040. ജനപ്രതിനിധികളുടെ ഓണറായ ജനത്തിന് ഡിമാ൯ഡുകള് വെയ്ക്കാനുള്ള അധികാരമുണ്ട്

P.S.Remesh Chandran.
SAHYADRI MALAYALAM
Published in
2 min readMar 26, 2018

പി എസ്സ് രമേശ് ചന്ദ്ര൯

കേരളത്തിലെ ഇക്കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഞാ൯ വോട്ടു ചെയ്തില്ല- പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അസ്സംബ്ളി തെരഞ്ഞെടുപ്പിലും. കാരണം എ൯റ്റെ ലളിതമായ മൂന്നു ഡിമാ൯ഡുകളും ആരും അംഗീകരിച്ചില്ല. എന്നല്ല, അവ ചെവിക്കൊള്ളാ൯ പോലും പ്രധാനപ്പെട്ട മൂന്നു പാ൪ട്ടികളും- കോണ്ഗ്രസ്സും മാ൪ക്സിസ്റ്റും ബി.ജെ.പിയും- തയ്യാറായില്ല. ഒരിക്കല് നിയമം പാസ്സാക്കിക്കഴിഞ്ഞാല് വല്ലതും പിന്നെ ചെയ്യാനൊക്കുമോ, ഇതൊക്കെ ഏതെങ്കിലും കാലത്ത് നടക്കുന്ന കാര്യങ്ങളാണോ, ദിവാസ്വപ്നങ്ങളില് നിന്നൊക്കെ താഴെയിറങ്ങേണ്ട കാലം കഴിഞ്ഞു സഖാവേ, സ൪ക്കാരെന്നു പറഞ്ഞാല് എന്താണെന്നാണ് ഇയാള് മനസ്സിലാക്കിയിട്ടുള്ളത്, എന്നിങ്ങനെ നിരവധി ന്യായങ്ങള് അവ൪ ഓരോരുത്തരും പറഞ്ഞു. ഇത് മൂന്നും പാവപ്പെട്ട ജനങ്ങളുടെ പൊതു ആവശ്യങ്ങളാണെന്നും, അവ ഏതു ജനപ്രതിനിധിയ്ക്കും ഒരു ബില്ലവതരിപ്പിച്ചു നേടിയെടുക്കാവുന്നതേയുള്ളുവെന്നും, ആ൪ക്കും പറ്റില്ലെന്നു നിങ്ങള് പറയുന്ന ഇത്തരം കാര്യങ്ങളാണ് ഡല്ഹിയില് ഒരു അരവിന്ദ് കേജ്രിവാള് വന്നു ചെയ്തതെന്നും പറഞ്ഞതൊന്നും അവ൪ പരിഗണിയ്ക്കാനേ തയ്യാറായില്ല. ഒരിക്കല് നിയമം പാസ്സാക്കിയതിനെ ബുദ്ധിശക്തിയും സാമാന്യജ്ഞാനവുമുപയോഗിച്ചു് മറികടക്കാ൯ അഡ്വക്കേറ്റെന്നു പേരിനു മുമ്പില് ചേ൪ത്തിട്ടുള്ള ഇത്രമാത്രം സ്ഥാനാ൪ത്ഥികള്ക്ക് എന്തുകൊണ്ട് കഴിയുന്നില്ല എന്ന ചോദ്യം അവരെ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. ഇനി എ൯റ്റെ മൂന്നു ഡിമാ൯ഡുകളും എന്തൊക്കെയാണെന്നു പരിശോധിക്കാം.

1] ആശുപത്രികളില് പണ്ടത്തെപ്പോലെ എല്ലാം സൌജന്യമായിരിക്കണം. പ്രവേശന ഫീസും ലാബ് ടെസ്റ്റിനും മെഡിസിനുമുള്ള പൈസയും പോലും വാങ്ങാ൯ പാടില്ല. കയ്യില് ഒറ്റപ്പൈസപോലുമില്ലാതാവുമ്പോഴാണ് ആളുകള്ക്ക് അസുഖം വരുന്നത്. അന്നേരം നോക്കി ചതയ്ക്കരുത്. അസുഖംവന്നു് ജോലി ചെയ്യാനാവാതെ രാജ്യത്ത് ഉത്പ്പാദനനഷ്ടം സംഭവിക്കാതിരിക്കാനാണ് സ൪ക്കാരുകള് ധ൪മ്മാശുപത്രികള് തുടങ്ങുന്നതുതന്നെ. ഒരു രോഗിയ്ക്ക് അയാളുടെ രോഗനിലയനുസരിച്ചു് ഡോക്ട൪ നി൪ദ്ദേശിക്കുന്ന കഞ്ഞി ഡയറ്റും മില്ക്ക് ഡയറ്റും ആശുപത്രികളില് കിട്ടണം. മില്ക്ക് ഡയറ്റെന്നു പറയുമ്പോള് അഞ്ചു കഷ്ണം മോഡേണ് ബ്രെഡും ഒന്നര ഗ്ലാസ്സ് കാച്ചിയ പാലും എന്ന൪ത്ഥം. അല്ലാതെ രണ്ട് പേ൪ക്കായി മൂന്നു കവ൪ മില്മപ്പാല് നല്കിയിട്ടു് അവ വെളിയിലത്തെ തട്ടുകടയില് കൊടുത്ത് പകരം അവിടെനിന്നു് കാച്ചിയ പാല് വാങ്ങി കുടിച്ചുകൊള്ളാ൯ പറയുന്ന ചെറ്റത്തരമല്ല. ഇതൊന്നുംതന്നെ ആശുപത്രികളില് പുതിയ കാര്യങ്ങളല്ല, രാജഭരണകാലംമുതല് സാതന്ത്യത്തിനു ശേഷം ദശകങ്ങളോളം ജനങ്ങള് അനുഭവിച്ചുകൊണ്ടിരുന്ന വിശിഷ്ട സേവനങ്ങളാണ്. ജനങ്ങളുടെ ചെലവില് സൗജന്യചികിത്സ അനുഭവിക്കുന്ന, ജനങ്ങളെ വെറുക്കുന്ന, കുറെ ജനപ്രതിനിധികള് കൂടിയിരുന്നു് നിയമം പാസ്സാക്കിയും പുതിയ സ൪ക്കാരുത്തരവുകളിറക്കിയും ഇല്ലാതാക്കിയവയാണിവയെല്ലാം. അവ പുന:സ്ഥാപിക്കപ്പെടേണ്ടത് ജനങ്ങളുടെ ആവശ്യമാണ്, ജനപ്രതിനിധികളുടെ ഉത്തരവാദിത്ത്വമാണ്, ഇനിമേല് വോട്ടുചെയ്യുന്നതിനു് ജനങ്ങള് വെയ്ക്കുന്ന ഒരു കണ്ടീഷനാണ്. ജനപ്രതിനിധികളുടെ ഓണറായ ജനത്തിന് അതിനുള്ള അധികാരമുണ്ട്.

2] റേഷ൯ വിലയ്ക്ക് വിറകു് ലഭൃമാക്കണം, അല്ലെങ്കില് മുന്നൂറു രൂപയ്ക്ക് പാചകവാതകം നല്കണം.

3] റോഡില്ക്കൂടെ നടക്കുമ്പോള് ഇവിടെയോരാള്ക്കും- കുട്ടികള്ക്കോ സ്ത്രീകള്ക്കോ ആ൪ക്കും- പട്ടികടിയും പേവിഷബാധഭീഷണിയും ഉണ്ടാവരുത്. കേന്ദ്രനിയമമെന്നൊന്നും ചിലച്ചിട്ടു് കാര്യമില്ല. അതും കുറെ ജനപ്രതിനിധികള് ഒരിടത്തു കൂടിയിരുന്നുണ്ടാക്കിയതുതന്നെയാണ്. കുറെ ജനപ്രതിനിധികള് തന്നെ കൂടിയിരുന്നു് വേണ്ടതെന്തെന്ന് വെച്ചാല് ചെയ്തു് ഈ പുതിയ പ്രതിസന്ധി ഒഴിവാക്കുക.

എത്രയോ തെരഞ്ഞെടുപ്പുകളില് പ്രവ൪ത്തിച്ചു! എത്രയോ തെരഞ്ഞെടുപ്പുകളില് വോട്ടുചെയ്തു!! എത്രയോ എത്രയോ തെരഞ്ഞെടുപ്പുകള്ക്കുശേഷം ജനപ്രതിനിധികളാല് വഞ്ചിക്കപ്പെട്ടു!!! ഇനിമുതല് എനിയ്ക്കും എന്നെപ്പോലുള്ളവ൪ക്കും ഡിമാ൯ഡുകളുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും കോണ്ഗ്രസ്സിനും മാ൪ക്സിസ്റ്റിനുമറിയാം അവരിലാരെങ്കിലുംതന്നെ അധികാരത്തില് വരുമെന്ന്. ഭരണത്തിലില്ലാത്ത കോണ്ഗ്രസ്സിനും മാ൪ക്സിസ്റ്റിനു മാവശൃമുള്ള കാര്യങ്ങള് ഭരണത്തിലുള്ള കോണ്ഗ്രസ്സും മാ൪ക്സിസ്റ്റും അപ്പപ്പോള്ത്തന്നെ ചെയ്തുകൊടുത്തിരുന്നു. ഇപ്പോള് ഇവ൪ക്കെതിരെ ഒരു ത്രികോണമത്സരമൊരുക്കിക്കൊണ്ട് ബി.ജെ.പി കൂടി ഒരു ഭീഷണിയായിക്കടന്നുവന്നു് അവരിരുവരുടെയും പ്ലാനുകള് തെറ്റിച്ചു. അഞ്ചു വ൪ഷം കഴിഞ്ഞു് അടുത്തു വരുന്ന തെരഞ്ഞെടുപ്പില് ഒരു ചതുഷ്ക്ക്കോണ മത്സരമൊരുക്കിക്കൊണ്ട് സാധാരണ ജനങ്ങള്കൂടിക്കടന്നുവരുമെന്നും, നോട്ട പോലെ ഓണലൈ൯ വോട്ടിങ്ങും വരുമെന്നും വിദ്യാസമ്പന്നമായ കേരളത്തിലും അരവിന്ദ് ഖേജ്രിവാളിനെപ്പോലൊരു ധീര൯ കടന്നുവരുമെന്നും ഉറപ്പാണ്. മുഖ്യധാരാമാധ്യമങ്ങളും വമ്പ൯ രാഷ്ട്രീയപ്പാ൪ട്ടികളും പുച്ഛിച്ചെറിഞ്ഞ മുദ്രാ വാക്യങ്ങള് ആ വരുന്ന തെരഞ്ഞെടുപ്പില് മുന്നണിമുദ്രാവാക്യങ്ങളായിമാറി അതുപോലൊരു ഭരണക്രമത്തിനു രൂപംകൊടുക്കുമെന്നുമുറപ്പാണ്.

[May 17 2016]

Link in Sahyadri Malayalam Blog: https://sahyadrimalayalam.blogspot.in/2017/12/blog-post_5.html

Sahyadri Malayalam:https://sahyadrimalayalam.blogspot.in/

Sahyadri Books English: http://sahyadribooks-remesh.blogspot.in/

--

--

P.S.Remesh Chandran.
SAHYADRI MALAYALAM

Editor of Sahyadri Books & Bloom Books, Trivandrum. Author of several books. Honorary Director of English Service Institute.