പെയ്തുതീരാത്ത ഓർമകൾ

തിമിർത്തു പെയ്യുന്ന മഴയുടെ രാക്ഷസക്കൈകൾ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി. മറവിയാകുന്ന തടവറയിൽ പൂട്ടിയിട്ട ഓർമകളെ പുറത്തേക്ക് വലിച്ചിട്ടു. ഏതോ ഭൂതമണ്ഡലത്തിലേക്കുള്ള വഴിയിലേക്ക് അവയെന്നെ വലിച്ചു കൊണ്ടു പോയി.

കത്തിക്കരിഞ്ഞ താളുകൾ. ഓർമയുടെ ഓളങ്ങൾക്ക് ചീഞ്ഞലിഞ്ഞ ഗന്ധം. മഴ വീണ്ടും പെയ്യുകയാണ്. അതിശക്തമായി. നഷ്‌ടപ്പെട്ട തുടക്കത്തിൻറെ നൈരാശ്യം മുഖത്ത് നിഴലിച്ചു. കൂടെയുണ്ടായിരുന്ന ചിത്രശലഭങ്ങൾ ചിറകു വെച്ച് പറന്നു പോയതിന്റെ മ്ലാനത കണ്ണുകളിൽ പ്രതിഫലിച്ചു. സൂര്യൻ കുളിക്കാനിറങ്ങും മുമ്പ് ആകാശത്ത് പാറിക്കളിക്കുന്ന തുമ്പികളുടെ കൂടെക്കൂടാൻ വല്ലാത്ത മോഹം. സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ മൊട്ടിട്ടിട്ടും മാങ്ങ തിന്നുന്ന അണ്ണാറക്കണ്ണനെയും പൂന്തോട്ടത്തിലെ പൂക്കളെയും തേൻ കുടിക്കുന്ന പൂമ്പാറ്റകളെയും നോക്കി നിൽക്കേണ്ട അവസ്ഥ. മുന്നേ നടന്നവരുടെ കാൽപ്പാടുകൾ വീണ്ടെടുക്കാൻ കഴിഞ്ഞതുമില്ല. കാലത്തിന്റെ ഇരുണ്ട തീരത്തിലൂടെ വഴിയറിയാതെ ഞാനലഞ്ഞു. ആരോരും കൂട്ടിനില്ലാതെ. കടൽ തിരമാലകളോടും മഞ്ഞുമേഘങ്ങളോടും സല്ലപിച്ചു ഞാനൊറ്റക്കല്ല എന്നുറപ്പു വരുത്തി.

എത്ര കിടന്നിട്ടും ഉറക്കം വന്നതേയില്ല. ജനലിന്റെ ഇരുമ്പഴികൾക്ക്‌ പുറത്ത് തിമിർത്തു പെയ്യുന്ന മഴയുടെ തണുത്ത തുള്ളികൾ മുഖത്തേക്കെത്തിനോക്കി. ഞാൻ മൂടിപ്പുതച്ചു ഭദ്രമായി കിടന്നു. ആ തണുപ്പിനെ ഞാൻ വല്ലാതെ വെറുത്തു പോയി. എങ്കിലും ഇരുചെവിയിലേക്കും ഊർന്നിറങ്ങുന്ന ചുടുകണ്ണീരിനു യാതൊരു കുറവുമില്ല. അകലെ ഏതോ രാക്കുയിൽ ശോകഗാനം മൂളുന്നു. ആ രാക്കുയിലും ഒരു പക്ഷേ…

ഉറക്കം വരാതെ എന്റെ ചുണ്ടുകൾ മെല്ലെ ചലിച്ചു. രാക്കുയിൽ പാടിയ അതേ ഗീതം. അതു കേട്ട മന്ദമാരുതൻ എന്നെ തേടിയെത്തി. ജനലഴിയിലൂടെ ഒളിഞ്ഞു നോക്കി. അപ്പോഴും എന്റെ ചുണ്ടുകൾ നിർത്താതെ ചലിച്ചുകൊണ്ടിരുന്നു. അതു കണ്ട രാക്കുയിൽ പാട്ടു നിർത്തി. മന്ദമാരുതൻ എന്നെ തഴുകിത്തലോടി ഉറക്കുന്നത് പാതിയുറക്കത്തിൽ ഞാനറിഞ്ഞു.

ഞാനൊറ്റക്ക് തിരമാളകളെണ്ണി നിൽക്കുന്ന സായാഹ്നങ്ങളിൽ മന്ദമാരുതൻ എന്നെ തേടിയെത്തി. ഒരു കൂട്ടം കഥകളുമായി. ഇരുണ്ട രാത്രികളിൽ വഴിയറിയാതെ തപ്പിത്തടഞ്ഞപ്പോൾ മന്ദമാരുതൻ കൈപിടിച്ചു നടത്തി.. നിഷ്കളങ്കമായി സ്നേഹിക്കാനല്ലാതെ എനിക്കൊന്നുമറിയില്ല. ഒരു നന്ദിവാക്കു പോലും. ഒരുപാട് നിഷ്ഫലമായ ശ്രമങ്ങൾ…

ഞാനെന്തേ ഇങ്ങനെ ഒരു വാക്കു പോലും പറയാതെ എന്ന് തെറ്റിദ്ധരിച്ചു കാണുമോ ആവോ? ആർക്കറിയാം !!..