smartwomen
JUSTICEFORANUPAMASCHILD
1 min readNov 20, 2021

--

JUSTICE FORANUPAMA’SCHILD

T.K. Vinodan

അനുപമ നടത്തുന്ന ന്യായമായ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന ഏതാനും സാമൂഹ്യ പ്രവർത്തകരുടെ ഒരു പ്രസ്താവന Brp Bhaskar എഫ്ബിയിൽ ഷെയർ ചെയ്തതു കണ്ടു. ആ പോസ്റ്റിനു താഴെ വന്ന നിരവധി കമൻ്റുകൾ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. പ്രേമിക്കാനും ഗർഭം ധരിക്കാനും പ്രസവിക്കാനും പ്രസവിക്കുന്ന കുട്ടിയെ വളർത്താനുമുള്ള ഒരു സ്ത്രീയുടെ അവകാശത്തെ വെല്ലുവിളിക്കുകയാണ് പലരും. ധാർമ്മികരോഷംകൊണ്ട് കണ്ണു കാണാൻ കഴിയുന്നില്ല മിക്കവർക്കും. ഏറ്റവും രൂക്ഷമായ ആക്രമണം നടത്തുന്നവരുടെ കൂട്ടത്തിൽ, വർഷങ്ങൾക്കു മുമ്പ് കേരള സർവകലാശാല സെനറ്റിൽ എസ്.എഫ്.ഐ പ്രതിനിധിയായിരുന്ന ഒരാളെയും കണ്ടു. വിദ്യാർത്ഥിയായിരുന്ന കാലത്ത് പേരിനോടൊപ്പം ഇല്ലാതിരുന്ന കാരണവർ എന്നൊരു surname എഫ്ബിയിൽ അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.

ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാൻ ഒരു വ്യക്തിക്ക് പൂർണമായ സ്വാതന്ത്ര്യം നമ്മുടെ ജനാധിപത്യ വ്യവസ്ഥയിയിലുണ്ട് എന്ന വസ്തുത, അനുപമയുടെ പങ്കാളിയായ അജിത്തിനെ പിച്ചിച്ചീന്താൻ കൈതരിക്കുന്നവർ അറിഞ്ഞേ തീരൂ. അനുപമയുടെ കുട്ടിയെ തട്ടിയെടുത്തവർ ചെയ്തത് ക്രിമിനൽ കുറ്റമാണ്. അതിനുള്ള ശിക്ഷ അവർക്ക് ലഭിക്കണം. നിയമം നടപ്പിലാക്കാൻ ചുമതലയുള്ള സംവിധാനങ്ങൾ നിയമം ലംഘിച്ച്, കുട്ടിയെ കടത്തുന്നതിന് കൂട്ടുനിന്നു. നിയമലംഘകർ ശിക്ഷിക്കപ്പെടണം. നിയമവാഴ്ച നിലനില്ക്കാത്ത ഒരു സമൂഹത്തിൽ സാധാരണ ജീവിതം സാധ്യമാകില്ല. ഈ പ്രശ്നം അനുപമയെ മാത്രം ബാധിക്കുന്നതല്ല. നമ്മുടെ സമൂഹത്തിൻ്റെ നിലനില്പുമായി ബന്ധപ്പെട്ട അടിസ്ഥാനപ്രശ്നങ്ങൾ അതിലടങ്ങിയിട്ടുണ്ട്.

ഒരു സ്ത്രീ ആരെ ജീവിതപങ്കാളിയാക്കണം എന്നത് അവർ മാത്രം തീരുമാനിക്കേണ്ട കാര്യമാണ്. ഇതു മനസ്സിലാക്കാൻ കഴിയാത്തവരോട് എന്തു പറയാനാണ്? കെവിൻ ദുരഭിമാനക്കൊലയ്ക്ക് ഇരയായപ്പോൾ ഉള്ളിൽ സന്തോഷിച്ചവരാകണം ഈ സദാചാര കാരണവൻമാർ. വാളയാറിൽ രണ്ടു കൊച്ചുകുട്ടികളെ ബലാൽസംഗം ചെയ്തു കൊന്നപ്പോഴൊന്നും ധാർമ്മികരോഷം തോന്നാത്തവർക്കാണ് ഇപ്പോൾ ധാർമ്മികരോഷം കൊണ്ട് ഇരിപ്പുറയ്ക്കാത്തത്.

സമൂഹത്തെ ആഴത്തിൽ ബാധിച്ച മാരകരോഗത്തിൻ്റെ ലക്ഷണമാണിത്. ചെറിയ ചികിത്സകൾകൊണ്ട് തീരുന്നതല്ല എന്നർത്ഥം.

--

--