Monsoon Media
Monsoon Media
Published in
15 min readSep 22, 2019

--

MMMovieUpdates

ഗാനഗന്ധര്‍വനായി മമ്മൂട്ടി, ആദ്യ വീഡിയോ ഗാനം കാണാം.

രമേശ്‌ പിഷാരടിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ മമ്മൂട്ടി ചിത്രം ‘ ഗാന ഗന്ധര്‍വന്‍’ സെപ്ടംബര്‍ 27 നു തീയറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന്‍റെ ആദ്യ വീഡിയോ ഗാനം പുറത്തുവന്നു. പുതുമുഖം വന്ദിത മനോഹരനാണ് നായിക.

മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജോജുവും

ചാര്‍ലി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജും മുഖ്യ വേഷങ്ങളില്‍ എത്തും. ജനുവരിയില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം അടുത്ത വര്‍ഷത്തെ വിഷു റിലീസായി തിയറ്ററുകളിലെത്തിക്കുന്നതിനാണ് പദ്ധതി. പുതുമുഖമായിരിക്കും നായികയായി എത്തുന്നത്. ചിത്രത്തിലെ വിവിധ കഥാപാത്രങ്ങള്‍ക്കായി പുതുമുഖങ്ങളെ ക്ഷണിച്ചിട്ടുണ്ട്.

22–26 പ്രായ പരിധിയിലുള്ള ഇരുനിറമുള്ള യുവതികളില്‍ നിന്നും 50–65 വയസു വരെ പ്രായമുള്ള പുരുഷന്‍മാരില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പെര്‍ഫോമന്‍സ് വിഡിയോയും ഫോണ്‍ നമ്പറും എഡിറ്റ് ചെയ്യാത്ത നമ്പറും അടക്കം ഒക്‌റ്റോബര്‍ 10ന് മുന്‍പ് casting,martinprakkatfilms@gmail.com എന്ന വിലാസത്തില്‍ അപേക്ഷിക്കാം. ഗോള്‍ഡ് കോയില്‍ മോഷന്‍ പിക്‌ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

മാസായി ആസിഫ് അലി, അണ്ടര്‍ വേള്‍ഡിന്റെ പുതിയ ടീസര്‍

കാറ്റ് എന്ന ചിത്രത്തിനു ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണ്ടര്‍ വേള്‍ഡ് നവംബര്‍ 1ന് തിയറ്ററുകളിലെത്തുകയാണ്. ആസിഫ് അലി നായകനാകുന്ന ചിത്രത്തില്‍ ഫര്‍ഹാന്‍ ഫാസിലും ലാല്‍ ജൂനിയറും പ്രധാന വേഷങ്ങളിലെത്തുന്നു. അരുണ്‍കുമാറിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി മാസ് എന്റര്‍ടെയ്‌നര്‍ ആയാണ് ചിത്രം ഒരുക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്. സംയുക്ത മേനോനാണ് നായിക. ഫ്രൈഡേ ഫിലിം ഹൗസാണ് വിതരണം ഏറ്റെടുത്തിട്ടുള്ളത്. അണ്ടര്‍ വേള്‍ഡിനായി താന്‍ കൂടുതല്‍ ഫിറ്റായ ശരീര പ്രകൃതിയിലേക്ക് മാറിയെന്ന് നേരത്തേ ആസിഫ് വ്യക്തമാക്കിയിരുന്നു. ആദ്യമായിട്ടായിരിക്കും ഒരു കഥാപാത്രത്തിനായി താരം ശരീരം മെരുക്കിയെടുക്കുന്നത്. ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ് തിരക്കഥ. ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രം നിര്‍മിക്കുന്നു.

ലോസ് ഏഞ്ചല്‍സ് ലവ് മേളയില്‍ മികച്ച സംവിധായകനായി ജിയോ ബേബി

മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ആഗോള സിനിമ വേദികളില്‍ കൈയടി നേടുന്നതിന്റെ വാര്‍ത്തകള്‍ തുടര്‍ച്ചയായി പുറത്തുവരികയാണ്. ഇപ്പോള്‍ കുഞ്ഞുദൈവം എന്ന ചിത്രത്തിലൂടെ ലോസ് ഏഞ്ചല്‍സ് ലവ് ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് ജിയോ ബേബി. മികച്ച സംഗീത സംവിധായകനായി ചിത്രത്തിന് വേണ്ടി കുഞ്ഞു ദൈവത്തിന് സംഗീതം നല്‍കിയ മാത്യൂസ് പുളിക്കനും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നേരത്തേ ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ ആദിഷ് പ്രവീണ്‍ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.

ജോജു ജോര്‍ജും സിദ്ധാര്‍ത്ഥ് ശിവയും പ്രശാന്ത് അലക്‌സാണ്ടറുമാണ് കുഞ്ഞുദൈവത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ടൊവീനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ആണ് ജിയോ ബേബിയുടെ പുതിയ ചിത്രം.

കാണുമ്പോള്‍ കാണുമ്പോള്‍… വികൃതിയിലെ പാട്ട്

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമ്മൂടും മുഖ്യവേഷങ്ങളില്‍ ആദ്യമായി ഒന്നിച്ചെത്തുന്ന വികൃതി ഒക്‌റ്റോബര്‍ 4ന് തിയറ്ററുകളിലെത്തുകയാണ്. നവാഗതനായ എം.സി. ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, നെബീഷ്, ബിട്ടോ ഡേവിസ്, അനിയപ്പന്‍, നന്ദകിഷോര്‍, പുതുമുഖ നായിക വിന്‍സി, സുരഭി ലക്ഷ്മി, മറീന മൈക്കിള്‍, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിലെ പുതിയ വിഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

കട്ട് 2 ക്രിയേറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ എ.ഡി. ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന വികൃതിക്കായി ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ആല്‍ബിയാണ്. അജീഷ് പി തോമസ്സ് കഥയും തിരക്കഥയുമൊരുക്കിയ ചിത്രത്തിന് ജോസഫ് വിജീഷ്,സനൂപ് എന്നിവര്‍ ചേര്‍ന്ന് സംഭാഷണങ്ങള്‍ എഴുതി. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍കുന്നു.

ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞു, കുറുപ്പ് ഉത്തരേന്ത്യയിലേക്ക്

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗ് പൂര്‍ത്തിയായി. ദുല്‍ഖറിന്റെ ആദ്യ ചിത്രം സെക്കന്‍ഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്. ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ആദ്യ ഷെഡ്യൂളില്‍ ദുല്‍ഖറുമൊത്ത് കോംബിനേഷന്‍ ഉണ്ടായിരുന്നില്ലെന്നും രണ്ടാം ഷെഡ്യൂളില്‍ താരത്തിനൊപ്പം അഭിനയിക്കാന്‍ കാത്തിരിക്കുകയാണെന്നും ഇന്ദ്രജിത്ത് കുറിച്ചു. ആദ്യമായാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. ഉത്തരേന്ത്യയിലാണ് രണ്ടാം ഷെഡ്യൂള്‍ നടക്കുക.

ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. കേരളത്തിന്റെ ജുഡീഷ്യല്‍ ചരിത്രത്തിലെ ഏറ്റവും കാലം നിലനിന്ന ചാക്കോ വധക്കേസിലെ പ്രതിയാണ് സുകുമാര കുറുപ്പ്. സുകുമാര കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്ന തരത്തിലാകില്ല സിനിമയുടെ ചിത്രീകരണമെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു. അയാളെ നല്ലവനായി അവതരിപ്പിക്കുകയല്ലാ ലക്ഷ്യമിടുന്നതെന്നും പക്ഷേ സിനിമ സ്‌റ്റൈലിഷായി തന്നെയായിരിക്കും എത്തുകയെന്നും ഡിക്യു പറയുന്നു.

ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. സ്‌ക്രീന്‍ പ്ലേയും സംഭാഷണങ്ങളും നിര്‍വഹിച്ചത് ഡാനിയേല്‍ സായൂജും കെ എസ് അരവിന്ദും ചേര്‍ന്ന്. മുമ്പും സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നു വ്യത്യസ്തമായ രീതിയില്‍ സുകുമാര കുറുപ്പിന്റെ ജീവിതത്തെ കൂടുതല്‍ ആഴത്തില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ശ്രീനാഥ് രാജേന്ദ്രന്‍ പറയുന്നു.

തന്നോട് രൂപ സാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച ശേഷം അത് താനാണെന്ന് വരുത്തി ഇന്‍ഷുറന്‍സ് തുക നേടാന്‍ സുകുമാര കുറുപ്പ് ശ്രമിച്ചെന്നാണ് കേസ്. ഒടുവില്‍ പൊലീസില്‍ നിന്ന് രക്ഷ നേടാന്‍ കുറുപ്പ് വിദേശത്തേക്ക് കടന്നുവെന്നാണ് കരുതപ്പെടുന്നത്.

കിനാവോ… മനോഹരത്തിലെ വിഡിയോ ഗാനം

അരവിന്ദന്റെ അതിഥികള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘മനോഹരം’. അന്‍വര്‍ സാദത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കല്‍ നിര്‍മിക്കുന്നു. സജീവ് തോമസ്സ് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുള്ളത്.

എ ആര്‍ റഹ്മാന്റെ സഹായിയും ലീഡ് ഗിറ്റാറിസ്റ്റുമാണ് സജീവ് തോമസ്സ്. സംവിധായകരായ ബേസില്‍ ജോസഫ്, ജൂഡ് ആന്റണി, വി.കെ പ്രകാശ്, ദീപക് പറമ്പോല്‍, ഹരീഷ് പേരടി, ഡല്‍ഹി ഗണേഷ് തുടങ്ങിയവര്‍ പ്രാധാന്യമുള്ള വേഷങ്ങളിലെത്തുന്നു. ഇന്ദ്രന്‍സ്, അഹമ്മദ് സിദ്ധീഖ്, നിസ്താര്‍ സേട്ട്, മഞ്ജു സുനില്‍, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണാ നായര്‍, നന്ദിനി തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടറേ പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ജെബിന്‍ ജേക്കബ് നിര്‍വഹിക്കുന്നു.

ബിജുമേനോന്‍ ചിത്രം ആദ്യരാത്രിയിലെ വിഡിയോ ഗാനം

സര്‍പ്രൈസ് സൂപ്പര്‍ഹിറ്റായി മാറിയ വെള്ളിമൂങ്ങയുടെ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ആദ്യ രാത്രി ഉടന്‍ തിയറ്ററുകളിലെത്തുകയാണ്. ജിബു ജേക്കബിന്റെ സംവിധാനത്തില്‍ ബിജു മേനോന്‍ വീണ്ടും നായകനായി എത്തുന്ന ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. സെന്‍ട്രല്‍ പിക്‌ചേര്‍സാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. അനശ്വര രാജന്‍ നായികയായി എത്തുന്നു. കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ഷാരിസും ജെബിനും ചേര്‍ന്നാണ്. ശ്രീജിത് നായര്‍ ഛായാഗ്രഹണവും ബിജിപാല്‍ സംഗീതവും നിര്‍വഹിക്കും. മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രമാണ് ജിബു ജേക്കബിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ദിലീപും അര്‍ജുനും നേര്‍ക്കുനേര്‍, ജാക്ക് ഡാനിയേല്‍ ടീസര്‍

സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന്റെ സംവിധായകന്‍ എസ്എല്‍ പുരം ജയസൂര്യ ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രം ജാക്ക് ഡാനിയേലിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ദിലീപ് നായകനാകുന്ന ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറായാണ് ഒരുങ്ങുന്നതെന്നാണ് സൂചന. തമിഴിലെ ആക്ഷന്‍ കിംഗ് അര്‍ജുനും ടൈറ്റില്‍ വേഷത്തിലുണ്ട്. ദിലീപ് ഒരു കള്ളനായി എത്തുന്ന ചിത്രത്തില്‍ സിബിഐ ഓഫിസറായാണ് അര്‍ജുന്‍ എത്തുന്നത്. വന്‍ ആക്ഷനായിരിക്കും ചിത്രത്തിന്റെ സവിശേഷത. അഞ്ച് സ്റ്റണ്ട് മാസ്റ്റര്‍മാരാണ് ചിത്രത്തിനായി പ്രവര്‍ത്തിക്കുന്നത്. പീറ്റര്‍ ഹെയ്ന്‍, കനല്‍ക്കണ്ണന്‍, മാഫിയ ശശി, സുപ്രീം സുന്ദര്‍ തുടങ്ങിയവര്‍ ജാക്ക് ഡാനിയേലിലെ സ്റ്റണ്ട് ഒരുക്കിയിരിക്കുന്നു. അഞ്ജു കുര്യനാണ് നായിക. ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, സൈജു കുറുപ്പ്, ദേവന്‍, അശോകന്‍, സുരാജ് വെഞ്ഞാറമ്മൂട്, അജുവര്‍ഗീസ് തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു. ഷിബു തമീന്‍ നിര്‍മിക്കുന്ന ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീതം നല്‍കുന്നത്. സന്‍തന കൃഷ്ണനാണ് ക്യാമറ ചലിപ്പിക്കുന്നത്. ജോസഫ് നെല്ലിക്കല്‍ ആര്‍ട്ടും സമീറ സനിഷ് വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.

എടക്കാട് ബറ്റാലിയനിലെ വിഡിയോ ഗാനം

ടോവിനോ തോമസും സംയുക്ത മേനോനും ഒന്നിക്കുന്ന പുതിയ ചിത്രം ‘ എടക്കാട് ബറ്റാലിയന്‍ 06’ ഉടന്‍ തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിെല ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. നേരത്തെ ഈ സിനിമയുടെ ഷൂട്ടിംഗിനിടെ ടോവിനോയ്ക്ക് പരുക്കേറ്റത് വലിയ വാര്‍ത്തയായിരുന്നു. സ്വപ്‌നേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം റൂബി ഫിലിംസ് ആന്റ് കാര്‍ണിവല്‍ മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവരാണ് നിര്‍മിക്കുന്നത്. ‘നീ ഹിമമഴയായ്’ എന്നു തുടങ്ങുന്ന ഗാനം അതിവേഗം കാഴ്ചക്കാരെ സ്വന്തമാക്കുകയാണ്. ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ 1 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പി.ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. എടക്കാട് ഗ്രാമത്തിലെ ഷഫീഖ് എന്ന മിലിട്ടറി ഉദ്യോഗസ്ഥന്റെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ടൊവിനോയാണ് ഷഫീഖിനെ അവതരിപ്പിക്കുന്നത്.
രഞ്ജി പണിക്കര്‍, പി.ബാലചന്ദ്രന്‍ , അലന്‍സിയര്‍, ജോണി ആന്റണി, ഹരീഷ് കണാരന്‍, കൊച്ചുപ്രേമന്‍, സിബി ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാല്‍, മാളവികാ മേനോന്‍, സ്വാസ്സിക, മഞ്ജു സതീഷ്, എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഹരി നാരായണന്റെ ഗാനങ്ങള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകരുന്നു. സീനു സിദ്ധാര്‍ത്ഥ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കോഴിക്കോട്, ജമ്മു കാശ്മീര്‍, ദില്ലി എന്നിവിടങ്ങള്‍ ലൊക്കേഷനുകളാകും.

വിസ്മയിപ്പിക്കാന്‍ ജല്ലിക്കെട്ട്, ടീസര്‍

ലിജോ ജോസ് പല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ജല്ലിക്കെട്ട് ഒക്‌റ്റോബര്‍ 4ന് തിയറ്ററുകളില്‍ എത്തുകയാണ്. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിലെ ആദ്യ പ്രദര്‍ശനത്തില്‍ നിറഞ്ഞ കൈയടി നേടിയ ചിത്രം വ്യത്യസ്ത പരിചരണവും പ്രമേയവും കൊണ്ട് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു, ജല്ലിക്കെട്ട് മനുഷ്യന്റെ സ്വാതന്ത്ര്യവും മാവോയിസ്റ്റ് സാഹചര്യവും രണ്ട് കാളകളുടെ വീക്ഷണ കോണുകളില്‍ നിന്ന് കാണുന്നതാണ് ലിജോ ജോസ് പല്ലിശേരി നേരത്തേ വ്യക്തമാക്കിയിരുന്നു. ആന്റണി വര്‍ഗീസ്, സാബുമോന്‍, വിനായകന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ആദ്യ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആധാരമാക്കി തയാറാക്കിയ തിരക്കഥ ഏറെ നര്‍മ സ്വഭാവത്തിലുള്ളതാണ്. മനുഷ്യനിലെ മൃഗസ്വഭാവത്തിന്റെ ചിത്രീകരണം കൂടിയാണ് ജല്ലിക്കെട്ട്. എസ് ഹരീഷും ആര്‍ ഹരികുമാറും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം ഒ തോമസ് പണിക്കരാണ് നിര്‍മിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം. രണ്ട് കാളകള്‍ കയറുപൊട്ടിച്ചോടുന്നതും അതിനെ പിടിക്കാന്‍ ഗ്രാമത്തിലൂടെയും കാട്ടിലൂടെയും ചിലര്‍ നടത്തുന്ന പ്രയത്‌നവുമെല്ലാം ഫാന്റസി കൂട്ടിച്ചേര്‍ത്ത് അവതരിപ്പിക്കുകയാണ്.

വ്യത്യസ്ത രൂപഭാവങ്ങളുമായി രണ്‍ജി പണിക്കര്‍, രൗദ്രം 2018 ടീസര്‍

നവരസ സീരീസില്‍ ജയരാജ് അവതരിപ്പിക്കുന്ന പുതിയ ചിത്രം രൗദ്രം 2018ന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. കേരളം നേരിട്ട പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കരാണ് മുഖ്യ വേഷത്തില്‍ എത്തുന്നത് പ്രളയത്തിനിടെ ഒരു വീട്ടില്‍ കുടുങ്ങിപ്പോയ വൃദ്ധ ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. ബിനു പപ്പുവും സബിതാ ജയരാജുമാണ് മറ്റ് പ്രധാന താരങ്ങള്‍. പ്രകൃതി പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഡോ. സുരേഷ് കുമാര്‍ മുട്ടത്താണ് രൗദ്രം നിര്‍മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ജയരാജ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിഖില്‍ എസ്. പ്രവീണും എഡിറ്റിംഗ് ജിനു ശോഭയും നിര്‍വഹിച്ചിരിക്കുന്നു. ജയരാജിന്റെ വരികള്‍ക്ക് സച്ചിന്‍ ശങ്കര്‍ മന്നത്താണ് സംഗീതം നല്‍കുന്നത്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും. നേരത്തേ നിപ്പാ വൈറസ് ബാധയെ വിഷയമാക്കി രൗദ്രം ഒരുക്കുന്നതിനാണ് ജയരാജ് ശ്രമിച്ചിരുന്നത്. എന്നാല്‍ ആഷിഖ് അബു വൈറസിലൂടെ സമാനമായ പ്രമേയം അവതരിപ്പിച്ച സാഹചര്യത്തില്‍ ഈ ചിത്രം ഉപേക്ഷിക്കുകയായിരുന്നു.

വാനവില്ലെന്‍… സെയ്ഫ് വിഡിയോ സോംഗ് ടീസര്‍

ഛായാഗ്രാഹകന്‍ കൂടിയായ പ്രദീപ് കാളീ പുരത്തിന്റെ സംവിധാനത്തില്‍ അപര്‍ണ ഭാഗ്യനാഥും അനുശ്രീയും പ്രധാന വേഷങ്ങളിലെത്തുന്ന സെയ്ഫിന്റെ പുതിയ സോംഗ് ടീസര്‍ പുറത്തിറങ്ങി. സിജു വില്‍സണ്‍, സര്‍ജു മാത്യു എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. സര്‍ജുവും ഷാജി പല്ലാരിമംഗലവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിലാണ് പ്രധാനമായും നടന്നത്. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്.

രണ്‍ജി പണിക്കര്‍, ലാല്‍, ആശ ശരത്- തെളിവിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍

എം എ നിഷാദിന്റെ സംവിധാനത്തില്‍ രണ്‍ജി പണിക്കര്‍, ലാല്‍, ആശ ശരത് എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ത്രില്ലര്‍ ചിത്രമാണ് തെളിവ്. ചെറിയാന്‍ കല്‍പ്പകവാടിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ടീസര്‍ പുറത്തിറങ്ങി. ഇതിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേംകുമാറാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. എം ജയചന്ദ്രന്‍ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. കല്ലറ ഗോപനാണ് ഗാനങ്ങള്‍ക്ക് ഈണമിട്ടത്. ഇന്‍വെസ്റ്റിഗേഷന്‍ സ്വഭാവത്തില്‍ നീങ്ങുന്ന ചിത്രത്തിനായി നിഖില്‍ എസ് പ്രവീണ്‍ ക്യാമറ ചലിപ്പിച്ചു. ശ്രീകുമാര്‍ നായരാണ് എഡിറ്റര്‍. ഉടന്‍ തിയറ്ററുകളിലെത്തും.

ദുല്‍ഖറിന്റെ കുറുപ്പില്‍ ശോഭിത ദുലിപാല

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ദുല്‍ഖറിന്റെ ആദ്യ ചിത്രം സെക്കന്‍ഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്. പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം കുറുപ്പിന്റെ താര നിര കൂടുതല്‍ സമ്പന്നമാകുകയാണ്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുണ്ട്. ടോവിനോ തോമസും ചിത്രത്തില്‍ അതിഥിയായി എത്തുമെന്നാണ് സൂചന. ബോളിവുഡ് താരം ശോഭിത ദുലിപാല ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രമാകുമെന്നാണ് പുതിയ വിവരം.

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത രമണ്‍രാഘവ് 2.0 എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശോഭിത വിവിധ ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയിട്ടുള്ളത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം മൂത്തോനിലും നായികയായത് ശോഭിതയാണ്. കേരളത്തിന്റെ ജുഡീഷ്യല്‍ ചരിത്രത്തിലെ ഏറ്റവും കാലം നിലനിന്ന ചാക്കോ വധക്കേസിലെ പ്രതിയാണ് സുകുമാര കുറുപ്പ്. സുകുമാര കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്ന തരത്തിലാകില്ല സിനിമയുടെ ചിത്രീകരണമെന്ന് ദുല്‍ഖര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. സ്‌ക്രീന്‍ പ്ലേയും സംഭാഷണങ്ങളും നിര്‍വഹിച്ചത് ഡാനിയേല്‍ സായൂജും കെ എസ് അരവിന്ദും ചേര്‍ന്ന്. ദുല്‍ഖര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.

ഉറിയടി തിയറ്ററുകളിലേക്ക്, ടീസര്‍ കാണാം

2015ല്‍ പുറത്തിറങ്ങിയ ‘അടി കപ്യാരെ കൂട്ടമണി’ സംവിധാനം ചെയ്ത എ ജെ വര്‍ഗീസ് ഒരിടവേളയ്ക്കു ശേഷമെത്തുന്ന ‘ഉറിയടി’യുടെ ടീസര്‍ പുറത്തിറങ്ങി. ശ്രീനിവാസന്‍, ബൈജു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, പ്രേംകുമാര്‍, ശ്രീജിത്ത് രവി, മുകേഷ്, ശ്രീലക്ഷ്മി വിജി, ആര്യ തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്നു. ഒന്നില്‍ കൂടുതല്‍ നായകന്മാരുണ്ടാവും. പോലീസ് ആസ്ഥാനത്തെ ഹൗസിങ് ക്വാട്ടേഴ്‌സില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ് പ്രമേയം. 2018 നവംബറില്‍ ഷൂട്ടിംഗ് ആരംഭിച്ച ചിത്രമാണിത്. ‘ആന്‍ അടി ക്യാന്‍ ചേഞ്ച് യുവര്‍ ലൈഫ്’ (ഒരടി നിങ്ങളുടെ ജീവിതം മാറ്റിമറിച്ചേക്കും) എന്ന ടാഗ്‌ലൈന്‍ ആയിട്ടാണ് ചിത്രം എച്ചുന്നത്. അടി കപ്യാരെ കൂട്ടമണിയുടെ അണിയറ പ്രവര്‍ത്തകരില്‍ പലരും ഈ ചിത്രത്തിലും അണിനിരക്കുന്നു. ഇഷാന്‍ ദേവാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്.

നടന്‍ സത്താര്‍ അന്തരിച്ചു

വില്ലന്‍ വേഷങ്ങളിലൂടെയും സ്വഭാവ വേഷങ്ങളിലൂടെയും ശ്രദ്ധേയനായ നടന്‍ സത്താര്‍ (67) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. മൂന്നു മാസത്തോളമായി ചികിത്സയിലായിരുന്നു. മൃതദേഹം കടുങ്ങല്ലൂരിലെ സത്താറിന്റെ വീട്ടിലേക്ക് കൊണ്ടു പോയി. സംസ്‌കാരം ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ വൈകിട്ട് നാല് മണിക്ക് നടക്കും. നടി ജയഭാരതിയുടെ മുന്‍ ഭര്‍ത്താവാണ്. ഇവരുടെ മകന്‍ കൃഷ് ജെ സത്താറും നടനാണ്. മരണ സമയത്ത് കൃഷ് സമീപത്ത് ഉണ്ടായിരുന്നു.

എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1975ല്‍ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സത്താര്‍ തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ അനാവരണം എന്ന ചിത്രത്തില്‍ അദ്ദേഹം നായകനായും അഭിനയിച്ചു. പിന്നീട് വില്ലന്‍ വേഷങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ നേടിയത്. തമിഴ്, തെലുങ്ക് സിനിമകളിലും ഭാഗമായിട്ടുള്ള അദ്ദേഹം മൊത്തം മൂന്നിറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ബാബു ആന്റണി നായകനായ കമ്പോളം അടക്കം മൂന്ന് ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. 2003ന് ശേഷം അഭിനയരംഗത്ത് സജീവമായിരുന്നില്ല. 2012ല്‍ 22 ഫീമെയില്‍ കോട്ടയം, 2013ല്‍ നത്തോലി ചെറിയ മീനല്ല എന്നീ ചിത്രങ്ങളില്‍ സത്താര്‍ ചെയ്ത വേഷങ്ങള്‍ ശ്രദ്ധ നേടി. 2014ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കി വച്ചതാണ് അവസാനം അഭിനയിച്ച ചിത്രം. 1979ല്‍ ആണ് ജയഭാരതിയെ സത്താര്‍ വിവാഹം ചെയ്യുന്നത്. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിയുകയായിരുന്നു.

ടൊറന്റോ രാജ്യാന്തര ഫെസ്റ്റിവലില്‍

സുമേഷ് & രമേഷ് ആയി ശ്രീനാഥ് ഭാസിയും ബാലു വർഗീസും

മലയാളസിനിമയിൽ ഏറക്കുറെ സമാനസ്വഭാവമുള്ള കഥാപാത്രങ്ങളിലൂടെ സജീവമായവരാണ് ശ്രീനാഥ് ഭാസിയും ബാലു വർഗീസും. ഇപ്പോൾ ഇരുവരും ഒരുമിച്ച് മുഖ്യവേഷത്തിലെത്തുന്ന ഒരു ചിത്രം എത്തുകയാണ്. സുമേഷ്& രമേഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സനൂപ് തൈക്കുടം ആണ്. വൈറ്റ് സാന്‍ഡ്സ് മീഡിയ ഹൗസിന്‍റെ ബാനറിൽ ഫരീദ് ഖാൻ നിർമ്മിക്കുന്ന ചിത്രത്തിനായി സംവിധായകനൊപ്പം ചേർന്ന് ജോസഫ് വിജേഷ് ആണ് തിരക്കഥ ഒരുക്കിയത്. ആൽബിൻ ഛായാഗ്രഹണവും എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും എന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുള്ളത്.

ജയസൂര്യ അന്വേഷണം നവംബര്‍ 1ന് തിയറ്ററുകളിലേക്ക്

ജയസൂര്യ നായകനാകുന്ന ഫാമിലി ത്രില്ലര്‍ ചിത്രം അന്വേഷണം നവംബര്‍ 1ന് തിയറ്ററുകളിലെത്തും. ഷൂട്ടിംഗ് പൂര്‍ത്തിയായതിനു ശേഷമാണ് നേരത്തേ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നത്. ലില്ലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ചിത്രം ഇ 4 എന്റര്‍ടൈന്മെന്റസിന്റെ ബാനറില്‍ മുകേഷ് ആര്‍ മേഹ്ത, സി വി സാരഥി,എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

നവാഗതനായ ഫ്രാന്‍സിസ് തോമസ് ആണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. സുജിത് വാസുദേവ് ക്യാമറ ചലിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണിതെന്നാണ് ജയസൂര്യ പറയുന്നത്. അപ്പു ഭട്ടതിരി ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ജേക്കസ് ബിജോയ് സംഗീതം നല്‍കുന്നു.

അദിതി റാവുവും ജയസൂര്യയും ഒന്നിക്കുന്ന സൂഫിയും സുജാതയും

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന പുതിയ ചിത്രം ‘സൂഫിയും സുജാതയും’ ഈ മാസം 20ന് മൈസൂരില്‍ ഷൂട്ടിംഗ് ആരംഭിക്കും. നവാഗതനായ നരണിപ്പുഴ ഷാനവാസാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദിതി റാവു ഹൈദരിയാണ് മുഖ്യ വേഷത്തില്‍ എത്തുന്നത്. ജയസൂര്യ നായക വേഷത്തില്‍ എത്തും.

വ്യത്യസ്തമായ പശ്ചാത്തലം, സംസ്‌കാരം എന്നിവക്കെല്ലാം ഏറെ പ്രാധാന്യമുള്ള മ്യൂസിക്കല്‍ ലൗ സ്റ്റോറിയാണ് ചിത്രം. സിദ്ദിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ, കലാരഞ്ജനി, ബാലന്‍ പാറയ്ക്കല്‍ ,നവാസ് വള്ളിക്കുന്ന് എന്നിവരും അഭിനേതാക്കളായുണ്ട്. ഇവര്‍ക്കൊപ്പം പുതുമുഖം മധു മോഹനും പ്രധാന വേഷമണിയുന്നു. ഹരി നാരായണന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം നല്‍കുന്നു. അനു മൂത്തേടത്ത് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

പ്രണയ മീനുകളുടെ കടല്‍, വിഡിയോ ഗാനം

കമലിന്റെ സംവിധാനത്തില്‍ വിനായകന്‍ മുഖ്യ വേഷത്തിലെത്തുന്ന ‘പ്രണയമീനുകളുടെ കടല്‍’ എന്ന ചിത്രത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. ലക്ഷദ്വീപ് പ്രധാന ലൊക്കേഷനായ ചിത്രം കമലിന്റെ സമീപകാല ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ ഉയര്‍ന്ന ബജറ്റിലും വ്യത്യസ്ത പരിചരണ രീതിയിലുമാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയ്‌ലറുമെല്ലാം നേരത്തേ ഏറെ ശ്രദ്ധ നേടിയിരുന്നു. തെലുങ്ക് താരം റിധി കുമാര്‍ ആണ് നായിക. നവാഗതനായ ഗബ്രി ജോസ് നായക വേഷത്തില്‍ എത്തുന്നു. പത്മാവതി റാവു, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുധീഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജോണ്‍ പോളും കമലും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് നിര്‍മാണം. റഫീഖ് അഹമ്മദിന്റെയും, ബി.കെ. ഹരിനാരായണന്റെയും വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണമിടുന്നു. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍.

സൗബിനും സുരാജും ഒന്നിക്കുന്ന വികൃതി, ട്രെയ്ലര്‍

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമ്മൂടും മുഖ്യവേഷങ്ങളില്‍ ആദ്യമായി ഒന്നിച്ചെത്തുന്ന വികൃതിയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. നവാഗതനായ എം.സി. ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, നെബീഷ്, ബിട്ടോ ഡേവിസ്, അനിയപ്പന്‍, നന്ദകിഷോര്‍, പുതുമുഖ നായിക വിന്‍സി, സുരഭി ലക്ഷ്മി, മറീന മൈക്കിള്‍, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങിയവരും അഭിനയിക്കുന്നു. കട്ട് 2 ക്രിയേറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ എ.ഡി. ശ്രീകുമാര്‍, ഗണേഷ് മേനോന്‍,ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന വികൃതിക്കായി ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ആല്‍ബിയാണ്. അജീഷ് പി തോമസ്സ് കഥയും തിരക്കഥയുമൊരുക്കിയ ചിത്രത്തിന് ജോസഫ് വിജീഷ്,സനൂപ് എന്നിവര്‍ ചേര്‍ന്ന് സംഭാഷണങ്ങള്‍ എഴുതി. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍കുന്നു.

വട്ടമേശ സമ്മേളനം ട്രെയ്‌ലര്‍

നടനും സംവിധായകനുമായ വിപിന്‍ ആറ്റ്‌ലിയും സുഹൃത്തുക്കളും ചേര്‍ന്ന് ഒരുക്കിയ വട്ട മേശ സമ്മേളനം തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി, എട്ടു കഥകളുടെ സമാഹാരമായ ചിത്രത്തില്‍ മൂന്ന് കഥകളുടെ രചന നിര്‍വഹിച്ചത് വിപിനാണ്. ഒരു കഥ സംവിധാനം ചെയ്യുകയും ചെയ്യുന്നു. അമരേന്ദ്രന്‍ ബൈജു നിര്‍മിക്കുന്ന ചിത്രത്തില്‍ ജിബു ജേക്കബ്ബ്, ജൂഡ് ആന്റണി, മറീന മൈക്ക്ള്‍, ജിസ് ജോയ്, സാജു നവോദയ, സുധി കോപ്പ തുടങ്ങിയവര്‍ വേഷമിടുന്നു. ഏറ്റവും മോശപ്പെട്ട ചിത്രത്തിന്റെ മോശപ്പെട്ട ട്രെയ്‌ലര്‍ എന്ന വിശേഷണവുമായാണ് ട്രെയ്‌ലര്‍ എത്തിയിരിക്കുന്നത്. ഇതിനു ഡു നോട്ട് വാച്ച് എന്ന അഭിപ്രായമാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നതെന്നും ട്രെയ്‌ലറിലുണ്ട്. വിപിന്‍ ആറ്റ്‌ലിയുടെ ‘പര്‍ര്‍’, വിജീഷ് എ.സി.യുടെ ‘സൂപ്പര്‍ ഹീറോ’, സൂരജ് തോമസിന്റെ ‘അപ്പു’, സാഗര്‍ വി.എ.യുടെ ‘ദൈവം നമ്മോടു കൂടെ’, ആന്റോ ദേവസ്യയുടെ ‘മേരി’, അനില്‍ ഗോപിനാഥിന്റെ ‘ടൈം’, അജു കുഴിമലയുടെ ‘കൂട്ടായി ആരായി’, നൗഫാസ് നൗഷാദിന്റെ ‘മാനിയാക്ക്’ എന്നീ ചിത്രങ്ങളാണ് ‘വട്ടമേശസമ്മേളന’ത്തിലുള്ളത്. അമരേന്ദ്രന്‍ ബൈജുവാണ് നിര്‍മാണം നിര്‍വഹിച്ചിട്ടുള്ളത്.

ഫഹദിന്റെ ട്രാന്‍സ് ഫസ്റ്റ് ലുക്ക്

ഫഹദ് ഫാസില്‍ ആരാധകര്‍ ഏറെക്കാലമായ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ട്രാന്‍സിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ചിത്രം ഈ വര്‍ഷം ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തുമെന്ന് സംവിധായകന്‍ അന്‍വര്‍ റഷീദ് വ്യക്തമാക്കിയിട്ടുണ്ട്. ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങള്‍ വ്യത്യസ്ത ഘട്ടങ്ങളായി തന്നെ അവതരിപ്പിക്കുകയാണ് ചിത്രത്തില്‍. നസ്‌റിയയാണ് നായിക. മലയാളത്തില്‍ ആദ്യമായി റോബോട്ടിക് ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച് സംഘടനവും ട്രാന്‍സിലുണ്ടാകും. അടുത്തിടെയാണ് ചിത്രത്തിന്റെ ആംസ്റ്റര്‍ഡാം ഷെഡ്യൂള്‍ പൂര്‍ത്തിയായത്. 2017ല്‍ ഷൂട്ടിംഗ് ആരംഭിച്ച ട്രാന്‍സ് മുന്‍ നിശ്ചയ പ്രകാരം 4 ഷെഡ്യൂളുകളിലാണ് പൂര്‍ത്തിയാക്കിയത്. ഇതിനകം 20 കോടിക്ക് മുകളിലേക്ക് നിര്‍മാണ ചെലവ് എത്തിയിട്ടുണ്ട്. ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്‍വര്‍ റഷീദ് ഈ ചിത്രത്തിലൂടെ സംവിധാനത്തിലേക്ക് തിരിച്ചെത്തുന്നത്.
ട്രാന്‍സ് തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണെന്നാണ് ഫഹദ് പറയുന്നത്. അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനിംഗ് റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിക്കുന്നത്. വിനായകന്‍, സൗബിന്‍ ഷാഹിര്‍, വേദിക, ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദ്, അല്‍ഫോണ്‍സ് പുത്രന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്‌സണ്‍ വിജയന്‍ സംഗീതം നല്‍കുന്നു.

ജയരാജ്- കാളിദാസ് ചിത്രം ബാക്ക് പാക്കേഴ്സ്

രൗദ്രം 2018 എന്ന ചിത്രത്തിനു ശേഷം ജയരാജ് സംവിധാനം ചെയ്യുന്ന കാളിദാസ് ജയറാം ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായി. ബാക്ക്പാക്കേഴ്സ് എന്നാണ് ചിത്രത്തിന്‍റെ പേര് .വാഗമണിലും വര്‍ക്കലയിലും ആയിട്ടായിരുന്നു ഷൂട്ടിംഗ് നടന്നത്. പുതുമുഖം കാര്‍ത്തികയാണ് ചിത്രത്തിലെ നായിക. തനിക്ക് ഏറെ പ്രതീക്ഷയുള്ള കഥാപാത്രമാണ് ചിത്രത്തിലെന്ന് കാളിദാസ് പറയുന്നു

ജയരാജിന്റെ കഴിഞ്ഞ രണ്ട് ചിത്രങ്ങളിലും മുഖ്യ വേഷം കൈകാര്യം ചെയ്ത രണ്‍ജി പണിക്കര്‍ പുതിയ ചിത്രത്തിലും പ്രധാനപ്പെട്ടൊരു വേഷത്തിലുണ്ട്. ശിവ്ജിത്ത് പദ്മനാഭന്‍, ഉല്ലാസ് പന്തളം, ജയകുമാര്‍, സബിത ജയരാജ് തുടങ്ങിയവര്‍ അഭിനയിച്ചിട്ടുണ്ട്. പ്രകൃതി പിക്ച്ചേഴ്സിന്‍റെ ബാനറില്‍ ഡോ. സുരേഷ് കുമാര്‍ മുട്ടത്ത് നിര്‍മിച്ച ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഡ്വ. കെ. ബാലചന്ദ്രന്‍ നിലമ്പൂരാണ്. അഭിനന്ദ് രാമാനുജന്‍ ക്യാമറയും ആന്‍റണി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

ഇതുവരെ പുറത്തുവന്ന ചിത്രങ്ങളിലൊന്നും മികച്ചൊരു വിജയം നേടാനാകാത്ത കാളിദാസ് ഏറെ പ്രതീക്ഷയോടെയാണ് പുതിയ ചിത്രങ്ങളെ കാണുന്നത്. വെഡ്ഡിംഗ് കോമഡി ഗണത്തില്‍ വരുന്ന ഹാപ്പി സര്‍ദാറാണ് ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രം.

സുദീപ്- ഗീതിക ദമ്പതികള്‍ ഒരുക്കുന്ന ചിത്രത്തില്‍ മലയാളം അറിയാവുന്ന ഒരു പഞ്ചാബിയായാണ് കാളിദാസ് എത്തുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. സന്തോഷ് ശിവന്റെ സംവിധാനത്തില്‍ മഞ്ജുവാര്യര്‍ക്കൊപ്പം ടൈറ്റില്‍ വേഷത്തിലെത്തുന്ന ‘ജാക്ക് ആന്‍ഡ് ജില്ലാ’ണ് കാളിദാസിന്റെ പുറത്തിറങ്ങാനുള്ള മറ്റൊരു ചിത്രം.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജയരാജ് ഒരുക്കിയ രൗദ്രം 2018 ഉടന്‍ തിയറ്ററുകളിലെത്തുമെന്നാണ് വിവരം. രണ്‍ജി പണിക്കരും കെപിഎസി ലളിതയുമാണ് ഈ ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നത്.

മാമാങ്കത്തിന്‍റെ ഹെവി ഗ്രാഫിക്കൽ ടീസർ

വന്‍ മുതല്‍മുടക്കില്‍ മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കത്തിന്റെ ഗ്രാഫിക്കല്‍ ടീസര്‍ പുറത്തിറങ്ങി. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സ്റ്റില്ലുകളും പുറത്തുവന്നതോടെ ആരാധകരിലും പ്രേക്ഷകരിലും വലിയ പ്രതീക്ഷകളാണ് ഉയര്‍ന്നിട്ടുള്ളത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ കൂടി പുറത്തിറക്കുന്ന മാമാങ്കം ഒക്‌റ്റോബറില്‍ പുറത്തിറക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ നാന്നൂറിലധികം തിയറ്ററുകള്‍ ചിത്രത്തിന് ഏറക്കുറേ ഉറപ്പായിട്ടുണ്ട്. 325ഓളം ഹോള്‍ഡിംഗുകളും ചിത്രത്തിന്റെ പ്രചാരണത്തിനായി സംസ്ഥാനത്ത് ഉടനീളം ഉയരുകയാണ്. ഇതും ഒരു റെക്കൊഡാണെന്നാണ് സിനിമ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എം പദ്മകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം പതിനെട്ടാം നൂറ്റാണ്ടില്‍ നിലനിന്ന മാമാങ്കത്തെയും ചാവേറുകളെയുമാണ് പ്രമേയമാക്കുന്നത്. ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലുണ്ട്. തിരക്കഥാകൃത്ത് കൂടിയായ സജിവ് പിള്ളയുടെ സംവിധാനത്തിലാണ് ചിത്രം ആരംഭിച്ചതെങ്കിലും നിര്‍മാതാവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിലവില്‍ സജീവ് പിള്ളയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി. സജിവ് എഴുതിയ തിരക്കഥ പുതുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. സംഭാഷണങ്ങളും ശങ്കറിന്റേതായിരിക്കും. പ്രാചി ടെഹ്ലാന്‍ നായികയാകുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലുണ്ട്. കനിഹ, അനു സിതാര, തരുണ്‍ രാജ് അറോറ, സുദേവ് നായര്‍, സിദ്ദിഖ്, അബു സലിം, സുധീര്‍ സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഉയരെ മേക്കിംഗ് വിഡിയോ

ഈ വര്‍ഷം പുറത്തിറങ്ങിയതില്‍ നിരൂപകര്‍ക്കിടയിലും ബോക്‌സ്ഓഫിസിലും ഒരുപോലെ വിജയം കരസ്ഥമാക്കിയ ചിത്രമാണ് ഉയരെ . അന്തരിച്ച രാജേഷ് പിള്ളയുടെ അസോസിയേറ്റായിരുന്ന മനു അശോകന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഉയരെ തിയറ്ററുകളില്‍ മികച്ച സാമ്പത്തിക നേട്ടം സ്വന്തമാക്കി. പാര്‍വതി മുഖ്യ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ ആസിഫ് അലിയും ടോവിനോ തോമസുമുണ്ട്. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയായി വ്യത്യസ്ത മേക്ക് ഓവറിലാണ് ചിത്രത്തില്‍ പാര്‍വതി എത്തിയത്. ഇപ്പോള്‍ ചിത്രത്തിന്റെ മേക്കിംഗ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ബോബി-സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കിയത്. ആസിഡ് ആക്രമണത്തിന്റെയും വിമാനത്തിനകത്തെയും രംഗങ്ങള്‍ എങ്ങനെ ചിത്രീകരിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് മേക്കിംഗ് വിഡിയോ. സിദ്ധിഖ്, രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ ഉയരെയിലുണ്ട്. മഹേഷ് നാരായണന്‍ എഡിറ്റിംഗും ഗോപി സുന്ദര്‍ സംഗീതവും നിര്‍വഹിച്ചു. മുകേഷ് മുരളീധരനാണ് ക്യാമറ ചലിപ്പിച്ചത്. എസ് ക്യൂബ് ഫിലിംസാണ് ചിത്രം നിര്‍മിച്ചത്.

ഉള്‍ട്ടയിലെ ഉള്‍ട്ട സോംഗ് വിഡിയോ

ഗോകുല്‍ സുരേഷിന്റെ ഉടന്‍ റിലീസാകാന്‍ ഇരിക്കുന്ന ചിത്രമാണ് ഉള്‍ട്ട. പരമ്പരാഗത രീതിയിലുള്ള എന്റര്‍ടെയ്‌നറാണ് ചിത്രമെന്ന് ഗോകുല്‍ പറയുന്നു. സ്ത്രീകള്‍ക്ക് പ്രധാന നേതൃസ്ഥാനങ്ങളിലും പൊതുവിടങ്ങളിലുമെല്ലാം മുന്‍തൂക്കമുള്ള ഒരു സാങ്കല്‍പ്പിക ഗ്രാമത്തിന്റെ കഥയാണ്. ഫിക്ഷ്‌ന്റെയും ഫാന്റസിയുടെയും ഘടകങ്ങള്‍ കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമായ രീതിയിലാണ് ഒരുക്കിയിട്ടുള്ളതെന്നും ഗോകുല്‍ സുരേഷ് പറയുന്നു. സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഉള്‍ട്ടയില്‍ അനുശ്രീ, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ നായികമാരായി എത്തുന്നു. വിഡിയോ ഗാനം കാണാം

ആഹാ-യ്ക്കായി ഇന്ദ്രജിത്ത് പാടിയ വലിപ്പാട്ടിന്റെ വിഡിയോ

ഇന്ദ്രജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രം ആഹായുടെ ആദ്യ പ്രൊമോ ഗാനം പുറത്തിറങ്ങി. ബിപിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം വടംവലിയുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്്. തനിക്കുള്ളില്‍ തന്നെയുള്ള യുദ്ധം ( ദ വാര്‍ വിത്ത് ഇന്‍) എന്ന ടാഗ് ലൈനാണ് ചിത്രത്തിനുള്ളത്. വടംവലിയില്‍ പരിചയമുള്ള പുതുമുഖങ്ങളെ ചിത്രത്തിനായി ക്ഷണിച്ചിരുന്നു. ടോബിത്ത് ചിറയത്ത് തിരക്കഥ എഴുതുന്ന ചിത്രം നിര്‍മിക്കുന്നത് പ്രേം അബ്രഹാമാണ്. ആഹായ്ക്കായി രാഹുല്‍ ബാലചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അമിത് ചക്കാലയ്ക്കലും പ്രധാന വേഷത്തിലുണ്ട്. ജുബിത് നമ്രേടത്ത് എഴുതിയ പ്രൊമോഗാനത്തിന് ആശിഷും ആകാശും ചേര്‍ന്ന് സംഗീതം നല്‍കിയിരിക്കുന്നു. ഇന്ദ്രജിത്ത് തന്നെയാണ് പാടിയിട്ടുള്ളത്. കുട്ടന്‍ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിന് ശേഷം പിന്നണി ഗായിക സയനോര സംഗീത സംവിധാനം നിര്‍വഹിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകത ആഹായ്ക്കുണ്ട്.

ഗാഗുല്‍ത്തയിലെ കോഴിപ്പോര്, ടീസര്‍

ആമി, ലില്ലി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നവജിത് നാരായണ്‍ നായകനായി എത്തുന്ന ‘ഗാഗുല്‍ത്തായിലെ കോഴിപ്പോര്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഇതില്‍ പങ്കില്ല’ എന്നാണ് സിനിമയുടെ ടാഗ്‌ലൈന്‍. ജിബിത് ജിനോയ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് ജിനോയ് ജനാര്‍ദനനാണ് തിരക്കഥ എഴുതിയത്. ജിബിത് ജോര്‍ജിന്റേതാണ് കഥ. പൗളി വില്‍സന്‍, ഇന്ദ്രന്‍സ്, ജോളി ചിറയത്ത്, സീനു സോഹന്‍ലാല്‍, സുധി കോപ്പ, വിജിലേഷ്, കോട്ടയം പ്രദീപ് , പ്രവീണ്‍ കമ്മട്ടിപ്പാടം, ബിനു അടിമാലി, വീണ നന്ദകുമാര്‍, അഞ്ജലി നായര്‍, മഞ്ജു മറിമായം, ഷൈനി രാജന്‍, നന്ദിനി ശ്രീ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍ ജെ പിക്ചര്‍ മൂവീസിന്റെ ബാനറില്‍ വി. ജി. ജയകുമാറിന്റേതാണ് നിര്‍മാണം. ഛായാഗ്രഹണം രാഗേഷ് നാരായണന്‍. പശ്ചാത്തല സംഗീതം ബിജിബാല്‍. കല മനു ജഗത്. എഡിറ്റര്‍ അപ്പു ഭട്ടതിരി. വരികള്‍ വിനായക് ശശികുമാര്‍.

വിനീത് ശ്രീനിവാസന്റെ മനോഹരം

അരവിന്ദന്റെ അതിഥികള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘മനോഹരം’. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ചിത്രം ഉടന്‍ തിയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. അന്‍വര്‍ സാദത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവന്നിട്ടുണ്ട്. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കല്‍ നിര്‍മിക്കുന്നു. സജീവ് തോമസ്സ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. എ ആര്‍ റഹ്മാന്റെ സഹായിയും ലീഡ് ഗിറ്റാറിസ്റ്റുമാണ് സജീവ് തോമസ്സ്. സംവിധായകരായ ബേസില്‍ ജോസഫ്, ജൂഡ് ആന്റണി, വി.കെ പ്രകാശ്, ദീപക് പറമ്പോല്‍, ഹരീഷ് പേരടി, ഡല്‍ഹി ഗണേഷ് തുടങ്ങിയവര്‍ പ്രാധാന്യമുള്ള വേഷങ്ങളിലെത്തുന്നു. ഇന്ദ്രന്‍സ്, അഹമ്മദ് സിദ്ധീഖ്, നിസ്താര്‍ സേട്ട്, മഞ്ജു സുനില്‍, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണാ നായര്‍, നന്ദിനി തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടറേ പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ജെബിന്‍ ജേക്കബ് നിര്‍വഹിക്കുന്നു.

ആന്റണി വര്‍ഗീസിന്റെ ആനപ്പറമ്പിലെ വേള്‍ഡ്ക്കപ്പ് തുടങ്ങി

മലബാറിലെ ഫുട്‌ബോള്‍ ജ്വരം പ്രമേയമാക്കി ആന്റണി വര്‍ഗീസ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം ആനപ്പറമ്പില്‍ വേള്‍ഡ്ക്കപ്പിന്റെ ലോഞ്ചിംഗ് ചടങ്ങ് നടന്നു. നവാഗതനായ നിഖില്‍ പ്രേംരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും മുഖ്യവേഷത്തില്‍ എത്തും. കോട്ടക്കലില്‍ നടന്ന ലോഞ്ചിംഗ് ചടങ്ങില്‍ ആന്റണി വര്‍ഗീസ് ഉണ്ടായിരുന്നില്ല. ടൊറന്റോ ചലച്ചിത്രോല്‍സവത്തില്‍ ജല്ലിക്കെട്ട് എന്ന തന്റെ ചിത്രത്തിന്റെ പ്രദര്‍ശനത്തിനായി പോയിരിക്കുന്നതിനാലാണ് താരം വിട്ടു നിന്നത്.

അച്ചാപ്പു മൂവീ മാജിക്ക് നിര്‍മിക്കുന്ന ചിത്രത്തിന്റെ ക്യാമറ ഫായിസ് സിദ്ദിഖ് കൈകാര്യം ചെയ്യും. ജേക്ക്‌സ് ബിജോയ് സംഗീതം നല്‍കും. നൗഫല്‍ അബ്ദുള്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘സ്വതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന ചിത്രത്തിനു ശേഷം ആന്റണി വര്‍ഗീസിന്റേതായി ഒരു ചിത്രവും പുറത്തുവന്നിട്ടില്ല. ലിജോ ജോസ് പല്ലിശേരിയും ജല്ലിക്കെട്ടാണ് ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രം. മികച്ച പ്രതീക്ഷയാണ് താരത്തിന് ഈ ചിത്രത്തിലുള്ളത്. ജൂന്റ് ആന്റണി ജോസഫ് ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തിലും ആന്റണി വര്‍ഗീസാണ് നായകനാകുന്നത്. നവാഗതനായ നവീനാണ് ഈ ചിത്രത്തിന്റെ സംവിധാനം.

ഷൈലോക്കിന്‍റെ സ്റ്റൈലിഷ് ലുക്ക് പുറത്ത്

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കില്‍ നെഗറ്റിവ് അംശങ്ങളുള്ള പലിശക്കാരനായാണ് മമ്മൂട്ടി ഷൈലോക്കില്‍ എത്തുന്നത്. എറണാകുളത്ത് ഷൂട്ടിംഗ് നടക്കുന്ന ചിത്രത്തില്‍ തമിഴ് താരം രാജ് കിരണും പ്രധാന വേഷത്തിലുണ്ട്. ഇപ്പോൾ ചിത്രത്തിലെ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക് വ്യക്തമാക്കുന്ന ഒരു സ്റ്റിൽ ഔദ്യോഗികമായി അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ ജന്മദിനത്തിലാണ് പുറത്തുവന്നത് മീനയാണ് ചിത്രത്തിലെ നായിക. മലയാളത്തിനൊപ്പം തമിഴിലും ചിത്രം ഒരുക്കുന്നതിനാണ് പദ്ധതി. തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ബിജുമേനോന്‍റെ ആദ്യരാത്രി, ട്രെയ്ലർ കാണാം

സര്‍പ്രൈസ് സൂപ്പര്‍ഹിറ്റായി മാറിയ വെള്ളിമൂങ്ങയുടെ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ആദ്യ രാത്രി ഉടന്‍ തിയറ്ററുകളിലെത്തുകയാണ്. ജിബു ജേക്കബിന്റെ സംവിധാനത്തില്‍ ബിജു മേനോന്‍ വീണ്ടും നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സെന്‍ട്രല്‍ പിക്‌ചേര്‍സാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. അനശ്വര രാജന്‍ നായികയായി എത്തുന്നു. കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ഷാരിസും ജെബിനും ചേര്‍ന്നാണ്. ശ്രീജിത് നായര്‍ ഛായാഗ്രഹണവും ബിജിപാല്‍ സംഗീതവും നിര്‍വഹിക്കും. മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രമാണ് ജിബു ജേക്കബിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ദ്രന്‍സ് മികച്ച നടന്‍

ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഇന്ദ്രന്‍സിന് രാജ്യാന്തര തലത്തില്‍ അംഗീകാരം. സിംഗപ്പൂരില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലാണ് ഇന്ദ്രന്‍സ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തേ ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാര്‍ഡ് വെയില്‍ മരങ്ങള്‍ സ്വന്തമാക്കിയിരുന്നു. കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യുന്ന ഒരു ദളിത് കുടുംബത്തിന്റെ കഥയാണ് വെയില്‍ മരങ്ങള്‍ പറയുന്നത്.

ഒക്ടോബര്‍ റിലീസ്- വലിയ പെരുന്നാള്‍

ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രം വലിയ പെരുന്നാള്‍ ഒക്‌റ്റോബര്‍ റിലീസായി തിയറ്ററുകളിലെത്തും. അന്‍വര്‍ റഷീദിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറും ജോജു ജോര്‍ജും പ്രധാന വേഷങ്ങളിലുണ്ട്. ഹിമിക ബോസാണ് നായിക. പുതിയ പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് റിലീസ് സംബന്ധിച്ച് വ്യക്തത നല്‍കിയിരിക്കുന്നത്.
മാജിക് മൗണ്ടെയ്ന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവാണ് ചിത്രം നിര്‍മിക്കുന്നത്. തമിഴ് നടന്‍ ധനുഷാണ് ആദ്യ പോസ്റ്റര്‍ അവതരിപ്പിച്ചത്.ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ് എന്ന ടാഗ് ലൈനിലാണ് ചിത്രം വരുന്നത്. അന്‍വര്‍ റഷീദാണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുക എന്നാണ് വിവരം. ഡിമലും തസ്രീക്ക് സലാമും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. റെക്‌സ് വിജയന്‍ സംഗീതവും സുരേഷ് രാജന്‍ ക്യാമറയും നിര്‍വഹിച്ചു.

ഒക്ടോബര്‍ റിലീസ്- ധനുഷും മഞ്ജു വാര്യരും ഒന്നിക്കുന്ന അസുരന്‍

രണ്ട് പതിറ്റാണ്ടിലേറേ നീണ്ട തന്റെ സിനിമ ജീവിതത്തിലാദ്യമായി മഞ്ജു വാര്യര്‍ തമിഴില്‍ അഭിനയിച്ച ചിത്രം അസുരന്‍ തിയറ്ററുകളിലേക്ക്. ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 1960 മുതല്‍ 80 വരെയുള്ള കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ്. അസുരന്‍ പറയുന്നത്. ഇരട്ട വേഷത്തില്‍ ധനുഷ് എത്തുന്നു. ഒരു ധനുഷ് കഥാപാത്രം 45 വയസുകാരനാണ്. ഒക്‌റ്റോബര്‍ 4ന് ചിത്രം ആഗോള വ്യാപകമായി റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. മഞ്ജുവിനൊപ്പം സ്‌ക്രീനില്‍ എത്താനാകുന്നതില്‍ ആവേശമുണ്ടെന്നും മികച്ച പ്രതിഭയില്‍ നിന്നു പഠിക്കാനുണ്ടെന്നും ധനുഷ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. വട ചെന്നൈ ആദ്യഭാഗത്തിന് ശേഷം ധനുഷും വെട്രിമാരനും വീണ്ടും ഒന്നിക്കുന്ന ചിത്രം കലൈപുള്ളി എസ് താണുവിന്റെ നിര്‍മാണത്തിലാണ് ഒരുങ്ങുന്നത്. ബാലാജി ശക്തിവേല്‍, പശുപതി, ആടുകളം നരേന്‍, യോഗി ബാബു, തലൈവാസല്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍.

--

--