Sensual is Sensitive

Sensitive എന്ന പദത്തിന് ലോലമായ, സൂക്ഷ്‌മസംവേദനക്ഷമതയുള്ള എന്നൊക്കെയാണ് അർഥം. പക്ഷെ sensitive news ന് തൊട്ടാൽ പൊള്ളുന്ന വാർത്ത എന്നാണ് പരിഭാഷ. ഒരു സംഭവം വാർത്തയാവാനുള്ള യോഗ്യത, ഇന്ന് അതിന്റെ sensitivity ആണ്.

പക്ഷെ, വാർത്താമാധ്യമം മറ്റെന്തിനേയും പോലെ ഒരു വ്യാപാരം ആണല്ലോ. കച്ചവടവത്കരിക്കപ്പെടുമ്പോൾ വാർത്തകൾ ലാഭനഷ്ടങ്ങൾ അനുസരിച്ച് മാത്രം പുറത്തു വിടേണ്ടതായി മാറുന്നു. ആദ്യകാലങ്ങളിലെ ഒരു പ്രവണത കാശുകാർക്കെതിരെ വാർത്ത കൊടുക്കാതിരിക്കുക എന്നതായിരുന്നു. പരസ്യങ്ങൾ ആണല്ലോ പത്രത്തിന്റെ ആയാലും ചാനലിന്റെ ആയാലും വരുമാന മാർഗം. വൻകിട ബിസിനസ്സുകാരെ ബാധിക്കുന്ന വാർത്തകൾ, അത് എത്ര സെൻസിറ്റീവ് ആയാലും ശരി, പുറത്തു വിടാതിരിക്കുക.

എന്നാൽ സോഷ്യൽ മീഡിയ കാലത്ത് വാർത്തകൾ കുഴിച്ചുമൂടാൻ പറ്റാതെ വന്നു. ജീവനോടെ അടക്കി എന്ന് കരുതി പല വാർത്തകളും പ്രേതമായി തിരിച്ചെത്തി വാർത്താസ്ഥാപനത്തിന്റെ വിശ്വാസ്യതയെ പ്രതിരോധത്തിൽ ആക്കാൻ തുടങ്ങിയപ്പോൾ മാധ്യമങ്ങൾ കുറേക്കൂടി സത്യസന്ധമായി എന്ന് പറയാം. പക്ഷെ ആത്യന്തികമായി ഇതിലെ കച്ചവടം ലാഭകരം ആയിരിക്കണമല്ലോ. അങ്ങനെ റേറ്റിംഗിൽ മുന്നിലെത്താൻ വേണ്ടി വാർത്തകളുടെ സ്വഭാവത്തിലും അവതരണത്തിലും മാറ്റങ്ങൾ ഉണ്ടായി.

രാത്രികളെ രോമാഞ്ചപ്പെടുത്താൻ പണ്ട് എ.സി.വി.യിൽ വന്നുകൊണ്ടിരുന്ന ഇക്കിളിചിത്രങ്ങളുടെയും, എഫ്.ടി.വി.യിലെ കുറെ കൂടി തുടുത്ത midnite haut-ന്റെയും സ്ഥാനം ഇന്ന് മലയാളത്തിലെ വാർത്താ ചാനലുകൾക്കാണ്. ഏറ്റവും എളുപ്പം ക്യാപിറ്റലൈസ്‌ ചെയ്യാൻ സാധിക്കുന്ന ചരക്ക് ലൈംഗികത തന്നെ.

വാർത്താ പ്രേക്ഷകരിൽ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന വലിയൊരു കൂട്ടം ഉണ്ടെന്നു മനസ്സിലാക്കിയാണ് ‘മംഗളം’ പോലെ ഒരു അതികായൻ, മന്ത്രിയുടെ ഫോൺ സെക്സ് റിക്കാർഡ് ചെയ്തു പുറത്തു വിടുന്നത്. ഈ പ്രായത്തിലും ചക്കരേ, എന്റെ പൂച്ചക്കുട്ടീ എന്നൊക്കെ ശൃംഗരിക്കാനുള്ള അദ്ദേഹത്തിന്റെ ചുറുചുറുക്കിനെ അംഗീകരിക്കുന്നതിന് പകരം, കപടസദാചാരത്തിമിരം ബാധിച്ച സമൂഹം അയാളെ രാജിവെപ്പിച്ചു. മന്ത്രിക്കെതിരെ വന്ന ആരോപണം ഈ പ്രണയസംഭാഷണം മാത്രമായിരുന്നു എന്നോർക്കുക. അഴിമതിയോ അധികാരദുർവിനിയോഗമോ ഉണ്ടായിരുന്നില്ല.

സ്വതന്ത്രവും ഉത്തരവാദിത്തപരവും ആയിട്ടുള്ള പത്രപ്രവർത്തനത്തിനു ആദ്യകാലങ്ങളിൽ തടസ്സം ഭരണകൂടത്തിന്റെ സെൻസറിങ് ആയിരുന്നു. പിന്നീട്, പരസ്യവരുമാനത്തിലൂടെ തങ്ങളെ താങ്ങിനിർത്തുന്ന മൂലധനശക്തികളുടെ താല്പര്യം വിഘാതമായി. ഇപ്പോഴാകട്ടെ പ്രേക്ഷകരിലെ ഭൂരിഭാഗമായ മധ്യവർഗത്തിന്റെ (ബൂർഷ്വാസി തന്നെ) കല്പനകളെ തൃപ്തിപ്പെടുത്തുക എന്നുള്ളത് നിർണ്ണായകമായി.

ഈ മധ്യവർഗ്ഗത്തിന്റെ കാമനകളുടെ ബലഹീനതയെ ഉന്നം വെച്ച് തന്നെയാണ് വാർത്താ ചാനലിൽ ഈയിടെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ മുസ്‌ലി പവർ എക്സ്ട്രയുടെ പരസ്യം എന്നുകൂടി പറയാതെ വയ്യ.

One clap, two clap, three clap, forty?

By clapping more or less, you can signal to us which stories really stand out.