ഉരുക്കു പാളങ്ങളിൽ ചിതറിവീഴുന്ന വിശപ്പുകൾ

Rahul Raj K A
Rhythmic Expressions
1 min readMay 10, 2020
An artwork by Achyuth B Nandan

ഉരുക്കു പാളത്തിൽ
ചിതറിവീണുകിടക്കുന്ന ചപ്പാത്തികൾ
വിശപ്പാറിയതിനാൽ ഉപേക്ഷിച്ചുപോയവയല്ല,
മരിച്ചുപോയതിനാൽ കഴിക്കാനാവാതെ പോയതാണ്
തളർന്നുറങ്ങിയതാണ് പാളത്തിൽ
തകർത്തെറിഞ്ഞുകൊണ്ടാണാ തീവണ്ടി കടന്നുപോയത്
ബ്രേക്ക് ലിവറിൽ പരമാവധി
അമർത്തിക്കാണണം ലോക്കോപൈലറ്റ്
പക്ഷേ അറിയാതൊരു കൂട്ടക്കൊല
അയാൾ നടത്തിക്കഴിഞ്ഞിരുന്നു..
റെറ്റിനയിൽനിന്നും തലച്ചോറിലേക്കും
അവിടന്നു കയ്യിലേക്കും
വിവരമെത്താനുളള സമയമേയെടുത്തുളളൂ
പച്ചമാംസം ചിതറിപ്പോയിരുന്നു
പാളത്തിൽ രുധിരാഭിഷേകം
നടന്നു കഴിഞ്ഞിരുന്നു
ആരാണുത്തരവാദി ?
ഭരണകൂടത്തിന്റെ ഭീകരമായ നിസംഗതയോ ?
പാളത്തിലുറങ്ങിയ പൗരൻ്റെ നിസ്സഹായതയോ ?
നടന്നു നടന്നു തളർന്നുപോയവൻ്റെ
അഭിലാഷങ്ങളോ ?
ജീവിതത്തിലൊരിക്കൽപ്പോലും
ശമിച്ചിട്ടില്ലാത്ത അവൻ്റെ വിശപ്പോ ?
ആ ചിതറിക്കിടക്കുന്ന
ആ ചപ്പാത്തികൾക്കുമേലും
പുഷ്പവൃഷ്ടി നടത്തുവാൻ
സ്വേച്ഛാധിപതിയുടെ ഹെലികോപ്റ്ററുകൾ
പറന്നു വരും
ശവംതിന്നാനായി പറന്നിറങ്ങുന്ന
കാലൻകഴുകുകളെപ്പോലെ

--

--