കണിക്കൊന്ന

എന്റെ വീട്ടിൽ ഒരു കണിക്കൊന്ന മരം ഉണ്ട്.ഞാൻ നട്ടതാണ്. അന്ന് ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുകയാണ്. വിഷുവിനു കണി വെക്കുവാനായി ഞാൻ കൊന്നപ്പൂ പറിക്കുവാനായി പോയി. ഒരു സഞ്ചി നിറയെ പൂവുമായി തിരികെ വരുന്ന വഴി, എന്റെ കൂട്ടുകാർ കളിക്കുന്നത് കണ്ടു. ഞാനും അവരോടൊപ്പം കൂടി. കളിച്ചു തിമർക്കുന്നതിനിടയിൽ സമയം വൈകിക്കൊണ്ടിരിക്കുന്നത് ഞാൻ അറിഞ്ഞില്ല. എന്നെ കാണാതെ പാവം എന്റെ അമ്മ വിഷമിച്ചു. ആണായിട്ടും പെണ്ണായിട്ടും ഞാൻ ഒരാളല്ലേ അമ്മയ്ക്കുള്ളൂ. അമ്മ എന്നെ അന്വേഷിച്ചിറങ്ങി. എന്നെ കണ്ടെത്തിയപ്പോഴാകട്ടെ, എനിക്ക് നല്ല തല്ലും കിട്ടി. കുറെയധികം വഴക്കും പറഞ്ഞു. അങ്ങനെ തല്ലും വാങ്ങി മുഖമൊക്കെ വീർപ്പിച്ച് ചിണുങ്ങിക്കൊണ്ട് ഞാൻ അമ്മയുടെ കൂടെ നടന്നു.

വീട്ടിലെത്തിയപ്പോഴും ഞാൻ അമ്മയോടു മിണ്ടിയില്ല.

" അയ്യേ... ഇങ്ങനെ ചീത്ത കുട്ടിയായിട്ടാണോ നീ കണ്ണന് കണി വെക്കുന്നേ..? കണ്ണന് സങ്കടാവൂല്ലേ..? ചിരിച്ച് നല്ല കുട്ടിയായിട്ട് ഇരുന്നേ... “

പക്ഷെ ഞാൻ പിണക്കമൊന്നും മാറ്റിയില്ല. മിണ്ടാതെ ചിണുങ്ങി ചിണുങ്ങി ഞാൻ ഇരുന്നു.അമ്മയാകട്ടെ എന്നെ എടുത്തു കൊണ്ട് പോയി മുറ്റത്തു നിറുത്തി കുളിപ്പിച്ച് കഴുകി വൃത്തിയാക്കിയെടുത്തു.അമ്മ തല തു കർത്തി തരുമ്പോഴും നല്ല വൃത്തിയുള്ള വസ്ത്രം ധരിപ്പിക്കുമ്പോഴും നെറ്റിയിൽ ഭസ്മം തൊട്ടു തരുമ്പോഴും ഒക്കെ ഞാൻ കെറുവിച്ച് ഇരുന്നു.

"ഒന്നു ചിരിക്കെടോ...കുഞ്ഞാപ്പൂ.. നമുക്ക് പൂത്തിരി കത്തിക്കണ്ടേ..?”

അമ്മ അത് പറഞ്ഞപ്പോൾ എന്റെ മുഖം തെളിഞ്ഞു.

"ആഹാ... കുഞ്ഞാപ്പൂന്റെ മുഖത്ത് പൂത്തിരി തെളിഞ്ഞല്ലോ?”

ഞാൻ എന്റെ അമ്മയെ കെട്ടിപ്പിടിച്ചു.അമ്മ എന്നെ കോരിയെടുത്ത് വീടിനു വാതിൽക്കൽ ഇരുത്തി. എനിക്ക് കുറെ പൂത്തിരിയും വർണ തീപ്പെട്ടികളും ഒക്കെ എടുത്തു തന്നു.

ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ വീട്ടിൽ വാങ്ങിയിരുന്നില്ല. അമ്മയും ഞാനും കൂടിയാണ് ചന്തയിലെ രാമൻ ചേട്ടന്റെ കടയിൽ നിന്ന് പടക്കം വാങ്ങിയത്. ഞാൻ ഓലപ്പടക്കവും പാളിപ്പടക്കങ്ങളും ഒക്കെ വാരിയെടുത്തപ്പോൾ അമ്മ ചിരിച്ചുകൊണ്ട് അവയൊക്കെ തിരികെ വെപ്പിച്ചു.

" വേണ്ട... മോനെ... അമ്മയ്ക്ക് പേടിയാ…”

അമ്മയ്ക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് ഞാൻ നിർബന്ധം’ പിടിച്ചില്ല. അന്ന് ഞാൻ ഒത്തിരി സന്തോഷത്തോടെ അമ്മ വാങ്ങിത്തന്ന പൂത്തിരികളും മത്താപ്പൂവുമൊക്കെ കത്തിച്ചു. അവയെല്ലാം നോക്കി സന്തോഷത്തോടെ എന്റെ അമ്മയും അവിടെ ഇരുന്നു.

പടക്കങ്ങളൊക്കെ തീർന്നു കഴിഞ്ഞ് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അമ്മ അവിടെ ഇല്ലായിരുന്നു. അകത്തു ചെന്ന് നോക്കിയപ്പോൾ,അമ്മ കൃഷ്ണന്റെ വിഗ്രഹം ഭസ്മം ഇട്ടു തുടച്ചു വൃത്തിയാക്കുകയാണ്.

"ആഹാ... കുഞ്ഞാപ്പൂന്റെ പടക്കങ്ങളൊക്കെ തീർന്നോ? നമുക്ക് കണി വെക്കണ്ടേ... കൊന്നപ്പൂ എടുത്ത് കൊണ്ട് വാ…”

ഞാൻ ഓടിച്ചെന്ന് മുറിയിൽ നിന്ന് കൊന്നപ്പൂ നിറച്ച സഞ്ചി എടുത്തു കൊണ്ട് വന്നു.

അമ്മ ഭക്തിപൂർവ്വം അതു വാങ്ങി വെള്ളം തളിച്ചു ശുദ്ധം വരുത്തി.കൃഷ്ണന്റെ വിഗ്രഹത്തിനു മുമ്പിൽ ചെറിയ ഒരു ഉരുളി വെച്ച്, അമ്മ അതിൽ അരി നിറച്ചു.പിന്നെ ഞങ്ങളുടെ വീട്ടിൽ ഉണ്ടായ മൂവാണ്ടൻ മാങ്ങകൾ വച്ചു.അതിനു ശേഷം അലക്കിത്തേച്ച ഒരു കസവു മുണ്ടും, അതിനു മുകളിൽ അമ്മയുടെ കമ്മലുകൾ കഴുകി വൃത്തിയാക്കി വച്ചു.അമ്മയ്ക്കു സ്വർണമായിട്ട് ആ കമ്മലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ അമ്മയുടെ മുഖത്ത് നല്ല ദൈവാധീനമുണ്ട്. കമ്മലുകൾ ഊരിക്കഴിഞ്ഞപ്പോൾ അമ്മയുടെ ചെവികളിൽ സുഷിരങ്ങൾ തെളിഞ്ഞു കണ്ടു.അത് കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു.അമ്മയ്ക്ക് നോവൂല്ലേ…

ഞാൻ അമ്മയുടെ വലത്തേ കാതിൽ പതുക്കെ തൊട്ടു.

"മ്മ്... എന്താ കുഞ്ഞാപ്പുവേ... മോൻ ചെന്ന് രാമായണവും മഹാഭാരതവും എടുത്തു കൊണ്ട് വാ…”

ഞാൻ വേഗം പോയി രണ്ടു പുസ്തകങ്ങളും എടുത്തു കൊണ്ട് വന്നു. അമ്മ അവ രണ്ടും കണ്ണനു മുമ്പിലായി പുസ്തക പീഠത്തിൽ വച്ചു.

" അപ്പോ ... ഇന്ന് നമ്മൾ വായിക്കുന്നില്ലേ അമ്മേ..?”

"ഇന്ന് ഇത് കണ്ണന്റെ അടുത്ത് ഇരിക്കട്ടെ... നമുക്ക് നാളെ വായിക്കാം... “

എല്ലാ ദിവസവും രാത്രി കഞ്ഞി കുടിക്കുന്നതിനു മുമ്പ് ഞാനും അമ്മയും രാമായണവും മഹാഭാരതവും വയിക്കും. എഴുത്തച്ഛന്റെ കിളിപ്പാട്ട് പുസ്തകങ്ങളാണ് വീട്ടിൽ ഉണ്ടായിരുന്നത്. ആദ്യം ഞാൻ തപ്പിത്തടഞ്ഞു വായിക്കും. പിന്നെ അമ്മ വായിച്ചു തരും. എന്നിട്ട് കഥയും അർത്ഥവും പറഞ്ഞു തരും. എനിക്ക് അത് ഒത്തിരി ഇഷ്ടമായിരുന്നു.

ഞാൻ അമ്മയെത്തന്നെ നോക്കിയിരുന്നു. അമ്മ കൊന്നപ്പൂവെടുത്ത് ഉരുളിയിലും കണ്ണന്റെ പാദങ്ങിലും വച്ചു. പിന്നെ നിലവിളക്കിൽ അഞ്ച് തിരികളിട്ട് എണ്ണയൊഴിച്ചു.

"ഇനി നമുക്ക് കഞ്ഞി കുടിക്കാം. വാ... മോനേ…”

അന്ന് രാത്രി കിടക്കുന്നതിനു മുമ്പ് യശോദാമ്മയുടേയും കണ്ണന്റെയും കഥയാണ് അമ്മ പറഞ്ഞത്. മനം നിറയുന്ന സ്നേഹം തുളുമ്പുന്ന കഥ. ഭാഗവതത്തിലെ കഥയാണ്. ഞങ്ങളുടെ വീട്ടിൽ ഭാഗവതം ഇല്ലായിരുന്നു. പക്ഷെ കണ്ണന്റെ കഥകളെല്ലാം അമ്മ എനിക്ക് പറഞ്ഞു തരുമായിരുന്നു. അന്നും പതിവുപോലെ ഞാൻ അമ്മയോട് ചേർന്നു കിടന്നു.അമ്മയുടെ കണ്ണുകൾ നിറഞ്ഞ് തുള്ളികൾ എന്റെ മുഖത്തു വീണു. എനിക്ക് സങ്കടം വന്നു.

"എന്തിനാ... അമ്മ കരയുന്നേ..?”

അമ്മ ഒന്നും മിണ്ടിയില്ല. അന്ന് ഉറക്കം വരാതെ ഞാൻ കുറെ നേരം കിടന്നു.പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി.

"അപ്പു... എണീക്ക് മോനേ... കണ്ണ് തുറക്കല്ലേ... കണി കാണണ്ടേ... വാ…”

അമ്മ എന്റെ കണ്ണുകൾ പൊത്തിപ്പിടിച്ചു. ഉറക്കച്ചടവോടെ, മനസില്ലാ മനസ്സോടെ ഞാൻ എഴുന്നേറ്റു.അമ്മ എന്നെ പതിയെ നടത്തി, കണ്ണന്റെ അടുത്ത് കൊണ്ടുചെന്ന്‌ എന്റെ കണ്ണുകളിൽ നിന്ന് കൈകൾ മാറ്റി.

കണ്ണന്റെ ഐശ്വര്യം എനിക്കു മുമ്പിൽ നിറഞ്ഞു നിന്നു.

ഇരുട്ടിൽ നിന്ന് അമ്മ എന്നെ വെളിച്ചത്തിലേയ്ക്ക് കൈപിടിച്ചു നടത്തി. ഞാൻ കൂപ്പുകൈകളോടെ കണ്ണനു മുമ്പിൽ നിന്നു.

"ഇനിയെന്റെ അപ്പൂന് കൈനീട്ടം വേണ്ടേ…”

അമ്മ എന്റെ കൈയ്യിൽ ഒരു നാണയത്തുട്ട് വച്ചു. ഞാൻ അത് ഭവ്യതയോടെ വാങ്ങി അമ്മയുടെ കാല് തൊട്ടു വന്ദിച്ചു.അമ്മ എന്റെ നെറ്റിയിൽ മുത്തം തന്നു.

"ഇനി നമുക്ക് ഒരു കാര്യം ചെയ്യാനുണ്ട്... “.

അമ്മ എന്നെയും കൂട്ടി മുറ്റത്തിറങ്ങി. നേരം വെളുത്ത് വരുന്നതേയുള്ളൂ. എന്നെ അവിടെ നിറുത്തി അമ്മ അടുക്കള ഭാഗത്തേക്ക് പോയി. തിരികെ വന്നപ്പോൾ അമ്മയുടെ കൈയ്യിൽ ഒരു കൊന്നത്തൈ ഉണ്ടായിരുന്നു.

"നമുക്ക് ഇതു നട്ടു വളർത്താം. അപ്പോൾ നമ്മുടെ വീട്ടിലും കൊന്നപ്പൂ ഉണ്ടാകും.പിന്നെ അമ്മേടെ കുഞ്ഞാപ്പു പുറത്തു പോയി പൂവ് പറിക്കേണ്ടി വരില്ല... ഇന്നലെ മോനെ കാണാതായപ്പോൾ അമ്മ പേടിച്ചുപോയി... അതുകൊണ്ടാ അമ്മ മോനെ തല്ലിയത്. അമ്മയ്ക്കു മോൻ മാത്രമേ ഉള്ളൂ... അമ്മയ്ക്കു പേടിയാണ്. മോൻ എന്നും അമ്മയുടെ കൂടെയുണ്ടാകണം.”

ഞാൻ അമ്മയെ കെട്ടിപ്പിടിച്ചു.

"അമ്മ തല്ലിയപ്പോൾ മോന് നൊന്തോ..?”

" ഇല്ലമ്മേ ... “

അമ്മ എന്റെ കവിളിൽ കുറെ ഉമ്മ വെച്ചു.

പിന്നെ ഞാനും അമ്മയും കൂടി വീട്ടുവാതുക്കൽ ആ കൊന്നത്തൈ നട്ടു.

എന്നിട്ട് അമ്മ എന്നോട് പറഞ്ഞു .

"അപ്പൂ... ഈ നാട്ടില് വിഷുവൊന്നും ആഘോഷിക്കുവാൻ പറ്റാത്ത കുറേ ആളുകളുണ്ട്. ആരോരുമില്ലാത്തവർ... അവർക്ക് കൈനീട്ടം കിട്ടാറില്ല ... വയറു നിറച്ച് ഭക്ഷണം പോലും കിട്ടാത്തവർ... അവർ കണി വെക്കാറില്ല ... പടക്കം പൊട്ടിക്കാറില്ല ... ജീവിക്കുവാൻ വഴികാണാതെ വട്ടം തിരിയുന്ന കുറെ മനുഷ്യർ... ആർക്കും വേണ്ടാത്തവർ... മനുഷ്യരെപ്പോലെ കുറെ പക്ഷികളും മൃഗങ്ങളുമൊക്കെ വല്ലാതെ വിഷമിക്കുന്നുണ്ട്... അവരെപ്പറ്റി നമുക്കെന്നും ഓർമയുണ്ടാകണം... നമ്മളാൽ കഴിയുന്നതൊക്കെ അവർക്കു വേണ്ടി ചെയ്യണം..."

അന്ന് അമ്മ എന്റെ മനസ്സിലും ഒരു തൈയ് നട്ടു. നന്മയുടെ... സ്നേഹത്തിന്റെ... ദയവിന്റെ പൂക്കൾ വിരിയുവാനുള്ള ഒരു കുഞ്ഞു കൊന്നമരം.

…………………………….. പിന്നീടങ്ങോട്ട് വായന പൂർത്തിയാക്കുവാൻ അമ്മയ്ക്കു കഴിഞ്ഞില്ല. മകൻ അവസാനമായി എഴുതിയ ആ പുസ്തകം നെഞ്ചോടു ചേർത്തു പിടിച്ച് അമ്മ കരഞ്ഞു. അപ്പോഴും മനസ്സിലേയ്ക്ക് വന്നത് അവന്റെ വരികളാണ്.

"കരയല്ലേ... തുമ്പപ്പൂവേ... ഈ കണ്ണുനീർ കാണുവാൻ വയ്യെനിക്ക്‌…”

ജീവിച്ചിരുന്നുവെങ്കിൽ ഇന്ന് അവന്റെ മുപ്പതാമത്തെ പിറന്നാളാണ്. മകന്റെ വേർപാടിനുശേഷം അവന്റെ പുസ്തകങ്ങളും ഓർമകളുമായിരുന്നു അമ്മയ്ക്ക് കൂട്ട്. നന്മ നിറഞ്ഞ മനുഷ്യ സ്നേഹിയായ എഴുത്തുകാരൻ. എല്ലാവർക്കും അവന്റെ കൃതികളെപ്പറ്റി നല്ലതു മാത്രമാണ് പറയുവാനുള്ളത്.

"എന്റെ കുട്ടി ഒന്നും മറന്നില്ല... ഒന്നും… എന്തിനാ കണ്ണാ, എന്നെ ഇവിടെ നിറുത്തിയിട്ട് അവനെ നേരത്തേയങ്ങ് കൊണ്ടു പോയത്..?

പാവമായിരുന്നില്ലേ യെന്റെ കുട്ടി....

അവനില്ലാതെ ഈ വീട്ടിൽ എനിക്ക് വയ്യ, എന്റെ ഭഗവാനേ... “

അമ്മയുടെ കൈയ്യിലിരുന്ന പുസ്തകം കണ്ണുനീരിൽ കുതിർന്നു. അവിടെ ഏകാന്തതയുടെ ഇരുട്ട് കുമിഞ്ഞു നിന്നു. ഇടനെഞ്ചിൽ കനത്തു വന്ന ഭാരം വരണ്ട തൊണ്ടയിലൂടെ കയ്പുരസമായി അമ്മയുടെ നാവിൽ കിനിഞ്ഞു.

വിറക്കുന്ന ശരീരവുമായി അമ്മ പതിയെ എഴുന്നേറ്റു. വേച്ചു വേച്ച് ഉമ്മറ വാതിൽ കടന്ന്, മൂന്നു പടികളും ഇറങ്ങി, സാവധാനം നടന്ന് ഒരു കൊന്നമരത്തിനടുത്ത് ചെന്നു നിന്നു. കാലം തെറ്റിപ്പൂത്ത ആ കണിക്കൊന്ന തീവ്രമായ ഏതോ ദു:ഖത്താൽ ശാഖകൾ കുമ്പിട്ടു നിന്നു. നിമിഷങ്ങൾ നിശ്ചലമായി. കൊന്നമരത്തിനും അമ്മയ്ക്കും ഇടയിൽ ഭാഷ തന്റെ ഉണ്മയെ നഷ്ടപ്പെട്ട് വേദനിച്ചു നിന്നു. അമ്മ മെല്ലെ കൊന്നയെ തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു. ആ നിമിഷത്തിനായി കാത്തിരുന്ന കൊന്നപൂക്കൾ അമ്മയിലേക്കു ലയിച്ചു ജന്മം സഫലമാക്കി. അപ്പോൾ ആ ശ്രീകോവിലിലെ ദർശനത്തിനായി, മോക്ഷം തേടി ഒരു മഴ എങ്ങുനിന്നോ ഭവ്യതയോടെ വന്നു ചേർന്നു. ഈ സമയം ആ വീട്ടിനുള്ളിൽ ഒരമ്മ തന്റെ കുഞ്ഞു മകനെ വാത്സല്യത്തോടെ വിളിച്ചു. അമ്മയോടു പിണങ്ങി മുഖം വീർപ്പിച്ചിരുന്ന ഒരു കുറുമ്പൻ കുട്ടി വിളി കേൾക്കാതെ മിണ്ടാതെയിരുന്നു. അതിനും മുൻപ്…മകനെ അന്വേഷിച്ച്, ഒരമ്മ വീടുവിട്ടിറങ്ങി.

വിഷ്ണു പ്രദീപ്

One clap, two clap, three clap, forty?

By clapping more or less, you can signal to us which stories really stand out.