കൊറോണയെ എങ്ങനെ നിയന്ത്രിക്കണം — ടോമസ് പ്യോയോയുടെ ലേഖനത്തിന്റെ തർജ്ജമ

Nihal Physics
Mar 18, 2020 · 13 min read

തോമസ് പ്യോയോ മീഡിയം ബ്ലോഗിൽ എഴുതിയ ലേഖനത്തിന്റെ മലയാളം തർജ്ജമയാണിത്. ഇംഗ്ലീഷിൽ എഴുതിയ ഒറിജിനൽ ലേഖനം വായിക്കാൻ ഇവിടെ നോക്കുക.

മലയാളത്തിലെ ഈ പതിപ്പ് ആദ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്റെ ബ്ലോഗിലാണ്.

കൊറോണ വൈറസ് മൂലം നടക്കുന്ന വസ്തുതകൾ ശ്രദ്ധിച്ചാൽ, ഇന്നിതേ പറ്റി എന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ വളരെയേറെ ബുദ്ധിമുട്ടാണ്.

കൂടുതൽ വിവരങ്ങൾ ലഭിക്കാൻ വേണ്ടി കാത്ത് നിക്കണോ?

ഇന്ന് എന്തെങ്കിലും ചെയ്യാനോ?

പക്ഷെ എന്ത്?

ഈ ലേഖനത്തിൽ ചെയ്യാൻ പോകുന്നത് എന്താണെന്നു വച്ചാൽ, അനവധി ഡാറ്റകൾ ശേഖരിച്ചു, കുറെ മാതൃകകൾ അവലംബിച്ചു ചാർട്ടുകളും മറ്റും ഉണ്ടാക്കി ചില കാര്യങ്ങൾ വസ്തുനിഷ്ടമായി പറയാൻ പോവുകയാണ്, പ്രധാനമായി:

 1. നിങ്ങളുടെ പ്രദേശത്തു എത്ര കൊറോണ രോഗ ബാധിതർ ഉണ്ടാവും?
 2. ഇവ ശക്തമായി കഴിഞ്ഞാൽ എന്ത് നടക്കും?
 3. അപ്പോൾ നിങ്ങൾ എന്ത് ചെയ്യണം?
 4. എപ്പോൾ?

ഈ ലേഖനം വായിച്ച കഴിയുമ്പോൾ നിങ്ങൾ അറിയാൻ പോകുന്ന കാര്യങ്ങൾ ഇതൊക്കെയാണ്:

 1. കൊറോണ വൈറസ് നമ്മുടെ അടുക്കലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
 2. അത് ക്രമാതീതമായ വേഗതയിൽ അടുത്തുകൊണ്ടിരിക്കുകയാണ്.
 3. വെറും ദിവസങ്ങളുടെ അകലം മാത്രമേയുള്ളൂ, ഒരുപക്ഷെ ഒന്നോ രണ്ടോ ആഴ്ച മാത്രം.
 4. അങ്ങനെ സംഭവിച്ചാൽ നിങ്ങളുടെ ആരോഗ്യ സംവീധാനങ്ങൾ എല്ലാം തന്നെ തികയാതെ വന്നേക്കും.
 5. സാധാരണക്കാരെ ചിലപ്പോൾ വരാന്തകളിലും മറ്റും കിടത്തി ചികിൽസിക്കേണ്ടി വരും.
 6. ക്ഷീണിച്ച പരവശരായ നഴ്‌സുമാർ സഹായികൾ തളർന്നു വീണേക്കും, ചിലർ മരണപ്പെട്ടെന്നും വരാം.
 7. ആവശ്യസാമഗ്രികൾ തീരുമ്പോൾ, അവസാനമുള്ളത് രണ്ടിൽ ആർക്ക് കൊടുക്കണം, ആരെ മരണത്തിനു വിട്ടുകൊടുക്കണം എന്ന പോലുള്ള തീരുമാനങ്ങൾ എടുക്കേണ്ടി വരും.
 8. ഇതിനെ തടുക്കാനുള്ള ഒരേയൊരു മാർഗ്ഗം സാമൂഹിക വിട്ടുനിൽപ് (സോഷ്യൽ ഡിസ്റ്റൻസിങ്) കൊണ്ടുവരിക എന്ന് മാത്രമാണ്; നാളെയല്ല, ഇന്ന് തന്നെ, ഇപ്പോൾ തന്നെ.
 9. അതായത്, പരമാവധി ആളുകളെ വീട്ടിൽ തന്നെ നിർത്താൻ പ്രേരിപ്പിക്കുക, പുറത്തിറങ്ങി സാമൂഹിക ഇടപെഴുകലിൽ നിന്ന് പിന്തിരിപ്പിക്കുക; ഇപ്പോൾ തന്നെ ചെയ്തു തുടങ്ങുക.
 10. നിങ്ങൾ ഒരു രാഷ്ട്രീയ പ്രവർത്തകനോ, സാമൂഹിക നേതാവോ, തൊഴിലാളി നേതാവോ ആണെങ്കിൽ, നിങ്ങൾക്ക് ഇതു സാധ്യമാക്കാനുള്ള അധികാരമുണ്ട്; ഇത് തടുക്കാനുള്ള ഉത്തരവാദിത്യവുമുണ്ട്.
 11. ഇന്നൊരുപക്ഷേ നിങ്ങൾക്ക് ലേശം ഭയം തോന്നിയേക്കാം; എങ്ങാനും നിങ്ങളുടെ ഈ ചെയ്തിയിൽ പിശകുകൾ വരുമോ എന്ന ഭയം; ആളുകൾ എന്നെ കളിയാക്കി ചിരിക്കുമോ എന്ന ഭയം; അവരെന്നോട് ദേഷ്യപെടുമോ എന്ന ഭയം; ഒരു വിഡ്ഢിയെ പോലെ നിൽക്കേണ്ടി വരുമോ എന്ന ഭയം; എന്റിനു ഞാൻ…മറ്റുള്ളവർ കൂടി തീരുമാനിക്കുമ്പോൾ തുടങ്യാൽ പോരെ? അതോ ഇനി എന്റെ ചെയ്തികൾ കച്ചവട വാണിജ്യ അടിസ്ഥാന ജീവിതത്തെ താളം തെറ്റിക്കുക മാത്രമാണോ ചെയ്യുക?

പക്ഷെ ഒരു കാര്യം ഓർക്കുക. 3 -4 ആഴ്ചകളിൽ , ഈ ലോകം മുഴുവൻ കൊട്ടിയടക്കപ്പെടും, എല്ലായിടത്തും വഴികൾ അടഞ്ഞു കിടക്കും. അന്നേരം, നിങ്ങൾ പരിശ്രമിച്ച സാമൂഹിക അന്തരം കാരണം മാത്രം ഒരുപാട് ജീവനുകൾ നിങ്ങൾ രക്ഷിച്ചിട്ടുണ്ടാകും; അന്നേരം ആരും തന്നെ നിങ്ങളെ വിമർശിക്കില്ല. അവരെല്ലാം നിങ്ങളെ അനുമോദിക്കും, ശരിയായ സമയത്ത്, ശരിയായ തീരുമാനം അവർക്ക് വേണ്ടി തിരഞ്ഞെടുത്തതിന്.

1. നിങ്ങളുടെ പ്രദേശത്ത് എത്ര കൊറോണ റിപോർട്ടുകൾ ഉണ്ടാകും?

കോവിഡ് 19 ബാധിച്ചിരുന്ന ആളുകളുടെ അളവുകൾ ക്രമാതീതമായി ഉയർന്നുവരികയായിരുന്ന ചൈനയിൽ, സർക്കാരിന്റെ കടുത്ത നിയന്ത്രണത്തിലാണ് അവയുടെ തോത് കുറഞ്ഞത് , നിയന്ത്രണവിധേയമായത്. പക്ഷെ അപ്പോഴേക്കും, അസുഖം ചൈനക്ക് പുറത്തേക്ക് വ്യാപിച്ചിരുന്നു. ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത അളവിലേക്ക് ലോകത്തിന്റെ മറ്റുകോണുകളിലേക്ക് അവ പരന്നു കഴിഞ്ഞിരുന്നു.

നിലവിലെ അവസ്ഥ കണക്കിലെടുത്താൽ, ഇറ്റലി, ഇറാൻ, ഉത്തര കൊറിയ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം രോഗം വ്യാപിച്ചതും, പിന്നീടങ്ങോട്ട് പകരാനുള്ള പ്രഭവകേന്ദ്രമായി മാറിയതും.

ഇപ്പറഞ്ഞ മൂന്നു രാജ്യങ്ങളിലും, രോഗം ബാധിച്ചവരുടെ എണ്ണം നോക്കുകയാണെങ്കിൽ, അവയുടെ ഭീമമായസംഘ്യകൾ കാരണം, മറ്റുപല രാജ്യങ്ങളിലെയും കണക്കുകൾ ഒന്നും തന്നെ ഉണ്ടാക്കിയ ഗ്രാഫുകളിൽ കാണ്മാനില്ല. താഴെ കൊടുത്ത ഗ്രാഫിന്റെ താഴ്‌ഭാഗത്തെ വലത്തെ മൂല സൂം ചെയ്തു നോക്കിയാൽ കാണാം.

ഇന്ന് നിലവിൽ, ക്രമാതീതമായി എക്സ്പൊനെൻഷ്യൽ രീതിയിൽ രോഗം പടരുന്ന രാജ്യങ്ങൾ ഒട്ടനവദിയാണ്; മിക്കതും പാശ്ചാത്യ രാജ്യങ്ങൾ.

ഈ ഒരു പകർച്ച നിരക്കിൽ ഒരാഴ്ച കഴിയുമ്പോൾ നിങ്ങൾക് കാണാനാവുന്നത് ഇതായിരിക്കും:

എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ഏകദേശം മനസ്സിലാക്കാൻ, അതെങ്ങനെ തടയണം എന്ന് തിരിച്ചറിയാൻ ചൈനയിലും, മറ്റു കിഴക്കൻ രാജ്യങ്ങളിലും സാർസ് രോഗം വന്നപ്പോൾ ഉണ്ടായത് എന്താണെന്നു പഠിച്ചാൽ മതി. നിലവിൽ ഇറ്റലിയിൽ നടക്കുന്നതും പഠനവിധേയമാക്കാം.

ഏറ്റവും പ്രധാനപ്പെട്ട ഗ്രാഫുകളിലൊന്നാണിത്.

ഇതിലെ ഓറഞ്ചു നിറത്തിൽ കൊടുത്തിരിക്കുന്നത് ഹുബെയ് പ്രവിശ്യയിൽ എത്ര പേര് രോഗ നിർണ്ണയം നടത്തി എന്നതാണ്.

ഗ്രേ നിറത്തിൽ ഉള്ളത് എത്ര പേർക്ക് ശരിക്കുള്ള കൊറോണ വൈറസ് ഉണ്ടായിരുന്നു എന്നതാണ്.

വാസ്തവത്തിൽ,ഇത് തുടങ്ങിയ സമയത്തു ഇത് കോറോണയാണെന്നു അറിയില്ലായിരുന്നു, ചൈനയുടെ രോഗനിയന്ത്രണ വിഭാഗം നടത്തിയ അന്വേഷണത്തിൽ മനസിലായതാണിത്; അതും നടന്ന സമഭാവങ്ങൾ പിന്നോട് ഓടിച്ചു നോക്കിയിട്ട്. അതായത് ഓറഞ്ചു നിറം കാണിക്കുന്നത് എത്ര പേരുടെ കാര്യം അധികാരികൾക്ക് അറിയാമായിരുന്നു എന്നും, അതിൽ എത്ര പേർക്ക് കൊറോണ ഉണ്ടായിരുന്നു എന്നത് ഗ്രേ നിറവുമാണ്.

ജനുവരി 21നു, രോഗ നിർണ്ണയം നടത്തിയ ആളുകളുടെ എണ്ണം ക്രമാതീതമായി ഉയർന്നു (ഓറഞ്ച നിറം), ഏകദേശം നൂറോളം പേരുണ്ടായിരുന്നു. വാസ്തവത്തിൽ 1500 ഇൽ പരം രോഗികൾ അന്നുണ്ടായിരുന്നു, പക്ഷെ അധികാരികൾക്ക് അതറിയില്ലായിരുന്നു; ഈ പുതിയ രോഗലക്ഷണം കാണിക്കുന്നവരെ മാത്രമാണ് അധികാരികൾ പ്രത്യേകം നിരീക്ഷണത്തിനു വിധേയമാക്കിയത്.

രണ്ട് ദിവസങ്ങൾക്ക് ശേഷം, അധികാരികൾ വുഹാൻ അടച്ചിടുകയായിരുന്നു. അന്നേരം, ദിവസേന നാനൂറോളം പേർക്കാണ് രോഗ നിർണ്ണയം പോസിറ്റീവ് ആയി വന്നിരുന്നത്. ഇത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് : പുതിയ ഒരു രോഗ ലക്ഷണത്തിൽ നാന്നൂറ് പേരെ ഒരു ദിവസം കണ്ടെത്തിയതിന്റെ മാത്രം അടിസ്ഥാനത്തിൽ, അധികാരികൾ വുഹാൻ അടച്ചിടാൻ തീരുമാനമെടുക്കുകയായിരുന്നു. വാസ്തവത്തിൽ, നാനൂറല്ല, 2500 ഇൽ പരം രോഗികൾ ഉണ്ടായിരുന്നു. തൊട്ടടുത്ത ദിവസം,ഹുബെയ് പ്രവിശ്യയിലെ 15 നഗരങ്ങളാണ് ചൈനീസ് അധികൃതർ അടച്ചിട്ടത്.

വുഹാൻ അടച്ചിടുന്നു ജനുവരി 23 വരെ, ഗ്രേ ഗ്രാഫ് നോക്കുക : അത് ക്രമാതീതമായി എക്സ്പോനാൻഷ്യലി ഉയർന്നു വരികയാണ്. വുഹാൻ അടച്ചിട്ടതിനു ശേഷം, രോഗം പകരുന്നത്തിന്റെ നിരക്ക് കുറഞ്ഞു വരുന്നതും കാണാം. രണ്ട ദിവസങ്ങൾക്കുള്ളിൽ, രോഗം പകരാൻ സാധ്യതയുള്ള പരമാവധി ആളുകളിലേക്ക് രോഗം പകരുന്നതായി കാണാം. ഓറഞ്ചു നിറത്തിൽ അടയാളപ്പെടുത്തിയ രോഗ ലക്ഷണങ്ങൾ അടുത്ത 12 ദിവസത്തേക്ക് കൂടി ഉയരുകയായിരുന്നു എന്ന് ഗ്രാഫിൽ കാണാം. തുടർന്ന് ചൈനീസ് അതികൃതർ കാര്യക്ഷമമായി രോഗത്തെ നിയന്ത്രിക്കാൻ സർവ്വസന്നാഹവുമായി ഇറങ്ങിത്തിരിക്കുകയാണ്. ചൈനീസ് കേന്ദ്ര ഗവണ്മെന്റ് എടുത്ത തീരുമാനങ്ങളുടെ ഫലമായി എന്തുണ്ടായി എന്നത് താഴെയുള്ള ഗ്രാഫിൽ കാണാം.

എല്ലാ പരന്ന വരകളും, കൊറോണ വൈറസ് ബാധിച്ച ചൈനീസ് കേന്ദ്രങ്ങളാണ്. എല്ലാറ്റിനും ക്രമാതീതമായി ഉയരാനുള്ള സാധ്യതയുണ്ടായിരുന്നു, എന്നാൽ ജനുവരിയോട് കൂടി എടുത്ത സർക്കാകർ തല തീരുമാനങ്ങളും നിയന്ത്രണങ്ങളും രോഗാണു പരക്കുന്നതിനെ പൂർണ്ണമായും തടഞ്ഞു എന്ന് കാണാം.

പക്ഷെയെങ്കിൽ, തൊട്ടടുത്ത് കിടക്കുന്ന രാജ്യമായ ദക്ഷിണ കൊറിയ, പിന്നെ ഇറ്റലിയും ഇറാനും, ഈ രോഗം എന്താണെന്നു പഠിച്ചെടുക്കാൻ സമയമുണ്ടായിരുന്നു, പക്ഷെ അവരത് കാര്യമായി എടുത്തില്ല. ഹുബെയ് പ്രവിശ്യയിൽ കണ്ട അതേ പോലെ ക്രമാതീതമായി ഇവിടങ്ങളിലും രോഗം പകരാൻ തുടങ്ങി.

കിഴക്കൻ രാജ്യങ്ങൾ:

ദക്ഷിണ കൊറിയയിൽ ക്രമാതീതമായി രോഗം പടർന്നു പിടിച്ചു. പക്ഷെ, ജപ്പാൻ, സിംഗപ്പൂർ,തായ്‌ലൻഡ്,ഹോങ്കോങ് എന്നിവിടങ്ങളിൽ ഇത് കണ്ടില്ല എന്നത് എന്തുകൊണ്ട്? എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ??

ഈ രാജ്യങ്ങളിൽ എല്ലായിടത്തും തന്നെ, സാർസ് രോഗം 2003 ഇൽ അക്രമിച്ചിട്ടുണ്ടായിരുന്നു. അതിൽ നിന്ന് വൈറസ് ബാധ എങ്ങനെ ബാധിക്കും എന്നവർ പഠിച്ചിട്ടുണ്ടായിരുന്നു. തൊട്ടടുത്ത ചൈനയിൽ പടർന്ന കോറോണയെ എങ്ങനെയാണ് നിയന്ത്രിക്കേണ്ടി വരിക എന്നവർക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ്, രോഗബാധ ഇവിടങ്ങളിലും പടർന്നു പിടിച്ചെങ്കിലും, അത് ഉയരാതിരുന്നത്.

ഇതുവരെ കോറോണയെ പറ്റി നമ്മൾ ഒരുപാട് കേട്ടു, സർക്കാരുകൾ രോഗഭീഷണി മുൻകൂട്ടി കണ്ടു, അവയെ നിയന്ത്രിക്കാനുള്ള ശ്രമവും തുടങ്ങി. എന്നാൽ മറ്റു രാജ്യങ്ങൾക്ക് ഇവ പൂർണ്ണമായും പുതിയ അനുഭവമാണ്.

അതിലേക്ക് പോകും മുമ്പ്, ദക്ഷിണ കൊറിയയെ പറ്റി ഒരു വാക്ക്: ആദ്യ മുപ്പത് പേരിൽ തന്നെ ഏകദേശം രോഗം നിയന്ത്രിച്ചതായിരുന്നു. എന്നാൽ 31ആമത്തെ വ്യക്തി ഒരു സൂപ്പർ-സ്പ്രെഡർ ആയിരുന്നു — അതിൽ നിന്നാണ് ആയിരങ്ങളിലേക്ക് പിന്നീട് രോഗം പടർന്നത്. രോഗലക്ഷണം കാണും മുമ്പ് തന്നെ, രോഗാണു പരക്കുന്നതാണ് ഇവിടെ പ്രശനം ഗുരുതരമാക്കിയത്. അധികാരികൾ വാസ്തവം തിരിച്ചറിയും മുമ്പേ രോഗം കൈവിട്ടു പോയിരുന്നു. അതിന്റെ പരിണത ഫലമാണ് നിലവിൽ അവർ നേരിടുന്നത്.

വാഷിംഗ്ടൺ സംസ്ഥാനം:

പാശ്ചാത്യ മേഖലയിൽ രോഗം പടരുന്നത് കണ്ടല്ലോ; കൂടാതെ ഒരാഴ്ച വൈകിയ രോഗപ്രവചനത്തിന്റെ പ്രഹരശേഷിയും; ഇനി അത് പോലെ രോഗം വന്നിട്ട്, അടച്ചിടുന്നു പരിപാടിക്ക് തന്നെ നിന്നില്ലെങ്കിലോ? ചില ഉദാഹരണങ്ങൾ നോക്കാം. വാഷിംഗ്ട്ടൺ സംസ്ഥാനം, സാൻ ഫ്രൻസിസ്കോ ബേ പ്രദേശം, പാരിസ്, മാഡ്രിഡ് എന്നിവിടങ്ങളിലേക്ക് പോകാം.

അമേരിക്കയുടെ വുഹാൻ ആണ് വാഷിംഗ്ടൺ. അവിടം രോഗികളുടെ എണ്ണം കൂടി വരികയാണ്, നിലവിൽ അത് 140 ആണ്. പക്ഷെ തുടക്കത്തിൽ, ചില സമയങ്ങളിൽ മരണ നിരക്ക് അത്യധികം കൂടുതലായിരുന്നു. 3 രോഗികൾ റിപ്പോർട്ട് ചെയ്തപ്പോൾ, ഒരു മരണം നടന്നു എന്ന നിലക്കായിരുന്നു. മറ്റുള്ള സ്ഥലങ്ങളിലെ കണക്ക് വച്ച് നോക്കുമ്പോൾ, കൊറോണ മൂലമുള്ള മരണ നിരക്ക് 0.5% മുതൽ 5% വരെയാണെന്നു നമുക്ക് കാണാം, പക്ഷെ 33% വരെയൊക്കെ ഉയർന്നാൽ?

വാസ്തവത്തിൽ 3 പേർക്ക് സ്ഥിരീകരണവും, ഒരാൾ മരിക്കുകയും ചെയ്തതല്ല നടന്നത്. രോഗലക്ഷണങ്ങൾ കാണാതെ ആഴ്ചകളോളം രോഗം ആളുകളിൽ പടർന്നു കൊണ്ടേ ഇരിക്കുകയായിരുന്നു. അധികൃതരുടെ പക്കൽ 3 പേര് മാത്രമാണ് എത്തിയത് എന്ന് മാത്രം. നേരത്തെ സൂചിപ്പിച്ച ഓറഞ്ചു-ഗ്രേ ഗ്രാഫിനെ പോലെ തന്നെയാണ് ഇവിടെയും, പക്ഷെ ഇവിടം ഓറഞ്ചു നിറം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് മാത്രം; അതും വെറും മൂന്നു പേര്, പ്രത്യേകിച്ച് പ്രശനങ്ങൾ ഒന്നും തന്നെയില്ല — പക്ഷെ വാസ്തവത്തിൽ രോഗം നൂറുകണക്കിനോ ആയിരക്കണക്കിനോ ആളുകളിലേക്ക് എത്തിയിട്ടുണ്ടായിരുന്നു.

ഇത് വലിയൊരു പ്രശ്നമാണ്. ഔദ്യോഗിക രോഗനിർണയ വിധീയരായ ആളുകളെ മാത്രമേ നമുക്ക് കണ്ടെത്താനാവൂ, വാസ്തവത്തിൽ കൊറോണ ബാധിച്ചവരെ പ്രത്യേകം തിരിച്ചറിയാനാവില്ല. പക്ഷെ ഏകദേശം നമുക്ക് ചില കണക്കുകൾ പ്രകാരം, കൊറോണ ബാധിച്ചവരുടെ എണ്ണം അനുമാനിക്കാം. ഇതിനായി ഒരു മോഡൽ തയ്യാറാക്കിയിട്ടുണ്ട്. അതിൽ നിങ്ങൾക്കും നമ്പറുകൾ ചേർത്ത് പരീക്ഷണങ്ങൾ നടത്താം.

നിങ്ങടെ പ്രദേശത്ത് മരണങ്ങൾ നടന്നിട്ടുണ്ടെങ്കിൽ, അതിൽ നിന്ന് ഏകദേശം എത്ര പേരിലെങ്കിലും രോഗം പകർന്നിട്ടുണ്ടയിരിക്കണം എന്ന് നിങ്ങൾക്ക് ഊഹിക്കാം. ആ വ്യക്തിക്ക് രോഗം പിടിപെടുന്നതിനും, രോഗ ലക്ഷണം കാണിക്കുന്നതിനും എടുക്കുന്ന ഏകദേശ കാലയളവുകൾ പ്രവചിക്കാം. അതേകദേശം 17.5 ദിവസമായിട്ടാണ് നിലവിലെ കണക്കുകൾ കാണിക്കുന്നത്.

ഇത് കൂടാതെ മരണ നിരക്കും നിങ്ങൾക്കറിയാം എന്ന് കരുതുക — ഏകദേശം 1% ആയിട്ട് എടുക്കാം, അങ്ങനെയെങ്കിൽ 100 രോഗികൾ ഉണ്ടായിരുന്നു എന്ന് കരുതുക, അതിൽ 17.5ദിവസങ്ങൾക്ക് ശേഷം, ഒരാൾ മാത്രം മരണപ്പെടുകയും ചെയ്തു; ഇനി സ്റ്റാറ്റിസ്റ്റിക്‌സ് പരിശോധിച്ചാൽ — രോഗികളുടെ എണ്ണം ഇരട്ടിക്കാനുള്ള സമയം 6.2 ദിവസമാണ്. അതായത് മരണപ്പെട്ട ഒരാൾ 17 ദിവസമെടുത്തെങ്കിൽ, രോഗികളുടെ എണ്ണം 8 കൊണ്ട് ഗുണിക്കണം. 2^(17/6). എന്നുവച്ചാൽ, നൂറുപേരുടെ എണ്ണം, എണ്ണൂറായിട്ടുണ്ടാകും എന്ന് ചുരുക്കം.

ഇതെഴുതുന്ന സമയത്ത് വാഷിംഗ്ടണിൽ 22 മരണം നടന്നിട്ടുണ്ട്. അതിൽ നിന്ന്, നിലവിൽ 16000 പേരെങ്കിലും രോഗം ബാധിച്ചതായി ഉണ്ടാക്കണം എന്ന് അനുമാനിക്കാം; നിലവിൽ ഇറ്റലിയിലെയും ഇറാനിലെയും രോഗികളുടെ എണ്ണം കൂട്ടിയതിനു തുല്യമാണത്.

കൂടുതൽ കാര്യക്ഷമമായി നോക്കിയാൽ, ഇതിലെ 19 രോഗികളും ഒരു കൂട്ടമാണെന്നു കാണാൻ കഴിയും. അതിനെ ഒരൊറ്റ രോഗ കേന്ദ്രമാക്കിയാൽ, നമുക്ക് നാല് രോഗ കേന്ദ്രങ്ങളായി. അങ്ങനെ നോക്കിയാൽ പോലും, കണക്കനുസരിച്ചു, ഇന്ന് 3000പേരെങ്കിലും രോഗം ബാധിച്ചു അവിടമുണ്ടാകണം. ട്രെവർ ബെഡ്ഫോർഡിന്റെ മാതൃക അനുസരിച്ചു നോക്കിയാ ഇതിൽ വൈറസിന്റെയും, അതിന്റെ മ്യൂട്ടേഷന്റെയും ഘടകങ്ങൾ കണക്കിലെടുത്തട്ടിട്ടുണ്ട്.

അതിനാൽ, നിലവിലെ കണക്കനുസരിച്ച്, വാഷിംഗ്ടണിൽ 1100 രോഗികൾ ഉണ്ടാകണം. ഒരു മാതൃകയും കുറ്റമറ്റതല്ല, പക്ഷെ അവയെല്ലാം ഒരേ ദിശയിലേക്കാണ് വിരൽ ചൂണ്ടുന്നത്: യഥാർത്ഥ കണക്കുകൾ ആർക്കുമറിയില്ല, അതെന്തായാലും ഔദ്യോഗിക കണക്കുകൾക്കും വളരെ മീതെയായിരിക്കും; അത് നൂറുകളിൽ നിൽക്കണമെന്നില്ല, ആയിരങ്ങളിലും അതിൽ കൂടുതലും ആവാം.

സാൻ ഫ്രൻസിസ്കോ ബേ പ്രദേശം:

മാർച്ച് എട്ടു വരെ ഇവിടം, മരണങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല. ഇവിടം രോഗികളുടെ എണ്ണം എത്രയെന്നു കൃത്യമായി മനസിലാക്കിയിട്ടുമില്ല. ഔദ്യോഗികമായി 86 രോഗികളാണ് റിപ്പോർട്ട് ചെയ്തത്; രോഗം നിർണയിക്കാനുള്ള ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കുറവ് ഇവിടെ അമേരിക്കയെ അലട്ടി. അതിനാൽ തന്നെ, രാജ്യം സ്വന്തമായി രോഗ നിർണ്ണയ കിറ്റ് നിർമ്മിക്കാനുള്ള തീരുമാനം എടുത്തു, കഷ്ടകാലത്തിനു അവക്ക് പ്രവർത്തന ക്ഷമതയും ഉണ്ടായിരുന്നില്ല. മാർച്ച് മൂന്നു വരെ വ്യത്യസ്ത രാജ്യങ്ങളിൽ നടത്തിയ രോഗ നിർണയത്തിന്റെ കണക്കുകളാണ് താഴെ.

ഫ്രാൻസും പാരിസും :

ഫ്രാൻസിൽ ഇന്ന് 1400 രോഗ റിപ്പോർട്ടുകളും, 30 മരണവും നടന്നിട്ടുണ്ട്. മുകളിലെ രണ്ടു രീതികൾ അവലംബിച്ചാൽ, നിലവിൽ 24000 മുതൽ ഒന്നര ലക്ഷം വരെ രോഗം ബാധിച്ചവർ ഉണ്ടാകും എന്ന് കാണാം.

കൂടുതൽ കൃത്യമായി പറഞ്ഞാൽ, ഫ്രാൻസിൽ നിലവിൽ ഒന്നോ രണ്ടോ അതിൽ കൂടുതലോ ഇരട്ടി രോഗം ബാധിച്ചവർ ഉണ്ടാകുമെന്നാണ് സൂചന നൽകുന്നത്. ഇതിനായി വുഹാനിലെ ഗ്രാഫ് വീണ്ടും നോക്കാം.

ഓറഞ്ചു ഭാഗം നോക്കിയാൽ കാണാം, ജനുവരി 22 വരെ, 444 രോഗ സ്ഥിരീകരണമാണ് ഉണ്ടായിട്ടുള്ളത്. ഇനി ഗ്രേ നിറമുള്ളതെല്ലാം കൂട്ടിനോക്കുക, അവ 12000 ത്തോളം രോഗികളെ കാണിക്കുന്നു. അതായത്, വുഹാനിൽ 444 രോഗികളെ ഉള്ളു എന്ന് കരുതിയിരുന്ന സമയത്ത് വാസ്തവത്തിൽ, അതിനേക്കാൾ 27 മടങ്ങോളം ഉണ്ടായിരുന്നു. അതുപോലെ തന്നെ, ഫ്രാൻസിനെ എടുത്താൽ, അവർ കരുതുന്നത് 1400 രോഗികളാണ് ഉള്ളതെന്നാണെങ്കിൽ, പതിനായിരക്കണക്കിനാകാം വാസ്തവത്തിൽ.

പാരീസിന്റെ കാര്യമെടുത്താൽ, നഗരത്തിൽ 30 രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാസ്തവത്തിൽ, അത് നൂറുകണക്കിനോ, ആയിരങ്ങളോ ആവാം.

സ്പെയിനും മാഡ്രിഡും:

സ്പെയിനും ഫ്രാൻസ് പോലെയാണ്. 1400 നു പകരം, 1200 ആണെന്ന് മാത്രം. അതായത്, ഏകദേശം ഒരേ നിയമങ്ങൾ ഇവിടെയും ഉപയോഗിക്കാം. ഏകദേശം, 20000 ത്തോളം രോഗം ബാധിച്ച ആളുകൾ സ്‌പെയിനിൽ ഇപ്പോൾ ഉണ്ടായിരിക്കാം.
മാഡ്രിഡിൽ 600 ഔദ്യോഗിക രോഗ സ്ഥിരീകരണവും, 17 മരണങ്ങളുമാണുള്ളത്; പക്ഷെ വാസ്തവത്തിൽ അവിടെ പതിനായിരത്തിനും അറുപത്തിനായിരത്തിനും ഇടക്ക് രോഗം ബാധിച്ചവർ ഉണ്ടായിരിക്കാം.

ഇത് കാണുമ്പോൾ, അന്ധാളിച്ചു പോവുകയാണെങ്കിൽ, “ഇല്ല, ഇതൊരിക്കലും സാധ്യമാവില്ല” എന്ന് തോന്നുകയാണെങ്കിൽ, ഒരു കാര്യം ഓർക്കുക — ഇത്രയും തന്നെ രോഗം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ വുഹാൻ മൊത്തമായും അടച്ചു പൂട്ടിക്കഴിഞ്ഞിരുന്നു; ശേഷമുണ്ടായത് തെളിവുകൾ മാത്രം.

ഇനി ചൈനയിലെ ഹുബെയ് ഒരു സ്ഥലം മാത്രം ആണെന്ന് പറയുകയാണെങ്കിൽ, ഒരു കാര്യം ഓർമിപ്പിക്കട്ടെ- അവിടെ 6 കോടി ജനം താമസിക്കുന്നുണ്ട്; സ്പെയിനിനെക്കാളും വലിയത്, ഫ്രാൻസിനോളം വലിപ്പമുള്ളത്.

2. കൊറോണ വൈറസ് റിപോർട്ടുകൾ മൂർത്തിമത്താവുമ്പോൾ എന്ത് സംഭവിക്കും?

കൊറോണ വൈറസ് ഇവിടെ തന്നെയുണ്ട്. ഒളിച്ചിരിക്കുന്ന. ക്രമാതീതമായി വളർന്നു കൊണ്ടിരിക്കുകയുമാണ്.

നമ്മുടെ രാജ്യങ്ങളിൽ ഇത് വന്നാൽ എന്ത് സംഭവിക്കും? കൂടുതൽ ആലോചിക്കേണ്ടതില്ല, കാരണം ഇത് വന്ന ഇടങ്ങൾ നമുക്ക് മുമ്പിൽ ഉദാഹരണങ്ങളാണ്. ചൈനയിലെ ഹുബെയ് പ്രവിശ്യയും, ഇറ്റലിയും ഉത്തമ ഉദാഹരണങ്ങളാണ്.

മരണ നിരക്ക്:

ലോകാരോഗ്യ സംഘടന, 3.4% മരണനിരക്കാണ് നിലവിൽ പ്രവചിക്കുന്നത്. അതായത്, ആയിരത്തിൽ 34 പേര് മരിക്കാൻ സാധ്യതയുണ്ട് എന്ന്.

നിലവിൽ, മരണ നിരക്ക് രാജ്യത്തെ അനുസരിച്ചു, രാജ്യത്തിനകത്ത് നടക്കുന്ന പല ക്രയവിക്രയങ്ങൾ അനുസരിച്ചുമായിരിക്കും. ദക്ഷിണ കൊറിയയിൽ 0.6% മുതൽ ഇറ്റലിയിലെ 4.4%വരെ നമ്മുടെ മുമ്പിൽ നിൽക്കുന്നുണ്ട്.

എങ്ങനെയാണിത് കണക്ക് കൂട്ടുന്നത്?

നിൽവിൽ അസുഖം ബാധിച്ചവരുടെയും മരണപെട്ടവരുടെയും കണക്കുകൾ നോക്കിയും, അസുഖം ഭേദമായവരുടെയും മരണപെട്ടവരുടെയും കണക്കുകൾ നോക്കിയും, നമുക്ക് മരണ നിരക്ക് കണക്ക് കൂട്ടാം.

ഇവ രണ്ടിലും ഒരുപാട് അപാകതകൾ ഉണ്ട്. ഇതിൽ മികച്ച സമീപനം എങ്ങനെയാണെന്ന് വച്ചാൽ, സമയത്തിനനുസരിച് ഇവയുടെ പരിണാമം എങ്ങനെയെന്ന് നിരീക്ഷിക്കലാണ്. ഈ രണ്ടു സമീപനവും, വസ്തുനിഷ്ടമായ ഡാറ്റക്ക് അടുത്തുവരുമ്പോൾ, ഒരുപോലെ ഇരിക്കും. അതുവച്ച്,ഒരു ട്രെൻഡ് നോക്ക്കിയാൽ, അവസാന ഘട്ട മരണ നിരക്ക് കണ്ടെത്താനാവും.

ഇതാണ് നിങ്ങൾ ഡാറ്റയിൽ കാണാൻ പോകുന്നത്. നിലവിൽ ചൈനയുടെ മരണ നിരക്ക്,3.6% മുതൽ 6.1% വരെയാണെന്നു കാണാം. ഭാവിയിൽ അവ 3.8% മുതൽ 4% വരെ എന്ന കണക്കിലേക്ക് ചുരുങ്ങും. ഇത് നിലവിലെ ഊഹങ്ങൾക്കും, ഇരട്ടിയോളം കൂടുതലാണ്.

ഹുബെയുടെ മരണ നിരക്ക് 4.8% ലേക്ക് ചുരുങ്ങും. ചൈനയുടെ മറ്റുഭാഗങ്ങളിൽ അത് ~0.9% ആയി കുറയും.

ഇറാൻ,ഇറ്റലി, ദക്ഷിണ കൊറിയ എന്നിവയുടെയും ഇതുപോലെ കണ്ടെത്താം. ബാക്കിയുള്ളവയിൽ മതിയായ മരണ നിരക്കുകൾ ഇല്ലാത്തതു കൊണ്ട്,നിലവിൽ സാധ്യമല്ല.

ഇറാന്റെയും ഇറ്റലിയുടെയും മരണനിരക്ക് 3%-4% ലേക്കാണ് നിലവിൽ പോകുന്നത്, ഏകദേശം അതെ അളവിൽ തന്നെ അവ നിലനിൽക്കും എന്നാണ് കരുത്തപ്പെടുന്നതും.

ഇതിൽ നിന്ന് വിഭിന്നമാണ്‌ ദക്ഷിണ കൊറിയയിൽ. അവിടെ രോഗനിര്ണയത്തിൽ ഏർപ്പെടുന്ന വ്യക്തികളുടെ എണ്ണവും മരണപെടുന്നവരുടെ എണ്ണവും തമ്മിൽ 0.6% മാത്രെമേ ഉള്ളൂ. എന്നാൽ രോഗമുക്തമാകുന്നവരുടെ എണ്ണം വച്ച് നോക്കിയാൽ 48% ത്തോളം വരുന്നുമുണ്ട്. ഇതിനുള്ള പ്രധാന കാരണം, കൊറിയയിൽ മിക്കയാളുകളും രോഗനിർണയത്തിനു വിധേയമാക്കുന്നുണ്ട്. അതിനാൽ തന്നെ, ആദ്യത്തെ ശരാശരി ശതമാനം കുറയുന്നു. പിന്നെ അവിടത്തെ ആരോഗ്യസുരക്ഷാ സംവീധാനങ്ങളുടെ മികവ് അത്യധികം അവരെ സഹായിക്കുന്നുണ്ട് എന്ന് വേണം കരുതാൻ, കൂട്ടത്തിൽ രോഗ നിയന്ത്രണ സംവീധാനങ്ങളും നല്ല കാര്യക്ഷമതയോടെ തന്നെ പ്രവർത്തിക്കുന്നുണ്ടാവണം.

ഇതിനെലാം പുറമെ, പ്രായവ്യത്യാസം ഓരോ രാജ്യത്തെയും ബാധിച്ചേക്കാം. ജപ്പാനിൽ പ്രായം ചെന്നവരുടെ സംഘ്യ കൂടുതലാണ്, എന്നാൽ നൈജീരിയയിൽ അത് താരതമ്യേന കുറവാണ്.

പിന്നെ, കാലാവസ്ഥ വ്യതിയാനവും വലിയൊരു പങ്ക് വഹിച്ചേക്കാം, അന്തരീക്ഷത്തിലെ ഈർപ്പം, ഊഷ്മാവ് എന്നിവയെല്ലാം എങ്ങനെ രോഗം പകരുന്നതിനെ സ്വാധീനിക്കുന്നു, മരണ നിരക്കിനെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഇപ്പോഴും നിശ്ചയമായിട്ടില്ല.

ഇതിൽ നിന്നൊക്കെ മനസ്സിലാക്കാവുന്നത് :

 1. രോഗത്തെ സർവ്വശക്തിയോടെ നേരിടാൻ തയ്യാറായ രാജ്യങ്ങൾ 0.5%-0.9% വരെ മരണ നിരക്ക് അനുഭവിച്ചേക്കാം, മറിച്ചുള്ള രാജ്യങ്ങളിൽ മരണ നിരക്ക് 3%-5%വരെയായിരിക്കാം.
 2. അതായത്, വളരെ ദ്രുതഗതിയിൽ കാര്യങ്ങൾമുന്നോട്ട് കൊണ്ടുപോകുന്ന രാജ്യങ്ങളിൽ മരണ നിരക്ക് പത്തിരട്ടിയോളം കുറക്കാൻ കഴിഞ്ഞേക്കും, അത് പോലെ തന്നെ പെട്ടെന്നുള്ള നിയന്ത്രണങ്ങൾക്ക് രോഗം ബാധിക്കുന്നവരുടെ എണ്ണത്തെയും വലിയ അളവിൽ കുറക്കായേക്കും.

ഇങ്ങനെയൊക്കെ ആണെങ്കിൽ, ഒരു രാജ്യം ഈ രോഗത്തെ നേരിടാൻ എന്തൊക്കെ സന്നാഹങ്ങളുമായാണ് തയ്യാറായി ഇരിക്കേണ്ടത്?

സർക്കാരിന് മേലെ വരുന്ന സമ്മർദങ്ങൾ എന്തൊക്കെയായിരിക്കാം?

ഇരുപത് ശതമാനത്തോളം പേർക്ക് ആശുപത്രി നിർബന്ധം ആയിരിക്കും, അഞ്ചു ശതമാനം പേർക്ക് ഐസിയു നിലവാരത്തിൽ പരിചരണം ലഭിക്കേണ്ടി വരും, രണ്ടര ശതമാനം പേർക്ക് അത്യധികം സൗകര്യമുള്ള ഇന്റെൻസീവ് യൂണിറ്റുകൾ വേണ്ടി വന്നേക്കും.

ഇവിടെയുള്ള ഒരു പ്രശ്നമെന്തെന്നു വച്ചാൽ, അത്തരം അത്യാധുനിക സൗകര്യങ്ങൾക്ക് വേണ്ടിയുള്ള വെന്റിലേറ്റർ, ECMO യന്ത്രങ്ങൾ വളരെ പെട്ടന്ന് ഉണ്ടാക്കുവാനോ വാങ്ങാനോ കഴിയുന്നതല്ല. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ, അമേരിക്കയിൽ ആകെമൊത്തം 250 ECMO യന്ത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഉദാഹരണം: നിലവിൽ ഒരു ലക്ഷം പേർക്ക് രോഗം ഉണ്ടെന്നു കരുതുക. അതിൽ ഇരുപതിനായിരം പേർക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ വേണം, അയ്യായിരം പേർക്ക് ഐസിയു വേണം,ആയിരത്തോളം പേർക്ക് നിലവിൽ നമ്മുടെ പക്കൽ ഉണ്ടാകാത്ത മേല്പറഞ്ഞ വെന്റിലേറ്റർ/ECMO യന്ത്ര സംവീധാനങ്ങൾ വേണം എന്നതാണ്. ഇത് വെറും ഒരു ലക്ഷം പേരുടെ അവസ്ഥയാണ് എന്നത് പ്രത്യേകം ഓർക്കണം.

വായും മൂക്കും സുരക്ഷിതമാക്കാനുള്ള മുഖമൂടികൾ/മാസ്കുകൾ വേണം എന്നത് മറ്റൊരു ആവശ്യം. അമേരിക്ക പോലൊരു രാജ്യത്ത്,വേണ്ടതിന്റെ 1% മാസ്കുകൾ മാത്രമാണ് ഉള്ളത്. (ഏതെങ്കിലും മാസ്കുകൾ പോരാ, 12M N95, 30M surgical vs. 3.5B മാസ്കുകൾ തന്നെ വേണം).

ജപ്പാൻ,ദക്ഷിണ കൊറിയ,ഹോങ്കോങ്,സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ വേണ്ടവിധം ആരോഗ്യപരിരക്ഷ ജനങ്ങൾക്ക് നൽകുന്നുണ്ട്. പക്ഷെ നിലവിൽ രോഗം പടർന്നു കൊണ്ടിരിക്കുന്ന പാശ്ചാത്യ രാജ്യങ്ങളിലും മറ്റും ഹുബെയ്, ഇറ്റലി എന്നിവരുടെ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ചൈന രണ്ട ദിവസം കൊണ്ട് ആശുപത്രികൾ കെട്ടിപ്പൊക്കി, എന്നിട്ടും രോഗം ബാധിച്ചവർ പലരും വരാന്തകളിലും മറ്റും അഭയം തേടേണ്ടി വന്നു (നിലവിൽ ചൈനയിൽ അടിയന്തരമായി കെട്ടിയ ആശുപത്രികൾ എല്ലാം തന്നെ രോഗികളാൽ മുകതമാക്കപ്പെട്ടിട്ടുണ്ട്; അത്യധികം നിയന്ത്രണ വിധേയമാണ് ചൈനയിൽ കൊറോണ)

ആരോഗ്യസംരക്ഷണ ചുമതലയുള്ള നഴ്സുമാർ ഡോക്ടർമാർ മറ്റു വിദഗ്ദ്ധർ എലാം തന്നെ മണിക്കൂറുകൾ, ഒരൊറ്റ സംരക്ഷണ കവചത്തിൽ തന്നെ നിലകൊണ്ടു; കാരണം മാറ്റിയുടുക്കാൻ വേറെ ഉണ്ടായിരുന്നില്ല.അതിനാൽ തന്നെ, അവർക്ക് രോഗബാധിത പ്രദേശങ്ങളിൽ നിന്ന് എങ്ങും പോകാൻ സാധിച്ചിരുന്നില്ല. ഇനി പോകാൻ നോക്ക്കിയാൽ പോലും, അവർ തീരെ അവശരും ക്ഷീണിതരുമായി കാണപ്പെട്ടു. ഷിഫ്റ്റുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. നിലവിൽ ജോലികളിൽ ഏർപ്പെടാത്ത ആളുകൾ പോലും, ജോലികളിലേക്ക് തിരികെ വന്നു, റിട്ടയർ ആയി പോയവർ പോലും തിരികെ ജോലിയിൽ പ്രവേശിച്ചു; ഒരു രാത്രീ കൊണ്ട്, മെഡിക്കൽ വിദ്യാഭ്യാസം ഒട്ടും തന്നെ ഇല്ലാത്തവരെ പഠിപ്പിച്ചു പിറ്റേന്ന് കളത്തിലിറക്കി; ഇങ്ങനെയൊക്കെയാണ് ചൈനയിൽ നിയന്ത്രണവിടെയമാക്കിയത്.

എല്ലാവരും എല്ലായ്‌പോഴും പ്രവർത്തന സജ്ജമാണ്. അവർ അസുഖം ബാധിച്ചു കിടപ്പിലാവും വരെ. അധികം സംരക്ഷ കവചം ഇല്ലാത്തതിനാലും, നിരന്തരം വിശ്രമമില്ലാതെ വൈറസ് ബാധിച്ച അന്തരീക്ഷത്തിൽ നിൽക്കുന്നത് കൊണ്ടും, അത്തരം മരണങ്ങൾ ഒരുപാടുണ്ടായി.

രോഗം ബാധിച്ച ആരോഗ്യരക്ഷ പ്രവർത്തകരെ പതിനാലു ദിവസത്തേക്ക് ക്വാറന്റീൻ ചെയ്യുകയാണ്. അന്നേരം അവർക്ക് ആരെയും സഹായിക്കാനാവില്ല. അതിനവസാനം ഒന്നുകിൽ രണ്ടാഴ്ച പ്രവർത്തനം കാഴ്ച വെക്കാനാവാതെ നഷ്ടമായി, അല്ലെങ്കിൽ അവർ മരണത്തെ വരവേൽക്കുകയായിരിക്കും.

ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു സാഹചര്യം എന്താണെന്ന് വച്ചാൽ, ജീവൻ നിലനിർത്താനുള്ള യന്ത്ര സാമഗ്രികൾ പലനാൾ പങ്കുവച്ചു ഉപയോഗപ്പെടുത്തുമ്പോൾ, ആർക്കാണ് ഏറ്റവും സാധ്യതയുള്ളത് എന്ന് നോക്കി, അവർക്ക് നൽകേണ്ട അവസ്ഥയാണ്; മറ്റേ വ്യക്തിയെ മരണത്തിലേക്ക് വിടുകയും ചെയ്യണം.

ഇറ്റലിയിൽ നിലവിൽ നടക്കുന്ന സംഭവമാണ്. പ്രായം കുറവുള്ളവരെ നില നിർത്തി, പ്രായകൂടുതൽ ഉള്ളവരെ മരണത്തിനു വിട്ടുകൊടുക്കാൻ നഴ്സുമാർ നിര്ബന്ധിതരാവുകയാണ്.

ഇതൊക്കെയാണ്, കേവലം നാല് ശതമാനം മരണ നിരക്കിലേക്ക് പോകുന്ന രാജ്യത്തിൻറെ അവസ്ഥകൾ. നിങ്ങളുടെ രാജ്യവും നാടും അരശതമാനം മരണനിരക്കിൽ പോകരുത്, നാല് ശതമാനത്തിലേക്ക് കയറണം എന്ന് ആഗ്രഹമുണ്ടെങ്കിൽ, ഒന്നും ചെയ്യാതെ നിങ്ങൾ വെറുതെ ഇരിക്കുക.

3. എന്താണ് നിങ്ങൾ ചെയ്യേണ്ടത്?

ക്രമാതീതവളർച്ചയുടെ വക്രത പരത്തുക!

നിലവിൽ, കോവിഡ്19 നെ പാൻഡെമിക് ആയി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനെ ഉന്മൂലനം ചെയ്യാൻ സാധ്യമല്ല. ആകെ ചെയ്യാനാവുന്നത്, ഇതിനാൽ ഉണ്ടാവുന്ന ആഘാതം കുറക്കുക എന്നതാണ്.

ചില രാജ്യങ്ങൾ ഇതിൽ മാതൃകാപരമായി തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഏറ്റവും മികച്ചത് തായ്‌വാനാണ്. ചൈനയുമായി വളരെ അടുത്ത് കിടക്കുന്നതാണെങ്കിൽ പോലും, അൻപതിൽ താഴെ രോഗം സ്ഥിരീകരിച്ച കേസുകൾ മാത്രമാണുള്ളത്. ഈ പ്രസിദ്ധീകരണം തായ്‌വാന്റെ ക്ഷമത വിവരിക്കുന്നതാണ്.

അവർക്കത് നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട്; പല രാജ്യങ്ങൾക്കും കഴിയാതെ പോയതും അതുതന്നെയാണ്. അവരുടെ അടുത്ത ഘട്ടം ശ്രമം — ലഘൂകരണമാണ്. കൊറോണ വൈറസിന്റെ വിളയാട്ടം,പരമാവധി അക്രമരഹിതമാകുക എന്നതാണതിൽ അവർ പിന്തുടരുന്നത്. അതിനായി പരമാവധി രോഗബാധ തടുക്കുക, അതിലൂടെ നിലവിൽ രോഗം ബാധിച്ചവരെ പരമാവധി ശുശ്രൂഷിക്കാനും സാധിക്കും, മരണ നിരക്ക് ഗണ്യമായി കുറക്കാനും കഴിയും. ഈയൊരു അളവിൽ ഇതിനെ കൊണ്ടുപോവുകയാണെങ്കിൽ, ചുരുങ്ങിയ കാലത്തിനുള്ളിൽ ഇതിനുള്ള വാക്സിൻ കടുത്തുവാനും, ബാക്കി ജനതയെ അണുവിമുക്തമായ രീതിയിൽ വാർത്തെടുക്കാനും കഴിയും. അങ്ങനെ വന്നാൽ,ഈ രോഗത്തിന്റെ തന്നെ പരിസമാപ്തിയിലേക്ക് പോകാനാവും. ഇതിനായി നടത്തേണ്ടത് — വൈറസ് ഉന്മൂലനമല്ല, മറിച്ച് ലഘൂകരണമാണ്. ഇതിന്റെ ആഘാതം ഒരുപാട് നാളേക്ക് നീട്ടിക്കൊണ്ടുപോകൽ.

ഇനി എങ്ങനെയാണ്, ക്രമാതീത വളർച്ചയുടെ വക്രതത നമ്മൾ പരപ്പാക്കുന്നത്?

സോഷ്യൽ ഡിസ്റ്റൻസിങ് അഥവാ സാമൂഹിക വിട്ടുനിൽപ്.

വുഹാനിലെ ഗ്രാഫിലേക്ക് നോക്കിയാൽ മനസ്സിലാക്കാവുന്ന ഒരു കാര്യമാണ്, അധികൃതർ വുഹാൻ അടച്ചിട്ടപ്പോൾ, ക്രമരഹിതമായ ഉയർന്നു കൊണ്ടിരുന്ന രോഗപകർച്ചയുടെ അളവ് ഗണ്യമായി കുറഞ്ഞു എന്നത്. പകർച്ച കുറഞ്ഞതിനാൽ തന്നെ, മരണ നിറയ്ക്കും കുറയ്ക്കാനായി. ആളുകൾ തമ്മിൽ തമ്മിൽ സാമൂഹികമായി ഇടപെഴുകളിൽ ഏർപ്പെടാതെ സംയമനം പാലിച്ചപ്പോൾ, അണുബാധയും പകരാതെ നോക്കാൻ കഴിഞ്ഞു.

നിലവിലെ ശാസ്ത്രീയ നിരീക്ഷണത്താൽ, രണ്ട മീറ്ററോളം ദൂരം വരെ രോഗം പകരാൻ സാധ്യമാണ്. ആരെങ്കിലും ഒന്ന് ചുമച്ചാൽ, അത് രണ്ട മീറ്ററോളം ദൂരേക്ക് എത്തിയേക്കാം. അത്രയ്ക്കും ദൂരത്തിൽ വേറെ വ്യക്തികൾ ഉണ്ടെങ്കിൽ, അവർക്ക് രോഗം പിടിപെടാം, ഇല്ലെങ്കിലോ? വൈറസ് അടങ്ങിയ ദ്രാവകത്തുള്ളികൾ താഴെ വീണു,നിർവീര്യമാവും.

ഇനി തടയാൻ ഉള്ളത്, ഉപയോഗ സാമഗ്രികളിലൂടെയുള്ള പകർച്ചയാണ്. ഒമ്പതോളം ദിവസം, മനുഷ്യർ നിത്യേനെ സ്പർശിക്കുന്ന വാതിൽപിടികൾ, പാത്രങ്ങൾ, ജനകമ്പികൾ,തുടങ്ങിയ സാമഗ്രികളിൽ വൈറസ് അടങ്ങിയ ദ്രാവകം വീണിട്ടുണ്ടെകിൽ നിലനിൽക്കാം. അതിനാൽ തന്നെ, വീടുകളിൽ തന്നെ ആളുകൾ നിലയുറപ്പിച്ചാൽ, പൊതു ഇടങ്ങൾ വഴി പകരുനന്തിന്റെ ഈ തോതും ഗണ്യമായി കുറയ്ക്കാനാവും. 1918 ലെ ഫ്ലൂ പാണ്ഡെമിക്കിലും ഇത് നിരീക്ഷിച്ചാണ്.

ഇറ്റലി ഇത് വേഗം തിരിച്ചറിഞ്ഞു, രോഗം കാളി തുടങ്ങിയ ലൊമ്പാർഡി അടച്ചിട്ടു. പക്ഷെ വൈകാതെയാണ് മനസിലായത്, രാജ്യം തന്നെ അടച്ചിടേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ടെന്നു. ഒന്നോ രണ്ടോ ആഴ്ചകൾ ഇറ്റലിയിൽ ഇനിയും ഗണ്യമായി രോഗാവസ്ഥകൾ മൂര്ച്ഛിച്ചെക്കാം , പക്ഷെ അതിനു ശേഷം കുറയുമെന്ന് പ്രത്യാശിക്കാം.

രാഷ്ട്രീയ നേതാക്കൾക്ക് ഇതിലേക്ക് എങ്ങനെയാണ് സഹായിക്കാൻ കഴിയുക?

രണ്ടു തരത്തിലാണ് അവർക്ക് സഹായിക്കാനാവുക.

അടച്ചിടുക, ലഘൂകരിക്കുക.

അടച്ചിടൽ:

അടച്ചിടൽ എന്നാൽ, എല്ലാ ജനവിഭാഗത്തിന്റെ ഇടയിലും രോഗത്തിന് വേണ്ടി തിരയണം, രോഗ ലക്ഷണം ഉള്ളവരെ തിരഞ്ഞു പിടിച്ചു നിരീക്ഷണ വിധേയമാക്കണം, രോഗ നിർണയത്തിന് വിധേയമാക്കണം, നിയ്രന്തിരിക്കണം, അവരിൽ നിന്ന് അസുഖം പകരാതെ നോക്കാനുള്ള മാര്ഗങ്ങള് അവലംബിക്കണം. ഇതാണ് സിംഗപ്പൂരിലും ഹോങ്കോങ്ങിലും ജപ്പാനിലും എല്ലാം നടന്നത്. അവർ ദ്രുതഗതിയിൽ അകത്തേക്ക് വരുന്നവരെയും, പുറത്തേക്ക് പോകുന്നവരെയും നിയന്ത്രിച്ചു, കൂടാതെ ആരോഗ്യസുരക്ഷാ പ്രവർത്തകർക്ക് അത്യാധുനിക സൗകര്യങ്ങൾ ഏർപ്പാടാക്കി അവരെ സംരക്ഷിച്ചു, രോഗി പോവാനിടയുള്ള എല്ലാ സ്ഥലങ്ങളും,ബന്ധപ്പെടാൻ സാധ്യതയുള്ള എല്ലാ ആളുകളെയും നിരീക്ഷണ വിധേയമാക്കി. ഇതിനു തയ്യാറായി ഇരുന്നാൽ, രാഷ്ട്രീയനേതാക്കൾക്ക് അവരവരുടെ സമ്പദ് ഘടന നിലപതികാതെ തന്നെ ജനസുരക്ഷ ഉറപ്പു വരുത്താം.

ഇക്കാര്യത്തിൽ ചൈന അഭിനന്ദനം അർഹിക്കുന്നതാണ്. അയ്യഞ്ചു വീതം പേരുള്ള ആയിരത്തി എന്നൊരു ഗ്രൂപ്പുകളാണ് ചൈന, രോഗികളുടെ അടുത്ത ബന്ധപെടലുകൾ അന്വേഷിക്കാൻ വിന്യസിച്ചത്. അവരെ കാടനെത്തി, ക്ലോസെ ഗ്രൂപ്പുകളാക്കി, ക്വാറന്റീൻ ചെയ്തു, ചികിത്സകൾ നൽകി. അങ്ങനെ, കോടാനുകോടി ജനങ്ങളുള്ള ഒരു വലിയ രാജ്യത്തിനെ അത് ബാധിക്കാതെ ചൈനക്ക് രോഗത്തെ പിടിച്ചു കിട്ടാനായി.

പക്ഷെ ഇതല്ല, യൂറോപ്പ്യൻ രാജ്യങ്ങളിൽ നടന്നത്. അമേരിക്കയിൽ ഇതിലും വഷളാണ്. യൂറോപ്പ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ നിരോധിച്ചത് ഈയടുത്താണ്; ഹുബെയ് പ്രവിശ്യ അടച്ചിടുന്നതിനേക്കാൾ മൂന്നിരട്ടി രോഗികൾ ആയതിനു ശേഷം. ഇതെത്രത്തോളം ഉപകാരപ്രദമാകും എന്ന് നോക്കി തന്നെ കാണണം.

വുഹാനിലെ യാത്ര നിരോധനം വന്നതിനു ശേഷം ഉണ്ടായ മാറ്റം റെക്കോർഡ് ചെയ്ത ചാർട്ടാണ് താഴെ.

അമേരിക്കയുടെ നിരോധനം നല്ലതാണ്, പക്ഷെ അത് വളരെ വൈകിയിരിക്കുന്നു. ഇതിനാൽ ആകെ ലാഭകരമായി കിട്ടുക ഏതാനും ദിവസങ്ങൾ മാത്രമാണ്. ലഘൂകരണം നടത്തേണ്ട സമയത്, നിരോധനം കൊണ്ടുവരിക മാത്രമാണ് അമേരിക്ക ചെയ്തിട്ടുള്ളത്.

ലഘൂകരണം:

ലഘൂകരണം സാധ്യമാക്കാൻ, ഗൗരവമേറിയ സോഷ്യൽ ഡിസ്റ്റൻസിങ് തന്നെ വേണം. ആളുകൾ പരസ്പരം കൂടിക്കാഴ്ച നടത്തുന്നത് പൂർണ്ണമായും നിറുത്തണം. ഒരാളിൽ നിന്ന് രണ്ടോ മൂന്നോ പേർക്ക് പകരാം എന്ന കണക്കിൽ, അതിന്റെ നിരക്ക് ഒരാളിൽ നിന്ന് ഒരാളിലേക്ക് പകരുന്ന അവസ്ഥയുടെ താഴേക്ക് കൊണ്ടുവരണം, എന്നാലേ സമയാനുസൃതമായി പകർച്ച ഇല്ലാതാക്കാൻ കഴിയൂ.

എത്രയും പെട്ടന്ന് കമ്പനികൾ, കടകൾ, പൊതു വഴികൾ,സ്‌കൂളുകൾ എന്നിവ നിർബന്ധിതമായി അടച്ചു പൊട്ടിക്കണം.

ഇതാണ് വുഹാൻ ചെയ്തത്, ഇതാണ് ഇറ്റലി ചെയ്യാൻ നിർബന്ധിതരായത്; കാരണം അക്രമാസക്തമായി വൈറസ് നമുക്ക് മുന്നിൽ നിൽക്കുമ്പോൾ, അതിനെ ഒറ്റപ്പെടുത്തുക എന്നത് മാത്രമാണ് യുക്തി. അതിലൂടെ പകർച്ച കുറച്ച്, സൂക്ഷമവും വൈദഗ്ധ്യവുമായ ഇടപെടലിലൂടെ അതിനെ നിയന്ത്രണ വിധേയമാക്കണം.

ഇതാണ് ഇറാൻ,ഫ്രാൻസ്,സ്പെയിൻ,ജർമനി,അമേരിക്ക എന്നിവിടങ്ങളിൽ ഉടനടി ചെയ്യണ്ടത്.

പക്ഷെ അവരിനിയും ഇതിനു മുതിർന്നിട്ടില്ല.

വീടുകളിൽ ആളുകൾ മുൻകരുതൽ എടുക്കാൻ തുടങ്ങിയിട്ടുള്ളതും, പൊതു പരിപാടികൾ ആളുകൾ ബഹിഷ്കരിക്കാൻ തുടങ്ങിയിട്ടുള്ളതും, ചില ഇടങ്ങളിലെ ആളുകൾ സ്വമേധയാ ക്വാൻറന്റീൻ ചെയ്തിട്ടുള്ളതുമാണ് ഇതിലേക്ക് അധികമായി സഹായം ചെയ്യുന്ന സംഭാവനകൾ.

ഇതിലേക്ക് നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?

 1. പൊതുസ്ഥലങ്ങൾ,ജോലി സ്ഥലങ്ങൾ,ഹൗസിങ് കോളനികൾ എന്നിവയിലേക്ക് ആരെയും പുറത്ത് നിന്ന് കയറ്റാതിരിക്കുക, അകത്തു നിന്നുള്ളവരെ പുറത്തേക്ക് വിടാതെയും ഇരിക്കുക.
 2. ഇത്തരം ക്വാറന്റീൻ സ്ഥലങ്ങളിലെ, അകത്ത് ജീവിക്കുന്ന ആളുകളുടെ ചലനം നിയന്ത്രിക്കുക; അത്യാവശ്യം അല്ലാത്ത എല്ലാ കാര്യങ്ങളും ഉപേക്ഷിക്കുക,അല്ലെങ്കിൽ മാറ്റി വെക്കുക.
 3. ആരോഗ്യ സുരക്ഷാ ജോലിക്കാരുടെ ലീവുകളും മറ്റും എടുത്തു കളയുക, മുഴുവൻ സമയ പ്രവർത്തനവും ഉറപ്പു വരുത്തുക.
 4. എല്ലാ വിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു പൂട്ടുക, ജിമ്മുകൾ,സാമൂഹിക സാംസ്കാരിക കേന്ദ്രങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, സിനിമ തിയേറ്ററുകൾ എന്നിവ അടച്ചു പൂട്ടുക, പ്രവർത്തനം സ്തംഭിപ്പിക്കുക.
 5. എല്ലാ പബ്ബ്കളും ക്ലബ്ബ്കളും പ്രവർത്തനം സ്ഥാപിപ്പിക്കുക.
 6. എല്ലാ വാണിജ്യ പ്രവർത്തികളും, ഒന്നും രണ്ടും മീറ്ററുകൾ ദൂരം പാലിച്ചുകൊണ്ട്‌ മാത്രം നടത്തുക, അതിനു കഴിയാത്തവരുടെ വാണിജ്യ പ്രവർത്തികൾ നിർത്തി വെപ്പിക്കുക.
 7. ആരാധനാലയങ്ങൾ, രോഗികളെ സന്ദർശിക്കൽ എന്നിവ ശക്തമായ നിയന്ത്രണത്തിൽ കൊണ്ടുവരിക.
 8. ജോലി സംബന്ധമായ യാത്രകൾ, ചർച്ചകൾ,കൂടിക്കാഴ്ചകൾ മാറ്റിവെക്കുക. വീടുകളിൽ തന്നെയിരുന്നുകൊണ്ടുള്ള ജോലികൾക്ക് പ്രാധാന്യം കൊടുക്കുക.
 9. എല്ലാ വിധ മത്സര പരിപാടികളും നിർത്തിവെക്കുക.
 10. അത്യതികം ആവശ്യകരമായ മീറ്റിങ്ങുകൾ മാത്രം, കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതിനു ശേഷം നടത്തുക.
 11. ആരോഗ്യ സുരക്ഷയെ സംബന്ധിച്ചുള്ള മീറ്റിങ്ങുകൾ പോലും ഇത്തരം രീതിയിൽ നടത്തേണ്ടതാണ്.
 12. അത്യാവശ്യമായ സാഹചര്യങ്ങളിൽ മാത്രം യാത്ര (അതും രോഗ സമബന്ധമായ ആവശ്യങ്ങൾക്ക് മാത്രം), ഭക്ഷണ സാമഗ്രികൾ മതം തുറക്കുക.

ഇത്തരത്തിലാണ് ലഘൂകരണം നടത്തെണ്ടത്. ആളുകൾ പരാതി പെട്ടേക്കും, പ്രശ്നമുണ്ടാക്കിയേക്കും, പക്ഷെ അവർ പിന്നീട് യാഥാർഥ്യം മനസ്സിലാക്കിക്കോളും, ഇതായിരുന്നു ഏറ്റവും ഉചിതമായ രീതി എന്ന് അവർക്ക് ബോധ്യമായിക്കോളും.

4. എപ്പോൾ?

മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ നന്നായി മനസിലായ അവസ്ഥയിലായിരിക്കും നിങ്ങൾ നിൽക്കുന്നത് എങ്കിൽ പോലും, എല്ലാവരെയും അലട്ടിയ ഒരു ചോദ്യമുണ്ട്‌. ശരിയായ തീരുമാനം എപ്പോൾ എടുക്കണം എന്നുള്ളത്.

ഓരോ തീരുമാനങ്ങൾ എടുക്കാനും, എന്തൊക്കെ സൂചകങ്ങളാണ് നോക്കേണ്ടത്?

ഇതിനായി അപകടസാധ്യത അളവുകോലായി ഉപയോഗിക്കണം.

അപകടസാധ്യത മാനദണ്ഡമാക്കിയുള്ള ഒരു മാതൃകയാണിത്;

ഇവിടെ നോക്കുക.

ഈ മാത്രക കൊണ്ട്, ഏകദേശം നിങ്ങളുടെ പ്രദേശത്തു എത്ര രോഗ ബാധിതർ ഉണ്ടാവുമെന്നും മറ്റും ഊഹിക്കാൻ കഴിയും.

അലസമായ കാത്തിരിപ്പിന്റെ വില :

ഇന്ന് തന്നെ ഒരു തീരുമാനമെടുക്കണം എന്നോർക്കുപോൾ ഭയം തോന്നിയേക്കും, പക്ഷെ നിങ്ങൾ അതിനെ അങ്ങനെ വീക്ഷിക്കേണ്ട കാര്യമില്ല.

താഴെയുള്ള ഗ്രാഫ് നോക്കുക; സോഷ്യൽ ഡിസ്റ്റൻസിങ് എടുത്തില്ലെങ്കിൽ ഉള്ള അവസ്ഥയാണ് കറുപ്പിൽ കാണിക്കുന്നത്. n ദിവസങ്ങൾക്ക് ശേഷം സോഷ്യൽ ഡിസ്റ്റൻസിങ് തുടങ്ങുകയാണെങ്കിൽ പച്ച നിറവും, n+1 ദിവസങ്ങൾ (അതായത് ഒരു ദിവസം കൂടി വൈകിയാൽ) എന്തായിരിക്കും എന്നുള്ളതുമാണ് ചുവപ്പ് നിറത്തിൽ കാണിക്കുന്നത്.

നിങ്ങൾ എടുക്കുന്ന തീരുമാനത്താൽ ഒട്ടനവധി ജീവനുകൾ രക്ഷപെട്ടേക്കും, അത് മാത്രം ഓർക്കുക.

അടിക്കുറിപ്പ്: ഈ ലേഖനം മാർച്ച് 10 ,2020 നു എഴുതിയതാണ്; അതിനാൽ തന്നെ ഭാവിയിൽ ഡാറ്റകളിൽ ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ടാകും.

Medium is an open platform where 170 million readers come to find insightful and dynamic thinking. Here, expert and undiscovered voices alike dive into the heart of any topic and bring new ideas to the surface. Learn more

Follow the writers, publications, and topics that matter to you, and you’ll see them on your homepage and in your inbox. Explore

If you have a story to tell, knowledge to share, or a perspective to offer — welcome home. It’s easy and free to post your thinking on any topic. Write on Medium

Get the Medium app

A button that says 'Download on the App Store', and if clicked it will lead you to the iOS App store
A button that says 'Get it on, Google Play', and if clicked it will lead you to the Google Play store