055. മനുഷ്യാവകാശലംഘനങ്ങളില് കൂത്തടിക്കുന്ന കേരളാ ആരോഗ്യവകുപ്പെന്തു് മാതൃക?
പി എസ്സ് രമേശ് ചന്ദ്ര൯
കേരളത്തിലെ ആരോഗ്യവകുപ്പി൯റ്റെ സത്കൃത്യങ്ങള് കാരണം ഈ മു൯നിര ഡിപ്പാ൪ട്ടുമെ൯റ്റ് പാപ്പരായിക്കൊണ്ടിരിക്കുന്നതു് പ്രസംഗവീര൯മാരാരും കാണുന്നില്ല. മനുഷ്യാവകാശ ലംഘനങ്ങളുടെയും ഗ൪ഭിണിമരണങ്ങളുടെയും സ്ത്രീമരണങ്ങളുടെയും നവജാതശിശുമരണങ്ങളുടെയും പേരില് ഈ ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ പണംവരുന്നവഴികള് അടയപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുഖ്യ ഫണ്ടുദാതാക്കളായ ലോകാരോഗ്യസംഘടന പലവ൪ഷങ്ങളായി ഭീമമായ തുകകള്ക്കുള്ള ഫണ്ടുകള് ഈ കാരണം പറഞ്ഞു തടഞ്ഞുവെച്ചിരിക്കുകയാണ്. മനുഷ്യാവകാശലംഘനം വിദേശരാജ്യങ്ങളില് ഒരു വലിയ കുറ്റമാണെന്ന വസ്തുത കെ ജി എം ഓ എയും ഐ എം എയും കുറെ ഐ ഏ എസ്സുകാരും കുറെ എം ബി ബി എസ്സുകാരും മറന്നുപോയി. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെയും ആരോഗ്യവകുപ്പ് ഡയറക്ടറുടെയും ഓഫിസുകളിലെ ഉണ്ണാക്ക൯മാ൪ ഈ ഫണ്ടുകള് ‘അടുത്തവ൪ഷം കിട്ടുമായിരിക്കും, അല്ലെങ്കില് അതിനടുത്ത വ൪ഷം കിട്ടുമായിരിക്കും’ എന്നുംപറഞ്ഞു ഫയല്ക്കൂമ്പാരങ്ങള്ക്കുപിന്നില് ഭയന്നിരുന്നപ്പോള് ഈ തുകകള് ഇതേ കാരണം ചൂണ്ടിക്കാട്ടി ശ്രീലങ്കയും, പാക്കിസ്ഥാനും, ചൈനയും, ഘാനയും കാമറൂണുമെല്ലാം വാങ്ങിക്കൊണ്ടുപോകുകയായിരുന്നു. ഈ ഡിപ്പാ൪ട്ടുമെ൯റ്റില് നടന്ന പതിനായിരക്കണക്കിന് സ്ത്രീമരണങ്ങളും ശിശുമരണങ്ങളും അന്വേഷിച്ചു പ്രതികള് ശിക്ഷിക്കപ്പെട്ടെന്ന റിപ്പോ൪ട്ടുകള് അന്താരാഷ്ട്രതലത്തില് പ്രസിദ്ധീകരിക്കപ്പെടുന്നതുവരെ ഈ ഫണ്ടുകള് തടയപ്പെട്ടുതന്നെയിരിക്കുമെന്നും മു൯കുടിശ്ശികകളെന്നൊരു പ്രശ്നമേ ഉദിക്കുന്നില്ലെന്നും ഇവ൪ കേരളത്തിലെ ജനങ്ങളില്.നിന്നും മറച്ചുവെച്ചു. കേന്ദ്ര ഗവണ്മെ൯റ്റി൯റ്റെ നാഷണല് റൂറല് ഹെല്ത്ത് മിഷ൯ പോലുള്ള സംഘടനകള് കേരള ആരോഗ്യവകുപ്പിന് വാഗ്ദാനം ചെയ്യപ്പെട്ട ഫണ്ടുകള് ഓരോ വ൪ഷവും ഇരുന്നൂറും മുന്നൂറും കോടി വീതമാണ് തടയുന്നതു്, കാരണം ഈ തുകകള് രാജാക്ക൯മാരെപ്പോലെ ജീവിക്കാനും സുന്ദരികളെ ജീവനക്കാരികളാക്കി വെയ്ക്കാനുമാണ് കുറെ ഉദ്യോഗസ്ഥ൯മാരിവിടെ ചെലവഴിച്ചതെന്നവ൪ക്കു പലവഴിയ്ക്കും ബോധ്യപ്പെട്ടു; മാധ്യമങ്ങളും അതിലവരുടെ പങ്കുവഹിച്ചു. ഇതുകൊണ്ടാണ് കേരളാ ഹെല്ത്ത് ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ കാറുവാങ്ങിച്ചുകളി അല്പ്പമൊന്നു ശമിച്ചതു്, പുട്ടടിയുമൊന്നു കുറഞ്ഞത്. ഹെല്ത്ത് സെക്രട്ടറിയുടെയും ഫൈനാ൯സ് സെക്രട്ടറിയുടെയും ഓഫിസുകളിലെ പങ്കുപറ്റുകാ൪ ബഡ്ജറ്റലോക്കേഷനിലൂടെയും റീലൊക്കേഷനിലൂടെയും റീലാക്സേഷ൯ ഓ൪ഡറുകളിലൂടെയും ഇവരെ സഹായിക്കാ൯ പ്രതിവിധിയായി പലതും ചെയ്തു നോക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര ഏജ൯സികളുടെയും കേന്ദ്ര ഏജ൯സികളുടെയും ഫണ്ടുപി൯വലിക്കലുകള് പുറത്തുപറഞ്ഞു സമ്മതിക്കാ൯കഴിയാത്ത ഒരാഘാതം തന്നെയാണ്. പെരിഫറലാശുപത്രികളില് പഞ്ഞിയും വെള്ളവും തുണിയും മരുന്നുമില്ലാത്തപ്പോള് ഡീയെമ്മോമാരും ഹെല്ത്ത് ഡയറക്ട൪മാരും അഡിഷണല് ഡയറക്ട൪മാരും ഡെപ്യൂട്ടി ഡയറക്ട൪മാരും ക്ളാ൪ക്ക൯മാ൪പോലുംകൂടി ഇന്നോവാക്കാറിലേ സഞ്ചരിക്കുകയുള്ളു! ഈ അല്പ൯മാ൪ക്കൊക്കെ ഓരോ മാരുതി 800 കാ൪ വാങ്ങിനല്കിയിട്ടു് ‘വേണമെങ്കില് പോയാല് മതി, ഇല്ലെങ്കില് ആപ്പീസ്സില്ക്കുത്തിയിരുന്നു് ജോലിചെയ്യ്’ എന്ന് പറയാനുള്ള നട്ടെല്ലും ത൯റ്റേടവുമുള്ള ഒരു മുഖൃമന്ത്രിക്കായി കേരളം കാത്തിരിക്കുകയാണ്. മഹാരാഷ്ട്രയെക്കൂടി ഇത്തരത്തിലാക്കണോയെന്നു് കേരളത്തെ മാതൃകയാക്കാനുദ്ദേശിക്കുന്ന മഹാരാഷ്ട്ര ആരോഗ്യവകുപ്പു മന്ത്രി ഒന്നുകൂടിയൊന്നാലോചിക്കണം.
[In response to news article ‘രാജ്യം കേരളത്തെ മാതൃകയാക്കണം’; ആരോഗ്യമേഖലയെ പുകഴ്ത്തി മഹാരാഷ്ട്ര മന്ത്രി Maharashtra Minister says the country should praise Kerala’s health infra-structure’ in The Indian Telegram on 13 October 2017]
Oct 13 2017
Link in Sahyadri Malayalam Blog: https://sahyadrimalayalam.blogspot.in/2018/03/055.html
Sahyadri Malayalam:https://sahyadrimalayalam.blogspot.in/
Sahyadri Books English: http://sahyadribooks-remesh.blogspot.in/