ചോദ്യചിഹ്നം

മനുഷ്യ മനസ്സിന്റെ അന്വേഷണങ്ങൾ

Akhil Shylaja Sasidharan
Rhythmic Expressions
1 min readDec 24, 2019

--

An artwork by Bhadra M

ഞാന്‍ ജീവിച്ചു,
ഈ നാളുകള്‍ അത്രയും
ഉടലും മനസ്സും രണ്ടായി,
ഒരു വിചിത്ര പ്രയാണം.

ഞാന്‍ നടിച്ചു,
ഈ ജീവിതം ഇതുവരെ
ഉടലും മനസ്സും വേറിട്ട്,
ഒരു ചോദ്യചിഹ്നന്നോണം !

ഞാൻ ചോദിച്ചു,
എന്റെ മനസ്സിനോട് അനുദിനം
ഈ ജന്മം സവിശേഷമോ ?
അതോ അര്‍ത്ഥശൂന്യമോ?

ഞാൻ ഭയക്കുന്നു,
അനേകം നയനങ്ങള്‍ എന്നെ ചൂഴ്ന്നു നോക്കുമ്പോൾ,
അറപ്പോടെ എന്നില്‍ നിന്ന്
മാറി അകലുമ്പോൾ.

എൻ അനുഭവങ്ങള്‍,
വേദനജനകം എന്നും
പറയു, പറയു,
ഞാന്‍ ഒരു ഭീകര ജീവിയോ ?

എന്‍ മനം,
വിതുമ്പുന്നു എന്നും
കൂട് മാറി ജീവിക്കുന്ന,
ഒരു പക്ഷിയെ പോലെ !

എന്‍ ഹൃദയം,
തുടിക്കുന്നു എന്നും,
അതിയായി ആശിക്കുന്ന
ആ നല്ല ദിനങ്ങള്‍ക്ക്‌ വേണ്ടി.

മടുക്കുന്നു,
ഈ പൊള്ളുന്ന യാത്ര.
നിലനില്‍പ്പിന്,
നേര്‍ത്ത തൂവല്‍ കന്നം മാത്രം.

മാറ്റം,
ഇപ്പോഴും വിദൂരതയില്‍
അടുത്തേക്ക് വരാന്‍
കൊതിക്കുന്നു എന്നും.

ഇരുണ്ട മനസ്സുകള്‍,
എന്നും കൊടുംഭീഷണി
പ്രതീക്ഷയുടെ കിരണങ്ങള്‍,
വെളിച്ചം പകരാന്‍ ആശിക്കുന്നു എന്നും.

ഉന്മാദത്തിലേക്കുള്ള ദൂരം, കഠാരയുടെ മൂര്‍ച്ചയ്ക്ക് സമം !
അസഹനീയം ഈ ജീവിതം,
അന്ത്യം ഈ നിമിഷം !

പക്ഷെ…
എനിക്ക് ജ്വലിക്കണം,
അഗ്നിയായി എന്നും,
ഈ ക്രൂര സമൂഹത്തെ ചുട്ടു എരിക്കുവാന്‍.

എനിക്കും ചിറകടിക്കണം,
പൂർണ സ്വാതന്ത്ര്യത്തോടെ
അനേകം സ്വപ്‍നങ്ങൾ തേടിയുള്ള,
ഒരു ശലഭത്തെ പോലെ !

ഈ സമൂഹം തീർത്തും അസഹനീയം,
യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് വഴിമാറുന്നതെന്തിന് ?
എന്‍ ജീവിതത്തിന്,
‍വിലങ്ങിടുവാൻ എന്ത് അധികാരം ?

ഭയന്നോടുവാൻ ഇനി വയ്യാ,
കരയുവാൻ ഇനി മേലാ,
എനിക്കും ജീവിക്കണം ഈ മണ്ണിൽ,
എനിക്കും പറക്കണം ഈ വിണ്ണിൽ.

ഉയരണം,
ഇനിയും ബഹുദൂരം
കീഴടക്കണം,
ശിഖരങ്ങൾ അതിവേഗം.

--

--

Akhil Shylaja Sasidharan
Rhythmic Expressions

‘A lawyer who has a penchant for dreaming.’ Instagram: @akhilshylajasasidharan Twitter: @akhilshylaja Email: advakhilsasidharan@gmail.com