അലക്കുയന്ത്രം

Rahul Raj K A
Rhythmic Expressions
1 min readJun 21, 2020
An artwork by Bhadra M

എൻ്റെ അടിവസ്ത്രം വരെ അലക്കിയിരുന്നത്
അമ്മയായിരുന്നു
ഞാൻ ലിംഗനീതിക്കുവേണ്ടിയുളള പോരാട്ടത്തിലായിരുന്നതിനാൽ
അലക്കാൻ നേരംകിട്ടിയിരുന്നില്ല
പിന്നീട് , അമ്മയ്ക്ക് വയ്യാതായപ്പോൾ
നാളെമുതൽ സ്വയം അലക്കാമെന്ന് തീരുമാനിക്കുന്നതിന് ഒരുഞൊടി മുമ്പാണ്
സുഹൃത്തുക്കൾ വന്ന് പോരാട്ടത്തിന് വിളിച്ചത്
അരയും തലയും മുറുക്കി അതിനിറങ്ങി
അപ്പോഴും വീടിൻെറ മൂലയിൽ കൂടിക്കിടന്ന വിഴുപ്പുതുണികളായിരുന്നു മനസിൽ
വേലക്കാരിയെ നിർത്തുന്നതിലും ലാഭകരം
കല്യാണം കഴിക്കുന്നതാണെന്ന് പറഞ്ഞത് കേശവൻമാമനാണ്
അങ്ങനെ വീട്ടിലൊരു പെണ്ണുവന്നു
അലക്കൽ പിന്നെ അവളുടെ ജോലിയായി
അവളുടെ ഉദരത്തിലൊരു പുതുജീവൻ വളർന്നുതുടങ്ങിയപ്പോൾ
അലക്ക് വീണ്ടും പ്രതിസന്ധിയിലായി
എന്നാൽ നാളെമുതൽ ഞാൻതന്നെ അലക്കിയേക്കാം എന്നുതീരുമാനിക്കുന്നതിന് തൊട്ടുമുമ്പാണ് മാമൻ വീണ്ടും വന്നത്
വാഷിംഗ് മെഷീൻ ഇൻസ്റ്റാൾമെൻ്റായിക്കിട്ടുമത്രേ!
അങ്ങനെ വീട്ടിലൊരു അലക്കുയന്ത്രം വന്നു
അവൾക്കിപ്പോൾ അധികം അധ്വാനിക്കാതെ അലക്കാം
പഴയ പോരാട്ടം തുടരുന്നതിനാൽ
എനിക്കിപ്പോഴും അലക്കാൻ നേരംകിട്ടാറില്ല!

--

--