളരെ എളുപ്പത്തിൽ കാഴ്ച്ചക്കാരെ ബോധ്യപ്പെടുത്താൻ പ്രെസിയിൽ തയ്യാറാക്കിയ പ്രസന്റേഷനുകൾക്ക് സാധിക്കുന്നു.

3. പ്രസന്റേഷനു തടസ്സം സൃഷ്ടിക്കാത്ത വിധത്തിൽ വീഡിയോകളും ചിത്രങ്ങളും ചേർത്ത് "കഥ പറച്ചിൽ" കൂടുതൽ ആകർഷകമാക്കാൻ സാധിക്കുന്നു.

4. ഒന്നിൽ കൂടുതൽ ആളുകൾക്ക് പലസ്ഥലങ്ങളിൽ ഇരുന്ന് ഒരു പ്രസന്റേഷൻ തയ്യാറാക്കാൻ ഉള്ള സൗകര്യം ഒരുക്കിയിട്ടുള്ളത് ഗ്രൂപ്പ് പ്രസന്റേഷനുകളെ വളരെ അധികം എളുപ്പമുള്ളതാക്കുന്നു.

5. പബ്ലിക്ക് ലൈബ്രറിയിൽ അനേകം ടെമ്പ്ലേറ്റുകൾ ലഭ്യമാക്കിയിരിക്കുന്നതിനാൽ തുടക്കക്കാർക്ക് പോലും അവ എഡിറ്റ് ചെയ്ത് വളരെ വേഗത്തിൽ സോഫ്റ്റ് വെയറിന്റെ ഉപയോഗ രിതികൾ സ്വായത്തമാക്കാൻ സാധിക്കുന്നു.

6. പല തരത്തിലുള്ള ആനിമേഷൻസും ട്രാൻസിഷൻസും അവതരണത്തെ കൂടുതൽ ആകർഷകമാക്കുന്നു .

7. തയ്യാറാക്കുന്ന പ്രസന്റേഷനുകൾ പി.ഡി.എഫ് ഫയലുകൾ ആക്കി മാറ്റാനും പ്രിന്റ്‌ എടുക്കാനും സാധിക്കുന്നു.

8. യൂ ട്യൂബിൽ നിന്ന് നേരിട്ട് വീഡിയോ നമ്മുടെ പ്രസന്റേഷനിൽ ചേർക്കുവാൻ സാധിക്കുന്നു.

9. നമ്മൾ തയ്യാറാക്കുന്ന ഓരോ പ്രസന്റേഷനും "ക്ലൗഡിൽ" സംരക്ഷിക്കപ്പെടുന്നതിനാൽ എവിടെ ഇരുന്ന് എപ്പോൾ വേണമെങ്കിലും എഡിറ്റ് ചെയ്യാനും ഉപയോഗിക്കാനും സാധിക്കുന്നു.

10. ഏറ്റവും പുതിയ ഫീച്ചറായ “പ്രെസി നെക്സ്റ്റ്” തുടക്കക്കാർക്ക് ഏറ്റവും എളുപ്പത്തിൽ പ്രെസന്റേഷനുകൾ തയ്യാറാക്കാൻ സാധിക്കുന്ന വിധത്തിൽ കൂടുതൽ ലളിതമായി നിരവധി ഡിസൈനർ ടെമ്പ്ലേറ്റുകളുടെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നു.

പല തരത്തിലാണ് ഈ സോഫ്റ്റ്വെയർ ലഭ്യമാക്കിയിരിക്കുന്നത്.

1. പ്രെസി ഫ്രീ: തികച്ചും സൗജന്യമായി പ്രെസി സോഫ്റ്റ് വെയർ ഉപയോഗിക്കാൻ ഉള്ള ഒരു മാർഗ്ഗമാണ് ഇത്. ഓരോ യുസറും പ്രെസി വെബ്സൈറ്റിൽ ഓണ്‍ലൈനായി പ്രസന്റേഷനുകൾ തയ്യാറാക്കുക. അതിനു ശേഷം പ്രസന്റേഷൻ ഡൗണ്‍ലോഡ് ചെയ്യുക. ഫ്ലാഷ് പ്ലെയർ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഏതൊരു കമ്പ്യുട്ടറിലും തയ്യാറാക്കിയ പ്രസന്റേഷൻ പ്രദർശിപ്പിക്കാവുന്നതാണ്. ഇങ്ങനെ പ്രദർശിപ്പിക്കുന്നതിന് ഇന്റർനെറ്റ് കണക്ഷൻ ആവശ്യമില്ല. നമ്മൾ നിർമ്മിക്കുന്ന ഓരോ പ്രസന്റേഷനുകളും പബ്ലിക് ആയിരിക്കും. അതായത് നിങ്ങളുടെ പ്രസന്റേഷനുകൾ മറ്റുള്ളവർക്ക് കാണുകയും എഡിറ്റ് ചെയ്ത് ഉപയോഗിക്കുകയും ചെയ്യാം. 100 എം ബി മാത്രമാണ് ഒരു അക്കൗണ്ടിനു ലഭ്യമാക്കിയിരിക്കുന്ന സ്റ്റോറേജ്. (പ്രെസി ഉപയോഗിക്കാൻ ഒരു യൂസർനെയിമും പാസ് വേർഡും നിര്ബന്ധമാണ്)

2. പ്രെസി Individual: നമ്മൾ തയ്യാറാക്കുന്ന പ്രസന്റേഷനുകൾ പ്രൈവറ്റ് ആയിരിക്കും എന്നതാണ് പ്രെസി ഫ്രീയിൽ നിന്നും ഇതിനുള്ള പ്രത്യേകത. കൂടുതൽ കസ്റ്റമർ സപ്പോർട്ട് ലഭിക്കുന്നു, 500 എം ബി സ്റ്റോരേജ് എന്നിവയാണ് മറ്റ് പ്രത്യേകതകൾ. അതിൽ തന്നെ സ്റ്റാൻഡേർഡ്, പ്ലസ് എന്നീ രണ്ട് ഓപ്ഷനുകൾ കൂടി ഉണ്ട്. സാധാരണ യൂസേഴ്സിനു വേണ്ടി പ്രെസി സ്റ്റാൻഡേർഡും എക്സ്പേർട്ട് യൂസേഴ്സിനു വേണ്ടി പ്രെസി പ്ലസും ആണ് പ്രസി തയ്യാറാക്കിയിരിക്കുന്നത്.

3. പ്രെസി പ്രൊ: മുകളിൽ പരഞ്ഞിരിക്കുന്ന സൗകര്യങ്ങളോടൊപ്പം സോഫ്റ്റ് വെയറിന്റെ ഒരു ഓഫ്‌ ലൈൻ പതിപ്പ് ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. കമ്പ്യുട്ടറിൽ ഇൻസ്റ്റാൾ ചെയ്ത് ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ നമ്മുടെ പ്രസന്റേഷനുകൾ തയ്യാറാക്കാൻ ഇതിലൂടെ സാധിക്കും. കൂടാതെ 2 ജി ബി സ്റ്റോറേജും ക്ലൗഡിൽ ലഭ്യമാക്കിയിരിക്കുന്നു. നിലവിൽ വിൻഡോസ് ഒ എസിനും മാക് ഒ എസിനും മാത്രമാണ് ഓഫ്‌ ലൈൻ പതിപ്പ് ലഭ്യമാക്കിയിരിക്കുന്നത്.

4. പ്രെസി ടീം: പ്രെസി പ്രോയിൽ നിന്ന് വ്യത്യസ്ഥമായി ഒന്നിലധികം വ്യക്തികൾക്ക് ഒരു ടീമായി പല സ്ഥലങ്ങളിൽ ഇരുന്ന് ഒരേ സമയം പ്രസന്റേഷനുകൾ തയ്യാറാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. കൂടുതൽ തീമുകളും മറ്റും ഇതിൽ ലഭ്യമാക്കിയിരിക്കുന്നു.

പ്രേസി Individual, പ്രെസി പ്രോ, പ്രെസി ടീം എന്നിവ ഉപയോഗിക്കാൻ നല്കേണ്ട തുക അറിയാൻ വെബ്സൈറ്റ് സന്ദർശിക്കുക. (www.prezi.com) (മുകളിൽ പരഞ്ഞതിന്റെ എല്ലാം 30 ദിവസ ട്രയൽ വേർഷൻ ലഭ്യമാണ്).

സ്വന്തമായി സ്കൂൾ കോളേജ് സ്കൂൾ മെയിൽ ഐഡി ഉള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി പ്രെസി എജ്യുക്കേഷൻ എന്ന പ്ലാനും ലഭ്യമാണ്. കൂടുതൽ ക്ലൗഡ് സ്റ്റോറേജ്, പ്രൈവറ്റ് പ്രെസന്റേഷനുകൾ എന്നിവയാണ് പ്രെസി എജ്യുക്കേഷന്റെ പ്രത്യേകതകൾ.

ഉപയോഗിക്കുന്ന വിധം.

പ്രസി വെബ്സൈറ്റിൽ ഒരു അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ലോഗിൻ ചെയ്യുക. അതിനു ശേഷം ന്യൂ പ്രെസി എന്ന വിൻഡോയിൽ ക്ലിക്ക് ചെയ്യുക. തിരഞ്ഞെടുത്ത ഒരു ടെമ്പ്ലേറ്റിൽ ചിത്രങ്ങളും, വീഡിയോകളും, വസ്തുതകളും ചേർത്ത് ആവശ്യമായ ട്രാൻസിഷനുകൾ നല്കി നിങ്ങളുടെ പ്രസന്റേഷൻ തയ്യാറാക്കുക. പ്രെസി സോഫ്റ്റ് വെയർ പരിചിതമായതിനു ശേഷം ടെമ്പ്ലേറ്റുകളെ ആശ്രയിക്കാതെ ആവശ്യമായ ബാക്ക് ഗ്രൗണ്ടും ട്രാൻസിഷനുകളും നല്കി മനോഹരവും വ്യത്യസ്തവുമായ പ്രസന്റേഷനുകൾ സ്വയം തയ്യാറാക്കാവുന്നതാണ്. തയ്യാറാക്കിയ പ്രസന്റേഷനെ "പോർട്ടബിൾ പ്രെസി" ആയി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഡൗണ്‍ലോഡ് ആയ ഫയലിനെ എക്സ്ട്രാക്റ്റ് ചെയ്ത ശേഷം ലഭിക്കുന്ന എക്സിക്യൂട്ടബിൾ ഫയലിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങൾ തയ്യാറാക്കിയ പ്രസന്റേഷൻ കാണാൻ സാധിക്കും. പ്രെസി ഓണ്‍ലൈനായി തയ്യാറാക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും നിങ്ങൾ ഉപയോഗിക്കുന്ന കമ്പ്യുട്ടറിൽ "അഡോബ് ഫ്ലാഷ് പ്ലേയറിന്റെ" ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.

2009 ൽ ആദാം സോമലയ് ഫിഷർ, പീറ്റർ ഹലാക്സി, പീറ്റർ അർവായ് എന്നിവർ ചേർന്നാണ് പ്രെസി എന്ന സോഫ്റ്റ് വെയർ രൂപപ്പെടുത്തുന്നത്. പരമ്പരാഗത ശൈലിയിൽ ഉള്ള പ്രസന്റേഷനുകളിൽ നിന്ന് വ്യത്യസ്തമായ പ്രസന്റേഷനുകൾ എന്ന ആശയവുമായാണ് പ്രെസി ജന്മം കൊള്ളുന്നത്. നിലവിൽ ഇംഗ്ലീഷ്,പോർട്ടുഗീസ്, സ്പാനിഷ്, കൊറിയൻ , ജാപ്പനീസ്, ജെർമ്മൻ , ഫ്രഞ്ച്, ഹംഗേറിയൻ എന്നീ ഭാഷകളിലാണ് പ്രെസി ലഭ്യമാക്കിയിരിക്കുന്നത്. വേൾഡ് എക്കോണമിക്ക് ഫോറം, പ്രശസ്തമായ "ടെഡ് ടോക്കുകൾ" എന്നിവയ്ക്ക് പ്രെസി സോഫ്റ്റ് വെയർ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

വിർച്വൽ ത്രിമാനതയിൽ ഉള്ള സൂം ട്രാന്സിഷനുകൾ കാഴ്ച്ചക്കാരിൽ തലവേദനയും കണ്ണുകൾക്ക് ആയാസവും സൃഷ്ടിക്കുന്നു, സോഫ്റ്റ് വെയറിന്റെ ഉപയോഗം സ്വായത്തമാക്കാൻ വളരെ സമയം ചിലവഴിക്കേണ്ടി വരുന്നു, വസ്തുതകളേക്കാൾ ശ്രദ്ധ ആനിമേഷൻസിലേക്ക് പോകുന്നു എന്നിവയൊക്കെയാണ് പ്രെസിക്ക് എതിരെ പ്രശസ്തരായ ചില അവതാരകർ ഉന്നയിച്ചിരിക്കുന്ന പ്രധാന വിമർശനങ്ങൾ. എന്നിരുന്നാലും ലോകത്ത് ആകമാനം 75 മില്യണ്‍ ആളുകളും 80 % പ്രമുഖ കമ്പനികളും പ്രെസി ഉപയോഗിക്കുന്നു എന്നാണ് പ്രെസി യുടെ അവകാശവാദം. ഫോറം, പ്രശസ്തമായ "ടെഡ് ടോക്കുകൾ" എന്നിവയ്ക്ക് പ്രെസി സോഫ്റ്റ് വെയർ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

മടുപ്പിക്കുന്ന പവർപോയിന്റ് പ്രെസന്റേഷനുകളിൽ നിന്നും നിങ്ങളുടെ ശ്രോതാക്കൾക്ക് മോചനം നൽകുവാൻ, വ്യത്വസ്തത ഉള്ള ഒരു അവതരണം പരീക്ഷിക്കുവാൻ, ക്ലാസ്സ് റൂമുകൾ കുറച്ചുകൂടി ഇന്ററാക്റ്റീവ് ആക്കുവാൻ പ്രെസി പരീക്ഷിച്ചു നോക്കുന്നത് തീർച്ചയായും മുതൽക്കൂട്ടായിരിക്കും.

ധാരളം ട്യൂട്ടോറിയലുകളും കൂടുതൽ അപ്ഡേറ്റ്സും പ്രെസി വെബ്സൈറ്റിൽ www.prezi.com ലഭ്യമാണ്. തുടക്കക്കാർക്കായി ധാരാളം യൂട്യൂബ് വീഡിയോകളും ലഭ്യമാണ്.

പ്രെസി ഉപയോഗിച്ച ശേഷമുള്ള നിങ്ങളുടെ നിരീക്ഷണങ്ങൾ പങ്കു വയ്ക്കുമല്ലോ!

(നിങ്ങൾ ആദ്യമായി പ്രെസി ഉപയോഗിക്കുന്നവർ ആണെങ്കിൽ പ്രെസി ക്ലാസ്സിക്കിനെ അപേക്ഷിച്ച് പ്രെസി നെക്സ്റ്റിൽ പരീക്ഷണം ആരംഭിക്കുന്നതായിരിക്കും താരതമ്യേന എളുപ്പം)

Show your support

Clapping shows how much you appreciated Sajan P Philip’s story.