നമ്മൾ പണ്ടേ സൂഫികളായിരുന്നു..

നമ്മൾ പണ്ടേ സൂഫികളായിരുന്നു..
ഉലകത്തിലാകെ വട്ടം കറങ്ങി- 
നടക്കാൻ കൊതിച്ച ദെർവിഷുകൾ..

അന്ന് പാടവരമ്പത്തൂടെ നാം 
ഒറ്റവരിയായി പോകുമ്പോൾ
പല വരികളായ് പെയ്ത മഴയ്ക്ക്
റൂമിയുടെ വാക്കുകളുടെ താളമായിരുന്നു…
അന്നാണ് ഞാൻ നിന്റെ
ദെർവിഷ് കറക്കം ആദ്യമായി കണ്ടത്.
സ്വയം വട്ടം കറങ്ങി,
കുട വട്ടം കറക്കി,
മഴത്തുള്ളികളെ വട്ടത്തിൽ ചുഴറ്റിയെറിഞ്ഞ്
നമ്മുടെ സൂഫി ചുവടുകൾ…

നമുക്ക് പ്രണയമായിരുന്നു…
വിശന്ന് പൊരിഞ്ഞ് താണ്ടാറുള്ള,
വഴികൾ മാത്രമുള്ള, ലക്ഷ്യമില്ലാത്ത
ഉന്മാദയാത്രകളോട്…
കാടിന്റെ വന്യതയോട്…
കാട്ടാറിന്റെ ഖവ്വാലികളോട്…
കടലിന്റെ വിശാലതയോട്…
തിരകളുടെ ഗസലുകളോട്…
വേനൽ കാറ്റിൽ
വട്ടം ചുറ്റി കൊഴിഞ്ഞ് പറന്ന് വീണ
ഇത്തിരിപ്പൂക്കളുടെ
ചെറു ദെർവിഷ് ചുവടുകളോട്…

പ്രണയത്തിന്റെ വട്ടം ചുറ്റലിൽ
ലോകം കൂടെ ചുറ്റുമെന്ന് 
നാം മാത്രമാണ് കരുതിയത്…
നീയും ഞാനും ഉന്മാദത്തിൽ 
തലചുറ്റിവീണിരുന്നു…
ലോകമപ്പോഴും കൂടെ കറങ്ങുന്നുവെന്ന്
തോന്നി നമ്മൾക്ക്..
പക്ഷെ നമ്മൾ മാത്രമായിരുന്നു
പ്രണയത്തിന്റെ ഭ്രമര ഭ്രമണത്തിൽ…
ലോകം നിശ്ചലമായിരുന്നു…

അതെ
നമ്മൾ പണ്ടേ സൂഫികളായിരുന്നു..
പ്രണയത്തിലാകെ വട്ടം കറങ്ങി- 
നടക്കാൻ കൊതിച്ച ദെർവിഷുകൾ.. 
( വയനാട് എന്‍.എം.എസ്.എം കോളേജിലെ മാസ്‌കോം വിദ്യാര്‍ത്ഥിയാണ്‌ മുഹമ്മദ് )

One clap, two clap, three clap, forty?

By clapping more or less, you can signal to us which stories really stand out.