കോംപ്ലിക്കേറ്റട് സ്റ്റയ്റ്റ് ഓഫ് ജോസൂട്ടി — (Part I)

Ronnie Manuel Joseph
3 min readAug 2, 2016

--

~~ “She’s got eyes of the bluest skies

As if they thought of rain

I’d hate to look into those eyes

And see an ounce of pain

Sweet child o’ mine

Sweet child o’ mine “ ~~

പാട്ടിൻറെ ശബ്ദം പെട്ടെന്ന് കുറഞ്ഞു.

“ഹോ!! ചെവിതല കേപ്പിക്കതില്ലല്ലോ.. നിനക്ക് മാത്രം കേക്കാൻ പാകത്തിന് ഒച്ച വെച്ച പോരേ.. എടാ, കാർ ഓടിക്കുമ്പോ പാടു കേട്ട ശ്രദ്ധ പോകൂന്ന്.. അല്ലേലും ഈ കഞ്ചാവ് വലിക്കുന്നവരാ ഇങ്ങനത്തെ പാട്ടൊക്കെ കേക്കുന്നേന്നു മനോരമേലെ ഫീച്ചറിൽ ഉണ്ടായിരുന്നു…
……
……”

അവൻറെ ബ്രെയിൻ മ്യുട്ട് മോഡ് ഓണ്‍ ചെയ്തു
അവൻറെ ബ്രെയിനിന് അങ്ങനെ ഒരു പ്രത്യേക കഴിവുണ്ട്, കാറിലിരുന്നു അമ്മ എന്തേലും പറഞ്ഞു തുടങ്ങി നിർത്തുന്നില്ല എന്ന് കണ്ട മ്യുട്ട് മോഡ് ഓണ്‍ ചെയും, പിന്നെ പറയുന്നതൊക്കെ ചെവിക്കകത്ത്‌ കേറും എന്നല്ലാതെ ഒന്നും കേൾക്കത്തില്ല, വെറുതെ ചിരിച്ച് കേട്ടോണ്ടിരിക്കാം.

കുറച്ച് കഴിഞ്ഞ് അവൻറെ മോന്തക്കൊരു തട്ട് കിട്ടിയപ്പോ വീണ്ടും കേട്ട് തുടങ്ങി

“ നീ വല്ലതും കേക്കുന്നുണ്ടോ?

ഇപ്പൊ കണ്ട പെണ്ണ് എങ്ങനെയുണ്ടെന്നു?”

അവൻറെ പ്രതികരണം ഒന്നും കിട്ടില്ലയെന്നു ഉറപ്പായപ്പോൾ അമ്മ പിറകോട്ടു തിരിഞ്ഞു

“എന്നാ വെളുപ്പാല്ലേ ?”

പുറകിലിരിക്കുന്ന അമ്മയുടെ സുഹൃത്തുക്കളായ ഗ്രേസി ചേച്ചിക്കും, സാലി ആന്റിക്കും വിഷയം പാസ് ചെയ്ത് കൊടുത്തു. അവൻറെ പെണ്ണു കാണൽ ഒറ്റയ്ക്ക് നടത്തിക്കൊള്ളാം എന്ന അവന്റെ ആവശ്യം നിർദാക്ഷണ്യം തള്ളി അവരെ കൂടി കൂട്ടാൻ അമ്മക്ക് ഒരു കാരണമേ ഉണ്ടായിരുന്നൊള്ളൂ, കുറ്റം കണ്ടുപിടിക്കാൻ അവര് കഴിഞ്ഞിട്ടെയൊള്ളൂ.

“അനിയത്തിയ ഒന്നുംകൂടി മിടുക്കി”

“സ്ഥലം കുറേയുണ്ട്”

“രണ്ടു പെണ്ണുങ്ങൾ അല്ലേയൊള്ളൂ പകുതി കിട്ടിയാ തന്നെ മൊതലാ”

“കൊഴലപ്പം മേടിച്ചതായിരിക്കുവോ”

“ആണെന്ന് തോന്നുന്നു, ഒരു കാറ ചൊവ ഉണ്ടായിരുന്നു”

“അവരുടെ കിണറ്റിലെ വെള്ളം പറ്റുന്നതാണോ”

“കണ്ടിട്ട് പറ്റുന്ന തോന്നണേ”

“നമ്മുടെ പള്ളീന്ന് പണ്ട് പോയ വെളിയംപറമ്ബിൽ അച്ചനില്ലേ, അത് ഈ പുള്ളിക്കാരീത്തീടെ ആങ്ങളേടെ അളിയൻ ആണെന്ന്”

“ആഹ! അതെപ്പോ പറഞ്ഞു”

അങ്ങനെ അവരുടെ ചർച്ച പരസ്പര ബന്ധമില്ലാതെ മുന്നോട്ട് പോകുന്നതിനിടയിൽ അവൻ പറഞ്ഞു

“ എനിക്കിഷ്ടപെട്ടില്ല “

_______________

~~ “ഈറൻ മേഘം
പൂവും കൊണ്ട്
പൂജക്കായി ക്ഷേത്രത്തിൽ
പോകുമ്പോൾ
പൂക്കാരി നിന്നെ കണ്ടുഞാൻ….”~~

നേഹ പാടിയ ഈ Unplugged Version കൊള്ളാല്ലോ, മ്യൂസിക്‌ മോജോയെക്കാൾ നല്ലത് റോസ് ബൌളിലെ പ്രോഗ്രാം അല്ലായിരുന്നോ എന്നീ അവൻറെ ചിന്തകളെ കട്ട് ചെയ്താണ് അമ്മ ആ ചോദ്യം എറിഞ്ഞത്

“പെണ്ണ് എങ്ങനെയുണ്ട് ?”

ഇന്ന് ഗ്രേസി ചേച്ചിയും സാലി ആന്റിയും ഇല്ല.
ഗ്രേസി ചേച്ചിക്ക് ഏതോ പള്ളിയിൽ നീന്ത് നേർച്ച ഉണ്ടെന്ന്,പുള്ളിക്കാരിത്തീടെ മോന് ഗൾഫിൽ ജോലി കിട്ടാൻ.
സാലി ആന്റിടെ മോൾ സൂസൻറെ ഭർത്താവ് തലപൊട്ടി ആശുപത്രീലാണെന്ന്. കഴിഞ്ഞ ദിവസം രാത്രീൽ, ‘കൊതിയയിട്ടല്ലെ ചേട്ടാ, ഒരു ബിരിയാണി മേടിച്ചോണ്ട് വാ’ എന്ന് പറഞ്ഞ് താൻ തോളത്ത് ഒന്ന് തോട്ടത്തെയൊള്ളൂ, പുള്ളി പോയി മറഞ്ഞ് വീണു തല പൊട്ടി എന്നാണ് സൂസൻ പറഞ്ഞത്. രാവിലെ പെണ്ണുകാണലിന് പോകുന്ന വഴിക്ക് ആശുപത്രിയിൽ കയറിയപ്പോൾ നീന്ത് നെർചക്കു പോകാൻ ഇറങ്ങിയ ഗ്രേസി ചേച്ചി ഉണ്ടായിരുന്നു അവിടെ. സൂസന്റെ കല്യാണം നടന്നത് അവിടെ പൊയ് നേർച്ച നടത്തിയിട്ടാണ് എന്ന് സാലി ആന്റി ഗ്രേസി ചേചിയോട് പറഞ്ഞപ്പോൾ, എനിക്ക് ആ നേർച്ച നടത്താൻ പറ്റീല്ല എന്ന് തലപൊട്ടി കിടന്ന സൂസന്റെ ഭർത്താവ് പറഞ്ഞത് സര്ക്കാസം ആയിരുന്നോ എന്ന കണ്ഫ്യുഷൻ അവനെ ഇപ്പോഴും വിട്ടുമാറീട്ടില്ല.

“എടാ, ചോദിച്ചത് കേട്ടില്ലേ? പെണ്ണ് എങ്ങനെയുണ്ടെന്നു?”

വീണ്ടും അവന്റെ ചിന്തകൾ മുറിഞ്ഞു
“പോര .. സംസാരത്തിൽ ഒന്നും ഒരു ആറ്റിറ്റ്യൂട്‌ ഇല്ല”
“എന്തില്ലാന്നു?”

“ഒരു ആറ്റിറ്റ്യൂടില്ലാന്ന്..”

“എടാ മാങ്ങത്തൊലിയാ, പുറത്ത് പറയാവുന്ന ഒരു ജോലിയുണ്ടോടാ നിനക്ക്,
ഫോട്ടൊഗ്രാഫർ ആണെന്ന് പറഞ്ഞോണ്ട് നടന്നിട്ട് ആ ഔതക്കുട്ടിടെ കൊച്ചിൻറെ ആദ്യകുബാനയ്ക്ക് നിന്നെ ഫോട്ടോ എടുക്കാൻ ഏപ്പിച്ചിട്ടു നീ എന്നാ കാണിച്ചെ, മലബാറീന്നു വന്ന ബന്ധുക്കാരുടെ ഫോട്ടോ ഒരെണ്ണം പോലും ഇല്ലായിരുന്നു, അവൻ എവിടുത്തെ ഫോട്ടോഗ്രാഫറാന്ന് ഔതക്കുട്ടി വിളിച്ച് ചോദിച്ചപ്പോ ഞാൻ നാണം കേട്ട് പോയി.”

“കല്യാണത്തിനും ആദ്യകുർബാനക്കും ഫോട്ടോ എടുക്കലല്ല എന്റെ പണി.”

“അതിന് അല്ലേ പിന്നെ എന്തിനാടാ ഫോട്ടൊഗ്രാഫർ, നീ പറയുന്നത് പോലെ പരസ്യ കമ്പനിയിൽ ഫ്രീലാൻസ് ഫോട്ടൊഗ്രാഫർ ആണെന്ന് പറഞ്ഞാ പെണ്ണ് കിട്ടത്തില്ല,
ആദ്യമായി ആൾക്കാർക്ക് പറഞ്ഞാ മനസിലാവുന്ന ജോലി വേണം, വല്ലോ ഫോറിനിലോ, അല്ലേ ടെക്നോപാർക്കോ ഇൻഫോപാർക്കോ പോലുള്ള കമ്പനിയിലൊ മറ്റോ .”

“ടെക്നോപാർക്കും ഇൻഫൊപാർക്കും ഒന്നും ഒരു കമ്പനി അല്ല “

“എന്നാ നീ എല്ലാവരെയും പറഞ്ഞു പഠിപ്പിച്ചേച്ച് വാ, അല്ല പിന്നെ. എന്തായാലും ആൾക്കാർക്ക് വേണ്ടത് ഇതൊക്കെയാ. പിന്നെ പറഞ്ഞാ അറിയുന്ന ഒരു കുടുംബപ്പേര് ഉള്ളതുകൊണ്ട കൊള്ളാവുന്ന ആലോചന വല്ലതും വരുന്നേ, അപ്പഴാ അവൻറെ… . നീ നേരത്തെ പറഞ്ഞ സാധനം എന്താ?

“എന്ത് ?”

“ആ പെണ്ണിന് എന്തോ ഇല്ലെന്നു പറഞ്ഞില്ലേ.. ?”

“ആറ്റിറ്റ്യൂടോ?”

“ങാ .. ആറ്റിറ്റ്യൂട്.. വല്ലോ വണ്ണം വേണം .. നിറം വേണം എന്നൊക്കെ പറഞ്ഞാ സമ്മതിക്കാമായിരുന്നു.. ഇനി നിൻറെ കൂടെ ഞാൻ വരുന്നില്ല”

_______________

~~~ “മുതുകുളം ഗ്രാമ പഞ്ചായത്തിൻറെയും മ്രഗസംരക്ഷണ വകുപ്പിൻറെയും ആഭിമുക്യത്തിൽ
അടുത്ത വ്യാഴാഴ്ച്ച ഉച്ച കഴിഞ്ഞ് നല്ലയിനം
കാടക്കോഴികളെ വിതരണം ചെയ്യുന്നു
വേണ്ടവർ ബുധനാഴ്ച്ചക്ക് മുൻപായി
മുതുകുളം ഗ്രാമ പഞ്ചായത്ത്‌ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയേണ്ടതാണ്” ~~~

“പോയി പേര് രജിസ്റ്റർ ചെയ്താലോ മോനെ ?”

സർക്കാസം ആണോ, കാര്യം ആണോ എന്ന് മനസിലാകാത്ത രീതിയിൽ കേരളത്തിലെ ജനങ്ങളെ സംസാരിപ്പിക്കാൻ പഠിപ്പിച്ചത് ശ്രീനിവാസാൻ ആണെന്ന പ്രസ്ഥാവന പണ്ട് ഒരു കൂട്ടുകാരാൻ നടത്തിയത് പെട്ടന്ന് അവൻ ഓർത്തു.
പാട്ട് ഉള്ള പെൻ ഡ്രൈവ് അനിയൻ എടുത്തോണ്ട് പോയതിനാലും, മറ്റ് സ്വകാര്യ റേഡിയോ ചാനലുകളോട് ആശയപരമായി വിയോജിപ്പുകളുള്ളതിനാലും ആകാശവാണി കേൾക്കാൻ എടുത്ത തീരുമാനം തെറ്റായിപ്പോയി എന്ന് അവന് തോന്നി.

ഇന്നത്തെ പെണ്ണുകാണലിനും ഗ്രേസി- സാലി സഘ്യം ഇല്ല.
ഗ്രേസി ചേച്ചിടെ മുട്ടിന് നീര്. സാലി ആന്റി സൂസൻറെ വീട്ടിലോട്ട് പോയി, സൂസൻറെ ഭർത്താവ് കിടപ്പിലായതിനാൽ, സൂസൻറെ ഫുഡ്‌ ശരിയവുന്നില്ലാന്ന്.
ഇന്നത്തെ കാണലിനെപറ്റി അമ്മയുടെ ചോദ്യം ഒന്നും എത്തിയില്ലല്ലോ എന്ന് അവൻ ഓർത്തതേയൊള്ളൂ

“നല്ല ആറ്റിറ്റ്യൂടുള്ള കുട്ടി, അല്ലേ…”

കുറച്ച് നേരം അവൻറെ മുഖത്ത് നോക്കിയിരുന്നിട്ടും അവൻ മറുപടി പോലും പറയാൻ ഉദ്ദേശമില്ല എന്ന് മനസിലാക്കി

“കുന്തം, ഇനി നിൻറെ കൂടെ ഇങ്ങോട്ടും ഇല്ലാ. നീ എന്താന്നു വെച്ചാ കാണിക്ക്”

_______________

രാവിലത്തെ അവൻ്റെ ഉറക്കം കട്ട് ചെയ്ത് വന്ന ഫോൺ കോൾ , ഫോൺ കണ്ടെത്തി അറ്റൻഡ്’ ചെയ്യാൻ തുടങ്ങിയപ്പോഴേക്കും മിസ’ഡ്‌ കോൾ ആയി മാറി. ഉറക്കത്തിലേക്ക് പതിയെ വീണു തുടങ്ങിയതു ആ അൺനോൺ നമ്പറിൽ നിന്ന് വീണ്ടും കോൾ വന്നു.

“ ഹലോ “

“ഹലോ… ഞാൻ നീതുവാ “

“ നീ.. തു.. മനസിലായില്ലാട്ടോ “

“എടാ.. നീതു ഭാസ്കർ, നിൻ്റെ കൂടെ സ്കൂളിൽ പഠിച്ച “

(രണ്ടാം ഭാഗം വായിക്കാൻ ഞെക്കു )

--

--