041. നിങ്ങളുടെ നാട്ടിലും ഇത്തരം വൈദുതി ബോ൪ഡ് ഉദ്യോഗസ്ഥ൯മാ൪ ഉണ്ടായിരിക്കാം- സൂക്ഷിക്കുക

P.S.Remesh Chandran.
SAHYADRI MALAYALAM
Published in
2 min readMar 26, 2018

പി എസ്സ് രമേശ് ചന്ദ്ര൯

പാലോട്ട് നന്ദിയോട് ഇലക്ട്രിസിറ്റി ഓഫീസില് ശങ്കര൯കുട്ടി നായ൪ എന്നൊരു ഓവ൪സീയ൪ ഉണ്ടായിരുന്നു. പിന്നെയദ്ദേഹം അവിടെത്തന്നെ എഞ്ജിനീയറായി. വെളുത്ത മുണ്ടും വെള്ള ഉടുപ്പും മാത്രം ധരിച്ചു നടക്കുന്ന നല്ല വെളുത്ത ഒരാള്. സാധാരണ ഇങ്ങനെയുള്ള പലരുടെയും ഉള്ളു മുഴുവ൯ കറുപ്പായിരിക്കും. ഇതങ്ങനെയല്ല. ത൯റ്റെ ഡ്യൂട്ടിയില് ഇത്രയും കാര്യക്ഷമതയും ഉത്തരവാദിത്ത്വബോധവുമുള്ള ആള്ക്കാരെ കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്യുക അപൂ൪വ്വമാണ്. ത൯റ്റെ ചുമതലയിലുള്ള നന്ദിയോട് മേജ൪ സെക്ഷ൯ പരിധിയിലെവിടെയെങ്കിലും കറ൯റ്റില്ലയെങ്കില് അദ്ദേഹത്തിന് ഉല്ക്കണ്ഠയാണ്. നന്ദിയോട്ടുള്ള ആരെയെങ്കിലും തിരുവനന്തപുരത്തോ നെടുമങ്ങാട്ടോ ബസ് സ്റ്റാ൯ഡില് വെച്ചു കാണുകയാണെങ്കില് അപ്പോള് ഓടിവന്നു ചോദിക്കും, നന്ദിയോട്ടൊക്കെ കറ൯റ്റുണ്ടോ എന്ന്. ഈ ബസ് സ്റ്റാ൯ഡുകളില് നില്ക്കുമ്പോള് ഇദ്ദേഹത്തെക്കാണുകയാണെങ്കില് ഞങ്ങള് നാട്ടുകാ൪ ഓടിക്കളയും- ഈ ചോദ്യത്തെപ്പേടിച്ച്. ദൂരെ സ്ഥലങ്ങളില് വെച്ചു് കാണുമ്പോള് ഈ ചോദ്യത്തെയോ൪ത്ത് അന്ന് വൈക്ലബ്യമാണ് തോന്നിയിരുന്നതെങ്കില്, ഇന്ന് അദ്ദേഹത്തെയോ൪ത്ത് അഭിമാനമാണ് തോന്നുന്നത്. അദ്ദേഹമിന്നെവിടെയാണെന്നറിയില്ല. പെ൯ഷനായ് സ്വന്തം നാട്ടില് താമസിക്കയായിരിക്കും. എവിടെയാണെങ്കിലും അദ്ദേഹത്തിന് ഭാവുകങ്ങളും ദീ൪ഘായുസ്സും നേരുന്നു- ഉത്തരവാദിത്ത്വബോധമുള്ള ഒരു ഗവണ്മെ൯റ്റുദ്ദ്യോഗസ്ഥ൯റ്റെ കാഴ്ചപ്പാടുകളും നിലപാടുകളും മറ്റുള്ളവരെ പഠിപ്പിച്ചതിനു്.

ഇതിപ്പോളിവിടെ ഓ൪ക്കാ൯ കാര്യം തിരുവനന്തപുരം പെരൂ൪ക്കടയിലുള്ള കെ. എസ്. ഇ. ബി. മേജ൪ ഇലക്ട്രിക്കല് സെക്ഷനാഫീസിലെ ചുമതലക്കാരനായ അസിസ്റ്റ൯റ്റ് എ൯ജിനീയറുടെ കൃത്യവിലോപങ്ങളുടെ നീണ്ട പട്ടിക ഓ൪തതിനാലാണ്. ഇദ്ദേഹത്തിനു് ത൯റ്റെ അധികാര പരിധിയിലെവിടെയെങ്കിലും കറ൯റ്റില്ലയെങ്കില്- അത് മിക്കവാറും എന്നും എല്ലായ്പ്പോഴുമാണ്- വളരെ ആനന്ദമാണ്. ഓരോ ദിവസവും നൂറു കണക്കിന് പരാതികളാണ് അവിടെ ടെലിഫോണ് മുഖേന വന്നു നിറയുന്നത്. ഇതിനെ ഇദ്ദേഹം നേരിടുന്നത് കംപ്ലൈ൯റ്റ് ബുക്കില് ഇവ രേഖപ്പെടുത്താതെയാണ്. അല്ലെങ്കില് ടെലിഫോണ് അതി൯റ്റെ ക്രാഡിലില്നിന്നും വേ൪പെടുത്തി വെച്ചുകളയും. ഉപഭോക്താവ് നേരിട്ട് പരാതിയെഴുതാ൯ പരാതിപ്പുസ്തകം ആവശ്യപ്പെട്ടാല് കൊടുക്കുകയില്ല- അതിനു നിയമമില്ലെന്നാണിദ്ദേഹം പറയുന്നത്. സ്ഥിരമായി വൈദ്യുതിയില്ലാതാകുന്നതിനു് ഒരു പ്രദേശത്തെ വീടുകാ൪ സംഘടിച്ചെത്തിയാല് എന്തു ചെയ്യുമെന്നുവെച്ചാല് ഇദ്ദേഹം പോലീസിനെ വിളിക്കും. ഒറ്റയൊരു ലൈനും മെയി൯റ്റന൯സു നടത്തുകയില്ല, അതുകൊണ്ട് എല്ലായിടത്തും എപ്പോഴും മണിക്കൂറുകളോളം കറ൯റ്റു പോകും. സാമഗ്രികള് മു൯കൂറായി സമയത്തിനു് ഇ൯ഡ൯റ്റ് ചെയ്തു വാങ്ങി പണികള് ചെയ്യിക്കുകയില്ല; അതിനെക്കുറിച്ച്ചു് ഇദ്ദേഹത്തിനു് ചിന്തിക്കുവാ൯പോലും കഴിയില്ല, ജീവിതത്തിലിതുവരെയും ചെയ്തിട്ടുമില്ല. ജീവനക്കാരെല്ലാം തോന്നിയ വഴി- കണ്ട്രോള് ചെയ്യാ൯ ആരുമില്ല. കുറ്റം പറയരുതല്ലോ- ആത്മാ൪ത്ഥമായി ജോലി ചെയ്യുന്ന ഏതാനും താഴ്ന്ന ജീവനക്കാരും ഇവിടെത്തന്നെയുണ്ട്. പക്ഷെ അപ്പീസ്സ൪ തലകുത്തനെയെങ്കില് അവരെന്തു ചെയ്യും?

അമ്പലംമുക്ക് — മണ്ണടി റോഡില് ബ്രാഹ്മണ ലൈനും പിന്നോക്ക ലൈനും സൃഷ്ടിച്ചത് ഇദ്ദേഹമാണ്. അവിടെ ഒരു ലൈനില് ഒരിക്കലും വൈദ്യുതി കാണുകയില്ല. മറ്റൊരു ലൈനില് എപ്പോഴും വൈദ്യുതി കാണും. ചോദിക്കാനും പറയാനും ആളുള്ളവരുടെ കണക്ഷനുകളെല്ലാം- റെസിഡ൯റ്റ്സ്സസ്സോസിയേഷ൯ ഭാരവാഹികളുടേതടക്കം- എപ്പോഴും കറ൯റ്റുള്ള ലൈനിലേയ്ക്ക് മാറ്റി. സ്ട്രീറ്റ് ലൈറ്റുകളും അതിലോട്ടു് മാറ്റി. അതായത്, മതിയായ കൈക്കൂലി കൊടുത്താല് കറണ്ടു കിട്ടാത്ത ബാക്കിയുള്ളവരുടെയും കണക്ഷനുകള് അതിലോട്ടു് മാറ്റുമെന്ന൪ത്ഥം.

[May 23, 2016]

Link in Sahyadri Malayalam Blog: https://sahyadrimalayalam.blogspot.in/2017/12/blog-post_14.html

Sahyadri Malayalam:https://sahyadrimalayalam.blogspot.in/

Sahyadri Books English: http://sahyadribooks-remesh.blogspot.in/

--

--

P.S.Remesh Chandran.
SAHYADRI MALAYALAM

Editor of Sahyadri Books & Bloom Books, Trivandrum. Author of several books. Honorary Director of English Service Institute.